ക്രിസ്ത്യാനിയ്ക് ഉത്കണ്ഠ കൂടാതെ മനസ്സുറപ്പോടെ മരണത്ത നേരിടുവാൻ സാധിക്കുന്നതിന്റെ 3 കാരണങ്ങൾ

(English Version: 3 Reasons Why A Christian Can Confidently Face Death)
സാറാ വിൻചെസ്റ്ററുടെ ഭർത്താവ് തോക്കുകൾ നിർമ്മിച്ചും വിൽപ്പന നടത്തിയും വളരെ ധനം സമ്പാദിച്ചു. 1881-ൽ ഇൻഫ്ലുവൻസ വന്ന് അദ്ദേഹം മരിച്ച ശേഷം, സാറാ തന്റെ ഭർത്താവുമായി സമ്പർക്കം പുലർത്തുന്നതിന്, മരിച്ചവരുമായി സമ്പർക്കം പുലർത്തുന്ന ഒരു മന്ത്രവാദിനിയെ സമീപിച്ചു. അവളുടെ മരിച്ചുപോയ ഭർത്താവ് ഇപ്രകാരം പറഞ്ഞു എന്ന മന്ത്രവാദിനി പറഞ്ഞു, “നീ നിന്റെ വീട്പണി തുടർന്നുകൊണ്ടേയിരുന്നാൽ, നിനക്ക് ഒരിക്കലും മരണത്തെ നേരിടേണ്ടിവരികയില്ല.” അവൾ മന്ത്രവാദിനിയുടെ വാക്കുകൾ വിശ്വസിച്ച് 17 മുറികളുള്ള പണിതീരാത്ത ഒരു മാളിക വാങ്ങുകയും അത് വലുതാക്കി പണിയുവാൻ ആരംഭിക്കുകയും ചെയ്തു.
പണിക്കാർക്ക് ഒരു ദിവസത്തെ കൂലി 50 സെന്റ് മാത്രമായിരുന്ന കാലത്ത് 5 മില്യൺ ഡോളറുകൾ ചെലവഴിച്ച് ഈ പണി അവൾ 85-ഞ്ചാമത്തെ വയസ്സിൽ മരിക്കുന്നതുവരെ തുടർന്നു. വീണ്ടും 80 വർഷങ്ങൾക്കൂടി പണി തുടരുവാൻ ആവശ്യമായ പണിസാമഗ്രികൾ അവൾ വാങ്ങിക്കൂട്ടിയിരുന്നു. ലക്ഷക്കണക്കിന് മനുഷ്യരെ ബന്ധനത്തിൽ ആക്കിയിരിക്കുന്ന മരണഭയത്തിന്റെ മൂകസാക്ഷിയായി ഇന്ന് ആ വൻമാളിക നിലകൊള്ളുന്നു.
എന്നിരുന്നാലും, മനുഷ്യർ മരണഭയത്തിൽ ജീവിക്കേണ്ട ആവശ്യമില്ല എന്നതിന് ബൈബിൾ കാരണങ്ങൾ നൽകുന്നു. ആ കാരണങ്ങളെ വിശദമായി പരിശോധിക്കുന്നതിനു മുൻപ് നമുക്ക് പ്രാഥമികമായ ഒരു ചോദ്യം ചോദിക്കാം: എന്താണ് മരണം? മരണം എന്നത് പ്രാഥമിക അർഥത്തിൽ ഒരു വേർപാട് ആണ്. അതാണ് അടിസ്ഥാനപരമായ ഉത്തരം. ബൈബിൾ മൂന്നു തരത്തിലുള്ള മരണത്തെ വിവരിക്കുന്നു.
1. ശാരീരിക മരണം. ശരീരത്തിൽ നിന്നും ആത്മാവ് വേർപെടുന്നതാണ് ഈ മരണം. “ഒരിക്കൽ മരിക്കയും പിന്നീട് ന്യായവിധിയും മനുഷ്യർക്ക് നിയമിച്ചിരി”ക്കുന്നു എന്ന് എബ്രായർ 9:27 പഠിപ്പിക്കുന്നു. പുനർജ്ജന്മം ഇല്ല എന്ന് ബൈബിൾ വ്യക്തമാക്കുന്നു. എല്ലാ മനുഷ്യരും പല തവണ മരിക്കുന്നില്ല, ‘ഒരിക്കൽ മരിക്കുന്നു’ എന്ന് ഈ വാക്യം വ്യക്തമായി പറയുന്നു.
