രൂപാന്തരപ്പെട്ട ജീവിതം—ഭാഗം 4 ആത്മാർഥമായ സ്നേഹത്തിന്റെ 3 സ്വഭാവസവിശേഷതകൾ

Posted byMalayalam Editor May 14, 2024 Comments:0

(English version: “The Transformed Life–3 Characteristics of Sincere Love”)

ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ കാണപ്പെടുന്ന ഒരു ഓപ്പൺ സോഴ്സിന് നൽകപ്പെട്ടിരിക്കുന്ന ഉബന്റു എന്ന പേരിന് പിന്നിലുള്ള അർഥം ആകർഷകമാണ്. 

ഒരിക്കൽ ഒരു നരവംശശാസ്ത്രജ്ഞൻ ആഫ്രിക്കയിലെ ഗോത്രവർഗ്ഗത്തിൽപ്പെട്ട കുട്ടികൾക്ക് കളിക്കുവാൻ ഒരു മത്സരക്കളി നിർദ്ദേശിച്ചു. ഒരു മരത്തിനടുത്തായി ഒരു കുട്ടം മധുരപലഹാരങ്ങളും മിഠായികളും വച്ചു. അതിനുശേഷം, കുട്ടികളെ 100 മീറ്റർ അകലെയായി നിർത്തി. ആ കുട്ടയുടെ അടുക്കലേയ്ക് ആദ്യം ഓടിയെത്തുന്നയാൾക്ക് ആ മധുരപലഹാരങ്ങൾ മുഴുവനും സ്വന്തമാക്കാം എന്ന് അദ്ദേഹം അറിയിച്ചു.  

അദ്ദേഹം അവരെ തയ്യാറാക്കിനിർത്തിയ ശേഷം, “റെഡി, സ്റ്റെഡി, ഗോ” എന്നു പറഞ്ഞു. അപ്പോൾ ഈ കൊച്ചുകുട്ടികൾ എന്തു ചെയ്തു എന്നറിയാമോ? അവർ എല്ലാവരും പരസ്പരം കൈകൾ കോർത്തുകൊണ്ട് മരത്തിനടുത്തേയ്ക് ഒരുമിച്ച് ഓടിയെത്തി, കുട്ടയെടുത്ത് മധുരപലഹാരങ്ങൾ എല്ലാവരുംകൂടി പങ്കുവച്ചു, ഭക്ഷിച്ചു, ആസ്വദിച്ചു. എന്തുകൊണ്ടാണ് അവർ അപ്രകാരം ചെയ്തത് എന്ന് നരവംശശാസ്ത്രജ്ഞൻ അവരോടു ചോദിച്ചപ്പോൾ അവർ ഇപ്രകാരം പറഞ്ഞു, “ഉബന്റു.” അതിനർഥം, “മറ്റെല്ലാവരും സങ്കടപ്പെടുമ്പോൾ ഒരുവനു മാത്രം എങ്ങനെ സന്തോഷിക്കുവാൻ സാധിക്കും?” അവരുടെ ഭാഷയിൽ ഉബന്റു എന്നതിനർഥം  ഇപ്രകാരമാണ്, “ഞങ്ങൾ കാരണമാണ് ഞാൻ ആയിരിക്കുന്നത്!”  

