ഭാഗ്യാവസ്ഥകൾ—ഭാഗം 7 ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ

Posted byMalayalam Editor February 20, 2024 Comments:0

(English Version: Blessed Are The Pure In Heart)

മത്തായി 5:3-12 ൽ കാണപ്പെടുന്ന ഭാഗ്യാവസ്ഥകൾ എന്ന പരമ്പരയിലെ ഏഴാമത്തെ പോസ്റ്റാണിത്. തന്നെ അനുഗമിക്കുന്നു എന്ന് അവകാശപ്പെടുന്ന ഏതൊരുവന്റെയും ജീവിതത്തിൽ കാണപ്പെടേണ്ട 8 മനോഭാവങ്ങളെക്കുറിച്ച് കർത്താവായ യേശു ഈ ഭാഗത്ത് പറഞ്ഞിരിക്കുന്നു. മത്തായി 5:8—ൽ പറഞ്ഞിരിക്കുന്ന, ഹൃദയശുദ്ധി എന്ന ആറാമത്തെ മനോഭാവത്തെക്കുറിച്ചാണ് ഈ പോസ്റ്റിൽ നാം കാണുന്നത്. “ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.”

*******************

അക്രൈസ്തവരുടെ ഇടയിൽ ആകസ്മിക വോട്ടെടുപ്പ് നടത്തി, അവരോട് അവർ കാണുവാൻ ആഗ്രഹിക്കുന്ന, തീവ്രമായി ആഗ്രഹിക്കുന്ന ഒരു കാര്യം പറയുവാൻ നിങ്ങൾ ആവശ്യപ്പെടുകയാണെന്നു കരുതുക: “എനിക്ക് ദൈവത്തെ കാണണം. എനിക്ക് ദൈവസാന്നിധ്യം അനുഭവിക്കണം” എന്ന് അധികം ആളുകൾ പറയുമെന്നു ഞാൻ കരുതുന്നില്ല.  ദൈവവമുമായും ദൈവസാന്നിധ്യവുമായും യാതൊരു ഇടപാടും  നടത്തുവാൻ ഈ ലോകം ആഗ്രഹിക്കുന്നില്ല. നേരേമറിച്ച്, ഒരു യഥാർഥ ക്രിസ്ത്യാനിയോട് ഈ ചോദ്യം ചോദിച്ചാൽ, ഇപ്രകാരം ഉത്തരം പറയും, “ക്രിസ്തുവിന്റെ മുഖത്ത് ദൈവത്തെ കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് അവന്റെ സാന്നിധ്യം അനുഭവിക്കണം.” ലോകത്തിന്റേതിൽ നിന്നും തികച്ചും വിരുദ്ധമായ ആഗ്രഹം! 

എന്നിരുന്നാലും, ദൈവത്തെ കാണുവാനും അവനോടൊപ്പമായിരിക്കുവാനും ആഗ്രഹിക്കുന്നത് ഒന്ന്. അത് സംഭവിക്കും എന്ന ഉറപ്പുണ്ടായിരിക്കുന്നത് തികച്ചും മറ്റൊന്നാണ്. അതിനാൽ, നാം സ്വർഗ്ഗത്തിൽ എത്തുമെന്നും ദൈവത്തെ കാണുമെന്നും നമുക്ക് എപ്രകാരം ഉറപ്പാക്കുവാൻ കഴിയും. മത്തായി 5:8-ൽ കർത്താവായ യേശു അതിനുത്തരം നൽകുന്നു, “ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.” ഈ വാക്യം ഇങ്ങനെയും പരിഭാഷപ്പെടുത്താം: ഹൃദയശുദ്ധിയുള്ളവർ മാത്രമാണ് അനുഗ്രഹീതർ അഥവാ ദൈവത്താൽ സ്വീകാര്യത ലഭിക്കപ്പെട്ടവർ, ഒടുവിൽ സ്വർഗ്ഗത്തിൽ ദൈവത്തെ കാണുന്ന ആനന്ദം അവർക്കു മാത്രമാണ് ലഭിക്കുവാൻ പോകുന്നത്.  

