യേശുവിനെ അനുഗമിക്കുന്നതിനുള്ള വിളി

(English Version: The Call to Follow Jesus)
മത്തായി 4:18 അവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീൻപിടിക്കാരായ രണ്ടു സഹോദരന്മാർ കടലിൽ വല വീശുന്നതു കണ്ടു: 4:19 “എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു അവരോടു പറഞ്ഞു. 4:20 ഉടനെ അവർ വല വിട്ടേച്ചു അവനെ അനുഗമിച്ചു. 4:21 അവിടെനിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകൻ യാക്കോബും അവന്റെ സഹോദരൻ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാർ പടകിൽ ഇരുന്നു അപ്പനായ സെബദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു. 4:22 അവരും ഉടനെ പടകിനെയും അപ്പനെയും വിട്ടു അവനെ അനുഗമിച്ചു.
മത്തായി 4:18 – 22 വാക്യങ്ങൾ പറയുന്നതുപോലെ, തങ്ങളുടെ ദൈനംദിന പ്രവൃത്തിയിൽ ഏർപ്പെട്ടിരുന്ന മുക്കുവരെ യേശു തന്റെ ആദ്യശിഷ്യന്മാരായി വിളിച്ചുചേർക്കുന്നത് സംബന്ധിച്ചുള്ള വിവരണമാണ് മുകളിൽ നൽകിയിരിക്കുന്ന വേദഭാഗം നമുക്കു നൽകുന്നത്. യേശുവിനെക്കുറിച്ചുള്ള ഈ വിവരണം പരിശോധിക്കുമ്പോൾ നമുക്ക് 3 പാഠങ്ങൾ പഠിക്കുവാൻ കഴിയും.
ഒന്നാമതായി, ശ്രദ്ധിക്കുക: യേശുവാണ് വിളിയിൽ മുൻകൈ എടുക്കുന്നത്.
യേശുവിന്റെ കാലത്തെ ഗുരുക്കന്മാർ/റബ്ബിമാർ തങ്ങളെ അനുഗമിക്കുവാൻ വേണ്ടി ആളുകളെ വിളിക്കുമായിരുന്നില്ല. താത്പര്യമുള്ള ഒരുവന് തന്റെ സ്വന്ത ഇഷ്ടപ്രകാരം ഒരു ഗുരുവിനെ അനുഗമിക്കാം. എന്നാൽ, യേശു ഒരു ഗുരു മാത്രമല്ല, ജഡത്തിൽ വന്ന സർവ്വശക്തനായ ദൈവമാണ്. അതുകൊണ്ട്, യേശു അവരെ വിളിക്കുന്നു, “എന്റെ പിന്നാലെ വരുവിൻ” (4:19). അത് ഒരു അഭിപ്രായപ്രകടനമായിരുന്നില്ല മറിച്ച്, ഒരു കല്പനയായിരുന്നു. “എന്റെ പിന്നാലെ വരുവിൻ” അഥവാ “എന്നെ അനുഗമിപ്പിൻ” എന്നതായിരുന്നു യേശുവിന്റെ വിളി.
ആ വിളിയ്ക് കൂടുതൽ വലിയ ഒരു ഉദ്ദേശ്യം ഉണ്ടായിരുന്നുവെന്ന് ആ വാക്യത്തിൽത്തന്നെ പറഞ്ഞിരിക്കുന്നു, “ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും”. ഇന്നുവരെ നിങ്ങൾ ജീവനുള്ള മീൻ പിടിക്കുകയും അവയെ ആഹാരത്തിനുവേണ്ടി കൊല്ലുകയും ചെയ്തിരുന്നു. ഇന്നുമുതൽ, എന്റെ സന്ദേശവാഹകരായി, സുവിശേഷം പ്രസംഗിക്കുന്നതിലൂടെ ആത്മീകമായി മരിച്ച മനുഷ്യർക്ക് ആത്മീയ ജീവൻ കൊടുക്കേണ്ടതിന് അവരെ പിടിക്കും. വിളി അതാണ്! ബൃഹത്തായ ഒരു നിയോഗം ഏറ്റെടുക്കുവാൻ സാധാരണക്കാരും വിദ്യാഭ്യാസമില്ലാത്തവരുമായവരെ തന്റെ ആദ്യസന്ദേശവാഹകരാക്കി!