അതാണ് സ്നേഹം—സ്വയസ്നേഹമല്ല, മറ്റുള്ളവരോടുള്ള സ്നേഹം. ഇത്തരത്തിലുള്ള സ്നേഹത്തിന് ബൈബിൾ ആവർത്തിച്ച് ഊന്നൽ നൽകുന്നു. സ്നേഹം എന്ന വിഷയം അത്രമേൽ പ്രാധാന്യമുള്ളതാണ് എന്നതിനാലാണ് തന്റെ മരണത്തിന് തൊട്ടുമുമ്പുള്ള രാത്രിയിൽ മാളികമുറിയിലെ പ്രബോധനത്തിൽ, യോഹന്നാൻ 13:34-35 ൽ, അന്യോന്യം സ്നേഹിക്കണം എന്ന് കർത്താവ് ഊന്നൽ നൽകി പറഞ്ഞത്: “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” നമ്മോടുള്ള യേശുവിന്റെ സ്നേഹം ആത്മാർഥമായിരുന്നു. മുഖംമൂടി അണിയാതെയുള്ള സ്നേഹം! അവ്വണ്ണംതന്നെയാണ് നാമും മറ്റു വിശ്വാസികളെ സ്നേഹിക്കേണ്ടത്! കൂടാതെ, മറ്റുള്ളവരെ സ്നേഹിക്കുന്നത് നാം യേശുവിന്റെ ശിഷ്യന്മാരാണ് എന്നതിന്റെ തെളിവ്തന്നെയാണ്!    

നമ്മുടെ ജീവിതങ്ങളിൽ അന്യോന്യമുള്ള—പ്രത്യേകിച്ചും സഹവിശ്വാസികളോടുള്ള—സ്നേഹം പ്രബലമായിരിക്കണം എന്ന് യേശുവിന് നിർബന്ധമുണ്ടായിരുന്നു [യോഹന്നാൻ 15:12, 17]. ദൈവത്തിന്റെ കരുണയാൽ രക്ഷിക്കപ്പെട്ടതിന്റെ ഫലമായി രൂപാന്തരപ്പെട്ട ജീവിതം [റോമർ 12: 1-2] ജീവിക്കുക എന്ന വിഷയം തുടർന്നുകൊണ്ട് റോമർ 12:9-10 വാക്യങ്ങളിൽ പൗലോസ് അഭിസംബോധന ചെയ്യുന്നത് ഈ വിഷയത്തെയാണ്.  

3 മുതൽ 8 വാക്യങ്ങളിൽ ആത്മീയ വരങ്ങളെക്കുറിച്ച് പറഞ്ഞശേഷം ഉടൻതന്നെ, സ്നേഹം എന്ന വിഷയത്തിലേയ്ക് പൗലോസ് കടക്കുന്നു. ഇത് അർഥവത്താണ് എന്ന് ഞാൻ കരുതുന്നു. സ്നേഹത്തിന്റെ മനോഭാവത്തോടെ മറ്റുള്ളവർക്ക് പ്രയോജനം ചെയ്യുവാൻ പരിശുദ്ധാത്മാവ് ആത്മീയ വരങ്ങൾ നൽകുന്നു. മറ്റൊരിടത്ത് പൗലോസ് പറയുന്നു, സ്നേഹമില്ല എങ്കിൽ ഏറ്റവും ഉത്തമമായ ആത്മീയ വരങ്ങൾ പോലും ദൈവത്തിന്റെ കാഴ്ചപ്പാടിൽ മൂല്യമറ്റതാണ് [1 കൊരിന്ത്യർ 13:1-3].   

എപ്രകാരമാണ് പൗലോസ് വാക്യം 9 ആരംഭിക്കുന്നത് എന്നത് ശ്രദ്ധിക്കുക. അദ്ദേഹം പറയുന്നത്, “സ്നേഹം നിർവ്യാജം ആയിരിക്കട്ടെ” എന്നാണ്. “നിർവ്യാജം” എന്ന് മലയാളത്തിൽ പരിഭാഷ ചെയ്യപ്പെട്ടിരിക്കുന്ന പദം വന്നിരിക്കുന്നത് “മുഖംമൂടിയില്ലാത്ത” എന്ന അർഥം വരുന്ന പദത്തിൽ നിന്നാണ്.  വ്യക്തികളുടെ വികാരങ്ങൾ പ്രകടമാക്കുവാൻ വ്യത്യസ്ത മുഖംമൂടികൾ ധരിക്കുന്ന അഭിനേതാക്കളെ വർണ്ണിക്കുവാൻ ഉപയോഗിച്ചിരുന്ന പദമാണത്. സന്തോഷം എന്ന വികാരമാണ് അഭിനേതാവ് പ്രകടിപ്പിക്കുന്നത് എങ്കിൽ, ചിരിക്കുന്ന മുഖമുള്ള ഒരു മുഖംമൂടി ധരിക്കും; ദുഃഖമാണ് കാണിക്കുന്നത് എങ്കിൽ  ആ ഭാവം കാണിക്കുന്നതിന് ദുഃഖിക്കുന്ന മുഖമുള്ള മുഖംമൂടിയുമാണ് ധരിക്കുക. മുഖംമൂടി പ്രകടമാക്കുന്ന വികാരം അഭിനേതാവിന് അനുഭവപ്പെടുകയില്ല. അയാൾ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നുമാത്രം.  

