അഹംഭാവത്തിന്റെ അപകടങ്ങൾ

(English version: “Dangers of Pride”)
1715-ൽ ഫ്രാൻസിലെ ലൂയി പതിനാലാമൻ അന്തരിച്ചു. ഈ രാജാവ് സ്വയം “മഹാൻ” എന്നു വിളിക്കുകയും “ഞാൻ തന്നെയാണ് രാജ്യം” എന്ന് അഹങ്കാരത്തോടെ വീമ്പു പറയുകയും ചെയ്തിരുന്നു! ഇദ്ദേഹത്തിന്റെ കാലത്തെ രാജസദസ്സ് യൂറോപ്പിലെ ഏറ്റവും പ്രൗഢഗംഭീരമായ സദസ്സ് ആയിരുന്നു. അദ്ദേഹത്തിന്റെ ശവസംസ്കാരവും കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന മോടിയേറിയ ഒന്നായിരുന്നു. അത് അദ്ദേഹത്തിന്റെ മഹത്വം പ്രകടമാക്കുവാൻ വേണ്ടി പ്രത്യേകമായി ക്രമീകരിച്ചതായിരുന്നു. അദ്ദേഹത്തിന്റെ മൃതശരീരം ഒരുസ്വർണ്ണ ശവപ്പെട്ടിയിൽ കിടത്തിയിരുന്നു. മരണപ്പെട്ട രാജാവിന്റെ പ്രതാപം എടുത്തു കാട്ടുവാൻ വേണ്ടി, കത്തീഡ്രൽ പള്ളിയിലെ വളരെ മങ്ങിയ ലൈറ്റുകൾ മാത്രം തെളിക്കുകയും ഒരു പ്രത്യേകതയുള്ള മെഴുകുതിരി അദ്ദേഹത്തിന്റെ ശവപ്പെട്ടിയുടെ മുകളിലായി വയ്കുകയും ചെയ്യണം എന്ന് കല്പന നൽകപ്പെട്ടിരുന്നു. വലിയ ജനക്കൂട്ടം ശവസംസ്കാരത്തിനായി മൗനതയിൽ വന്നുകുടിയിരുന്നു. പിന്നീട് ക്ലെയർമൊണ്ടിന്റെ ബിഷപ്പായിത്തീർന്ന, മാസില്ലൺ അപ്പോൾ അവിടേയ്ക് സാവധാനം കടന്നുവന്ന് ആ മെഴുകുതിരി ഊതിക്കെടുത്തി, ഇപ്രകാരം പറഞ്ഞു, “ദൈവം മാത്രമാണ് മഹത്വവാൻ!”
ലളിതമായ ഈ സത്യം നാമോരോരുത്തരും തുടർമാനമായി ഓർക്കേണ്ടതാണ്: ദൈവം മാത്രമാണ് മഹത്വവാൻ. ദൈവം മാത്രമാണ് വാഴ്ത്തപ്പെടേണ്ടതും ഉയർത്തപ്പെടേണ്ടതും. ദൈവം സൃഷ്ടാവാണ്. ദൈവത്തെ ആരാധിക്കുവാൻ വിളിക്കപ്പെട്ട സൃഷ്ടികളാണ് നാം! എന്നാൽ, സത്യദൈവത്തെ ആരാധിക്കുന്നതിനു പകരം, നാം നമ്മെത്തന്നെ ആരാധിക്കുവാൻ തുനിഞ്ഞിരിക്കുന്നു, കാരണം, നാം പാപത്തിൽ, പ്രത്യേകിച്ചും അഹംഭാവം എന്ന പാപത്തിൽ വീണിരിക്കുന്നു. മറ്റേതൊരു പാപത്തെക്കാളും മനുഷ്യരുടെ ആത്മാക്കളെ നശിപ്പിച്ചിരിക്കുന്ന ഒരു പാപമുണ്ടെങ്കിൽ, അത് അഹംഭാവം എന്ന പാപമാണ്. അഹംഭാവം അതിന്റെ സ്വഭാവത്തിൽ സാർവ്വത്രികമാണ് എന്നത് സമ്മതിക്കാതിരിക്കുക സാധ്യമല്ല. അഹംഭാവം ഒരു പുതിയ കാര്യമല്ല എന്നതാണ് യാഥാർഥ്യം. ഏദെൻ തോട്ടം മുതൽത്തന്നെ ഇത് എല്ലായിടത്തുമുണ്ട്.