2. ആത്മീയ മരണം. മനുഷ്യന്റെ ആത്മാവും ശരീരവും ദൈവത്തിന്റെ ജീവനിൽ നിന്നും വേർപെടുന്നതാണ് ഈ മരണം. യേശുവിനെ കൂടാതെയുള്ള ഒരു മനുഷ്യന്റെ അവസ്ഥ എഫേസ്യർ 2:1 നമ്മെ ഓർമ്മിപ്പിക്കുന്നു, “അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളേയും.”നാമെല്ലാവരും ആത്മീയമായി മരച്ചവരായി ആണ് ഈ ലോകത്തിലേയ്കു വരുന്നത്. ഈ അവസ്ഥ ശാരീരിക മരണത്തിലേയ്കും പിന്നീട്, നിത്യമരണത്തിലേയ്കും – യേശു നൽകുന്ന ജീവൻ സ്വീകരിക്കാത്ത ഒരുവൻ മരിക്കേണ്ടിവരുന്ന മരണം- നയിക്കുന്നു.
3. നിത്യ മരണം. ജീവിച്ചിരിക്കുമ്പോൾ ഭൂമിയിൽവച്ച് യേശുവിനെ തിരസ്കരിക്കുന്നതു കാരണം എന്നെന്നേയ്കുമായി ദൈവത്തിൽ നിന്നും ആത്മാവും ശരീരവും വേർപെടുന്നതാണ് ഈ മരണം. അത്തരം ആളുകൾ ഒടുവിൽ ചെന്നുചേരുന്ന സ്ഥലത്തെക്കുറിച്ച് വെളിപ്പാട് 20:15-ൽ നമ്മെ പഠിപ്പിക്കുന്നു, “ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.” ഈ മരണം അനുഭവിക്കുന്നവർ നിത്യമായി നരകത്തിൽ വസിക്കും.
മരണത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ ഈ ബോധ്യങ്ങളോടെതന്നെ നമുക്ക് ക്രിസ്ത്യാനികൾക്ക് ഉറപ്പോടെ മരണത്തെ നേരിടുവാൻ സാധിക്കുന്നതിന്റെ 3 കാരണങ്ങൾ പരിശോധിക്കാം.
കാരണം# 1. മരണത്തിന് ക്രിസ്ത്യാനിയുടെ മേൽ അധികാരമില്ല.
കർത്താവായ യേശു ഭൂമിയിലേയ്കു വന്നപ്പോൾ മനുഷ്യശരീരം സ്വീകരിച്ച് സമ്പൂർണ്ണമായ ജീവിതം ജീവിക്കുകയും പാപങ്ങളുടെ ശിക്ഷയ്കായി നമ്മുടെ പകരക്കാരനായി മരിക്കുകയും വീണ്ടും ജീവിച്ചെഴുന്നേൽക്കുകയും ചെയ്തു. തത്ഫലമായി, തങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെടുവാൻ യേശുവിൽ ആശ്രയിക്കുന്നവർക്ക് ഭാവിയിൽ ശിക്ഷാവിധി നേരിടുകയില്ല എന്ന പൂർണ്ണനിശ്ചയം ഉണ്ടായിരിക്കുക സാധ്യമാണ്. അവർ ഒരിക്കലും നിത്യ മരണം അനുഭവിക്കേണ്ടിവരികയില്ല. അതുമാത്രമല്ല, അവർ ഇപ്പോഴും മരണഭയത്തിൽ ജീവിക്കേണ്ട ആവശ്യമില്ല, കാരണം, യേശു “മരണത്തിന്റെ അധികരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിവുന്നവരെ ഒക്കെയും വിടുവിച്ചു”(എബ്രായർ 2:15).