എന്നാൽ, നമ്മുടെ പരസ്പര സ്നേഹത്തിന്റെ കാര്യത്തിൽ, പൗലോസ് പറയുന്നത് നമുക്ക് പുറമേ ഒരു മുഖംമൂടി ധരിക്കുക സാധ്യമല്ല എന്നാണ്. ഹൃദയത്തിൽ നിന്നുമുള്ള ആത്മാർഥത ഉള്ളതായിരിക്കണം നമ്മുടെ സ്നേഹം! സ്നേഹവും കപടതയും ഒരുമിച്ചു പോകുക സാധ്യമല്ല. അവയ്കിടയിൽ ദിക്കുകളുടെ അന്തരമുണ്ട്. കപടസ്നേഹത്തോടെ യേശുവിനെ ചുംബിച്ച യൂദായെപ്പോലെ ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവർപോലും പലപ്പോഴും ചെയ്യുന്നു. ഒരു എഴുത്തുകാരൻ ഇപ്രകാരം ചൂണ്ടിക്കാണിക്കുന്നു:    

യഥാർഥത്തിൽ തങ്ങൾക്ക് ഇല്ലാത്ത സ്നേഹം ഉണ്ട് എന്ന് എത്ര വിദഗ്ദമായാണ്  മനുഷ്യർ  കപടമായി ഭാവിക്കുന്നത് എന്ന് വിശദമാക്കുക ബുദ്ധിമുട്ടാണ്. തങ്ങൾ അവഗണനയോടെ പെരുമാറുക മാത്രമല്ല, യഥാർഥത്തിൽ തിരസ്കരിക്കുകയും ചെയ്യുന്നവരോട് യഥാർഥമായ സ്നേഹം ഉണ്ട് എന്ന് അവർ തങ്ങളെത്തന്നെ വിശ്വസിപ്പിക്കുമ്പോൾ, അവർ മറ്റുള്ളവരെ മാത്രമല്ല, തങ്ങളെത്തന്നെ വഞ്ചിക്കുന്നു. 

തങ്ങൾ ഭക്തന്മാരാണ് എന്ന് ലോകത്തെ കാണിക്കുവാൻ മുഖംമൂടി അണിയുന്നതിൽ പരീശന്മാർ സമർഥരായിരുന്നു. എന്നാൽ, യഥാർഥത്തിൽ അവർ ഹൃദയത്തിൽ ദുഷ്ടതയുള്ളവരായിരുന്നു. യേശു പലപ്പോഴും അവരെ കപടഭക്തർ എന്നു വിളിക്കുകയും അവരുടെ മതത്തെ തിരസ്കരിക്കുകയും ചെയ്തതിൽ അതിശയമില്ല. “മുഖംമൂടിയില്ലാത്ത സ്നേഹം” എന്ന് പൗലോസ് പറയുന്നതുപോലെ, ഹൃദയത്തിൽ നിന്നും സ്നേഹിക്കുവാനാണ് യേശു ആഹ്വാനം ചെയ്യുന്നത്! 