ലളിതമായ 5 ചോദ്യങ്ങൾ ചോദിച്ച് അവയ്ക് ഉത്തരങ്ങൾ നൽകിക്കൊണ്ട് ഈ പോസ്റ്റിൽ, അഹംഭാവത്തിന്റെ അപകടങ്ങളും അതിന്റെ പരിഹാരമാർഗ്ഗവും നമുക്കു കാണാം.
1. എന്താണ് അഹംഭാവം?
ലളിതമായി പറഞ്ഞാൽ, പൊടിയായ മനുഷ്യൻ അവനെത്തന്നെ ആരാധിക്കുന്നതാണ് അഹംഭാവം! സ്വയം അതിനെത്തന്നെ സിംഹാസനത്തിൽ—ദൈവത്തിന് മാത്രം അവകാശപ്പെട്ട സിംഹാസനത്തിൽ—ഇരുത്തുന്നതാണ് അഹംഭാവം! സ്വയം സിംഹാസനത്തിൽ അവരോധിക്കപ്പെട്ട അഹംഭാവിയായ ബാബിലോണിനെ പണ്ട് ദൈവം എപ്രകാരമാണ് ഗൗരവം നിറഞ്ഞ വാക്കുകളിൽ ശകാരിച്ചത് എന്നതു കാണുക: “നിന്റെ ജ്ഞാനവും നിന്റെ വിദ്യയും നിന്നെ തെറ്റിച്ചുകളഞ്ഞു; ഞാൻ മാത്രം; എനിക്കു തുല്യമായി മറ്റാരും ഇല്ല എന്നു നീ നിന്റെ ഹൃദയത്തിൽ പറഞ്ഞു.”
2. അഹംഭാവത്തിന്റെ ഉറവിടം ഏതാണ്?
സാഹചര്യങ്ങളാണോ? പ്രതികൂലങ്ങൾ നിറഞ്ഞ ഒരു ബാല്യകാലമാണോ? അല്ല! മർക്കോസ് 7:21-23—ൽ യേശു വ്യക്തമായ ഉത്തരം നൽകുന്നു: മർക്കൊസ് 7:21-23 “21 അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, 22 കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. 23 ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു.” അഹംഭാവത്തിന്റെ ഉറവിടം ഒരുവന്റെ സ്വന്ത ഹൃദയമാണ്. അത് പുറത്തു നിന്നുമുള്ള ഒന്നല്ല മറിച്ച് ഉള്ളിലുള്ളതുതന്നെയാണ്—എല്ലായ്പോഴും നമ്മുടെതന്നെ ഭാഗമായിരിക്കുന്ന ഒന്ന്ന—മ്മുടെ ഹൃദയം!
3. ദൈവം എപ്രകാരമാണ് അഹംഭാവത്തെ കാണുന്നത്?
ചിലർ പറയുന്നതുപോലെ, അഹംഭാവം ഒരു സദ്‌ഗുണമല്ല. മറിച്ച്, അത് ഒരു പാപമാണ്—കാരണം, ദൈവം അപ്രകാരമാണ് അതിനെ വിളിക്കുന്നത്! സദൃശ്യവാക്യങ്ങൾ 21:4 പറയുന്നു, “ഗർവ്വമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നേ.” അതുകൊണ്ട്, നാം ഇത് മനസ്സിലാക്കേണ്ടതുണ്ട്: അഹംഭാവം പാപമാണ്—വിശുദ്ധനായ ദൈവം തന്റെ സ്വഭാവത്തിൽ എല്ലാ പാപത്തെയും വെറുക്കേണ്ടതാണ്, വെറുക്കുന്നു.