ഒരു വിശ്വാസിയ്ക് ശാരീരിക മരണം എന്നാൽ അടുത്ത ജീവിതത്തിലേയ്ക്- ദൈവത്തിന്റെ സന്നിധിയിലുള്ള നിത്യജീവനിലേയ്ക്- ഉള്ള കവാടം മാത്രമാണ്. ഉറങ്ങുകയും ഉണർന്ന് എഴുന്നേൽക്കുകയും ചെയ്യുന്നതുപോലെയാണത്. ക്രിസ്ത്യാനിയുടെ മരണത്തെ “ഉറക്കം” എന്ന് ബൈബിൾ വിളിക്കുന്നതൽ അതിശയമില്ല (1 കൊരി 15:51; 1 തെസ്സ 4:13). മരണത്തിന് ക്രിസ്ത്യാനിയുടെ മേൽ യാതൊരു അധികാരവുമില്ല. നമുക്ക് ധൈര്യത്തോടെ മരണത്തെ നേരിടാം എന്നതിന്റെ ഒന്നാമത്തെ കാരണം അതാണ്.
കാരണം# 2. മരണം ക്രിസ്ത്യാനിയെ ഉടനടി കർത്താവിന്റെ സന്നിധിയിലേയ്ക് എത്തിക്കുന്നു.
ക്രിസ്ത്യാനി മരിക്കുമ്പോൾ, ശരീരം ശവക്കുഴിയിലേയക്ക് പോകുന്നു. എന്നാൽ, ആത്മാവ് ഉടനടി കർത്താവിന്റെ സന്നിധിയിലേയ്ക് പോകുന്നു. “ശരീരം വിട്ടു കർത്താവിനോടു കൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു” എന്ന് പൗലോസ് പറഞ്ഞു(2 കൊരി 5:8). “ശരീരം വിട്ടു” എന്ന പ്രയോഗം ശരീരത്തിൽ നിന്നും ആത്മാവ് വേർപെടുന്നതിനെ സൂചിപ്പിക്കുന്നു. “കർത്താവിനോടുകൂടെ വസിപ്പാൻ” എന്നത് ആത്മാവ് കർത്താവിന്റെ സന്നിധിയിൽ ആയിരിക്കുന്നതിനെ സൂചിപ്പിക്കുന്നു.
യേശു ക്രൂശിൽ വച്ച് തന്നോടൊപ്പമുണ്ടായിരുന്ന കുറ്റവാളികളിൽ മാനസാന്തരപ്പെട്ടവന്, “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” (ലൂക്കോസ് 23:43) എന്ന് വാഗ്ദത്തം നൽകി. ദൈവത്തിന്റെ സന്നിധിയിൽ ഇരിക്കും എന്ന വാഗ്ദത്തം വിദൂരഭാവിയിൽ സംഭവിക്കുവാൻ പോകുന്ന ഒന്നല്ല- മരണസമയത്തിനു ശേഷം ഏതാനം ദിവസങ്ങൾ കഴിഞ്ഞുള്ള സംഭവവുമല്ല- “ഇന്ന്” എന്ന പദം അർഥമാക്കുന്നത് ഉടനടി ദൈവത്തിന്റെ സന്നിധിയിൽ എത്തും എന്നതാണ്. ഒരു നിശചിത സമയം കാത്തിരിക്കേണ്ടതില്ല, ക്രിസ്ത്യാനി കർത്താവിന്റെ സന്നിധിയിലേയ്കു പോകുന്നതിനു മുൻപ് താത്കാലികമായി താമസിക്കുന്ന ഒരു സ്ഥലവുമില്ല. ശാരീരിക മരണം സംഭവിച്ച് ഉടൻതന്നെ അതു സംഭവിക്കുന്നു. ഇതിന് അപവാദമായി ഒന്നുമാത്രമേയുള്ളൂ. യേശുവിന്റെ മടങ്ങിവരവിൽ അപ്പോൾ ജീവിച്ചിരിക്കുന്ന തന്റെ അനുയായികൾ എല്ലാവരും മരണം അനുവിക്കാതെ ഉടനടി അവനോടുകൂടെ ചേരും (1 തെസ്സ4:16-17). ക്രിസ്ത്യാനിയ്ക് ഉത്കണ്ഠകൂടാതെ ഉറപ്പോടെ മരണത്തെ നേരിടുവാൻ സാധിക്കുന്നതിന്റെ രണ്ടാമത്തെ കാരണം അതാണ്.