യേശു തന്റെ പ്രതിനിധികളായി തിരഞ്ഞെടുത്ത മനുഷ്യർ! ആശ്ചര്യകരം. എന്നാൽ, അവിടെയാണ് ദൈവത്തിന്റെ ജ്ഞാനം. ദൈവത്തിന്റെ ചിന്ത ലോകത്തിന്റെ ചിന്ത പോലെയല്ല. ദൈവം താൻ തെരഞ്ഞെടുത്തവരെ അവർക്കായി താൻ നിശ്ചയിക്കുന്നന്ന നിയോഗത്തിനു വേണ്ടി വിളിക്കുന്നു
അതാണ് നാം പഠിക്കേണ്ട ഒന്നാമത്തെ പാഠം: യേശുവിനെ സാക്ഷിക്കുവാനുള്ള വിളി നമ്മിൽ നിന്നല്ല ആരംഭിക്കുന്നത്. വിളിയ്കു മുൻകൈ എടുക്കുന്നത് യേശുവാണ്. അവനാണ് തന്റെ സാക്ഷികളാകുവാൻ നമ്മെ വിളിക്കുന്നത്. ഇതു സംബന്ധിച്ച് അപ്പോ. പ്രവൃത്തികൾ 1:8 -ൽ നാം വായിക്കുന്നു: “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും” എന്നു പറഞ്ഞു.
ഈ വിളി അനുസരിക്കാതിരിക്കുന്നത് പാപമാണ്.
രണ്ടാമതായി, തന്റെ വിളി നിറവേറ്റുവാൻ തന്റെ ശക്തിയും യേശു ഉറപ്പു നൽകുന്നു.
“ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്ന പ്രയോഗത്തിൽ ശക്തീകരണം എന്ന ആശയം ഉണ്ട്. ഇല്ലായ്മയിലല്ല നിങ്ങൾ പ്രവർത്തിക്കേണ്ടത്. ഞാൻ നിങ്ങളെ വിളിച്ചിരിക്കുന്ന നിയോഗം നിറവേറ്റുവാൻ ഞാൻ നിങ്ങളെ ശക്തീകരിക്കും. അത് യേശുവിന്റെ വാഗ്ദാനമാണ്.
ആ ആദ്യശിഷ്യരെ തന്റെ സന്ദേശവാഹകരാകുവാൻ യേശു ശക്തീകരിച്ചതുപോലെതന്നെ, ഇന്നു നമുക്കും തന്റെ സന്ദേശവാഹകരാകുവാൻ അതേ ശക്തി നൽകുന്നു. നഷ്ടപ്പെട്ടുപോയ ലോകത്തിലേയ്ക് അവന്റെ സാക്ഷികളാകുവാൻ പരിശുദ്ധാത്മാവിന്റെ ശക്തിയിലൂടെ അയയ്കപ്പെട്ടവരാണ് നാം (അപ്പോ. പ്രവൃത്തികൾ 1:8). അതുകൊണ്ട്, ആ നിയോഗം നിറവേറ്റുവാൻ നാം ഭയപ്പെടേണ്ടതില്ല. അതാണ് നാം പഠിക്കേണ്ട രണ്ടാമത്തെ പാഠം.
മൂന്നാമതായി, അൽപ്പംപോലും താമസം വരുത്താതെ, ഉടനടിയുള്ള അനുസരണത്തിലൂടെയാണ് യേശുവിന്റെ വിളിയോട് ശിഷ്യന്മാർ പ്രതികരിച്ചത് എന്നത് ശ്രദ്ധിക്കുക.