ആത്മാർഥമായ ഈ സ്നേഹം 3 സവിശേഷഗുണങ്ങളാൽ പ്രകടമാക്കപ്പെടുന്നു എന്ന് പൗലോസ് പിന്നീട് പറയുന്നു. 

സ്വഭാവസവിശേഷത # 1. വിശുദ്ധി  ആത്മാർഥമായ സ്നേഹത്തിന്റെ അടയാളമായിരിക്കണം 

നല്ലതിനെ സ്നേഹിക്കുവാൻ [പറ്റിക്കൊള്ളുവാൻ] കല്പന തന്നതോടൊപ്പം “തീയതിനെ വെറുക്കുവാൻ” റോമർ 12:9—ൽ പൗലോസ് പറയുന്നു. ഒരേസമയംതന്നെ സ്നേഹിക്കുവാനും [പറ്റിക്കൊള്ളുവാനും] വെറുക്കുവാനും നാം വിളിക്കപ്പെട്ടിരിക്കുന്നു എന്നത് ലേശം വിചിത്രമായി കാണപ്പെടുന്നു. എന്നാൽ, സ്നേഹം സംബന്ധിച്ച് ബൈബിളിന്റെ ഉപദേശം തികച്ചും അങ്ങനെതന്നെയാണ്. നാം നമ്മുടെ സ്നേഹത്തെ വേർതിരിച്ചറിയേണ്ടതാണ്. സ്നേഹം എന്നത് വെറും വൈകാരികമായ തോന്നലല്ല. അത് വിവേചനത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ദൈവം സ്നേഹമായിരിക്കുമ്പോൾത്തന്നെ  തിന്മയെ വെറുക്കുകയും ചെയ്യുന്നു. നാമും അതേ പാത പിന്തുടരേണ്ടതാണ്.  

പാപത്തെയല്ലാതെ മറ്റൊന്നിനെയും വെറുക്കാത്തവർ എന്നാണ് പഴയ മെഥഡിസ്റ്റ് സഭയിലെ പര്യടനപുരോഹിതരെ വിളിച്ചിരുന്നത്. അവർ സങ്കീർത്തനക്കാരന്റെയും ആമോസ് പ്രവാചകന്റെയും പ്രബോധനം ഗൗരവമായി സ്വീകരിച്ചവരാണ്, “യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിൻ” [സങ്കീർത്തനങ്ങൾ 97:10], “നിങ്ങൾ തിന്മ ദ്വേഷിച്ചു നന്മ ഇച്ഛി”ക്കുവിൻ [ആമോസ് 5:15]. 

ഇവിടെ പൗലോസ് ഉപയോഗിക്കുന്ന “വെറുക്കുക” എന്ന പദം ശക്തമായതാണ്. ഇത് പുതിയ നിയമത്തിൽ ഒരക്കൽ മാത്രമാണ് കാണപ്പെടുന്നത്, ഗ്രീക്ക് നിഘണ്ടു പറയുന്നത്, “വിരോധം കാട്ടുവാൻ എന്തെങ്കിലും ഒന്നിൽ നിന്നും അറപ്പോടെ പിൻവാങ്ങുക” എന്ന ആശയമാണ് അതിലുള്ളത് എന്നാണ്. ശക്തമായ അനിഷ്ടമുണ്ട് എന്ന ആശയം ഇതിലുണ്ട്. തിന്മ എന്ന് ബൈബിൾ വിളിക്കുന്നതിനെ നാം വെറുക്കേണ്ടതാണ്. തിന്മയെ ഒഴിവാക്കുവാനല്ല മറിച്ച്, വെറുക്കുവാൻ, അറയ്കുവാൻ, വിദ്വേഷിക്കുവാൻ ആണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്! നമുക്ക് തിന്മയെ വെറുക്കുക സാധ്യമല്ല എങ്കിൽ, നല്ലതിനെ സ്നേഹിക്കുകയും ചെയ്യുക സാധ്യമാകയില്ല.  