കാരണം# 3. മരണം പുതിയതും പൂർണ്ണതയുള്ളതുമായ ശരീരം പ്രാപിക്കുവാൻ ക്രിസ്ത്യാനിയെ പ്രാപ്തനാക്കുന്നു.
നാം ഈ ലോകത്തിലേയ്കു വന്ന ശരീരം പാപത്തിനും രോഗത്തിനും അധീനമാണ്. അതുകൊണ്ടാണ് ശാരീരിക മരണം നിലനിൽക്കുന്നത്. എന്നിരുന്നാലും, ഭാവിയിൽ യേശു തന്റെ ജനത്തിനു വേണ്ടി തിരികെ വരുമ്പോൾ എല്ലാ ക്രിസ്ത്യാനികൾക്കും പൂർണ്ണതയുള്ളതും പുതിയതുമായ – പാപരഹിതവും രോഗരഹിതവുമായ- ശരീരം ലഭിക്കും. മരിച്ച് ആത്മാക്കൾ കർത്താവിന്റെ സന്നിധിയിലേയ്ക് പോയ ക്രിസ്ത്യാനികളും അപ്പോൾ പുതിയ ശരീരം പ്രാപിക്കും. ഈ സംഭവത്തെയാണ് ബൈബിൾ “തേജസ്കരണം” എന്നു വിളിക്കുന്നത്. 1 കൊരിന്ത്യർ 15:51-52 ഈ പ്രക്രിയയെ വിവരിക്കുന്നു, 51 “ഞാൻ ഒരു മർമ്മം നിങ്ങളോടു പറയാം: 52 നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.”
ഭാവിയിൽ നമുക്കു ലഭിക്കുന്ന ഈ പുതിയ ശരീരത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ 1 കൊരിന്ത്യർ 15:42-44 -ൽ നൽകിയിരിക്കുന്നു, 42 “മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തിൽ വിതെക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിർക്കുന്നു; 43 അപമാനത്തിൽ വിതെക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതെക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു; 44 പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മിക ശരീരവും ഉണ്ടു.” ഈ പുതിയ ആത്മീയ ശരീരം ഉയിർത്തെഴുന്നേറ്റ ശരീരം, അനശ്വര അഥവാ തേജസ്സുള്ള ശരീരം എന്നും വിളിക്കപ്പെടുന്നു. അതുകൊണ്ടാണ് നാം ക്രിസ്ത്യാനികൾ “നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പിന്” (റോമർ 8:23) ആകാംഷയോടെ കാത്തിരിക്കുന്നത്. ക്രിസ്ത്യാനിയ്ക് ഉത്കണ്ഠകൂടാതെ ഉറപ്പോടെ മരണത്തെ നേരിടുവാൻ സാധിക്കുന്നതിന്റെ മൂന്നാമത്തെ കാരണം അതുതന്നെയാണ്.
വിശ്വാസികൾ എന്തുകൊണ്ട് മരണത്തെ ധൈര്യത്തോടെ നേരിടണം എന്നതിന് 3 മതിയായ കാരണങ്ങൾ, 3 വലിയ യാഥാർഥ്യങ്ങൾ ഇവയാണ്. ഒന്നാമതായി, മരണത്തിന് നമ്മുടെ മേൽ യാതൊരു അധികാരവുമില്ല: രണ്ടാമതായി, ഉടനടി കർത്താവിന്റെ സന്നിധിയിൽ എത്തുവാൻ മരണം നമ്മെ പ്രാപ്തരാക്കുന്നു: അവസാനമായി, പുതിയതും പൂർണ്ണതയുള്ളതുമായ ഒരു ശരീരം പ്രാപിക്കുവാൻ മരണം നമ്മെ സഹായിക്കുന്നു.