സദൃശ്യവാക്യങ്ങൾ 16:5—ന്റെ ആദ്യഭാഗം പറയുന്നു, “ഗർവ്വമുള്ള ഏവനും യഹോവെക്കു വെറുപ്പു.” “വെറുപ്പ്” എന്ന പദത്തിന് അറപ്പുളവാക്കുന്ന, ചീഞ്ഞത്, മോശമായ – മലിനമായ ഭക്ഷണം പോലെ എന്ന അർഥമുണ്ട്. ദൈവം വെറുക്കുന്ന സകല പാപങ്ങളിലും വച്ച്, അഹംഭാവം ഒന്നാമത് വരുന്നു എന്ന് തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു. മരണകരമായ ഏഴ് പാപങ്ങളുടെ പട്ടികയിൽ അഹംഭാവം ഒന്നാമതാണ്. സദൃശ്യവാക്യങ്ങൾ 6:16-19: “16 ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന്നു അറെപ്പാകുന്നു: 17 ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും 18 ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിന്നു ബദ്ധപ്പെട്ടു ഓടുന്ന കാലും 19 ഭോഷ്കു പറയുന്ന കള്ളസാക്ഷിയും സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നേ.” ഈ പട്ടികയിൽപോലും അഹംഭാവത്തിന് രണ്ടാം സ്ഥാനത്ത് വരുവാൻ സാധിക്കുകയില്ല! ദൈവം അഹംഭാവത്തെ വെറുക്കുന്നതിൽ അതിശയമില്ല!
4. ഹൃദയത്തിൽ അഹംഭാവമുള്ളവരോട് ദൈവം എപ്രകാരമാണ് പ്രതികരിക്കുന്നത്?
അഹംഭാവം പാപവും ദൈവത്തിന്റെ മുമ്പാകെ അറപ്പുളവാക്കുന്നതുമാകയാൽ, ദൈവം അഹംഭാവികളോട് എതിരിട്ടു നിൽക്കുന്നു. ഗർവ്വമുള്ള ഏവനും യഹോവയ്കു വെറുപ്പ് എന്ന പ്രസ്താവനയ്കു ശേഷം സദൃശ്യവാക്യങ്ങൾ 16:5 ഇപ്രകാരം അവസാനിപ്പിക്കുന്നു, “അവനു ശിക്ഷ വരാതിരിക്കുകയില്ല എന്നതിനു ഞാൻ കയ്യടിക്കുന്നു.” യാക്കോബ് 4:6 ഇപ്രകാരം വായിക്കുന്നു, “ദൈവം നിഗളികളോട് എതിർത്തുനിൽക്കുന്നു.” അതിനർഥം, ഹൃദയത്തിൽ അഹംഭാവമുള്ള എല്ലാവെയും ദൈവം താഴ്ത്തും എന്നാണ്. അഹംഭാവം നിറഞ്ഞ ജാതിയായ ഏദോമിനോട് ദൈവം ഇപ്രകാരം പറഞ്ഞു: “റപ്പിളർപ്പുകളിൽ പാർക്കുന്നവനും ഉന്നതവാസമുള്ളവനും ആർ എന്നെ നിലത്തു തള്ളിയിടും എന്നു ഹൃദയത്തിൽ പറയുന്നവനുമായവനേ, നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു. നീ കഴുകനേപ്പോളെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവെച്ചാലും അവിടെനിന്നു ഞാൻ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാടു” [ഒബാദ്യാവു 1:3-4]. ഹൃദയത്തിൽ അഹംഭാവം നിറഞ്ഞിരിക്കുന്ന എല്ലാവരോടും ദൈവം അതാണ് ചെയ്യുന്നത്. ദൈവം അവരെ താഴെ ഇറക്കും. അത് വളരെ വേദനാജനകമായ വീഴ്ചയാണ്!
5. എന്താണ് അഹംഭാവത്തിന്റെ മറുമരുന്ന്?