കൂടാതെ, അതിൽ നിന്നും ഓടിയകലുവാൻ ആ വെറുപ്പ് നമുക്ക് കാരണമായിത്തീരണം. അതോടൊപ്പംതന്നെ, നമ്മുടെ സഹവിശ്വാസികൾ അത്തരം പ്രവൃത്തികൾ ചെയ്യുന്നത് കണ്ടാൽ സ്നേഹത്തിൽ അവരോട് ന്യായവാദം നടത്തണം. ഒരു സഹവിശ്വാസിയെ മുറിവേൽപ്പിക്കുന്നത് എന്താണോ അതിനെ വെറുക്കാതെ നമുക്ക് അവരെ സ്നേഹിക്കുന്നു എന്നു പറയുക സാധ്യമല്ല. ആത്മാർഥമായ സ്നേഹം അവരെ സംരക്ഷിക്കുവാൻ ശ്രമിക്കും. നാം സ്നേഹത്തിൽ അവരോടെ പാപത്തിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും—ആ മുന്നറിയിപ്പിന് നാം വില കൊടുക്കേണ്ടിവന്നാൽപോലും—അവയിൽ നിന്നും പിന്തിരിയുവാൻ പ്രേരിപ്പിക്കുകയും ചെയ്യും!  

തീയതിനെ വെറുക്കുവാൻ മാത്രം പറഞ്ഞുകൊണ്ട് പൗലോസ് അവസാനിപ്പിക്കുന്നില്ല പിന്നെയോ, ക്രിയാത്മകമായി ഒന്നു ചെയ്യുവാൻകൂടെ പറയുന്നു, “നല്ലതിനോടു പറ്റിക്കൊൾവിൻ.” “പറ്റിക്കൊൾവിൻ” എന്ന വാക്കിന് എന്തിനോടെങ്കിലും ഒട്ടിച്ചേർക്കപ്പെടുക അല്ലെങ്കിൽ വിളക്കിച്ചേർക്കപ്പെടുക എന്ന ആശയമുണ്ട്. നാം നമ്മുടെ നിർവചനപ്രകാരമല്ല മറിച്ച്, ബൈബിൾ വിവരിക്കുന്നതുപോലെ [ഫിലി 4:8] നല്ലതിനോട് ഒട്ടിച്ചേരേണ്ടവരാണ്. പ്രായോഗിക അർഥത്തിൽ, നമ്മുടെ സ്വന്ത ജീവിതത്തിൽ നല്ലതിനോട് പറ്റിച്ചേരുവാനും നല്ലതിനോട് പറ്റിച്ചേരുന്നത് തുടരുവാൻ മറ്റു വിശ്വാസികളെ പ്രേരിപ്പിക്കുവാനും ആത്മാർഥമായ സ്നേഹം നമുക്ക് കാരണമാകും. നീതിയെ സ്നേഹിക്കുന്ന അതേ ദൈവം തിന്മയെ വെറുക്കുകയും ചെയ്യുന്നു. മറ്റുള്ളവരോടുള്ള നമ്മുടെ സ്നേഹത്തിൽ ദൈവത്തിന്റെ സ്നേഹം അനുകരിക്കുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നതിനാൽ, ദൈവം വെറുക്കുന്നതിനെ നാമും വെറുക്കുകയും ദൈവം സ്നേഹിക്കുന്നതിനെ നാമും സ്നേഹിക്കുകയും ചെയ്യണം. അതുകൊണ്ട് നമ്മുടെ ഹൃദയങ്ങളിലും ജീവിതങ്ങളിലും ഇത് നാം പിന്തുടരുകയും മറ്റു വിശ്വാസികളും ഇതുപോലെ ചെയ്യുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.  

അതുകൊണ്ട്, ആത്മാർഥമായ സ്നേഹത്തിന്റെ ഒന്നാമത്തെ സ്വഭാവസവിശേഷത അത് വിശുദ്ധമായ സ്നേഹമാണ് എന്നതാണ്. ഇതിനുശേഷം, ആത്മാർഥമായ സ്നേഹത്തിന്റെ രണ്ടാമത്തെ സ്വഭാവസവിശേഷതയിലേയ്ക് പൗലോസ് കടക്കുന്നു. 