മരണത്തെ ധൈര്യത്തോടെ നേരിടുവാൻ ഈ വലിയ യാഥാർഥ്യങ്ങൾ ക്രിസ്ത്യാനിയെ പ്രാപ്തനാക്കേണ്ടതാണ്. എങ്കിലും, ചിലപ്പോൾ, “എനിക്ക് എന്തു സംഭവിക്കും? ഞാൻ ബലഹീനനായിത്തീരുമോ? എനിക്ക് വേദനിക്കുമോ?” എന്നീ ചോദ്യങ്ങൾ ക്രിസ്ത്യാനിയിൽ പിടി മുറുക്കുന്നു, പ്രത്യേകിച്ചും അവർ പ്രായമേറുകയോ ഗൗരവതരമായ രോഗങ്ങൾ വരികയോ ചെയ്യുമ്പോൾ. ഇവ ന്യായമായ ചോദ്യങ്ങൾ ആയിരിക്കുമ്പോൾതന്നെ, നാം ദൈവത്തിന്റെ വാഗ്ദത്തങ്ങളിലേയ്കും സംരക്ഷണത്തിലേയ്കും നോക്കുകയും അങ്ങനെ ബൈബിൾപരമായി പ്രതികരിക്കുകയും ചെയ്യേണ്ടതുണ്ട്. “നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കയും ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും” (യെശയ്യാ 46:4) എന്ന് ദൈവം വഗ്ദത്തം ചെയ്തിരിക്കുന്നു.
നാം ശാരീരിക ക്ലേശത്തിലൂടെ കടന്നുപോകണം എന്നത് ദൈവത്തിന്റെ ഹിതമാണ് എങ്കിൽ, നമ്മുടെ പിതാവിന്റെ ഹിതം നമുക്ക് ഏറ്റവും നല്ലതാണ് എന്ന് അറിഞ്ഞുകൊണ്ട് നമുക്ക് ശാന്തരായും ഭയംകൂടാതെയും ആയിരിക്കാം. ഈ ഭൂമിയിലെ യാത്രയിൽ ദൈവം നമ്മെ നടത്തുകയും നമ്മടെ അന്തിമ ഭവനമായ സ്വർഗ്ഗത്തിൽ എത്തിക്കുകയും ചെയ്യും. ഓരോ ദിവസവും കടന്നുപോകുമ്പോൾ, നാം കർത്താവിന്റെ സന്നിധിയോട് അടുക്കുന്നു. കൂരിരുട്ട് നിറഞ്ഞ സമയങ്ങളിൽ വിശ്വസ്തരായി നിലനിൽക്കുവാൻ അതു നമ്മെ സഹായിക്കേണ്ടതാണ് !
ഇവ ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം മഹത്തായ യാഥാർഥ്യങ്ങളാണ് എങ്കിലും, അക്രൈസ്തവനായ ഒരുവന് ഭാവി ഇരുളടഞ്ഞതാണ്. അവിശ്വാസി മരിക്കുമ്പോൾ ശരീരം ശവക്കുഴിയിലേയക് പോകുന്നു എന്നാൽ, ആത്മാവ് യാതനകളുടെ ഇടമായ പാതാളത്തിലേയ്ക് (നരകം പോലെയുള്ള സ്ഥലം) പോകുന്നു (ലൂക്കോസ് 16:23). അവിടെയാണ് അന്തിമ ന്യായവിധി ദിവസംവരെ അവിശ്വാസികളുടെ ആത്മാക്കൾ വസിക്കുന്നത്. നിത്യകാലം മുഴുവനും നരകത്തിൽ വസിക്കുവാൻ അവർ എറിയപ്പെടുന്നതിനു മുൻപ് പാപങ്ങളുടെ അന്തിമ ന്യായവിധിയ്കായി അന്ന് അവർ ദൈവത്തിനു മുൻപാകെ എഴുന്നേറ്റു നിർത്തപ്പെടും. അവിശ്വാസികളിൽ ഓരോരുത്തനും “അവനവന്റെ പ്രവൃത്തികൾക്കടുത്ത ന്യായവിധി” ഉണ്ടാകും എന്ന് വെളിപ്പാട് 20:13 പറയുന്നു. അവരുടെ ക്ഷമിക്കപ്പെടാത്ത പാപങ്ങൾ നിമിത്തം അവരെ “തീപ്പൊയ്കയിൽ(നരകത്തിൽ) തള്ളിയിടും” (വെളിപ്പാട് 20:14). വളരെ ഭീകരവും ദുഃഖകരവുമായ അന്ത്യം!
