എല്ലാകാര്യം ബന്ധങ്ങൾക്കും ഭീഷണിയാകുന്ന ഒരു കാര്യം

Posted byMalayalam Editor April 4, 2023 Comments:0

(English Version: The One Thing That Threatens All Relationships)

എല്ലാ ബന്ധങ്ങൾക്കും ഭീഷണിയാകുന്ന ഒരു കാര്യം എന്താണെന്ന് പറയുവാൻ നിങ്ങൾക്കു സാധിക്കുമോ? വിദ്വേഷം! വിവാഹങ്ങൾ, സഭകൾ ഏതാണ്ട് എല്ലാറ്റിനെയും ഇതു ബാധിക്കുന്നു. ആരോഗ്യകരമായ ക്രൈസ്തവ ജീവതത്തെ ബാധിക്കാവുന്ന ഏറ്റവും ഗൗരവതരമായ പകർച്ചവ്യാധിയാണ് വിദ്വേഷം. സാധാരണ ജലദോഷത്തേക്കാൾ വേഗത്തിൽ പകരുന്ന ഇത് ഒരുവന്റെ ആത്മീയജീവിതത്തിന്റെ ചൈതന്യത്തെ കാർന്നുതിന്നുന്നു. ഇത് “ആത്മാവിന്റെ ക്യാൻസർ” ആണ്. ലക്ഷക്കണക്കിന് ആളുകൾ ഓരോ വർഷവും ഇതിന്റെ ഇരകളാകുന്നു.

എന്നിരുന്നാലും, ഈ പകർച്ചവ്യാധിയ്ക് പ്രതിവിധിയുണ്ട്. ഭാഷയിലെ ഏറ്റവും മനോഹരമായ വാക്കുകളിലൊന്നായ “ക്ഷമിക്കുക” എന്ന പദത്തിലാണ് ഇതിന്റെ പ്രതിവിധി കാണുന്നത്. ക്ഷമിക്കുക എന്നാൽ, നിങ്ങളോട് ആരെങ്കിലും ചെയ്ത തെറ്റിൽ നിന്നും അവരെ സ്വതന്ത്രരാക്കുക എന്നാണ്. പകരം ചോദിക്കുവാനുള്ള നിങ്ങളുടെ അവകാശം ഉപേക്ഷിക്കുകയും ഹൃദയത്തിൽ വിദ്വേഷം ഉണ്ടാകുവാൻ അനുവദിക്കാതിരിക്കുകയും ചെയ്യുക എന്നാണ് അതിനർഥം.

ക്രിസ്ത്യാനികൾ ക്ഷമിക്കുന്നവരാകണം എന്ന് ബൈബിൾ പ്രതീക്ഷിക്കുക മാത്രമല്ല, കല്പിക്കുകയും ചെയ്യുന്നു. സ്വന്ത ഇഷ്ടപ്രകാരം മറ്റൊരു തീരുമാനം ബൈബിൾ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രായോഗിക ക്ഷമയുടെ ഉന്നതനിലവാരത്തിലേയ്കാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ദൈവം ക്ഷമിക്കുന്നതുപോലെ ക്ഷമിക്കുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു, “നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ” (എഫെസ്യർ 4:32). (കൊലോസ്യർ 3: 13 കൂടി കാണുക).

അതെ, ക്ഷമ എളുപ്പമുള്ള ഒരു പ്രക്രിയ അല്ല. “ഇതു കൊണ്ടു പ്രയോജനമില്ല. അവർ എന്നെ വീണ്ടും വിഷമിപ്പിക്കും. അവരോട് ഒരിക്കലും ക്ഷമിക്കരുതായിരുന്നു. അവരുടെ സ്വഭാവം ഒരിക്കലും മാറുകയില്ല” എന്നിങ്ങനെയുള്ള ചിന്തകളാൽ ചിലപ്പോൾ നമുക്കു സംഘർഷം നേരിട്ടേക്കാം. അത്തരം പാപകരമായ ചിന്തയെ നാം സൂക്ഷിക്കേണ്ടിയിരിക്കുന്നു! മറ്റുള്ളവരോട് ക്ഷമിക്കുവാൻ തന്റെ മക്കളെ സഹായിക്കാം എന്ന് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു. “ദൈവത്തിന് ഭോഷ്ക് പറയുവാൻ കഴിയുകയില്ല” (എബ്രാ 6:18). അതുകൊണ്ട്, നാം നിരാശപ്പെടേണ്ടതില്ല.

