ക്രൈസ്തവ ഹൃദയം നന്ദിനിറഞ്ഞ ഹൃദയമാണ്

(English Version: “The Christian Heart Is A Thankful Heart”)
താഴെക്കൊടുത്തിരിക്കുന്ന സംഭവകഥയിലൂടെ ചിത്രീകരിക്കപ്പെട്ട പ്രകാരം, സ്തോത്രഭാവം അഥവാ നന്ദിഭാവം നഷ്ടപ്പെട്ടുപോയ ഒരു ശീലമായി പലപ്പോഴും കാണപ്പെടുന്നു. എഡ്വാർഡ് സ്പെൻസർ ഇലിനോയിസിലെ ഇവാൻസ്റണിൽ ഒരു സെമിനാരി വിദ്യാർഥിയായിരുന്നു. അതോടൊപ്പംതന്നെ ഒരു ജീവൻരക്ഷാ സംഘത്തിലെ അംഗവുമായിരുന്നു. ഇവാൻസ്റ്റണിന് അടുത്ത് മിഷിഗൺ തടാകത്തിന്റെ കരയോടടുത്ത് ഒരിക്കൽ ഒരു കപ്പൽ മുങ്ങിയപ്പോൾ 17 പേരെ രക്ഷിക്കുന്നതിനായി അദ്ദേഹം വീണ്ടും വീണ്ടും തണുത്തുറഞ്ഞ വെള്ളത്തിലേയക്ക് ഇറങ്ങി. ആ ജീവൻരക്ഷാപ്രവർത്തനത്തിന്റെ ഫലമായി തന്റെ ആരോഗ്യത്തിന് എന്നെന്നേയ്കുമായി ക്ഷയം ഭവിച്ചു. ചില വർഷങ്ങൾക്കു ശേഷം, എഡ്വാർഡിന്റെ ശവസംസ്കാരസമയത്ത് മനസ്സിലായത് എഡ്വാർഡ് രക്ഷപെടുത്തിയ ആളുകളിൽ ഒരാൾപ്പോലും അദ്ദേഹത്തിന് ഒരിക്കൽപ്പോലും നന്ദി പറഞ്ഞില്ല എന്നാണ്.
ഇത്തരം കഥകൾ വായിച്ച് നാം ചിന്തിക്കും, “എങ്ങനെയാണ് ആ 17 പേർക്ക് അത്രമാത്രം നന്ദിയില്ലാതായത്?” എന്നാൽ, അതിനേക്കാൾ വലിയ അപകടത്തിൽ നിന്ന്–നിത്യ ന്യായവിധിയിൽ നിന്ന്–രക്ഷിക്കപ്പെട്ടുവെങ്കിലും അതിനേക്കാൾ പല മടങ്ങ് നന്ദിയില്ലായ്മ എന്ന പാപത്തിന്റെ കുറ്റം പേറുന്നവരാണ് വിശ്വാസികൾ!
നന്ദിഭാവം വല്ലപ്പോഴുമൊരിക്കലുള്ള സ്വഭാവമല്ല മറിച്ച് ക്രിസ്തീയ ജീവിതത്തിന്റെ പതിവായ മുഖഭാവംതന്നെയാണ് എന്നാണ് തിരുവെഴുത്തുകൾ സാക്ഷ്യപ്പെടുത്തുന്നത്. ഏതാനം ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു:
“അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടുംകൂടെ വരുവിൻ; അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ വാഴ്ത്തുവിൻ” [സങ്കീർത്തനങ്ങൾ 100:4]
“യഹോവയെ സ്തുതിപ്പിൻ; യഹോവെക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു” [സങ്കീർത്തനങ്ങൾ 106:1]
“നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ” [എഫെസ്യർ 5:20]
“സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ” [കൊലൊസ്സ്യർ 2:7]
ഈ വാക്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു കാര്യം വ്യക്തമാണ്: വിശ്വാസികൾ വല്ലപ്പോഴും ചെയ്യുന്ന ഒരു പ്രവൃത്തിയല്ല സ്തോത്രം കരേറ്റുക എന്നത്. പകരം, അത് നമ്മുടെ അനുദിന ജീവിതത്തിന്റെ സുപ്രധാന ഭാഗം തന്നെയാണ്! നന്ദിയള്ളവരായി നാം അറിയപ്പെടണം—എല്ലായ്പോഴും!