എന്നിരുന്നാലും, ജീവിതം അപ്രകാരം അവസാനിക്കേണ്ട ആവശ്യമില്ല. പാപങ്ങളിൽ നിന്ന് പിന്തിരിയുകയും യേശുവിൽ ആശ്രയിക്കുകയും ചെയ്തുകൊണ്ട് ഒരുവന് ആത്മീയ ജനനം പ്രാപിക്കുവാനും ഈ ഭയാനകമായ ന്യായവിധി ഒഴിവാക്കുവാനും സാധിക്കും. കാരണം, പാപത്തിനുള്ള ദൈവത്തിന്റെ ന്യായവിധി യേശു ഏറ്റെടുത്തു. “യേശു ഇപ്രകാരം വാഗ്ദാനം ചെയ്യുന്നു, ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു” (യോഹന്നാൻ 5:25). യേശുവിൽ വിശ്വസിക്കുന്ന ഒരുവന് ഈ വാക്യം 3 വാഗ്ദത്തങ്ങൾ നൽകുന്നു:
(1) അവർക്ക് ഇപ്പോൾ നിത്യജീവൻ ഉണ്ട്.
(2) അവരുടെ പാപങ്ങൾക്ക് അവർ ഭാവിയിൽ ന്യായവിധി നേരിടുകയില്ല.
(3) അവർ ആത്മീയ മരണത്തിൽ നിന്നും ആത്മീയ, നിത്യ ജീവനിലേയ്കു കടന്നിരിക്കുന്നു. അങ്ങനെ നിത്യ മരണം ഒഴിവായിരിക്കുന്നു.
ഇവ ആശ്ചര്യകരമായ വാഗ്ദത്തങ്ങളാണ്. വിശ്വസിക്കുന്നുവെങ്കിൽ, അത് ഒരു വ്യക്തിയെ മരണഭയത്തിൽ നിന്നും സ്വതന്ത്രനാക്കുന്നു. അതെ, മരണം ഒഴിവാക്കുവാൻ സാധ്യമല്ല. വൈദ്യശാസ്ത്രത്തിന്റെ ഒരു പദ്ധതിയ്കും മരണത്തെ മറികടക്കുക സാധ്യമല്ല! എബ്രായർ 9:27 ഇപ്രകാരം പറയുന്നു, “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു.” എല്ലാവരും അഭിമുഖീകരിക്കേണ്ട ഒന്നാണ് മരണം! ഓരോ മണിക്കൂറിലും 10,000 ആളുകൾ മരിച്ചുകൊണ്ടിരിക്കുന്നു. ഇന്നല്ലെങ്കിൽ നാളെയൊരിക്കൽ നിങ്ങളും അതിൽ ഒരാളായിരിക്കും.
നിങ്ങൾ മരണത്തിന് തയ്യാറായിട്ടുണ്ടോ? തീർച്ചയായും, നിങ്ങൾ ഒരു ക്രിസ്ത്യാനിയാണ് എങ്കിൽ അത് സാധ്യമാണ്! ഒരു ക്രിസ്ത്യാനിക്കു മാത്രമേ ഉറപ്പോടും ആനന്ദത്തോടുംകൂടെ ഇപ്രകാരം പാടുവാൻ സാധിക്കുകയുള്ളൂ, 55″ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ? 56 മരണത്തിന്റെ വിഷമുള്ളു പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം. 57 നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം” (1 കൊരിന്ത്യർ 15:55-57).