ഭാഗ്യാവസ്ഥകൾ—ഭാഗം 2 ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ

(English Version: “The Beatitudes – Blessed Are The Poor In Spirit”)
തന്റെ അനുയായിയാണ് എന്ന് അവകാശപ്പെടുന്ന ഒരുവന്റെ ജീവിതത്തിൽ കാണപ്പെടേണ്ട 8 മനോഭാവങ്ങൾ—ഭാഗ്യാവസ്ഥ—മത്തായി 5:3-12—ൽ യേശു വിവരിക്കുന്നത് സംബന്ധിച്ചുള്ള പോസ്റ്റുകളുടെ പരമ്പരയിൽ രണ്ടാമത്തേതാണ് ഇത്.
*******************
“ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു” [മത്തായി 5:3]. എന്ന അനന്യസാധരണമായ പ്രസ്താവനയോടുകൂടെയാണ് കർത്താവായ യേശു ഗിരിപ്രഭാഷണം ആരംഭിക്കുന്നത്. “ആത്മാവിലെ ദാരിദ്ര്യ” മാണ് അടിസ്ഥാനപരമായ മനോഭാവം. ആത്മാവിൽ ശക്തരായവരെ ലോകം മഹത്വവൽക്കരിക്കുമ്പോൾ, ആത്മാവിൽ ദരിദ്രരാകുവാനാണ് ബൈബിൾ വിശ്വാസികളെ വിളിക്കുന്നത്. അതാണ് പ്രതിസംസ്കാര ജീവിതം!
“ആത്മാവിലെ ദാരിദ്ര്യം” എന്നത് ആത്മാവിലെ ബലഹീനത എന്നോ വിശ്വാസത്തിൽ ബലഹീനത എന്നോ അർഥമാക്കുന്നില്ല എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. “ഞാൻ ഒന്നുമല്ല” എന്ന് കാണുന്നവരോടൊക്കെ പറയുന്നതുമല്ല അത്. മറിച്ച്, “ദൈവമേ, നിന്റെ നിലവാരത്തിനനുസരിച്ച് ജീവിക്കുവാൻ എനിക്ക് യാതൊരു ആത്മീയ പാടവവുമില്ല. നീ എന്നെ വിളിച്ചിരിക്കുന്ന ജീവിതം ജീവിക്കുവാൻ എനിക്ക് കഴിവില്ല! സകലത്തിലും എനിക്കു നിന്നെ ആവശ്യമായിരിക്കുന്നു. സകലത്തിനുമായി ഞാൻ നിന്നിൽ ആശ്രയിക്കുന്നു. നിന്നെക്കൂടാതെ ഞാൻ ആത്മീയമായി പാപ്പരായിരിക്കുന്നു!” എന്ന വിശ്വസിക്കുന്നതും പറയുന്നതുമാണത്.
“ദരിദ്രർ” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദം ഉപയോഗിച്ചിരുന്നത് യാതൊരുവിധ ഭൗതിക വിഭവങ്ങളും ഇല്ലാതിരിക്കുകയും തത്ഫലമായി അടിസ്ഥാന ആവശ്യങ്ങൾക്കു വേണ്ടി പൂർണ്ണമായും മറ്റൊരാളിൽ ആശ്രയിക്കേണ്ടിവരികയും ചെയ്യുന്ന ഒരുവനെ ചിത്രീകരിക്കുവാനാണ് [ലൂക്കോസ് 16:19-20]. തലയുയർത്തി നോക്കുവാൻ ലജ്ജിച്ചുകൊണ്ട്, തല മറച്ച്, നിലത്തോളം കുനിഞ്ഞിരിക്കുന്ന എന്നാൽ, പണത്തിനു വേണ്ടി കൈകൾ നീട്ടിവച്ചിരിക്കുന്ന ഒരു യാചകന്റെ ചിത്രമാണത്.