അവരുടെ അനുസരണത്തിൽ അൽപ്പംപോലും ശങ്ക ഉണ്ടായിരുന്നില്ല. യേശുവിനെ അനുഗമിക്കുന്നതിൽ തങ്ങളുടെ വസ്തുവകകൾ തടസ്സമാകുവാൻ അവർ അനുവദിച്ചില്ല. മത്തായി 4:20 ഇപ്രകാരം പറയുന്നു: “ഉടനെ അവർ വല വിട്ടേച്ചു അവനെ അനുഗമിച്ചു.” യേശുവിനെ അനുഗമിക്കുന്നതിൽ ബന്ധങ്ങളും തടസ്സമാകുവാൻ അവർ അനുവദിച്ചില്ല. മത്തായി 4:22 ഇപ്രകാരം പറയുന്നു: “അവരും ഉടനെ പടകിനെയും അപ്പനെയും വിട്ടു അവനെ അനുഗമിച്ചു.”
നാമും അതുപോലെ പ്രതികരിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നു – ഉടനടിയുള്ളതും പൂർണ്ണഹൃദയത്തോടെയുള്ളതുമായ പ്രതികരണം. തന്റെ സാക്ഷികളാകുവാനുള്ള യേശുവിന്റെ വിളി അനുസരിക്കുന്നതിൽ നിന്നും നമ്മെ തടയുവാൻ വസ്തുവകകളെയോ ബന്ധങ്ങളെയോ അനുവദിക്കുവാൻ നമുക്കു സാധിക്കുകയില്ല.
ദയവായി ഇതു മനസ്സിലാക്കുക. ഇതിനർഥം, യേശുവിനെ അനുഗമിക്കുന്നതിനുവേണ്ടി നാം നമ്മുടെ കുടുംബങ്ങളെ ഉപേക്ഷിക്കുകയോ ജോലി കളയുകയോ ചെയ്യുവാൻ വിളിക്കപ്പെട്ടു എന്നല്ല. മറിച്ച്, നമ്മുടെ കുടുംബങ്ങളെ സ്നേഹിക്കുവാനും അവർക്കുവേണ്ടി കരുതുവാനും പുതിയ നിയമം നമ്മെ വ്യക്തമായി വിളിക്കുന്നു. ഇതേ പത്രോസ് പിന്നീട്, തന്റെ ഭാര്യയോടൊപ്പം ശുശ്രൂഷ ചെയ്യുന്നതു കാണാം, അവന്റെ കൂടെ താമസിച്ചിരുന്ന അവന്റെ അമ്മാവിയമ്മയെ യേശു സൗഖ്യമാക്കുകയും ചെയ്തു. യേശുവിനെ അനുഗമിക്കുന്നതിന് നമ്മുടെ കുടുംബങ്ങൾ തടസ്സമാകുവാൻ അനുവദിക്കരുത് എന്നതാണ് ആശയം.
നല്ല ജോലിക്കാരാകുവാൻകൂടി പുതിയ നിയമം നമ്മെ വിളിക്കുന്നുണ്ട്. അതിനർഥം നമ്മിൽ ചിലർ ജോലിസ്ഥലങ്ങളിൽ സുവിശേഷ വെളിച്ചം പ്രകാശിപ്പിക്കണം എന്നാണ്. യേശുവിനെ അനുഗമിക്കുന്നതിന് നമ്മുടെ ജോലി തടസ്സമാകുവാൻ അനുവദിക്കരുത് എന്നതാണ് ആശയം. ചിലപ്പോൾ, ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽ തുടർന്നുകൊണ്ട് അവന്റെ സാക്ഷികളാകുവാൻ യേശു തന്റെ അനുഗാമികളെ വിളിച്ചേക്കാം. മറ്റുചിലപ്പോൾ, ചെയ്തുകൊണ്ടിരിക്കുന്ന ജോലി വിട്ട് മറ്റൊന്ന് ഏറ്റെടുത്ത് അവിടെ സാക്ഷിയാകുവാൻ വിളിച്ചേക്കാം. എന്നാൽ, മറ്റുചിലപ്പോൾ, തന്റെ സാക്ഷികൾ ആകുന്നതിനുവേണ്ടി നമ്മുടെ ജോലികൾ ഉപേക്ഷിക്കുവാൻ യേശു നമ്മെ വിളിച്ചേക്കാം.