സ്വഭാവസവിശേഷത # 2.  സഹോദരപ്രീതി ആത്മാർഥമായ സ്നേഹത്തിന്റെ അടയാളമായിരിക്കണം 

റോമർ 12:10 “സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു കൊൾവിൻ.” ബന്ധുക്കൾ തമ്മിലും സുഹൃത്തുക്കൾ തമ്മിലുമുള്ള സ്നേഹത്തെ കുറിക്കുവാൻ “പ്രീതി” എന്ന പദം ഉപയോഗിക്കുന്നു. അന്യോന്യം സഹോദരപ്രീതി ഉണ്ടായിരിക്കുക. സഭ ഒരു കുടുംബമാണ്. നമ്മുടെ രക്തബന്ധത്തിലുള്ള ആളുകളോട് ഉണ്ടായിരിക്കേണ്ട സ്നേഹം പ്രകടിപ്പിക്കുവാനാണ് നാം ഇവിടെ ആയിരിക്കുന്നത് എന്നതിൽ അതിശയിക്കേണ്ടതില്ല. കുടൂംബാംഗങ്ങൾ തമ്മിലുള്ള കുറവുകളെ അവഗണീക്കുന്ന സ്നേഹത്തെ പരാമർശിക്കുമ്പോൾ രക്തം വെള്ളത്തേക്കാൾ കൊഴുപ്പുള്ളതാണ് എന്ന പ്രസ്താവന ഉപയോഗിക്കാറുണ്ട്. 

അതുപോലെതന്നെ, ക്രിസ്തുവിന്റെ ചൊരിയപ്പെട്ട രക്തത്താൽ, നമ്മുടെ പശ്ചാത്തലഭേദമന്യേ ദൈവത്തിന്റെ കുടുംബത്തിലെ അംഗങ്ങളാണ് നാം. നാം അവനോട് ഒന്നായിച്ചേർന്നിരിക്കുന്നു, ഇപ്പോൾ ദൈവത്തിന്റെ കുടുംബത്തിന്റെ ഭാഗമായിരിക്കുന്നു. നാം “ദൈവാലയം” എന്ന് വിളിക്കപ്പെട്ടിരിക്കുന്നു [1 തിമോ 3:15]. അതാണ് ആത്മാർഥമായ സ്നേഹത്തിന്റെ രണ്ടാമത്തെ സ്വഭാവസവിശേഷത.  

സ്വഭാവസവിശേഷത # 3. താഴ്മ ആത്മാർഥമായ സ്നേഹത്തിന്റെ അടയാളമായിരിക്കണം 

റോമർ 12:10—ന്റെ അവസാനഭാഗം ഇപ്രകാരം വായിക്കുന്നു, “ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു കൊൾവിൻ.”  നമുക്ക് പരസ്പരം സഹോദരപ്രീതി ഉണ്ടായിരിക്കുമ്പോൾ, സ്വാഭാവികമായും നാം മറ്റുള്ളവരെ നമ്മേക്കാൾ ബഹുമാനിക്കുവാൻ ശ്രമിക്കും. നമുക്ക് സ്വയമായിത്തന്നെ ബഹുമാനം അന്വേഷിക്കുന്നതിനു പകരം, മറ്റുള്ളവർക്കു ബഹുമാനം കൊടുക്കുന്നതിൽ മുന്നിട്ടു നിൽക്കുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. വ്യക്തിപരമായി ബഹുമാനം ലഭിക്കുവാൻ കാത്തു നിൽക്കാതെ, മറ്റുള്ളവർക്കു ബഹുമാനം നൽകുന്നതിനുള്ള അവസരത്തിനായി കാത്തിരിക്കുക. അതാണ് നമ്മുടെ വിളി. താഴ്മയുടെ ആത്മാവിൽ നിന്നും ഉടലെടുക്കുന്ന സ്നേഹം.  