എന്നാൽ, മത്തായി 5:3-ൽ, ദരിദ്രർ എന്ന വാക്കിനോടുകൂടെ, “ആത്മാവിൽ” എന്ന വാക്കുകൂടി യേശു ചേർക്കുന്നതിനാൽ നമുക്കു മനസ്സിലാകുന്നത് യേശു ഉദ്ദേശിച്ചത് ഭൗതികമായ ദാരിദ്ര്യമല്ല എന്നതാണ്. യേശു മുഖ്യമായും പരാമർശിക്കുന്നത് ആത്മീയമായ ദാരിദ്ര്യത്തെയാണ് [വെളിപ്പാട് 3:17-18]—ആത്മീയ ശൂന്യത. ധനവാനും ദരിദ്രനും പാപം ചെയ്തിരിക്കുന്നു. രണ്ടുകൂട്ടരും ഈ സത്യം മനസ്സിലാക്കുകയും ദൈവത്തിന് പ്രസാധകരമായ ജീവിതം നയിക്കുന്നതിന് അവർക്കുള്ള കുറവ് നികത്തുവാൻ കഴിയുന്ന ഏക വ്യക്തിയായ യേശുവിലേയ്കു തിരിയുകയും ചെയ്യണം. അതാണ് ആത്മാവിലെ ദാരിദ്രം എന്നതിന്റെ അർഥം!
സ്വർഗ്ഗരാജ്യത്തിൽ കടക്കുന്ന ഏക കൂട്ടർ ആത്മാവിൽ ദരിദ്രരായവവരാണ് എന്നതിന്റെ സാധ്യമായ ഏറ്റവും നല്ല ചിത്രീകരണം ലൂക്കോസ് 18:8-14 ൽ യേശു പഠിപ്പിച്ച “പരീശന്റെയും ചുങ്കക്കാരന്റെയും ഉപമയിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.” ആ ഉപമയിലെ സ്വയം നീതീകരിക്കുന്ന പരീശൻ തന്റെ സ്വന്ത ആത്മീയ നേട്ടങ്ങളുടെ സമൃദ്ധിയിലായിരിക്കുകയും തന്റെ പാപങ്ങൾ ക്ഷമിക്കപ്പെടേണ്ട ആവശ്യമുണ്ട് എന്നതു കാണുവാൻ പോലും സാധിക്കാതിരിക്കുകയും ചെയ്യുന്നു. എന്നാൽ, മറുവശത്ത്, ചുങ്കക്കാരൻ വിശുദ്ധനായ ദൈവത്തിനെതിരെ തന്റെ പാപങ്ങൾ മാത്രമാണ് കണ്ടത്. തത്ഫലമായി, നെഞ്ചത്തടിച്ചുകൊണ്ട്, “ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ” എന്നു നിലവിളിച്ചു [ലൂക്കോസ് 18:13]. അതാണ് ആത്മീയ യാചകന്റെ ചിത്രം—ആത്മാവിൽ ദരിദ്രരായവരെ മറ്റൊരു വിധത്തിൽ വർണ്ണിച്ചിരിക്കുന്നു. അഹംഭാവം മൂലം തന്റെ ആത്മീയ ശൂന്യത കാണുവാൻ പരാജയപ്പെട്ട പരീശനല്ല, മറിച്ച്, ഈ ചുങ്കക്കാരനാണ് പാപങ്ങൾ ക്ഷമിക്കപ്പെട്ടവനായി വീട്ടിലേയ്ക് തിരികെ പോയത് എന്നതിൽ അത്ഭുതപ്പെടേണ്ടതില്ല.
ദൈവവുമായി ആത്മീയമായി ശരിയായ ബന്ധത്തിൽ വരുവാൻ ആവശ്യമുള്ളതൊക്കെ നമുക്കുണ്ട് എന്നു നമുക്കു തോന്നുന്നിടത്തോളം, പാപങ്ങളുടെ ക്ഷമയ്കായി നാം ഒരിക്കലും യേശുവിങ്കലേയ്കു നോക്കുകയില്ല. അതിനർഥം, നമുക്ക് ഒരിക്കലും നിത്യജീവൻ ലഭിക്കുകയില്ല, അങ്ങനെ ദൈവരാജ്യത്തിൽ കടക്കുവാൻ നമുക്കു കഴിയുകയില്ല എന്നാണ്. എന്നാൽ, ദൈവത്തിന്റെ കൃപയാൽ നമുക്ക് നമ്മത്തന്നെ ആത്മീയശൂന്യതയുള്ളവരായി കാണുവാൻ സാധിക്കുമ്പോൾ നമ്മുടെ പാപങ്ങളുടെ ക്ഷമയ്കായി ക്രിസ്തുവിലേയ്കു മാത്രമായി തിരിയും. തത്ഫലമായി നമുക്ക് നിത്യജീവൻ ലഭിക്കുകയും ദൈവരാജ്യത്തിൽ കടക്കുവാൻ സാധിക്കുകയും ചെയ്യുന്നു.