ദൈവത്തെ കാണുക.

ദൈവം ആത്മാവാണ്. അതിനാൽ ദൈവം അദൃശ്യനാണ്. നമുക്ക് അവന്റെ മഹത്വം മാത്രമേ കാണുവാൻ സാധിക്കുകയുള്ളൂ എങ്കിലും, യേശു ദൈവത്തിന്റെ “തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും” ആണ് എന്ന് ബൈബിൾ പറയുന്നു  [എബ്രായർ 1:3]. “അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാണ്” എന്ന്  1 യോഹന്നാൻ 3:2 പറയുന്നു. അതായത്, ദൈവത്തെ കാണുന്നത് ഉയിർത്തെഴുന്നേറ്റ യേശുവിനെ അവന്റെ സകല മഹത്വത്തിലും കാണുന്നതാണ്. യേശുതന്നെ പറഞ്ഞു, “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” [യോഹന്നാൻ 14:9].

ഹൃദയശുദ്ധിയുള്ളവർ.

“ഹൃദയശുദ്ധി” എന്ന പ്രയോഗം മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ശുദ്ധി അഥവാ ശുദ്ധം എന്ന പദം, ഇംഗ്ലീഷിൽ പ്യുവർ” എന്ന പദം ശുദ്ധീകരണം എന്ന അർഥമുള്ള “കഥാർസിസ്” എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് വന്നിരിക്കുന്നത്. നല്ലതല്ലാത്ത ഒന്നിനെ ഒഴിവാക്കുകന്നതിനെ അഥവാ വിട്ടുകളയുന്നതിനെയാണ് ഇത് പരാമർശിക്കുന്നത്. 

ഹൃദയശുദ്ധിയുള്ളവർ എന്നാൽ തെറ്റായ ലൈംഗിക ആഗ്രഹങ്ങളിൽ, കാമാസക്തിയിൽ  നിന്നും സ്വതന്ത്രമായ ഹൃദയം എന്നാണ് സാധാരണ വ്യാഖാനിക്കപ്പെടുന്നത്. ഇവിടെ ഹൃദയം കാമചിന്തകളിൽ നിന്നും സ്വതന്ത്രമായിരിക്കണം. ഹൃദയത്തിൽ ലൈംഗികമായി മോഹിക്കുന്നതിനെകുറിച്ച് ഈ അധ്യായത്തിൽ, പിന്നീട് യേശു പറഞ്ഞു [മത്തായി 5:27-30]. എന്നിരുന്നാലും, ഹൃദയശുദ്ധിയുള്ളവർ എന്നതിന് ലൈംഗികവിശുദ്ധി എന്നതിനേക്കാൾ കൂടുതൽ വിശാലമായ അർഥമുണ്ട്. എല്ലാ വിധത്തിലുമുള്ള അശുദ്ധിയിൽ നിന്നും സ്വതന്ത്രമായി, ആത്മാർഥമായി ദൈവത്തിനു സമർപ്പിക്കപ്പെട്ട ഹൃദയത്തെയാണ്—വിഭജിക്കപ്പെട്ട കൂറും സമ്മിശ്രപ്രചോദനങ്ങളുമില്ലാത്ത ഹൃദയത്തെയാണ്അത് സൂചിപ്പിക്കുന്നത്.   

മത്തായി 6:24—ൽ യേശുവിന്റെതന്നെ വാക്കുകളിൽ നിന്ന് ഈ ധാരണ വ്യക്തമായിരിക്കുന്നു, രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.” ഇതാണ് ഈ വാക്യത്തിൽ യേശു പറയുന്നത്: എല്ലാറ്റിന്റേയും കേന്ദ്രമായ ഹൃദയം എല്ലാ അശുദ്ധിയിൽ നിന്നും സ്വതന്ത്രമായിരിക്കണം. വിഭജിക്കപ്പക്കെടാത്ത കൂറ്. മറ്റാരോടും കൂറ് പുലർത്തരുത്. ദൈവത്തോടുള്ള പൂർണ്ണ സമർപ്പണം. ദൈവത്തിനും അവന്റെ മഹത്വത്തിനുമായി സമ്പൂർണ്ണമായി ഒരുവനെ സമർപ്പിക്കുവാനുള്ള ഏകാഗ്രചിത്തമായ ആഗ്രഹം. അത്തരം ഹൃദയമാണ് വിശുദ്ധമായി ദൈവം കണക്കാക്കുന്നത് എന്നാണ് യേശു പറയുന്നത്.