ഈ സാഹചര്യങ്ങളിലെല്ലാം കാണുന്ന ആശയം ഇതാണ്: യേശുവിനോടുള്ള നമ്മുടെ അനുസരണത്തിനു തടസ്സമാകുവാൻ ഒന്നിനെയും അനുവദിക്കരുത്, അനുസരണം പൂർണ്ണഹൃദയത്തോടെയുള്ളതായിരിക്കണം. അതാണ് നാം പഠിക്കേണ്ട മൂന്നാമത്തെ പാഠം.
തന്റെ സന്ദേശവാഹകരാകുവാനുള്ള യേശുവിന്റെ വിളിയെ ഗൗരവമായി സ്വീകരിച്ചതുകൊണ്ട് വില്യം കേറി, ഹഡ്സൺ ടെയ്ലർ എന്നിവരെപ്പോലെയുള്ള ആദ്യമിഷനറിമാർ അവരുടെയും അവരുടെ കുടുംബങ്ങളുടേയും ജീവൻ അപകടത്തിലാക്കി. നമ്മുടെ വസ്തുവകകൾ സംബന്ധിച്ചും നമ്മുടെ മനോഭാവം അതായിരിക്കണം. നമ്മുടെ സന്തോഷം നേടിയെടുക്കുന്നതിനുവേണ്ടി മാത്രമായി നമ്മുടെ വസ്തുവകകൾ ഉപയോഗിക്കരുത് എന്ന അർഥം യേശുവിന്റെ വിളിയിലുണ്ട്. പകരം, അവ നമ്മുടെ ആവശ്യങ്ങൾ നടത്തുന്നതിനും ആത്യന്തികമായി സുവിശേഷത്തിന്റെ വളർച്ചയ്കുമായി ഉപയോഗിക്കണം.
നമുക്കു സ്വന്തമായ വസ്തുവകകൾ നമ്മെ സ്വന്തമാക്കരുത്. അവയുടെ മേലുള്ള നമ്മുടെ പിടി അയഞ്ഞതായിരിക്കണം. നമ്മുടെ വസ്തുവകകളെ ദൈവത്തിന്റെ വചനം വ്യാപിപ്പിക്കുവാൻ നാം ഉപയോഗിക്കേണം. സുവിശേഷത്തെ മറ്റു നാടുകളിലേയ്ക് എത്തിക്കുവാൻ അവയെ നൽകുകയോ മറ്റുള്ളവരെ അയയ്കുവാൻ അവയെ ഉപയോഗിക്കുകയോ അല്ലെങ്കിൽ നമുക്കു ചുറ്റുമുള്ളവരെ നേടുവാൻ അവയെ ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. പ്രധാന കാര്യം ഇതാണ്: എവിടേയ്കായാലും തന്റെ സാക്ഷിയാകുവാനുള്ള യേശുവിന്റെ വിളിയോട് നാം അനുസരണ കാണിച്ചുകൊണ്ടേയിരിക്കണം!
തങ്ങളുടെ ജീവിതങ്ങൾ എപ്രകാരമാണ് അവസാനിക്കുന്നത് എന്നത് ഈ ശിഷ്യന്മാർ അറിഞ്ഞിരുന്നുവോ? ഈ സമയത്ത് അവർ അധികമൊന്നും അറിഞ്ഞിരുന്നില്ല. എങ്കിലും, വിശ്വാസത്താൽ അവർ സകലവും വിട്ട് യേശുവിനെ അനുഗമിച്ചു! സഭാചരിത്രപ്രകാരം പത്രോസും അന്ത്രെയാസും ക്രൂശിക്കപ്പെട്ടു. അപ്പോസ്തലപ്രവൃത്തികളുടെ പുസ്തകപ്രകാരം യാക്കോബ് ഹെരോദാവിനാൽ കൊല്ലപ്പെട്ടു. വെളിപ്പാട് പുസ്തകപ്രകാരം യോഹന്നാൻ പത്മോസ് ദ്വീപിൽ തടവിലാക്കപ്പെട്ടു. ലോകപ്രകാരം മഹത്വകരമായ ഒരു അവസാനമല്ല. എന്നാൽ, സ്വർഗ്ഗീയ മാനദണ്ഡപ്രകാരം അവർ വുജയകരമായ ജിവിതം നയിച്ചു.
