ഭാഗ്യാവസ്ഥകൾ — ഭാഗം 1 അവതാരിക

(English version: “The Beatitudes – Introduction”)
ഒരുപക്ഷെ, യേശു പ്രസംഗിച്ച ഏറ്റവും പ്രശസ്തമായ പ്രസംഗം “ഗിരിപ്രഭാഷണം” ആണ്. 3 അധ്യായങ്ങളിൽ അവ ഉൾക്കൊണ്ടിരിക്കുന്നു [മത്തായി 5-7]. ആ പ്രഭാഷണത്തിന്റെ ആരംഭ ഭാഗം മത്തായി 5:3-12 വരെയുള്ള വാക്യങ്ങളിൽ കാണപ്പെടുന്നതിൽ, ഭാഗ്യാവസ്ഥ എന്നറിയപ്പെടുന്ന, ക്രിസ്തുവിന്റെ അനുഗാമിയാണ് എന്ന് അവകാശപ്പെടുന്ന ഏതൊരുവന്റെയും ജീവിതത്തിൽ കാണപ്പെടുന്ന 8 മനോഭാവങ്ങളുടെ പട്ടിക നൽകിയിരിക്കുന്നു. ഈ പ്രാരംഭ പോസ്റ്റോടുകൂടി, പോസ്റ്റുകളുടെ ഒരു പരമ്പരയിലൂടെ ഈ 8 മനോഭാവങ്ങൾ നാം വിശദമായി പരിശോധിക്കുന്നതാണ്.
അതിനു മുൻപ്, പ്രസ്തുത വേദഭാഗം മുഴുവനും വായിക്കുന്നത് നമുക്ക് സഹായകരമാകും.
മത്തായി 5:3-12
3 ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു. 4 ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു ആശ്വാസം ലഭിക്കും. 5 സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും. 6 നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും. 7 കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും. 8 ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും. 9 സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും. 10 നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു. 11 എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. 12 സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.
യേശുവിനെക്കൂടാതെയുള്ള മനുഷ്യർ സ്വാഭാവികമായും എല്ലാത്തരം ബലഹീനതകളെയും ഒഴിവാക്കുവാൻ ശ്രമിക്കുന്നു. എന്നാൽ, മത്തായി 5:3-12—ൽ യേശു പറയുന്നതനുസരിച്ച്, യേശുവിനെ അനുഗമിക്കുന്ന എല്ലാവരുടെയും ജീവിതശൈലിയിൽ ഉണ്ടായിരിക്കേണ്ട അടയാളം ഈ ബലഹീനതകളാണ്. എന്തുകൊണ്ട്? കാരണം, അത്തരത്തിലുള്ള ഒരു ജീവിതശൈലിയാണ് ദൈവത്തിന്റെ അനുഗ്രഹങ്ങൾ അനുഭവിക്കുന്നത്—ദൈവത്തിന്റെ അംഗീകാരം ലഭിക്കുന്നത്—ത്തരം ജീവിതശൈലിയ്ക് ഈ ലോകത്തിൽ നിന്നും ലഭിക്കുന്നത് പരിഹാസമാണെങ്കിൽപ്പോലും. മറ്റൊരുതരത്തിൽ പറഞ്ഞാൽ, മുഖ്യധാരയിൽ നിലവിലിരിക്കുന്ന സംസ്കാരത്തോട് വിഭിന്നമായിരിക്കുന്ന ഒരു പ്രതിസംസ്കാര ജീവിതശൈലിയിലേയ്കാണ് യേശു നമ്മെ വിളിക്കുന്നത്!