ഉള്ളിൽ വിശുദ്ധി പിന്തുടരുക എന്നത് യേശുവിന്റെ കാലത്തുള്ള ജനങ്ങൾ, പ്രത്യേകിച്ചും മതനേതാക്കൾ, ചെയ്തുപോന്നതിന്റെ നേർവിപരീതമായിരുന്നു. ഉള്ളിലെ വിശുദ്ധിയെ അവർ ശ്രദ്ധിച്ചതേയില്ല. ഒരുവനെ ശുദ്ധീകരിക്കും എന്നു കരുതപ്പെടുന്ന പുറമേയുള്ള വിശുദ്ധിയും മാനുഷിക പാരമ്പര്യങ്ങളോടുള്ള അനുസരണവും മാത്രമാണ് അവർ പ്രധാനമായി കരുതിയത്.  

നേരേ മറിച്ച്, ഉള്ളിലെ വിശുദ്ധിയാണ് യേശു ആവശ്യപ്പെട്ടത്. ഹൃദയത്തിന്റെ വിശുദ്ധി, കാരണം സകല തിന്മകളുടേയും ഉറവിടം ഹൃദയമാണ്. മത്തായി 15:19-20—ൽ യേശുവിന്റെതന്നെ വാക്കുകൾ ശ്രദ്ധിക്കുക:  “എങ്ങനെയെന്നാൽ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽനിന്നു പുറപ്പെട്ടുവരുന്നു. മനുഷ്യനെ അശുദ്ധമാക്കുന്നതു ഇതത്രേ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.” 

അറസ്റ്റ് ചെയ്യപ്പെട്ട് തടവിലാക്കപ്പെട്ട ഭക്തനായ ഒരു യഹൂദമതനേതാവിനെക്കുറിച്ച് ഒരു കഥ പറയപ്പെടുന്നു. തടവിൽ വച്ച്, അദ്ദേഹത്തിന് ഒരു കഷണം അപ്പവും ഒരു കപ്പ് വെള്ളവും ലഭിച്ചു. ആ വെള്ളം കുടിക്കുന്നതിനു പകരം അദ്ദേഹം യഹൂദപാരമ്പര്യം അനുസരിച്ച് ആ വെള്ളം കൊണ്ട് കൈകൾ കഴുകുകയും അതിനുശേഷം അപ്പം കയ്യിലെടുക്കുകയും ചെയ്തു. യേശുവിന്റെ കാലത്തുണ്ടായിരുന്ന മതവിശ്വാസികൾ പുറമേയുള്ള ആചാരങ്ങൾക്ക്  എത്രമാത്രം പ്രാധാന്യം കല്പിച്ചിരുന്നു എന്ന് ഈ ചിത്രം വ്യക്തമാക്കുന്നു. 

പള്ളിയിൽ പോയി ചില ക്രിസ്തീയ പ്രവർത്തനങ്ങൾ ചെയ്യുന്നതു സംബന്ധിച്ചല്ല പ്രശ്നം. ഇത് ദൈവത്തെ നമ്മുടെ ഹൃദയങ്ങളുടെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കുന്നത് സംബന്ധിച്ചുള്ളതാണ്. മത്തായി 6:33—ൽ യേശു ഇപ്രകാരം പറഞ്ഞു, “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ.” “മുമ്പെ” എന്ന വാക്കിന് ദൈവത്തിനും ദൈവത്തിന്റെ നീതിയുള്ള പ്രമാണങ്ങൾക്കും തികഞ്ഞ മുൻഗണന നൽകുക എന്ന ആശ്യമാണുള്ളത്. അവയിൽ ചില പ്രമാണങ്ങളെ യേശു ഗിരിപ്രഭാഷണത്തിൽ വിവരിച്ചിട്ടുണ്ട്.