ദൈവം നമ്മുടെ ഹൃദയങ്ങളിൽ പ്രവർത്തിക്കുകയും നമ്മെ ഈ പരിശോധനകളിലൂടെ ശക്തരാക്കുകയുമാണ് എന്ന് നാം വിശ്വസിക്കേണ്ടതുണ്ട്. അവൻ നമ്മെ ഇടിച്ചുകളയുകയല്ല, പണിതുയർത്തുകയാണ്. എന്നിരുന്നാലും, ചിലപ്പോൾ പണിതുയർത്തുവാൻ ഇടിച്ചുകളയേണ്ട ആവശ്യം വന്നേക്കാം. പരിശുദ്ധാത്മാവിന്റെ ശക്തിയിൽ ആശ്രയിച്ചുകൊണ്ട് സ്ഥിരപരിശ്രമം നടത്തിയാൽ നമുക്കു വിജയം ലഭിക്കും.

നമ്മുടെ ഹൃദയങ്ങളിൽ വിദ്വേഷം സൂക്ഷിച്ചതിന് നാം ദൈവത്തിന്റെ ക്ഷമ പ്രാപിക്കേണ്ടതാണ്. അതാണ് ഈ പാപത്തിന്റെമേൽ വിജയം നേടുവാനുള്ള ആദ്യപടി. അതിനു ശേഷം, നമ്മെ വേദനിപ്പിച്ചവരോട് ക്ഷമിക്കുന്നതിനുള്ള ശക്തിയ്കായി ദൈവത്തോട് ചോദിച്ചുകൊണ്ടിരിക്കണം. നാം മറ്റുള്ളവരുടെ പാപങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോൾ വിദ്വേഷത്തിന്റെ ചിന്തകൾ വരുന്ന ഓരോ വേളയിലും നാം നമ്മുടെ സ്വന്ത പാപങ്ങളെക്കുറിച്ച് ചിന്തിക്കണം.

ആരോ ഒരിക്കൽ ഇപ്രകാരം എഴുതി, “ക്ഷമിക്കുന്ന ഹൃദയമുള്ളവർക്ക് തങ്ങളുടെ സ്വന്ത പാപങ്ങൾ സംബന്ധിച്ച് സുദീർഘമായ ഓർമ്മ ഉണ്ട്, എന്നാൽ മറ്റുള്ളവരുടെ പാപങ്ങൾ സംബന്ധിച്ച് വളരെ ഹൃസ്വമായ ഓർമ്മയും. തങ്ങളുടെ സ്വന്ത പാപങ്ങൾ സംബന്ധിച്ചുള്ള സുദീർഘമായ ഓർമ്മ സങ്കടകരമാണ്. എന്നാൽ, യേശുവിലുള്ള ക്ഷമയിൽ കണ്ടെത്തിയ സ്വാതന്ത്ര്യത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ആ ഓർമ്മ ആനന്ദം ഉളവാക്കുന്നു. തങ്ങളോട് പാപം ചെയ്തവർക്കും അതേ ക്ഷമ നൽകുവാൻ അവർക്ക് സാധിക്കുമ്പോൾ അതേ ആനന്ദം അവരുടെ ഹൃദയങ്ങളിൽ നിറയുന്നു.”