എന്നാൽ, ആത്മാവിലെ ദാരിദ്ര്യം എന്ന മനോഭാവം നമ്മുടെ മാനസാന്തരത്തോടെ അവസാനിക്കുന്നില്ല. നാം രക്ഷിക്കപ്പെട്ടു എങ്കിലും, നമ്മുടെ ക്രിസ്തീയ ജീവിതം നമ്മുടെ സ്വന്ത ശക്തിയാൽ ജീവിക്കുവാൻ സാധ്യമല്ല എന്നത് നാം ഓർമ്മിക്കേണം. സ്വയം ദൈവത്തെ പ്രസാധിപ്പിക്കുവാൻ വേണ്ടുന്നതെന്തോ അത് നമുക്ക് ഇല്ല എന്നതാണ് യാഥാർഥ്യം. ദൈവം നമ്മെ വിളിച്ചിരിക്കുന്ന ജീവിതം ജീവിക്കേണ്ടതിന്, ഉള്ളിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയിലൂടെ നമ്മെ സഹായിക്കുവാൻ, നാം തുടർമാനമായി ദൈവത്തോട് നിലവിളിക്കുകയും ദൈവത്തിൽ ആശ്രയിക്കുകയും വേണം.
സങ്കടകരമെന്നു പറയട്ടെ, നാം പലപ്പോഴും ഈ മേഖലയിൽ പരാജയപ്പെടുന്നു. ബൈക്ക് ഓടിക്കുവാൻ പരിശീലിക്കുമ്പോൾ, അധികചക്രങ്ങളുള്ള ബൈക്ക് ഉപയോഗിക്കുകയും പഠിച്ച ശേഷം അവയുടെ ആവശ്യമില്ലാത്തതിനാൽ ആ ചക്രങ്ങൾ എടുത്തു മാറ്റുകയും സ്വയം വണ്ടി ഓടിക്കുകയും ചെയ്യുന്ന കുട്ടികളെപ്പോലെയാണ് നാം. നാം അത് പലപ്പോഴും ഉറക്കെ പറയാറില്ല എങ്കിലും, അതുപോലതന്നെ ചെയ്യുന്നവരാണ്. കാര്യങ്ങൾ സ്വയം ചെയ്യുകയും പരാജയപ്പെടുകയും പിന്നീട് ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യുവാനാണ് നമ്മുടെ പ്രവണത.
എന്നാൽ, യേശുവിന്റെ വാക്കുകൾ നാം വായിക്കുമ്പോൾ, ആത്മാവിലുള്ള ദാരിദ്ര്യമെന്ന മനോഭാവം പ്രകടമാക്കുന്നവർ മാത്രമാണ് സ്വർഗ്ഗരാജ്യത്തിന്റെ യഥാർഥ പൗരന്മാർ എന്ന് പറയുന്നതായി കാണുന്നു. അതുകൊണ്ട്, നാം ഇത് ഗൗരവമായി എടുക്കണം. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, ഇത്തരത്തിലുള്ള ജീവിതശൈലി ജീവിക്കുവാൻ നാം ആഗ്രഹിക്കണം—ദൈവരാജ്യത്തിലേയ്കു കടക്കുവാനല്ല—മറിച്ച്, രാജ്യത്തിന്റെ പൗരന്മാർ തന്നെയാണ് എന്നത് ഉറപ്പാക്കുവാൻ!