ഉദാഹരണത്തിന്, ഹൃദയശുദ്ധിയുള്ളവർ ഇപ്രകാരം ചെയ്യുവാൻ ആഗ്രഹിക്കും

കോപം വിട്ടുകളഞ്ഞ് രമ്യതയ്കായി ശ്രമിക്കും [മത്തായി 5:21-26]

കാമാസക്തി ഉപേക്ഷിക്കുകയും വിവാഹ ഉടമ്പടിയെ ബഹുമാനിക്കുവാൻ ശ്രദ്ധിക്കുകയും ചെയ്യും [മത്തായി 5:27-32]

വഞ്ചിക്കുന്ന വാക്കുകൾ ഉപയോഗിക്കുന്നതിനു പകരം എപ്പോഴും സത്യം സംസാരിക്കുവാൻ ശ്രദ്ധിക്കും [മത്തായി 5:33-37]

കണ്ണിനു പകരം കണ്ണ് എന്ന പ്രതികാരമനോഭാവം വിട്ടുകളഞ്ഞ്, ശത്രുക്കളെപ്പോലും സ്നേഹിക്കുകയും അവർക്കായി പ്രാർഥിക്കുകയും അവർക്കു നന്മ ചെയ്യുകയും ചെയ്തുകൊണ്ട് പ്രവർത്തിക്കും [മത്തായി 5:38-48]

മറ്റുള്ളവരുടെ കയ്യടി നേടുന്നതിനല്ല, മറിച്ച്, ദൈവത്തിന്റെ പ്രസാധത്തിനായി പണം നൽകുകയും പ്രാർഥിക്കുകയും ഉപവസിക്കുകയും ചെയ്യും [മത്തായി 6:1-18]

തങ്ങളുടെ പണം ഭൂമിയിൽ നിക്ഷേപങ്ങൾ സ്വരൂപിക്കുന്നതിനല്ല, ദൈവത്തിന്റെ മഹത്വത്തിനു വേണ്ടി ഉപയോഗിക്കും [മത്തായി 6:19-34]

മറ്റുള്ളവരെ നിർദയമായല്ല പിന്നെയോ, മനസ്സലിവുള്ള ഹൃദയത്തോടെ വിധിക്കും [മത്തായി 7:1-12] 

വിശാലമായ വഴിയിലുള്ള സുഖങ്ങൾ ആസ്വദിക്കുന്നതിനു പകരം ഇടുക്കമുള്ള പാതയിലൂടെ നടക്കും [മത്തായി 7:13-27]

മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഉള്ളിൽ നിന്നും ദൈവത്തിന്റെ പ്രമാണങ്ങളെ അനുസരിക്കുവാൻ ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ ജീവിതം. അവർ മതത്തിന്റെ പുറമേയുള്ള പ്രദർശനത്തിൽ ശ്രദ്ധ വയ്കുന്നവരല്ല. അവർ യഥാർഥമായി ദൈവത്തെ സ്നേഹിക്കുന്നവരും ഹൃദയവിശുദ്ധിയോടെ ദൈവത്തെ പ്രസാധിപ്പിക്കുവാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവരുമാണ്.   

ഹൃദയവിശുദ്ധി പാലിക്കുക.

എപ്രകാരമാണ് അതു ചെയ്യുന്നത്? നമുക്ക് നമ്മുടെ ഹൃദയങ്ങളെ എങ്ങനെ വിശുദ്ധിയിൽ സൂക്ഷിക്കാം? പരിഗണിക്കേണ്ട 4 പ്രമാണങ്ങൾ. 

പ്രമാണം # 1:  രക്ഷിക്കപ്പെടുക.