ഇനി, നാം സ്തോത്രമനോഭാവം കാണിക്കണമെന്ന് ദൈവം ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്നാണ് നിങ്ങൾ കരുതുന്നത്? എന്താണ് അതിന്റെ പ്രാധാന്യം? സങ്കീർത്തനങ്ങൾ 50:23 ഒരു സൂചന നൽകുന്നു എന്ന് ഞാൻ കരുതുന്നു, “സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു.” നമ്മുടെ സ്തോത്രാർപ്പണം ദൈവത്തിന് മഹത്വം നൽകുന്നു. അതുകൊണ്ട്, ദൈവത്തിന്റെ മഹത്വമാണ് വിഷയം. അത് നിസാരകാര്യമല്ല!
എല്ലായ്പോഴും സ്ത്രോത്രം ചെയ്യുന്നവരായിത്തീരുവാൻ വിശ്വാസികളെ സഹായിക്കുന്ന 3 കാര്യങ്ങൾ ഈ ലേഖനത്തിൽ നൽകുന്നു: (I) നന്ദിയില്ലാത്ത ഹൃദയത്തിന്റെ അപകടങ്ങൾ, (II) നന്ദിനിറഞ്ഞ ഹൃദയം വളർത്തിയെടുക്കുന്നതിന്റെ പ്രയോജനങ്ങൾ (III) നന്ദിനിറഞ്ഞ ഹൃദയം വളർത്തിയെടുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ.
മുൻപോട്ടു പോകുന്നതിനു മുൻപ്, ഇതാ സ്തോത്രഭാവം അഥവാ നന്ദിഭാവത്തിന്റെ നിർവ്വചനം: നമ്മുടെ ആത്മീയവും ഭൗതികവുമായ എല്ലാ ആവശ്യങ്ങളും നൽകുന്ന നല്ലവനും സർവ്വാധികാരിയുമായ ദൈവത്തിൽ നാം പൂർണ്ണമായി ആശ്രയിക്കുന്നവരാണ് എന്ന വസ്തുത മനസ്സോടെ അംഗീകരിക്കുന്നതാണ് സ്തോത്രഭാവം.
I. നന്ദിയില്ലാത്ത ഹൃദയത്തിന്റെ അപകടങ്ങൾ.
നന്ദിയില്ലാത്ത ഹൃദയത്തിന് സഹവർത്തിയാകുന്ന 2 അപകടങ്ങളുണ്ട്.
അപകടം # 1. നന്ദിയില്ലാത്ത ആത്മാവ് അവിശ്വാസിയുടെ ലക്ഷണമാണ്.
അവിശ്വാസികളുടെ ജീവിതശൈലി വിവരിക്കുമ്പോൾ റോമർ 1:21-ൽ ഇപ്രകാരം പറയുന്നു: “അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ” യിരിക്കുന്നു. ഭൗമികമായ അനേക അനുഗ്രഹങ്ങൾ ലഭിച്ചിട്ടും [മത്തായി 5:45; അപ്പോസ്തലപൃവർത്തികൾ 14:15-17], സകല അനുഗ്രഹങ്ങളുടേയും ഉറവിടമായ ബൈബിളിലെ ദൈവത്തിന് അവിശ്വാസികൾ നന്ദി കരേറ്റാതിരിക്കുന്നു. അതായത്, ഒരുവൻ ക്രിസ്ത്യാനിയാണ് എന്ന് അവകാശപ്പെടുകയും എന്നാൽ നന്ദിയില്ലാത്ത ആത്മാവിന്റെ സ്വഭാവമുണ്ടായിരിക്കുകയും ചെയ്താൽ തിരുവെഴുത്തുകൾ അയാളെ അവിശ്വാസിയെന്നാണ് വിളിക്കുന്നത്.
അപകടം # 2. ഇത് ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട ഹിതത്തോടുള്ള അനുസരണക്കേടിന്റെ പ്രകടനമാണ്.