ഒടുവിൽ, ആത്മീയ ദാരിദ്യം ഒരു ജീവിതശൈലിയായി പിന്തുടരുന്നവർക്ക് ഒരു പ്രതിഫലമുണ്ട്: സ്വർഗ്ഗരാജ്യം അവർക്കുള്ളത് [മത്തായി 5:3]. അവസാനഭാഗം ഇത്തരത്തിൽ മെച്ചമായി പരിഭാഷ ചെയ്യാം. “സ്വർഗ്ഗരാജ്യം അവർക്കു മാത്രമാണുള്ളത്.” ദൈവരാജ്യം എന്നും സ്വർഗ്ഗരാജ്യം എന്നു വിളിക്കപ്പെടുന്ന രാജ്യത്തിനവകാശികൾ അവർ മാത്രമാണ്.
മറ്റൊരു തരത്തിൽ പറഞ്ഞാൽ, ആത്മാവിൽ ദരിദ്രരായവർ, ഈ ജീവിതത്തിൽ സ്വർഗ്ഗത്തിലെ ആത്മീയ അനുഗ്രഹങ്ങൾ അനുഭവിക്കും. അവർ ഇപ്പോൾ രാജാവായ യേശുവിന്റെ അധികാരത്തിനു കീഴിൽ ജീവിക്കുമ്പോൾ ദൈവം അവരെ സ്വീകരിക്കുകയും അവരിലും അവരിലൂടെയും പ്രവർത്തിക്കുകയും ചെയ്യുന്നു എന്ന് അറിയുന്നതിന്റെ സന്തോഷം, ആനന്ദം അനുഭവിക്കുക എന്നതാണ് ഇതിനർഥം. ദൈവത്തിന്റെ ഭൗമികരാജ്യം അതിന്റെ സർവ്വ മഹത്വത്തിലും സ്ഥാപിക്കുവാൻ ഭാവിയിൽ രാജാവായ യേശു വരുമ്പോൾ അവർ ഈ അനുഗ്രഹങ്ങളുടെ പൂർണ്ണത അനുഭവിക്കും.
ആത്മാവിലെ ദാരിദ്ര്യം എന്ന മനോഭാവം ജീവിതശൈലിയായി പ്രകടമാക്കുവാൻ നമ്മെ പ്രായോഗികമായി സഹായിക്കുന്ന 4 പ്രമാണങ്ങൾ നമ്മുടെ പരിഗണനയ്കായി ഇവിടെ നൽകിയിരിക്കുന്നു.
1. ദിനവും ശ്രദ്ധാപൂർവ്വമായ പ്രാർഥനയ്കായി നാം നമ്മെത്തന്നെ സമർപ്പിക്കണം.
നമുക്ക് കർത്താവിനെ ആവശ്യമുണ്ട് എന്ന് എല്ലായ്പോഴും നാം അംഗീകരിക്കുന്ന മാർഗ്ഗമാണ് പ്രാർഥന എന്നതിനാൽ, പാപം ക്ഷമിക്കപ്പെടുവാനോ അല്ലെങ്കിൽ മറ്റേതൊരു കാര്യത്തിനുമോ വേണ്ടി, നമ്മെ സഹായിക്കുവാൻ നാം ലജ്ജകൂടാതെ കർത്താവിനോട് നിലവിളിക്കണം. നാം എത്രയധിം പ്രാർഥിക്കുന്നുവോ അത്രയധികം പാപികളാണ് എന്നത് നാം തിരിച്ചറിയും [ആത്മീയമായി നാം എത്ര പാപ്പരാണ് എന്ന് പറയുന്നതിനുള്ള മറ്റൊരു രീതിയാണത്]. അത്തരത്തിലുള്ള ഒരു തിരിച്ചറിവ്, നമ്മെ കൂടുതൽ പ്രാർഥനയിലും ഏറ്റുപറച്ചിലിലും ദൈവത്തോട് നിലവിളിക്കുവാൻ കാരണമാകും.
2. ദൈവത്തിന്റെ ഹിതത്തിന് എതിരായ യാതൊന്നും ചെയ്യുകയില്ല എന്ന് നാം തീരുമാനിക്കണം.