ഹൃദയവിശുദ്ധി തേടുന്നതിന്റെ ആരംഭം നമ്മുടെ ഹൃദയങ്ങളെ രക്ഷാകരമായ അനുഭവത്തിൽ പാപത്തിൽ നിന്നും ശുദ്ധീകരക്കുകയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, പാപത്തിന്റെ മാലിന്യത്തിൽ നിന്നും നാം പാപക്ഷമ അനുഭവമാക്കണം. യേശുവിലുള്ള “വിശ്വാസത്താൽ” ഹൃദയങ്ങളുടെ ശുദ്ധീകരണത്തിന് അപ്പോസ്തലപ്രവർത്തികൾ 15:9 ആഹ്വാനം ചെയ്യുന്നു.   

എന്നിരുന്നാലും, ഈ പ്രഭാഷണത്തിൽ യേശു അഭിസംബോധന ചെയ്യുന്നത് വിശ്വാസികളെ, അതായത്, തങ്ങളുടെ വിശ്വാസം ക്രിസ്തുവിൽ അർപ്പിച്ചവരെ, ആണ് എന്നതിനാൽ ഈ ഹൃദയവിശുദ്ധി സൂചിപ്പിക്കുന്നത് ഹൃദയത്തിന്റെ സ്ഥാനീയ വിശുദ്ധി എന്നതിന് അപ്പുറമായ ഒന്നായിരിക്കണം. ക്രിസ്തീയ ജീവിതത്തിലുടനീളം തുടർമാനമായ ഹൃദയവിശുദ്ധി, എല്ലാ വിധത്തിലുമുള്ള മലിനതകളിൽ നിന്നും സ്വതന്ത്രമായ ഹൃദയം, എന്നതായിരിക്കണം അതുകൊണ്ട് അർഥമാക്കുന്നത്!   

പ്രമാണം # 2:  വിശുദ്ധിയുള്ള ഹൃദയം നൽകുവാൻ തുടർച്ചയായി ദൈവത്തോട് അപേക്ഷിക്കുക.

നമ്മുടെ സ്വന്തകഴിവിനാൽ ഹൃദയവിശുദ്ധി പാലിക്കുക അസാധ്യമാണ്. ദൈവസഹായമില്ലാതെ നാം തനിയെയായിരിക്കുമ്പോൾ നമ്മുടെ ഹൃദയങ്ങളെ തുടർമാനമായി മലിനപ്പെടുത്തുവാനുള്ള പ്രവണതയാണ് നമുക്കുള്ളത്. അതുകൊണ്ടാണ് ദാവീദ് ചെയ്തതുപോലെ നാമും തുടർച്ചയായി ദൈവത്തോട് നിലവിളിക്കേണ്ടത്, “ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ” [സങ്കീർത്തനങ്ങൾ 51:10]. സകല മലിനതകളിൽ നിന്നും മുക്തമായ, വിശുദ്ധിയുള്ള ഹൃദയത്തിനു വേണ്ടിയുള്ള പ്രാർഥനയായിരുന്നു അത്. ദൈവത്തെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കുന്ന, മറ്റ് മത്സരാർഥികളെ നിഷ്‌കരുണം നീക്കിക്കളയുന്ന ഒരു ഹൃദയം. അത് നമ്മുടെ ഹൃദയങ്ങളിൽ നടപ്പാക്കുവാൻ പരിശുദ്ധാത്മാവിലൂടെ ദൈവത്തിനു മാത്രമേ സാധിക്കുകയുള്ളൂ. അതിനാലാണ് നാം ദൈവത്തോട് തുടർച്ചയായി ചോദിക്കുന്നത്. 