അശ്ലീലചിത്രങ്ങൾ കാണുന്ന ഭർത്താവിന്റെ പാപത്തെക്കുറിച്ചു സംസാരിക്കുവാൻ തന്റെ പാസ്റ്ററുടെ അടുക്കലേയ്കു പോയ ഒരു ഭാര്യയെക്കുറിച്ചു വായിച്ചത് ഞാൻ ഓർക്കുന്നു. അവൾ അതു കണ്ടുപിടിക്കുകയും തത്ഫലമായി ഭർത്താവ് അവളോടു ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. എങ്കിലും, അവൾക്ക് ആ പാപം ക്ഷമിക്കുവാൻ സാധിക്കാതെ, അത് എത്രമാത്രം തിന്മയാണ് എന്നും താൻ ഭർത്താവിനെ ഉപേക്ഷിക്കുവാൻ പോകുകയാണ് എന്നും പറയുവാൻ പാസ്റ്ററുടെ അടുക്കലേയ്കു പോയി. തന്റെ പൃവൃത്തിയെക്കുറിച്ച് അനുതപിച്ച ഭർത്താവിന് എതിരെ അവളുടെ ഹൃദയത്തിൽ വിദ്വേഷം നിറഞ്ഞിരുന്നു. ഹൃദയത്തിൽ വിദ്വേഷം സൂക്ഷിക്കുക എന്ന തന്റെ തുടർമാനമായ പാപം കാണുവാൻ അവൾ പരാജയപ്പെട്ടു. അതാണ് പാപത്തിന്റെ അപകടം!

(മറ്റുള്ളവർ പാപത്തെക്കുറിച്ച് അനുതപിച്ചുകഴിഞ്ഞും) മനുഷ്യരുടെ പാപങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും ഓർമ്മയും നമുക്കുണ്ട്. എന്നാൽ, നാം നമ്മുടെ പാപങ്ങൾ കാണുവാൻ കാഴ്ചയില്ലാത്തവരും മറക്കുന്നവരുമാണ്! അതുകൊണ്ടാണ് മറ്റുള്ളവരുടെ പാപങ്ങളെക്കുറിച്ചു ചിന്തിക്കുന്നതിനു പകരം, നമ്മുടെ പാപങ്ങളെക്കുറിച്ച് നാം മനഃപൂർവ്വമായി ചിന്തിക്കേണ്ടത്. അഹംഭാവമുള്ളതും സ്വയം നീതീകരിക്കുന്നതും ക്ഷമിക്കുവാൻ സാധിക്കാത്തതുമായ ഒരു ഹൃദയത്തിന് മറ്റൊരു പരിഹാരവുമില്ല!

വാസ്തവത്തിൽ, നമുക്കാണ് ആവശ്യം എങ്കിൽ ക്ഷമ എന്നത് വളരെ മനോഹരമായ പദം ആണ്. എന്നാൽ, നാം ക്ഷമ നൽകേണ്ട ആവശ്യം വരുമ്പോൾ അത് വളരെ അസുഖകരമായ പദമാണ്. ഒരു എഴുത്തുകാരൻ ഇപ്രകാരം കുറിച്ചു : “ക്ഷമിക്കപ്പെട്ട ദൂർത്തപുത്രന്മാരായ നമുക്ക് എത്ര വേഗത്തിലാണ് സ്വയം നീതീകരിക്കുന്ന ജേഷ്ഠസഹോദരൻമാർ ആയിത്തീരുവാൻ സാധിക്കുന്നത്.”

ക്ഷമിക്കുവാൻ സാധിക്കാത്തത് അവിശ്വാസികളുടെ സ്വഭാവമാണ് (റോമ 1:31, 2 തിമോ 3:3). കരുണയുള്ളതും ക്ഷമിക്കുന്നതുമായ ആത്മാവ് ക്രിസ്ത്യാനിയുടെ സ്വഭാവമായിരിക്കണം എന്ന് തിരുവെഴുത്ത് ആവർത്തിച്ചു പറയുന്നു (1 യോഹ 3:10, 14-15). വിദ്വേഷമുള്ളതും ക്ഷമിക്കുവാൻ കഴിയാത്തതുമായ സ്വഭാവം നമ്മുടെ ജീവിതങ്ങളിൽ ക്രമമായി കാണുന്നുവെങ്കിൽ, നാം ദൈവത്തിൽ നിന്നും പാപക്ഷമ വ്യക്തിപരമായി അനുഭവിച്ചിട്ടുണ്ടോ എന്ന് ആത്മാർഥമായി പരിശോധിക്കേണ്ടതുണ്ട്. തോമസ് വാട്​സൺ ഇപ്രകാരം പറഞ്ഞു, “നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടുവോ എന്ന് അറിയന്നതിന് നാം സ്വർഗ്ഗത്തിൽ കയറി നേക്കേണ്ട ആവശ്യമില്ല. മറ്റുള്ളവരോട് ക്ഷമിക്കുവാൻ സാധിക്കുന്നുണ്ടോ എന്ന് നമ്മുടെ ഹൃദയത്തിനുള്ളിലേയ്ക് നോക്കിയൽ മതി. ക്ഷമിക്കുവാൻ നമുക്കു സാധിക്കുന്നു എങ്കിൽ, ദൈവം നമ്മോടു ക്ഷമിച്ചിരിക്കുന്നു എന്നതിൽ സംശയിക്കേണ്ടതില്ല.”