മത്തായി 5:3-12 പലപ്പോഴും ഭാഗ്യാവസ്ഥ എന്ന തലക്കെട്ടിലാണ് അറിയപ്പെടുന്നത്. “ഭാഗ്യവാന്മാർ” എന്നു പരിഭാഷ ചെയ്തിരിക്കുന്ന “ബിയാറ്റുസ്” എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഭാഗ്യവാവസ്ഥ എന്ന പദം വന്നിരിക്കുന്നത്. യേശുവിന്റെ യഥാർഥ അനുയായിയുടെ ലക്ഷണമായിരിക്കുന്ന “മനോഹരമായ മനോഭാവങ്ങൾ” എന്നാണ് ഒരു എഴുത്തുകാരൻ ഇവയെ വിളിക്കുന്നത്. ഞാൻ അതിനോടു യോജിക്കുന്നു! ഈ ഭാഗത്ത് 8 മനോഭാവങ്ങൾ നൽകിയിരിക്കുന്നു—വാക്യങ്ങൾ 10-12 ൽ രണ്ടിലും ഭാഗ്യവാന്മാർ എന്നു പറഞ്ഞിരിക്കുന്നു എങ്കിലും അത് ഒരു മനോഭാവത്തെ പരാമർശിക്കുന്നതാണ്—പീഡനം സഹിക്കുക എന്നത്.
നിങ്ങൾ ശ്രദ്ധിച്ചാൽ, 9 തവണ കാണപ്പെടുന്ന “ഭാഗ്യവാന്മാർ” എന്ന വാക്കിനാൽ ഈ മനോഭാവങ്ങൾ ഓരോന്നും അടയാളപ്പെടുത്തിയിരിക്കുന്നതു കാണാം. ചില പരിഭാഷകളിൽ ഈ പദപ്രയോഗത്തെ “സന്തോഷവാന്മാർ, അനുഗ്രഹീതർ” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നു. എന്നാൽ, സന്തോഷവാന്മാർ അല്ലെങ്കിൽ ഭാഗ്യവാന്മാർ എന്നീ പ്രയോഗങ്ങൾ അനുഗ്രഹീതർ എന്ന പദം നൽകുന്ന പൂർണ്ണമായ ഒരു ചിത്രം നൽകുന്നില്ല. എന്തുകൊണ്ട്? 2 കാരണങ്ങളുണ്ട്.
കാരണം# 1. “സന്തോഷവാൻ” എന്നത് ഒരു വ്യക്തിയ്ക് എന്തു വികാരം തോന്നുന്നു എന്നതിനെ സൂചിപ്പിക്കുന്നതാണ്. എന്നാൽ, അനുഗ്രഹീതർ എന്നത് ദൈവം അവരെക്കുറിച്ച് എന്തു ചിന്തിക്കുന്നു എന്നതിനെ കുറിക്കുന്നതാണ്. ആത്മാവിൽ ദരിദ്രനായിരിക്കുന്ന, ദുഃഖിക്കുന്നവൻ എന്നിങ്ങനെയുള്ള മനോഭാവങ്ങൾ പുലർത്തുന്ന ഒരു വ്യക്തിയ്ക് ദൈവം അംഗീകാരം നൽകുന്നതാണത്. അതുകൊണ്ട്, “അനുഗ്രഹീതർ” എന്ന പദപ്രയോഗം ഉപയോഗിക്കുവാൻ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നു.
കാരണം # 2. സന്തോഷം നമ്മുടെ സംസ്കാരത്തിൽ എപ്രകാരമാണ് മനസ്സിലാക്കപ്പെടുന്നത് എന്നതിനാൽ ഞാനും അത് ഇഷ്ടപ്പെടുന്നു. നമ്മുടെ സംസ്കാരം സന്തോഷത്തെ ഭൗമിക സാഹചര്യങ്ങളിൽ അടിസ്ഥാനപ്പെട്ട സന്തോഷകരമായ വികാരവുമായി തുലനം ചെയ്യുന്നു. ദൈവത്താൽ അനുഗ്രഹിക്കപ്പെടുന്നവർ, അതായത്, ദൈവത്തിന്റെ അംഗീകാരം ലഭിക്കുന്നവർ സന്തോഷവും ആനന്ദവും അനുഭവിക്കുന്നു എന്നിരിക്കുമ്പോൾത്തന്നെ, അത് മറ്റൊരു തരത്തിലുള്ള ആനന്ദമാണ്. ലോകം വിവരിക്കുന്നതിൽ നിന്നും വിഭിന്നമായ ഒരു ആനന്ദമാണത്. അത്—അവർ നേരിടുന്ന സാഹചര്യമെന്തായിരുന്നാലും—അവരുടെ മേലുള്ള ദൈവത്തിന്റെ പ്രസാധത്തിന്റെയും അംഗീകാരത്തിന്റെയും ഫലമായുണ്ടാകുന്ന വികാരമാണ്. പീഡനത്തിന്റെയും കഷ്ടതയുടെയും കാലയളവിലും വിശ്വാസികൾ ദൈവത്താൽ അംഗീകരിക്കപ്പെടുന്ന സ്പഷ്ടമായ അവസ്ഥയിലാണ്—അവർക്ക് സന്തോഷം തോന്നാതിരിക്കുമ്പോളും. അതുകൊണ്ട്, “അനുഗ്രഹീതർ” എന്ന പദപ്രയോഗം ഉപയോഗിക്കുവാൻ ഞാൻ ഇഷ്ടപ്പെടുന്നു.