ഇവിടെ പരിഗണിക്കേണ്ട ഒരു ചോദ്യമുണ്ട്: എന്നാണ് വിശുദ്ധിയുള്ള ഹൃദയം നൽകുവാൻ നാം ദൈവത്തോട് അവസനമായി യാചിച്ചത്? മറ്റ് അനേക കാര്യങ്ങൾക്കു വേണ്ടി നാം ദൈവത്തോടു യാചിക്കാറുണ്ട്. എന്നാൽ, വിശുദ്ധിയുള്ള ഹൃദയത്തിനു വേണ്ടിയുള്ള യാചന നമ്മുടെ ഹൃദയങ്ങളുടെ  സ്‌ഥിരമായുള്ള നിലവിളിയല്ല. എന്താണ് കാരണം? ക്രിസതുവിനോടുള്ള കൂറിനും ലോകത്തോടുള്ള സ്നേഹത്തിനുമിടയിൽ നമ്മുടെ ഹൃദയങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ഹൃദയങ്ങൾ മലിനപ്പെട്ടിരിക്കുന്നു, തത്ഫലമായി നമ്മുടെ  പ്രചോദനങ്ങളും മലിനമായിരിക്കുന്നു!

ആഘോഷപൂരിതമായ സംസ്കാരങ്ങളിൽ ജീവിക്കുന്നത് നമ്മെ പ്രധാനമായവയോട് അചേതനരാകുവാൻ കാരണമാക്കിയിരിക്കുന്നു. നമ്മുടെ ആഘോഷ തിരഞ്ഞെടുപ്പുകൾ, നാം പോകുവാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ, നാം വാങ്ങുവാൻ ആഗ്രഹിക്കുന്ന സാമഗ്രികൾ, നാം സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്ന തൊഴിലുകൾ എന്നിവയെല്ലാം നമ്മുടെ ഹൃദയത്തിന്റെ അവസ്ഥയെ വെളിവാക്കുന്നു.   

ഒരു ദൈവശാസ്ത്രപണ്ഡിതൻ ചോദിക്കുന്ന ചില ചോദ്യങ്ങൾ ഈ ആത്മാന്വേഷണത്തിന്റെ അകക്കാമ്പിലേയ്കെത്തുന്നുവെന്നു ഞാൻ കരുതുന്നു.

ആരും നിങ്ങളെ നിരീക്ഷിക്കാതിരിക്കുമ്പോൾ, നിങ്ങളുടെ മനസ്സ് ഉദാസ്സീനമായിരിക്കുമ്പോൾ നിങ്ങൾ എന്തിനെക്കുറിച്ചാണ് ചിന്തിക്കുന്നത്? 

വഞ്ചന, കപടഫലിതം എന്നിവ എത്ര രസകരമായിരുന്നാലും അവയോട് നിങ്ങൾ എത്രമാത്രം സഹിഷ്ണത പുലർത്തുന്നു? 

എന്തിനോടാണ് നിങ്ങൾ സ്ഥിരമായി കൂറ് പുലർത്തുന്നത്? 

എന്തിനെയാണ് നിങ്ങൾ മറ്റെന്തിനെക്കാളും ആഗ്രഹിക്കുന്നത്? ആരെയാണ്, എന്തിനെയാണ് നിങ്ങൾ സ്നേഹിക്കുന്നത്? 

നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും നിങ്ങളുടെ ഹൃദയത്തിലുള്ളതിനെ എത്രത്തോളം കൃത്യമായി പ്രതിഫലിപ്പിക്കുന്നു? 

നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും നിങ്ങളുടെ ഹൃദയത്തിലുള്ളതിന് എത്രത്തോളം മറ നിർമ്മിക്കുന്നു? 