മത്തായിയുടെ സുവിശേഷത്തിൽത്തന്നെ യേശു പിന്നീട് ഇപ്രകാരം പറഞ്ഞു, “തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും” (മത്തായി 10:39). മർക്കൊസ് 8:35 -ൽ യേശു ഇത് മറ്റൊരു വിധത്തിൽ പറയുന്നു, “ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; ആരെങ്കിലും എന്റെയും സുവിശേഷത്തിന്റെയും നിമിത്തം തന്റെ ജീവനെ കളഞ്ഞാൽ അതിനെ രക്ഷിക്കും.”
ശിഷ്യന്മാർ ഈ ലോകത്തിൽ ജീവൻ നഷ്ടമാക്കിയത് വരുവാനുള്ള ലോകത്തിൽ നേടുന്നതിനുവേണ്ടിയാണ്. എന്നാൽ, അന്തിമ അവലോകനത്തിൽ, അവർ ഈ ഭൂമിയിൽ ഏറ്റവും മെച്ചപ്പെട്ട ജീവിതം ജീവിച്ചു- യേശുവിന്റെ വിളിയോട് വിശ്വസ്തമായ അനുസരണം കാണിച്ചു! അവർ വലിയ കഷ്ടങ്ങളിലൂടെ കടന്നുപോയി എങ്കിലും! തീർച്ചയായും അവർ ഇപ്പോൾ ഏറ്റവും മികച്ച ജീവിതം ജീവിക്കുകയാണ്- യേശുവിന്റെ കാല്കൽ പരിപൂർണ്ണ സമാധാനവും ആശ്വാസവും അനുഭവിച്ചുകൊണ്ട്- നിത്യത മുഴുവനും. ഇനി കണ്ണുനീരില്ല. ഇനി ദുഃഖമില്ല. നിത്യതയിലുടനീളം ആനന്ദം മാത്രം. എന്നാൽ, മഹത്വത്തിനു മുൻപ് ക്രൂശ് ഉണ്ട്!
ഈ കാഴ്ചപ്പാടിന്റെ കാര്യത്തിൽ ബൈബിൾ വ്യക്തമാണ്. യേശുവിനെ അനുഗമിക്കുക എന്നതിൽ നമ്മുടെ സ്വന്ത താത്പര്യങ്ങൾ മരിപ്പിക്കുകയും അവന്റെ താത്പര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുക എന്ന തുടർമാനമായ പ്രക്രിയയാണ് ഉൾപ്പെടുന്നത്.
ഹൃദയഹാരിയായ ഒരു സംഭവത്തിലൂടെ ക്രൂശിന്റെ അർഥം കണ്ടെത്തിയതു സംബന്ധിച്ച് മൊറേവിയൻ ഫെലോഷിപ്പിന്റെ സ്ഥാപകനായ കൗണ്ട് സിൻസെന്ഡോർഫിനെക്കുറിച്ച് ഒരു കഥ പറയപ്പെടുന്നു.