ആത്മാവിൽ ദരിദ്രരായിരിക്കുന്നവർ ദൈവത്തിന്റെ വചനത്തിങ്കൽ വിറയ്കണം [യെശയ്യാവ് 66:2]. തിരുവെഴുത്തുകളിൽ വെളിപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ ഹിതത്തിന് എതിരായി എന്തെങ്കിലും ചെയ്യുക എന്ന ചിന്തയിൽപോലും നാം വിറയ്കുന്നവരായിരിക്കണം.
3. സ്വയത്തെ ഉയർത്തുന്ന ചിന്തകളിൽ നിന്നുപോലും വിട്ടു നിൽക്കുവാൻ നാം നമ്മെത്തന്നെ സമർപ്പിക്കണം.
നമ്മുടെ ചിന്തകൾ നമ്മുടെ പ്രവൃത്തികളെ നയിക്കുന്നു. പാപകരമായ ജീവിതം പാപകരമായ ചിന്തകളുടെ ഫലമാണ്. ദൈവത്തിന്റെ വചനം നമ്മുടെ മനസ്സുകളെയും [റോമർ 12:2] ഹൃദയങ്ങളെയും [സദൃശ്യവാക്യങ്ങൾ 4:23] നിയന്ത്രിക്കുവാൻ അനുവദിച്ചുകൊണ്ട്, ദൈവികമായ ചിന്താജീവിതം വളർത്തിയെടുക്കുവാൻ മനപ്പൂർവ്വമായി നാം ശ്രമിക്കേണ്ടതുണ്ട്.
4. ജീവിതത്തിലെ കഷ്ടതകൾ ദൈവത്തിൽ കൂടുതൽ ആശ്രയിക്കുന്നതിനും നമ്മിൽത്തന്നെയുള്ള ആശ്രയം കുറയ്കുന്നതിനുമുള്ള ദൈവത്തിന്റെ മാർഗ്ഗമായി കാണുവാൻ നാം നമ്മെത്തന്നെ സമർപ്പിക്കേണ്ടതാണ്.
ഈ ജീവിതത്തിലെ കഷ്ടതകളെ വെറുക്കുന്നതിനു പകരം, നമ്മെ നമ്മുടെ ശക്തിയിലല്ല [2 കൊരിന്ത്യർ 1:9-10;12:7-10] അവനിൽ മാത്രം ആശ്രയിക്കുവാൻ ഇടയാക്കേണ്ടതിന് സർവാധികാരിയും സ്നേഹവാനുമായ ദൈവത്തിന്റെ—തന്റെ പുത്രനെ നമുക്കായി കുരിശിൽ ഏൽപ്പിക്കുക മാത്രമല്ല, നമ്മെയും തന്റെ മറ്റു മക്കളെയും അഗ്നിശോധനയിലൂടെയും [1 പത്രോസ് 4:12] കടത്തുന്ന ദൈവത്തിന്റെ—കൈകളിൽ നിന്നുവരുന്നവയായി കാണണം.
ഇത് പറഞ്ഞശേഷം, നിരാശിതരാകുവാനോ തെറ്റായ അനുമാനത്തിലേയ്കെത്തുവാനോ തടയുന്നതിന് ഒന്നുകൂടി ഞാൻ ഇതോടൊപ്പം കൂട്ടിച്ചേർക്കട്ടെ: ഇത് അല്ലെങ്കിൽ മറ്റേതൊരു ഭാഗ്യാവസ്ഥയും അല്ലെങ്കിൽ മനോഭാവവും പൂർണ്ണമായി പാലിക്കുവാൻ നമ്മിലാർക്കും ഒരിക്കലും സാധിക്കുകയില്ല. നമ്മുടെ സ്ഥാനത്ത് അവയെ പൂർണ്ണമായി പാലിച്ച ഒരുവനുണ്ട്: അത് ഈ വാക്കുകൾ ഉച്ചരിച്ചവൻതന്നെയാണ്—കർത്താവായ യേശുതന്നെ!