1 തെസ്സലൊനീക്യർ 5:18-ൽ ഇപ്രകാരം നമ്മോടു കല്പിക്കുന്നു, “എല്ലാറ്റിന്നും സ്തോത്രം ചെയ്വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.” എല്ലാ സാഹചര്യങ്ങളിലും സ്തോത്രം കരേറ്റുന്ന ഒരു ഹൃദയമാണ് തന്റെ മക്കളിൽ നിന്നും ദൈവം ആഗ്രഹിക്കുന്നത്. ദൈവം സമ്പൂർണ്ണ നിയന്ത്രണം നടത്തുകയും സകലവും നമ്മുടെ നന്മയ്കും തന്റെ മഹത്വത്തിനുമായി വരുത്തിത്തീർക്കുകയും ചെയ്യുന്നു എന്നതിനാൽ സങ്കടകരമായ സാഹചര്യങ്ങളിലും നമുക്ക് സ്തോത്രം ചെയ്യുവാൻ സാധിക്കും [റോമർ 8:28-29].
ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ദൈവത്തിന്റെ ഹിതം കണ്ടെത്തുവാൻ പല ക്രിസ്ത്യാനികളും പരാജയപ്പെടുന്നു. കാരണം, തങ്ങളുടെ ജീവിതത്തിന്റെ ഒരു മേഖലയിൽ ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട ഹിതം–എല്ലായ്പോഴും സ്തോത്രം ചെയ്യുക–തുടർമാനമായി അവഗണിക്കുന്നു! വെളിപ്പെടുത്തപ്പെട്ട തന്റെ ഹിതത്തോട് തുടർമാനമായി അനുസരണക്കേട് കാണിക്കുന്നവർക്ക് ദൈവം തന്റെ ഹിതം കൂടുതൽ വെളിപ്പെടുത്തണമോ?
ഹിറ്റ്ലറുടെ സമയത്ത് അനേക യഹൂദരെ ഒളിപ്പിച്ച ജർമ്മനിയിലെ പ്രശസ്തയായ വിശ്വാസി കോറി ടെൻ ബൂം “ദ ഹൈഡിംഗ് പ്ലെയ്സ്,” എന്ന തന്റെ പുസ്തകത്തിൽ, എല്ലായ്പോഴും സ്തോത്രം ചെയ്യുവാൻ തന്നെ പഠിപ്പിച്ച ഒരു സംഭവത്തെക്കുറിച്ച് വിവരിക്കുന്നു. കോറിയും തന്റെ സഹോദരിയും അവർ അന്നുവരെ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും മോശമായ ജർമ്മൻ തടവറയിലേയ്ക്–റാവന്സ്ബ്രക്ക്–മാറ്റപ്പെട്ടു. തങ്ങൾക്ക് വസിക്കുവാനുള്ള വൃത്തിയില്ലാത്ത കെട്ടിടത്തിൽ കയറിയപ്പോൾ അത് ആളുകൾ തിങ്ങിനിറഞ്ഞതും ചെള്ളുകൾ നിറഞ്ഞതുമാണ് എന്ന് അവർ കണ്ടെത്തി.
അന്ന് രാവിലെ 1 തെസ്സലോനിക്യർ -ൽ നിന്നുള്ള വേദവായന അവരെ “എപ്പോഴും സന്തോഷിക്കുക, ഇടവിടാതെ പ്രാർഥിക്കുക, എല്ലാറ്റിനും സ്തോത്രം ചെയ്യുവീൻ” എന്നിങ്ങനെ ഓർമ്മിപ്പിച്ചു. തങ്ങളുടെ പുതിയ വാസസ്ഥലത്തിന്റെ വിശദാംശങ്ങൾ ഓരോന്നും ഓർത്ത് ദൈവത്തിനു സ്തോത്രം ചെയ്യുവാൻ ബെറ്റ്സി കോറിയോടു പറഞ്ഞു. ആദ്യം വിസമ്മതിച്ചുവെങ്കിലും കോറി ഒടുവിൽ ബെറ്റ്സിയുടെ അഭ്യർഥനയ്കു വഴങ്ങി.
ആ ക്യാമ്പിൽ ചിലവഴിച്ച മാസങ്ങളിൽ പട്ടാളക്കാരുടെ അനാവശ്യമായ ഇടപെടൽ ഇല്ലാതെ പരസ്യമായി ബൈബിൾ സ്റ്റഡികളും പ്രാർഥനകളും നടത്തുവാൻ സാധിക്കുന്നു എന്നതിൽ അവർ ആശ്ചര്യപ്പെട്ടിരുന്നു. മാസങ്ങൾക്കു ശേഷം അവർ മനസ്സിലാക്കിയത്, ചെള്ളുകൾ നിറഞ്ഞതിനാലാണ് ആ വൃത്തിയില്ലാത്ത കെട്ടിടത്തിലേയ്ക് കടക്കുവാൻ കാവൽക്കാർ കൂട്ടാക്കാതിരുന്നത് എന്നാണ്.