അഹംഭാവത്തിന് ഒരേയൊരു മറുമരുന്നേയുള്ളൂ. അത് വളരെ ലളിതമാണ് – അത് ദൈവം കുറിച്ച മരുന്നാണ്: താഴ്മ! യെശയ്യാ 66:2 -ൽ ദൈവം ഇപ്രകാരം പറയുന്നു: “…എങ്കിലും അരിഷ്ടനും മനസ്സു തകർന്നവനും എന്റെ വചനത്തിങ്കൽ വിറെക്കുന്നവനുമായ മനുഷ്യനെ ഞാൻ കടാക്ഷിക്കും.” യഥാർഥമായ താഴ്മയുള്ള വ്യക്തി—എന്തു വില കൊടുക്കേണ്ടിവന്നാലും—ജീവിതത്തിന്റെ എല്ലാ മേഖലയിലും ദൈവത്തിന്റെ വചനത്തിന് കീഴ്പ്പെട്ടിരിക്കും! അപ്രകാരമുള്ള വ്യക്തിയ്ക് ദൈവത്തിന്റെ കടാക്ഷം ലഭിക്കും. ദൈവത്തിന്റെ വാഗ്ദത്തം അതാണ്!
ക്രിസ്തീയ എഴുത്തുകാരനും വാഗ്മിയുമായ S. D. Gordon ഇപ്രകാരം പറഞ്ഞു:
“ഓരോ മനുഷ്യന്റെയും ജീവിതത്തിൽ ഒരു സിംഹാസനമുണ്ട്. സ്വയം സിംഹാസനത്തിൽ കയറിയിരിക്കുമ്പോൾ ക്രിസ്തു ക്രൂശിന്മേലാണ്. എന്നാൽ, ക്രിസ്തുവാണ് സിംഹാസനത്തിലെങ്കിൽ സ്വയം ക്രൂശിന്മേലായിരിക്കും.” ആരാണ് നിങ്ങളുടെ ജീവിതത്തിലെ സിംഹാസനത്തിൽ ഇരിക്കുന്നത്?—സ്വയം? നിങ്ങളുടെ കുടുംബം? പദവി? ഭവനം? വസ്തുവകകൾ? രൂപഭംഗി? കഴിവുകൾ? നിങ്ങൾ എന്തിനു വേണ്ടിയാണ് ജീവിക്കുന്നത്? നിങ്ങളുടെ ഏറ്റവും ഉന്നതമായ ലക്ഷ്യം നേടിക്കഴിഞ്ഞാൽ, അതിന്റെ ആകെത്തുക എന്തായിരിക്കും? അത് നിങ്ങൾക്കു മഹത്വം നൽകുന്നതാണോ അതോ, ദൈവത്തിനു മഹത്വമേകുന്നതാണോ? ദൈവത്തെക്കൂടാതെ മറ്റെന്തെങ്കിലും, മറ്റാരെങ്കിലും സിംഹാസനത്തിൽ പ്രതിഷ്ഠിച്ചതിന് നാം എല്ലാവരും ദൈവത്തോട് ക്ഷമ ചോദിക്കേണ്ട ആവശ്യമുണ്ട്. മാനസാന്തരപ്പെടുവാനും ദൈവത്തെ കർത്താവായി വീണ്ടും സിംഹാസനസ്ഥനാക്കുവാനുമുള്ള ശക്തി നൽകുവാൻ നാം യഥാർഥത്തിൽ അപേക്ഷിക്കേണ്ട ആവശ്യമുണ്ട്.
യെശയ്യാ 57:15—ൽ പറയുന്നപ്രകാരം, ദൈവത്തിന് ഉന്നതത്തിൽ ഒരു ഭവനമുണ്ട്, താഴെയും ഒരു ഭവനമുണ്ട്; ഒരു സ്വർഗ്ഗീയ ഭവനവും ഒരു ഭൗമിക ഭവനവും. “ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിന്നും മനസ്താപമുള്ളവരുടെ ഹൃദയത്തിന്നും ചൈതന്യം വരുത്തുവാൻ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു.” നാം നമ്മുടെ അഹംഭാവത്തെക്കുറിച്ച് മാനസാന്തരപ്പെടുമ്പോൾ, ആത്മവിന്റെ സഹായം ആത്മാർഥമായും ചോദിക്കുകയും താഴ്മയെ പിന്തുടരുകയും ചെയ്യാം. അതിലൂടെ, നമ്മുടെ ഹൃദയങ്ങളിൽ കർത്താവ് ഒരു ഭൗമിക ഭവനം കണ്ടെത്തും എന്നത് നമുക്ക് ഉറപ്പാക്കാം!