പ്രാർഥിക്കേണ്ട ആവശ്യമില്ലാതിരുന്ന ആരെങ്കിലും ഒരാൾ ഉണ്ടായിരുന്നുവെങ്കിൽ, അത് യേശുവായിരുന്നു. എന്നിട്ടും, പ്രാർഥനയ്ക് അത്രമാത്രം ശ്രദ്ധ നൽകിയ മറ്റാരുമില്ല—എക്കാലവും ജീവിച്ചിരുന്ന ഏറ്റവും തിരക്കേറിയ മനുഷ്യനായിരുന്നിട്ടുകൂടി. ലോകത്തെ രക്ഷിക്കുക എന്ന അതിബൃഹത്തായ നിയോഗം യേശുവിനു മാത്രം ഉള്ളതായിരുന്നു!
ആഗ്രഹിക്കുന്നതെന്തും ചെയ്യുവാൻ സാധിക്കുന്ന ആരെങ്കിലും ഒരുവൻ ഉണ്ടായിരുന്നുവെങ്കിൽ അത് യേശുവായിരുന്നു. എന്നിട്ടും, പിതാവിനോട് കൂടിയാലോചിക്കാതെ ഒരിക്കലും ഒന്നും ചെയ്യാതിരുന്ന ഒരേയൊരുവൻ യേശുവാണ്. അതുമാത്രമല്ല, പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിൽ യേശു സന്തോഷിച്ചിരുന്നു—പിതാവിന്റെ ഹിതം തന്നെ കുരിശിലേറ്റിയപ്പോഴും.
തന്നത്താൻ ഉയർത്തുന്ന വിധത്തിൽ ചിന്തിക്കുവാൻ ആർക്കെങ്കിലും അവകാശമുണ്ടായിരുന്നെങ്കിൽ, അത് യേശുവിനു മാത്രമായിരുന്നു. തന്റെ കാര്യത്തിൽ അത് പാപമാകുമായിരുന്നില്ല, കാരണം താൻ ഏറ്റവും വലിയവൻ ആയിരുന്നു. എന്നിട്ടും, യേശു തന്നെ വർണ്ണിക്കുന്നത്, താൻ ഹൃദയത്തിൽ “സൗമ്യതയും താഴ്മയും ഉള്ളവൻ” [മത്തായി 11:29] എന്നാണ്.
എല്ലാ പരീക്ഷകളും നേരിടുകയും എന്നാൽ, ഒരിക്കലും പ്രലോഭനത്തിൽ വീഴാതിരിക്കുകയും ചെയ്ത ഒരുവനുണ്ടെങ്കിൽ, അത് യേശുവായിരുന്നു.
അതുകൊണ്ടാണ്, ഒന്നാമതായി, ദൈവം നമ്മെ യേശുവിൽ സ്വീകരിക്കുന്നത്. യേശുവിലൂടെതന്നെയാണ് നാം ദൈവത്താൽ സ്വീകരിക്കപ്പെട്ടവരായി തുടരുന്നത്. അതുകൊണ്ട്, ദൈവത്താൽ സ്വീകരിക്കപ്പെടുന്നതിനോ സ്വീകരിക്കപ്പെട്ടവരായി തുടരുന്നതിനോ ആത്മാവിലുള്ള ഈ ദാരിദ്ര്യം നാം പ്രകടമാക്കിയേതീരൂ എന്ന് ചിന്തിക്കുന്ന അബദ്ധം നമുക്കുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കാം. പകരം, യേശുവിനെപ്പോലെ ആകുവാൻ പരിശുദ്ധാത്മാവ് നമ്മുടെ ഉള്ളിൽ നിന്നും നമ്മെ രൂപാന്തരപ്പെടുത്തുമ്പോൾ [2 കൊരിന്ത്യർ 3:18]—നാം ഈ ജീവിതഓട്ടം ഓടുമ്പോൾ— നമ്മുടെ മാതൃകയായി യേശുവിനെ നോക്കാം.