ആശ്ചര്യകരം. നാം ദൈവത്തിന്റെ വചനത്തിന് താഴ്മയോടെ കീഴടങ്ങുമ്പോൾ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും തന്റെ മഹത്വത്തിനായി ദൈവം പ്രവർത്തിക്കുന്നു!
കർത്താവായ യേശുവും തന്റെ ഉപദേശത്തിൽ , ദൈവത്തിന് സ്തോത്രം കരേറ്റുന്നതിന്റെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞു. പത്ത് കുഷ്ടരോഗികളെ സൗഖ്യമാക്കിയ ശേഷം, ദൈവത്തിനു നന്ദി പറയുവാൻ ഒരുവൻ മാത്രം എത്തിയപ്പോൾ കർത്താവ് ഇപ്രകാരമാണ് പറഞ്ഞത്: “17 പത്തുപേർ ശുദ്ധരായ്തീർന്നില്ലയോ? ഒമ്പതുപേർ എവിടെ? 18 ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിന്നു മഹത്വം കൊടുപ്പാൻ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ” [ലൂക്കോസ്17:17-18]. നന്ദിഭാവത്തിന്റെ കുറവ് ദൈവത്തിന്റെ അപ്രീതിയ്കു കാരണമാകുന്ന അനുസരണക്കേടിന്റെ പ്രവൃത്തിയാണ് എന്ന് ലളിതമായി പ്രസ്താവിച്ചു.
നന്ദിഭാവമില്ലാത്ത ഹൃദയത്തിന്റെ അപകടങ്ങൾ വളരെയാണ്! ദൈവത്തിന്റെ അപ്രീതിയ്കു കാരണമാകുന്ന ഒരു പ്രവൃത്തിയാണത് – കാരണം, ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട ഹിതത്തെ ഇത് ലംഘിക്കുന്നു. കൂടാതെ, ഇത് നമ്മുടെ യഥാർഥ അവസ്ഥയെ പ്രദർശിപ്പിക്കുകയും ചെയ്യുന്നു – നാം ദൈവത്തിന്റെ മക്കളല്ല – നമ്മുടെ അധരങ്ങൾക്കൊണ്ട് എത്രമാത്രം അവകാശപ്പെട്ടാൽക്കൂടി!
ഇനി, മറുവശത്ത്, നന്ദിഭാവം നമ്മുടെ മുദ്രയാണ് എങ്കിൽ, അതിന്റെ പ്രയോജനങ്ങൾ വളരെയാണ്! അവയിൽ 4 എണ്ണം നമുക്കു കാണാം.
II. നന്ദിനിറഞ്ഞ ഹൃദയം വളർത്തിയെടുക്കുന്നതിന്റെ പ്രയോജനങ്ങൾ.
പ്രയോജനം# 1. അഹംഭാവം കുറയുന്നു—താഴ്മ വർധിക്കുന്നു.
നന്ദി നിറഞ്ഞ ഹൃദയം വളർത്തിയെടുക്കുന്നതിന്റെ പ്രധാന തടസ്സങ്ങളിലൊന്ന് അഹംഭാവമാണ്. നമ്മുടെ വിജയത്തിന്റെ ബഹുമതി സ്വയം ഏറ്റെടുക്കുവാൻ നമുക്ക് എല്ലാവർക്കും പ്രേരണയുണ്ട്. എന്നിരുന്നാലും, എല്ലാ നല്ല കാര്യങ്ങളും സർവ്വാധികാരിയായ ദൈവത്തിന്റെ കൈകളിൽ നിന്നാണ് വരുന്നത് എന്നും അവന്റെ കരുണ കൂടാതെ ഒന്നും സാധ്യമല്ല എന്നും നന്ദിഭാവമുള്ള ഒരു ഹൃദയം തിരിച്ചറിയുന്നു. 1 കൊരിന്ത്യർ 4:7 -ൽ നമ്മെ ഓർമ്മിപ്പിക്കുന്നു, “നിന്നെ വിശേഷിപ്പിക്കുന്നതു ആർ? ലഭിച്ചതല്ലാതെ നിനക്കു എന്തുള്ളു? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നതു എന്തു?”