ബൈബിളിൽ മറ്റൊരിടത്ത് പൗലോസ് ഇതേ കാര്യം പറയുന്നു: “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ. ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം” [ഫിലിപ്പിയർ 2:3-4]. എന്തുകൊണ്ട്? കാരണം, അതാണ് യേശു ചെയ്തത് [5-8]! നമ്മുടെ അനുദിന പ്രവൃത്തികളിൽ നാം അവനെ അനുകരിക്കേണ്ടതുണ്ട്! 

ഏറ്റവും ചെറിയ കാര്യങ്ങളിൽപോലും നാം മറ്റുള്ളവരുടെ ആവശ്യങ്ങൾക്കു മുൻഗണന നൽകണം. മറ്റുള്ളവർക്കു പ്രാധാന്യം നൽകുന്നതിൽ സന്തോഷിക്കുന്നവരും സ്വയം അപ്രധാനമായി മാറുന്നതിൽ സംതൃപ്തരുമായി നാം തീരേണ്ടുണ്ട്. താഴ്മയുള്ള ഹൃദയത്തിൽ നിന്നുള്ള ആത്മാർഥമായ സ്നേഹം അതാണ്! എല്ലായ്പോഴും പിന്നിലെ സ്ഥാനം സ്വീകരിക്കുവാൻ മനസ്സുള്ളവരാകുക! ഭാര്യാഭർത്താക്കന്മാർ, മാതാപിതാക്കൾ, കുട്ടികൾ, സഭാംഗങ്ങൾ എന്നിവർ താഴ്മയുടെ ആത്മാവിൽ നിന്നും ഉളവാകുന്ന സ്നേഹത്തിൽ മറ്റുള്ളവർക്കു പ്രാധാന്യം നൽകുവാൻ പ്രയത്നിക്കുന്നത് ഭാവനയിൽ കാണുക. നമ്മുടെ ജീവിതങ്ങളിൽ താഴ്മ എന്ന സവിശേഷത കാണപ്പെടുമ്പോൾ ക്രിസ്തു എത്രയധികം മഹത്വപ്പെടും എന്ന് ഭാവനയിൽ കാണുക! 

സമാപനചിന്തകൾ.

അതായത്, ആത്മാർഥമായ സ്നേഹത്തിന്റെ സവിശേഷഗുണങ്ങൾ വിശുദ്ധി, സഹോദരപ്രീതി, താഴ്മ എന്നിവയായിരിക്കണം. ഇവ വെറും നിർദ്ദേശങ്ങളല്ല. പകരം, അവ വളരെ ഗൗരവമായെടുക്കേണ്ട കല്പനകളാണ്. സ്നേഹത്തിന്റെ അപ്പോസ്തലൻ എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന യോഹന്നാൻ അപ്പോസ്തലൻ 1 യോഹന്നാൻ 2:9-11 വാക്യങ്ങളിൽ സൂചിപ്പിക്കുന്നതുപോലെ സ്നേഹക്കുറവിൽ ഗൗരവതരമായ അർഥമാനം ഉൾക്കൊള്ളുന്നുണ്ട്, “വെളിച്ചത്തിൽ ഇരിക്കുന്നു എന്നു പറകയും സഹോദരനെ പകെക്കയും ചെയ്യുന്നവൻ ഇന്നെയോളം ഇരുട്ടിൽ ഇരിക്കുന്നു. സഹോദരനെ സ്നേഹിക്കുന്നവൻ വെളിച്ചത്തിൽ വസിക്കുന്നു; ഇടർച്ചെക്കു അവനിൽ കാരണമില്ല. സഹോദരനെ പകെക്കുന്നവനോ ഇരുട്ടിൽ ഇരിക്കുന്നു; ഇരുട്ടിൽ നടക്കയും ചെയ്യുന്നു. ഇരുട്ടു അവന്റെ കണ്ണു കുരുടാക്കുകയാൽ എവിടേക്കു പോകുന്നു എന്നു അവൻ  അറിയുന്നില്ല.” അന്യോന്യമുള്ള സ്നേഹം യഥാർഥമായ രക്ഷയുടെ തെളിവാണ് എന്ന് യോഹന്നാൻ പറയുന്നു [1 യോഹ 3:10; 3:16-18]. 