ഇതുപോലെയുള്ള ചോദ്യങ്ങൾ പതിവായി ചോദിക്കുമ്പോൾ, നമ്മുടെ ഹൃദയങ്ങൾ വിശുദ്ധമോ അതോ മലിനമോ എന്ന് വെളിപ്പെടും. നാം സത്യസന്ധരാണെങ്കിൽ, അവയുടെ ഉത്തരങ്ങൾ നാം ആഗ്രഹിക്കുന്നവയായിരിക്കുകയില്ല. ദൈവത്തെ പ്രസാധിപ്പിക്കുന്ന ജീവിതം നയിക്കുവാൻ ആവശ്യമായ ആത്മീയവിഭവങ്ങളിൽ എത്രമാത്രം കുറവ് നമുക്കുണ്ട് എന്നത് തിരിച്ചറിയുവാൻ ആ യാഥാർഥ്യം നമ്മെ നിർബന്ധിക്കും. നാം ആത്മീയമായി എത്ര ദരിദ്രരാണ് എന്ന് കാണുവാൻ അതു നമ്മെ സഹായിക്കും [മത്തായി 5:3]. ആ തിരിച്ചറിവ് നമ്മെ ഏറ്റുപറച്ചിലിലൂടെ “യേശുവിന്റെ രക്തം സകലപാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു” [1 യോഹന്നാൻ 1:7] എന്നു വിശ്വസിച്ചുകൊണ്ട് ദൈവത്തിന്റെ അടുക്കലേയ്കു പോകുവാൻ വഴികാണിക്കും.  

പ്രമാണം # 3:  ശുഷ്കാന്തിയോടെ ദൈവത്തിന്റെ വചനം പഠിക്കുക.

“ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു” എന്ന് യേശു യോഹന്നാൻ 15:3—ൽ പറയുന്നു. രക്ഷിക്കപ്പെടുന്ന സമയം പ്രാരംഭ ശുദ്ധീകരണം നൽകുന്നത് ദൈവത്തിന്റെ വചനമാണ്. എന്നാൽ, അതേ വചനംതന്നെയാണ് തുടർമാനമായ ശുദ്ധീകരണവും നൽകുന്നത്. അതേ സുവിശേഷത്തിൽ രണ്ട് അധ്യായങ്ങൾക്കു ശേഷം, യേശു ഈ പ്രാർഥന പ്രാർഥിച്ചു, “സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു” [യോഹന്നാൻ 17:17]. വിശുദ്ധീകരിക്കുക എന്ന വാക്ക് പാപത്തിൽ നിന്നും വേറിട്ട് ദൈവത്തിന്, വിശുദ്ധിയ്ക് വേർതിരിയുക എന്ന് അർഥമാക്കുന്നു. 

ദൈവത്തിന്റെ വചനത്തിൽ സമയം ചിലവഴിക്കുവാനും നമ്മുടെ ഹൃദയങ്ങളെ അത് വിശുദ്ധീകരിക്കുവാനും നാം മനസ്സുവയ്കാതെ ഹൃദയവിശുദ്ധി സാധ്യമല്ല. 

പ്രമാണം # 4:  നമ്മുടെ കണ്ണുകൾ എന്തു കാണുന്നു, നമ്മുടെ കാലുകൾ എവിടെ പോകുന്നു, നമ്മുടെ കൂടെയുള്ളവർ ആരാണ് എന്നിവ ശ്രദ്ധിക്കുക. 

സങ്കീർത്തനങ്ങൾ 101:3-4—ൽ ദാവീദ് ഇപ്രകാരം പറയുന്നു: “ഞാൻ ഒരു നീചകാര്യം എന്റെ കണ്ണിന്നു മുമ്പിൽ വെക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാൻ വെറുക്കുന്നു; അതു എന്നോടു ചേർന്നു പറ്റുകയില്ല. വക്രഹൃദയം എന്നോടു അകന്നിരിക്കും; ദുഷ്ടതയെ ഞാൻ അറികയില്ല.” വിശുദ്ധിയുള്ള ഹൃദയം ആഗ്രഹിക്കുന്ന ഒരുവന്റെ ദൃഡനിശ്ചയം ഇത്തരത്തിലുള്ള സമർപ്പണമായിരിക്കണം. 