യൂറോപ്പിൽ അദ്ദേഹത്തിന്റെ കൃഷിയിടത്തിനടുത്തുള്ള ഒരു ചെറിയ ചാപ്പലിൽ ക്രിസ്ത്യാനിയായ ഒരുവൻ വരച്ച യേശുവിന്റെ ഒരു ചിത്രമുണ്ടായിരുന്നു. ചിത്രത്തിനു താഴെ ഇപ്രകാരം എഴുതിയിരുന്നു: “ഇതു മുഴുവനും ഞാൻ നിനക്കുവേണ്ടി ഏറ്റതാണ്; നീ എനിക്കുവേണ്ടി എന്തു ചെയ്തു?” സിൻസെന്ഡോർഫ് ഈ വാക്യം കണ്ടപ്പോൾ സ്തബ്ധനായിപ്പോയി. ആണികളാൽ തുളയ്കപ്പെട്ട കൈകളും രക്തമൊലിക്കുന്ന നെറ്റിയും മുറിവേറ്റ വിലാപ്പുറവും അദ്ദേഹം കണ്ടു. ചിത്രത്തിലും അതിനു താഴെയുള്ള എഴുത്തിലും മാറിമാറി അദ്ദേഹം നോക്കിക്കൊണ്ടിരുന്നു.
മണിക്കൂറുകൾ കടന്നുപോയി. സിൻസെന്ഡോർഫിന് ചലിക്കുവാൻ കഴിഞ്ഞില്ല. ആ ദിവസത്തിന്റെ ഒടുവിൽ അദ്ദേഹം തല കുമ്പിട്ടു, തന്റെ ഹൃദയത്തെ അപ്പാടെ കീഴടക്കിയവന്റെ സ്നേഹത്തോടുള്ള തന്റെ ഭക്തി കണ്ണുനീരായി ഒലിച്ചിറിങ്ങി. രൂപാന്തരപ്പെട്ട മനുഷ്യനായി അദ്ദേഹം അന്ന് ആ ചാപ്പലിൽ നിന്നും പോയി. ലോകത്തെ മുഴുനും സ്വാധീനിച്ച മൊറേവിയൻ മിഷൻസിന്റെ പ്രവർത്തനങ്ങൾക്കായി തന്റെ സമ്പത്ത് അദ്ദേഹം ഉപയോഗിച്ചു.
ഒരു മനുഷ്യന്റെ ഹൃദയം ക്രിസ്തുവിന്റെ സ്നേഹത്താൽ പിടിക്കപ്പെടുമ്പോൾ ഇപ്രകാരം ഒരു മാറ്റമാണ് സംഭവിക്കുന്നത് എന്നു നിങ്ങൾക്കു കാണുവാൻ സാധിക്കും. അത്തരത്തിലുള്ള സ്നേഹമാണ് ഒരുവനെ ആദ്യം ക്രിസ്ത്യാനിയാക്കുന്നത്. അന്നുമുതൽ ക്രിസ്തുവിനെ സ്നേഹത്തിൽ അനുസരിക്കുവാനും പ്രാപ്തനാക്കുന്നത് അതുതന്നെയാണ്.
ക്രിസ്തുവിന്റെ സ്നേഹത്താൽ പിടിക്കപ്പെട്ടവരുടെ ഹൃദയങ്ങൾ അവന്റെ കല്പനകളോടുള്ള അനുസരണം തുടരുകതന്നെ ചെയ്യും. അവർ സന്തോഷത്തോടെ ഇടുങ്ങിയ പാതയിലൂടെ സഞ്ചരിക്കും കാരണം, അത് അവരെ അവരുടെ ആത്യന്തിക ഭവനമായ സ്വർഗ്ഗത്തിലേയ്കു നയിക്കുന്ന ഏക വഴിയാണ് എന്ന് അവർ അറിയുന്നു. തങ്ങൾക്കു ചുറ്റുമുള്ള ലോകത്തിന് സുവിശേഷവെളിച്ചം കാണിക്കുന്നവരാണ് തങ്ങൾ എന്നത് അവർ മനസ്സിലാക്കുന്നു.