“അധികാരത്തിന്റെ ശക്തി കൂട്ടുന്ന, അധികാരത്തിലേയ്കു നയിക്കുന്ന, മനുഷ്യനിലുള്ള ശക്തി എന്നിവയെല്ലാം നല്ലത് എന്നും ബലഹീനതയിൽ നിന്നും വരുന്ന എല്ലാം തീയത് എന്നും ലോകം നിർവചിക്കുന്നു. ലോകം മസിലുകാട്ടിക്കൊണ്ട് അതിന്റെ ശക്തിയിൽ അഹങ്കരിക്കുന്നു. എന്നാൽ, ആത്മാവിൽ ദരിദ്രരായിരിക്കുന്ന നാം—നമ്മുടെ ഒഴിഞ്ഞ കൈകൾ സ്വർഗ്ഗത്തിലേയ്ക് ഉയർത്തിക്കൊണ്ട് ലജ്ജയന്യേ നമ്മുടെ എല്ലാ ബലഹീനതകളോടുംകൂടെ നിലവിളിക്കണം, കർത്താവേ എനിക്കു നിന്നെ ആവശ്യമാണ്. നിന്നെക്കൂടാതെ ഒന്നും സാധ്യമല്ല. എന്നെ സഹായിക്കേണമേ.” നമ്മുടെ ബലഹീനതകളിലൂടെ പ്രവർത്തിക്കുന്ന ദൈവത്തിന്റെ ശക്തിയെയും നമ്മുടെ ബലഹീനതകളിലൂടെ വെളിവാകുന്ന ദൈവത്തിന്റെ മഹത്വത്തെയും നാം തുടർമാനമായി ഓർമ്മിക്കണം. ആത്മാവിൽ ദരിദ്രമായിരിക്കുന്ന നമ്മുടെ ജിവതശൈലിയെ ലോകം പരിഹസിച്ചാൽ നാം വിഷമിക്കേണ്ടതില്ല. ഇത് ഒരു പ്രതിസംസ്കാര ജീവിതശൈലിയാണ്. അത്തരം ഒരു ജീവിതശൈലിയിന്മേൽ ദൈവത്തിന്റെ പുഞ്ചിരി എന്ന അംഗീകാരമുണ്ട് എന്ന വസ്തുതയിൽ നമുക്ക് വിശ്രമിക്കാം.
ഒരു പ്രതിസംസ്കാര ജീവിതശൈലി ജീവിക്കുന്ന ആളുകൾക്കു മാത്രമാണ് “ഭാഗ്യവാന്മാർ” എന്ന് യേശു പറയുന്നത് കേൾക്കുവാൻ സാധിക്കുന്നത്. “നിങ്ങളെ കാത്തിരിക്കുന്ന ഭയാനകമായ ഒരു ന്യായവിധിയുണ്ട്. നിങ്ങൾക്ക് അയ്യോ കഷ്ടം” എന്ന് യേശു പറയുന്നത് മാത്രമേ മറ്റുള്ളവർക്ക് കേൾക്കുവാൻ സാധിക്കൂ. അതുകൊണ്ട്, തെരഞ്ഞെടുപ്പ് നിത്യ സന്തോഷവും നിത്യദുഃഖവും തമ്മിലാണ്, നിത്യസമാധാനവും നിത്യവേദനയും തമ്മിലാണ് എന്നത് നമുക്കു കാണാം. ഈ ലോകത്തിനു നൽകുവാൻ സാധിക്കുന്ന താത്കാലിക സന്തോഷത്തിനു പകരം യേശു നൽകുന്ന നിത്യാനുഗ്രഹം തെരഞ്ഞെടുക്കുവാൻ നമുക്ക് വിവേകം കാണിക്കാം!
കഴിഞ്ഞതു കഴിഞ്ഞുപോയി. ഇന്ന് ഒരു പുതിയ ദിവസമാണ്. ഈ വലിയ സത്യം വിശ്വസിക്കുകയും പ്രയോഗത്തിൽ വരുത്തുകയും ചെയ്തുകൊണ്ട് നിങ്ങൾക്ക് വീണ്ടും ഒരു പുതിയ തുടക്കം തുടങ്ങാം: ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ… ആത്മീയമായി പാപ്പരായവർ…അവരുടേത്, അവരുടേതു മാത്രമാണ് സ്വർഗ്ഗരാജ്യം!