നമ്മുടെ ഹൃദയങ്ങളെ മലിനമാക്കുന്ന സംഗതികളുമായി, കണ്ണായാലും ചെവിയായാലും, എത്ര അടുത്ത് ഇടപഴകുന്നുവോ അത്രയധികം വൈഷമ്യം നേരിടും ഹൃദയവിശുദ്ധി പാലിക്കുവാൻ. നമ്മുടെ ഹൃദയങ്ങൾ പെട്ടെന്ന് ഓൺ ചെയ്യുകയും ഓഫ് ചെയ്യുകയും ചെയ്യാവുന്ന ഒന്നല്ല. കണ്ണുകളും കാതുകളും ഹൃദയത്തിലേയ്കുള്ള വാതിലുകളാണ്. നാം കാണുന്നതും കേൾക്കുന്നതും നമ്മുടെ കൂടെയള്ള കൂട്ടാളികളും നമ്മുടെ ഹൃദയങ്ങളെ സ്വാധീനിക്കുന്നുണ്ട്. 1 കൊരിന്ത്യർ 15:33-ൽ പൗലോസ് വ്യക്തമായി പറയുന്നു, നാം “വഞ്ചിക്കപ്പെടരുതു”, കാരണം, മോശമായ കൂട്ടുകെട്ട് നല്ല സ്വഭാവത്തെ മലിനമാക്കുന്നു. നമ്മുടെ ഹൃദയത്തെ മലിനമാക്കുന്നത് എന്തായാലും അതിനെ നിഷ്കരുണം ഒഴിവാക്കണം.

അതായത്, ഹൃദയവിശുദ്ധി പാലിക്കുന്നതിനുള്ള ഉദ്യമത്തിൽ പരിഗണിക്കേണ്ട 4 പ്രമാണങ്ങൾ. 

രക്ഷിക്കപ്പെടുക. അവിടെയാണ് ആരംഭം കുറിക്കുന്നത്.

വിശുദ്ധിയുള്ള ഹൃദയം നൽകുവാൻ തുടർച്ചയായി ദൈവത്തോട് അപേക്ഷിക്കുക.

ശുഷ്കാന്തിയോടെ ദൈവത്തിന്റെ വചനം പഠിക്കുക.

നമ്മുടെ കണ്ണുകൾ എന്തു കാണുന്നു, നമ്മുടെ കാലുകൾ എവിടെ പോകുന്നു, നമ്മുടെ കൂടെയുള്ളവർ ആരാണ് എന്നിവ ശ്രദ്ധിക്കുക. 

ഇഷ്ടമുണ്ടെങ്കിൽ സ്വായത്തമാക്കാവുന്ന ഒന്നല്ല ഹൃദയവിശുദ്ധി. യേശു അത് വളരെ വ്യക്തമാക്കിയിരിക്കുന്നു. ഹൃദയവിശുദ്ധിയുള്ളവർ മാത്രമാണ് ദൈവത്തെ കാണുന്നത് [എബ്രായർ 12:14]. വിശുദ്ധമായ വാക്കുകളല്ല നമ്മെ സ്വർഗ്ഗത്തിലേയ്കു കടത്തുന്നത്. നമ്മുടെ വാക്കുകൾക്ക് വിശുദ്ധിയുള്ള ജീവിതത്തിന്റെ പിന്തുണ ഉണ്ടായിരിക്കണം. അത് വിശുദ്ധിയുള്ള ഹൃദയത്തിൽ നിന്നുമാണ് വരുന്നത്. “നാം ജഡത്തിലെയും ആത്മാവിലെയും സകലകന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക”  എന്ന് 2 കൊരിന്ത്യർ 7:1 നമ്മെ ആഹ്വാനം ചെയ്യുന്നു. ഉള്ളിലെ [“ആത്മാവിലെ”] വിശുദ്ധിയുടെ ഫലമാണ് പുറത്തെ [“ജഡത്തിലെ”] വിശുദ്ധി. നമ്മുടെ ജീവിതത്തിലെ എല്ലാ ദിനങ്ങളിലും ഈ വിധത്തിലുള്ള വിശുദ്ധി പിന്തുടരുവാൻ കർത്താവ് നമ്മെ സഹായിക്കട്ടെ. 

അതെ, ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാരാണ് കാരണം, അവർ, അവർ മാത്രമാണ് ദൈവത്തെ കാണുവാൻ പോകുന്നത്.

Category

Leave a Comment