അനുഗ്രഹത്തിന്റെ അഥവാ സന്തോഷത്തിന്റെ അഥവാ ഭാഗ്യാവസ്ഥയുടെ ശരിയായ അർഥം നാം മനസ്സിലാക്കുന്നിടത്തോളം, നാം “അനുഗ്രഹീതർ” എന്നോ “സന്തോഷവാന്മാർ” അഥവാ “ഭാഗ്യവാന്മാർ” എന്നോ ഉപയോഗിക്കുന്നത് ഒരു വലിയ വിഷയമേയല്ല. [മലയാളം ബൈബിളിൽ “ഭാഗ്യവാന്മാർ” എന്ന പദം ഉപയോഗിച്ചിരിക്കുന്നതിനാൽ ഈ ലേഖനങ്ങളിൽ, മലയാള പരിഭാഷയിൽ, ഭാഗ്യവാന്മാർ എന്ന് തുടർന്ന് ഉപയോഗിക്കുന്നതാണ്].
ഇനി, ഭാഗ്യാവസ്ഥയ്ക് ഒരു ഘടനയുണ്ട്. ഓരോ ഭാഗ്യാവസ്ഥയ്കും 3 ഭാഗങ്ങളുണ്ട്. ഒന്നാമത് അവിടെ ഒരു അനുഗ്രഹമുണ്ട് [“ഭാഗ്യവാന്മാർ”—മത്തായി 5:3a]. രണ്ടാമതായി, ഒരു മനോഭാവത്തെ അടിസ്ഥാനമാക്കി അനുഗ്രഹത്തിന് കാരണമായിരിക്കുന്ന ഒന്നുണ്ട്. [“കാരണം അവർ ആത്മാവിൽ ദരിദ്രരായവർ ആണ്”—മത്തായി 5:3b]. ഒടുവിലായി, അത്തരം ഒരു മനോഭാവം പുലർത്തുന്നതിന് ഒരു പ്രതിഫലമുണ്ട് [“സ്വർഗരാജ്യം അവർക്കുള്ളത്”—മത്തായി 5:3c].
ഭാഗ്യാവസ്ഥകളുടെ പ്രധാന വിഷയം ഇതാണ്: സ്വർഗ്ഗരാജ്യത്തിന്റെ അനുഗ്രഹങ്ങൾ അനുഭവിക്കുക—ഇപ്പോൾ അനുഭവിക്കുക, ഭാവിയിൽ അതിന്റെ പൂർണ്ണതയിലും അനുഭവിക്കുക. വാക്യം 3-ന്റെയും 10-ന്റെയും അവസാനം കാണപ്പെടുന്ന “സ്വർഗ്ഗരാജ്യം അവർക്കുള്ളത്” എന്ന പദസംഹിതയിൽ ഈ വിഷയം കാണപ്പെടുന്നു. “അവർക്കുള്ളത്” എന്നത് വർത്തമാനകാലത്ത് അവർക്ക് സ്വന്തമായത് എന്ന അർഥം നൽകുന്നു.