കാൽവരിക്കുന്നിൽ നിന്നുകൊണ്ട് നിങ്ങളുടെ പാപങ്ങൾക്കുവേണ്ടി ക്രൂശിൽ തൂങ്ങിക്കിടന്ന് രക്തമൊലിക്കുന്ന, തകർന്നവനും മുറിവേറ്റവനുമായ മുറിവേറ്റവനുമായ യേശു “പിതാവേ, ഇവർ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കണമേ” (ലൂക്കോ 23:34) എന്നു നിലവിളിക്കുന്നത് കാണുമ്പോൾ, അല്ലെങ്കിൽ കല്ലേറിനാൽ കൊല്ലപ്പെടുമ്പോൾ, “കർത്താവേ, അവർക്ക് ഈ പാപം നിറുത്തരുതേ!”(അപ്പോ. 7:60) എന്നു പ്രാർഥിക്കുന്ന സ്തെഫാനോസിനെ കാണുമ്പോൾ നമുക്ക് വിദ്വേഷം വച്ചുകൊണ്ടിരിക്കുവാൻ കഴിയുമോ? “ആ വ്യക്തിയോട് ഞാൻ ക്ഷമിക്കുകയില്ല” എന്ന് വീണ്ടും പറയുവാൻ നമുക്കു സാധിക്കുമോ? ദൈവത്തിന്റെ ക്ഷമ സ്വീകരിക്കുകയും ദുരുപയോഗം ചെയ്യുകയും രക്ഷപെടുകയും ചെയ്യുവാൻ നമുക്ക് കഴിയും എന്നു ചിന്തിക്കുവാൻമാത്രം നാം വിഡ്ഡികളാണോ? നമുക്ക് നമ്മെത്തന്നെ താഴ്ത്തി, യഥാർഥമായി മാനസാന്തരപ്പെടുകയും മറ്റുള്ളവരോട് ക്ഷമിക്കുവാൻ ദൈവത്തിന്റെ കൃപയ്കായി നിലവിളിക്കുകയും ചെയ്യാം. അല്ല എങ്കിൽ, ദൈവത്തിൽ നിന്നും കഠിനമായ ശാസന നേരിടേണ്ടി വരും എന്നത് ഉറപ്പാണ്.

“ആളുകൾ അവരുടെ പ്രവൃത്തിയെക്കുറിച്ച് മാനസാന്തരപ്പെടുന്നില്ല എങ്കിൽ എന്തു ചെയ്യണം? അപ്പോഴും ഞാൻ അവരോട് ക്ഷമിക്കേണ്ടതുണ്ടോ?” എന്ന് നിങ്ങൾ ചോദിച്ചേക്കാം. അതിനുള്ള ഉത്തരം ഇതാണ്: ആളുകൾ മാനസാന്തരപ്പെടുന്നില്ല എങ്കിൽ അത് നമ്മുടെ നിയന്ത്രണത്തിൽ ഉള്ളതല്ല. നമുക്കു ചെയ്യുവാൻ കഴിയുന്ന ഏക കാര്യം വിദ്വേഷം വളരാതെ നമ്മെത്തന്നെ സംരക്ഷിക്കുകയും എപ്പോഴും ക്ഷമിക്കുവാൻ കഴിയുന്ന ഒരു ഹൃദയം വളർത്തിയെടുക്കുകയും ചെയ്യുക എന്നതാണ്. ആളുകൾ മാനസാന്തരപ്പെടുന്നില്ല എങ്കിൽ, ആരോഗ്യപരമായ ഒരു ബന്ധം സാധ്യമാകുകയില്ല.

ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്റെ കാര്യത്തിലും, പാപി മാനസാന്തരപ്പെട്ടില്ല എങ്കിൽ അവന്/അവൾക്ക് ദൈവവുമായി ഒരു ബന്ധം സാധ്യമാകുകയില്ല. മറ്റേയാൾ മാനസാന്തരപ്പെടുന്നില്ല എങ്കിൽപ്പോലും നാം വിദ്വേഷത്തിന് ഇരയായിത്തീരാതെ നമ്മെത്തന്നെ സംരക്ഷിക്കണം എന്നതാണ് ഞാൻ പറയുന്ന ആശയം. ദൈവം പാപത്തെ ന്യായം വിധിക്കും – അവൻ ന്യായാധിപനാണ്. അതിനാൽ, നാം ന്യായവിധി നമ്മുടെ കരങ്ങളിൽ ഏറ്റെടുക്കരുത്. അതേസമയംതന്നെ, റോമ 12:17-21, ലൂക്കോസ് 6:27-28 എന്നീ ഭാഗങ്ങളിൽ കാണുന്ന ഉപദേശപ്രകാരം നമ്മെ മുറിപ്പെടുത്തുന്നവർക്ക് സാധക്കുന്നത്ര നന്മ നാം ചെയ്തുകൊണ്ടിരിക്കേണ്ടതുണ്ട്.

നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്കു ക്ഷമിക്കുവാൻ മനസ്സില്ലാത്ത ആരെങ്കിലും ഉണ്ടോ? ഒരുപക്ഷെ, അത് ഭർത്താവ്, ഭാര്യ, മാതാപിതാക്കൾ അല്ലെങ്കിൽ സഭയിലെ വിശ്വാസി ആയിരിക്കാം. അത് ആരായിരുന്നാലും, അവരോട് ക്ഷമിക്കുവാൻ നിങ്ങളെ സഹായിക്കുവാൻ എന്തുകൊണ്ട് ഇപ്പോൾത്തന്നെ ദൈവത്തോട് അപേക്ഷിച്ചുകൂടാ? അവർക്കെതിരെ വിദ്വേഷം വച്ചുകൊണ്ടിരുന്നതിൽ നിങ്ങൾ യഥാർഥമായി ഖേദിക്കുന്നു എന്ന് ദൈവത്തോട് പറയുക. ദൈവം നിങ്ങളെ സഹായിക്കും.

ഓർക്കുക, നിങ്ങൾ ആ വ്യക്തിയോട് ക്ഷമിക്കുമ്പോൾ, ക്രിസ്തുവിനെപ്രതിയാണ് അത് ചെയ്യുന്നത് – അവനെ പ്രസാധിപ്പിക്കുവാൻ വേണ്ടി മാത്രം. ക്ഷമ എന്നത് ഒരിക്കലും പ്രതികാരം ചെയ്യുകയില്ല എന്നും ചെയ്തുപോയ പാപങ്ങളെ – പ്രത്യേകിച്ചും ഒരുവൻ ചെയ്തുപോയതു സംബന്ധിച്ച് മാനസാന്തരപ്പെട്ട പാപങ്ങളെ- വീണ്ടും ഒരിക്കലും പരാമർശിക്കുകയും ഇല്ല എന്ന വാഗ്ദാനമാണ്! ഉള്ളിലെ സംക്ഷോഭത്തിന്റെ വേദനയിൽ നിന്നും വിടുതൽ നേടുവാൻ ക്ഷമ നിങ്ങളെ സഹായിക്കും.

ക്ഷമയല്ല എങ്കിൽ ഇതരമാർഗ്ഗം വേദന, വിദ്വേഷം, കോപം, വിരോധം, സ്വയനശീകരണം എന്നിവയുടെ ഒരിക്കലും അവസാനിക്കാത്ത ഒരു പ്രക്രിയ ആണ്. അത്രയും വില കൊടുക്കേണ്ട ആവശ്യമുണ്ടോ?

Category

Leave a Comment