അങ്ങനെയെങ്കിൽ ആത്മാർഥമായ സ്നേഹമുള്ള ജീവിതം നിലനിർത്തുവാൻ നമുക്ക് എപ്രകാരം സാധിക്കും? 4 നിർദ്ദേശങ്ങൾ ഇതാ ഇവിടെ നൽകുന്നു. 

1. പരിചിന്തനം. നമുക്ക് അനേക പാപങ്ങൾ ഉണ്ടായിരുന്നിട്ടും നമുക്കു ലഭിച്ച കരുണയെയും ക്രൂശിനെയും ചിന്തിക്കുന്നത് തുടരുക [റോമർ 12:1]. 

2. ആശ്രയത്വം. മറ്റുള്ളവരെ സ്നേഹിക്കുവാൻ നമ്മെ രൂപാന്തരപ്പെടുത്തുവാൻ സാധിക്കുന്ന പരിശുദ്ധാത്മാവിൽ നാം തുടർമാനമായി ആശ്രയിക്കേണ്ട ആവശ്യമുണ്ട് [റോമർ 12:2]. 

3. ധ്യാനം. 1 കൊരിന്ത്യർ 13:4-7 പോലെ ബൈബിൾപരമായ സ്നേഹത്തിന്റെ സവിശേഷഗുണങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്ന വേദഭാഗങ്ങൾ ധാനിക്കുന്നത് തുടരുകയും നമുക്ക് മാറ്റം വരുത്തുവാൻ ദൈവത്തിന്റെ വചനം ഉപയോഗിക്കുവാൻ പരിശുദ്ധാത്മാവിൽ ആശ്രയിക്കുകയും ചെയ്യണം. 

4. പ്രവൃത്തി. നമ്മുടെ വികാരങ്ങളെ ആശ്രയിക്കാതെ, അവസരം ലഭിക്കുന്നതനുസരിച്ച് മറ്റുള്ളവർക്ക് നന്മ ചെയ്യുന്നത് നാം തുടരണം [ലൂക്കോസ് 6:27-31].

നാം മറ്റുള്ളവരെ സ്നേഹിക്കുവാൻ ഭയപ്പെടുന്നതിനു കാരണം അതിന്റെ ഫലമായി ലഭിക്കാനിടയുള്ള മുറിവാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. കഴിഞ്ഞ കാല അനുഭവങ്ങൾ ഈ ഭയം നമ്മിൽ ഉണ്ടാക്കുകയും തത്ഫലമായി നാം പിന്തിരിയുകയും ചെയ്യുന്നു.  എന്നാൽ, ദൈവത്തിന്റെ കരുണയാൽ വീണ്ടും ജനിക്കപ്പെട്ട് സ്വർഗ്ഗത്തിന് അവകാശികളായവർ പരിശുദ്ധാത്മാവിനാൽ പ്രചോദിപ്പിക്കപ്പെട്ട് പരസ്പരം സ്നേഹിക്കുവാൻ അതിയായി ആഗ്രഹിക്കുന്നവരായിരിക്കും. ഉബന്റു—“ഞങ്ങൾ കാരണമാണ് ഞാൻ ആയിരിക്കുന്നത്” എന്നു പറഞ്ഞ ആ ആഫ്രിക്കൻ കുട്ടികളുടെ അതേ മാനസികാവസ്ഥയുള്ളവരായിരിക്കും അവർ!

Category

Leave a Comment