സ്വർഗ്ഗരാജ്യത്തിന്റെ ഘടകാംശം വർത്തമാനകാലത്തും ഭാവികാലത്തുമുണ്ട്. പഴയ നിയമത്തിൽ ദൈവം വാഗ്ദത്തം ചെയ്തതുപോലെ, ഭാവികാലത്തെ അംശമെന്നത് യേശു ഭൂമിയിലേയ്ക തിരികെ വരുമ്പോൾ ഉണ്ടാക്കുവാൻ പോകുന്ന ഭൗതിക രാജ്യത്തെ സൂചിപ്പിക്കുന്നു. എന്നാൽ, ഇപ്പോഴും യഥാർഥ വിശ്വാസികൾക്ക്—അതായത്, രാജാവായ യേശുവിന്റെ കർതൃത്വത്തിന് അഥവാ വാഴ്ചയ്ക് കീഴ്പ്പെട്ടു ജീവിക്കുന്നവർക്ക് ചില ആത്മീയ അനുഗ്രഹങ്ങൾ അനുഭവിക്കുവാൻ സാധിക്കുന്നു.
രക്ഷ അനുഭവമാക്കുകയും അങ്ങനെ പരിശുദ്ധാത്മാവ് അവരുടെ ഉള്ളിൽ ജീവിക്കുകയും ചെയ്യുന്നതിന്റെ ഫലമായി ഈ 8 മനോഭാവങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് മാത്രമായി സ്വർഗ്ഗരാജ്യത്തിന്റെ അനുഗ്രഹങ്ങൾ മാറ്റിവച്ചിരിക്കുന്നു. ഈ മനോഭാവങ്ങൾ എല്ലാം വിശ്വാസികൾ എല്ലായ്പോഴും പൂർണ്ണതയോടെ പ്രകടിപ്പിക്കുന്നു എന്ന് ഇതിനർഥമില്ല. പരിശുദ്ധാത്മാവ് ഉള്ളിൽ വസിക്കുന്ന വിശ്വാസികളും ഈ ജീവതശൈലിയിൽ പലപ്പോഴും ദുഃഖകരമായി കുറവുള്ളവരായേക്കാം.
ഭാഗ്യാവസ്ഥകളിൽ മാത്രമല്ല, ഗിരിപ്രഭാഷണത്തിന്റെ മുഴുവൻ ഭാഗത്തും വിവരിക്കുന്ന ഈ ജീവിതശൈലി, രാജാവായ യേശുവിന്റെ വാഴ്ചയ്ക് കീഴിൽ ഈ ഭൂമിയിൽ ജീവിക്കുന്ന ഓരോ ക്രിസ്ത്യാനിയുടെയും ജീവിതത്തിൽ പ്രബലമായി കാണപ്പെടേണ്ടതാണ്. ആ ലക്ഷ്യം മുഴുവനായി നേടുവാൻ സ്വർഗ്ഗത്തിന്റെ ഇങ്ങേക്കരയിൽ വിശ്വാസികൾക്ക് സാധിക്കുകയില്ല എങ്കിൽപ്പോലും, പൂർണ്ണഹൃദയത്തോടെ അതിനായി അവർ പ്രയത്നിക്കേണ്ടതാണ്. What Jesus Said About Successful Living എന്ന തന്റെ പുസ്തകത്തിൽ ഹാഡൻ റോബിൻസൺ ഇപ്രകാരം പറഞ്ഞിരിക്കുന്നു, “ലക്ഷ്യത്തേക്കാൾ പ്രക്രിയയിൽ ദൈവം കൂടുതൽ തത്പരനാണ്. ലക്ഷ്യത്തിനു പിന്നാലെ പോകുന്നതുതന്നെ അതിന്റെ പ്രതിഫലമാണ്.”
ഇത്രയും പറഞ്ഞശേഷം, ഒന്നാമത്തെ ഭാഗ്യാവസ്ഥ അടുത്ത പോസ്റ്റിൽ നാം കാണുന്നതാണ്! അതുവരെ, നിങ്ങൾ സ്വയം പ്രാർഥനയോടെ അവയെ ധ്യാനിക്കുകയും അവയെ ആഗ്രഹിക്കുവാൻ മാത്രമല്ല, അത്തരത്തിൽ ഒരു ജീവിതശൈലി തുടർമാനമായി പിന്തുടരുവാൻ പ്രാപ്തരാക്കുവാൻകൂടെ കർത്താവിനോട് അപേക്ഷിക്കാം.