എന്നാൽ, പ്രാരംഭമായും സുപ്രധാനമായും യേശുവിന്റെ വെളിച്ചം തങ്ങളുടെ സ്വന്ത ഹൃദയങ്ങളിൽ ഉണ്ടായിരിക്കുക എന്നതിലാണ് അതു തുടങ്ങുന്നത് എന്നും അവർ അറിയുന്നു. അതു നിങ്ങളിൽ സംഭവിച്ചിട്ടുണ്ടോ? നിങ്ങൾക്ക് നിങ്ങളുടെ സ്വന്ത പാപങ്ങളെക്കുറിച്ച് ബോധ്യം വരികയും ആ പാപങ്ങൾക്കു ശിക്ഷയായി കുരിശിൽ സ്നേഹത്തിൽ തന്റെ രക്തം ചൊരിയുകയും ചെയ്ത യേശു മശിഹയിലേയ്കു വ്യക്തിപരമായി തിരിയുകയും ചെയ്തിട്ടുണ്ടോ? യേശുവിന് നിന്നോടുള്ള സ്നേഹം നിന്റെ ഹൃദയത്തെ കീഴടക്കിയിട്ടുണ്ടോ?
അങ്ങനെയെങ്കിൽ, രക്ഷയ്കായുള്ള യേശുവിന്റെ വിളിയോട് നിങ്ങളുടെ പ്രതികരണം എന്താണ്? “ഉവ്വ്“എന്ന പ്രതികരണമാണ് എന്നു ഞാൻ പ്രതീക്ഷിക്കുന്നു. “ഉവ്വ്“ എന്നാണെങ്കിൽ, തന്നെ ശുശ്രൂഷയ്കായുള്ള “എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്ന അതേ വിളിയാൽ നിങ്ങളെയും അവൻ വിളിക്കുന്നു.
ശുശ്രൂഷയ്കായുള്ള യേശുവിന്റെ സ്നേഹത്തിലുള്ള വിളിയോട് നിങ്ങളുടെ പ്രതികരണം എന്താണ്? തങ്ങളുടെ വസ്തുവകകളും കുടുംബങ്ങളും തടസ്സമാകുവാൻ അനുവദിക്കാതിരുന്ന ഈ ശിഷ്യന്മാരുടെ അനുസരണം പോലെ നിങ്ങളുടെ അനുസരണവും ഉടനടിയുള്ളതും തുടർമാനവുമാണോ? അതോ, യേശുവിന്റെ ഫലകരമായ സാക്ഷിയാകുവാൻ തടയുന്ന നിങ്ങളുടെ വസ്തുവകകൾ, സ്ഥാനം, ബന്ധങ്ങൾ എന്നിവയിൽ നിങ്ങൾ കുടുങ്ങിക്കിടക്കുകയാണോ?
അങ്ങനെയെങ്കിൽ, ഇന്ന് നിങ്ങൾക്ക് മാനസാന്തരപ്പെടുവാനും നിങ്ങളോടു ക്ഷമിച്ച് വിശ്വസ്ത സാക്ഷിയാകുവാൻ നിങ്ങളെ സഹായിക്കുവാനും യേശുവിനോട് അപേക്ഷിക്കുന്നതിനുള്ള ദിനമാണ്. സുവിശേഷം ഫലപ്രദമായി വ്യാപിപ്പിക്കുവാൻ നിങ്ങളുടെ സ്ഥാനവും സമ്പത്തും എപ്രകാരം ഉപയോഗിക്കാം എന്നത് നിങ്ങളെ പഠിപ്പിക്കുവാൻ അവനോട് ആവശ്യപ്പെടാം. യേശുവിനെ നിങ്ങളുടെ എല്ലാ ബന്ധങ്ങൾക്കു മീതേ പ്രതിഷ്ഠിക്കുവാൻ സഹായിക്കുവാൻ അപേക്ഷിക്കുക. ഓർമ്മിക്കുക, അവൻ നിങ്ങളുടെ സൃഷ്ടാവാണ്. അവൻ നിങ്ങളുടെ വീണ്ടെടുപ്പുകാരനാണ്. അവൻ മാത്രമാണ് നിങ്ങൾക്കു വേണ്ടി മരിച്ചത്. അതുകൊണ്ട്, നിങ്ങളുടെ ജീവിതത്തിലെ ഒന്നാം സ്ഥാനം അവനു മാത്രം അവകാശപ്പെട്ടതാണ്!