“ദ ആർട്ട് ഓഫ് ബീംങ് എ ബിഗ് ഷോട്ട്,” എന്ന ലേഖനത്തിൽ ഹോവാർഡ് ബട്ട് എന്ന ക്രസ്ത്യാനിയായ പ്രശസ്തനായ ബിസിനസുകാരൻ ഇപ്രകാരം പറഞ്ഞു:
എന്റെ അഹംഭാവമാണ് ദൈവത്തിൽ ആശ്രയിക്കുന്നതിൽ നിന്നും എന്നെ തടുക്കുന്ന കാര്യം. എന്റെ വിധിയുടെ യജമാനൻ ഞാൻതന്നെയാണ്, എന്റെ ജീവിതത്തെ മുമ്പോട്ടു നയിക്കുന്നതും ലക്ഷ്യം നിർണ്ണയിക്കുന്നതും അത് നേടിയെടുക്കുന്നതും ഞാൻതന്നെയാണ് എന്ന് എന്റെ അഹംഭാവം എന്നോടു പറയുന്നു. എന്നാൽ ആ വികാരം എന്റെ അടിസഥാനപരമായ സത്യസന്ധതയില്ലായ്മയെയാണ് കാണിക്കുന്നത്. എനിക്കു തനിയെ അത് ചെയ്യുവാൻ സാധിക്കുകയില്ല. എനിക്ക് മറ്റുള്ളവരിൽ നിന്നും സഹായം നേടേണ്ടതുണ്ട്, ആത്യന്തികമായി എനിക്ക് എന്നിൽത്തന്നെ ആശ്രയിക്കുക സാധ്യമല്ല. എന്റെ അടുത്ത ശ്വാസത്തിന് ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു. ഞാൻ ബലഹീനനും പരിമിതിയുള്ളവനുമായിരിക്കെ ഞാൻ എന്തെങ്കിലുമൊക്കെയാണ് എന്ന് നടിക്കുന്നത് എന്റെ സത്യസന്ധതയില്ലായ്മയാണ്. അഹംങ്കരിക്കുമ്പോൾ, ഞാൻ എന്നോടുതന്നെ കളവു പറയുന്നു. ഞാൻ മനുഷ്യനല്ല, ദൈവമാണെന്ന് ഭാവിക്കുന്നു. എന്നെത്തന്നെ പൂജിക്കുന്ന വിഗ്രഹാരാധനയാണ് എന്റെ അഹംഭാവം. നരകത്തിലെ ഔദ്യോഗിക മതമാണത്!
മറിച്ച്, നന്ദിഭാവം അഹംഭാവത്തിന്റെ പ്രതിവിധിയാണ്. നമുക്കുള്ളതെല്ലാം ദൈവത്തിന്റെ കൃപയാൾ ലഭിച്ചതാണ് എന്നത് നിത്യവും അംഗീകരിക്കുന്നത് കൂടുതൽ താഴ്മയിലേയ്ക് നമ്മെ നയിക്കും.
പ്രയോജനം # 2. പരാതി കുറയുന്നു–സംതൃപ്തി കൂടുന്നു.
നമ്മുടെ ജീവിതത്തിൽ ദൈവം ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾക്ക് നാം തുടർമാനമായി സ്തോത്രം ചെയ്താൽ, പരാതി പറയുക എന്ന പാപത്തിന് നാം അധീനരാകുകകയില്ല. തികച്ചും തെറ്റായ ഒരു പ്രത്യേക സാഹചര്യം സംബന്ധിച്ചുള്ള സത്യം പ്രസ്താവിക്കുന്നത് പരാതിപ്പെടുന്നതല്ല. പിന്നെയോ, നമ്മുടെ ജീവിതത്തിലെ കാര്യങ്ങളിൽ ദൈവത്തിന്റെ സർവ്വാധികാരത്തെ ചോദ്യം ചെയ്യുന്ന മനോഭാവമാണ് പരാതിപ്പെടുക അഥവാ പിറുപിറുക്കുക എന്നത്. താഴെപ്പറയുന്ന വിധത്തിൽ പ്രകടമാക്കുന്ന മനോഭാവമാണത്: “ദൈവം എന്നെ സ്നേഹിക്കുന്നു എങ്കിൽ, എനിക്ക് ഇതു സംഭവിക്കുവാൻ എങ്ങനെ അനുവദിക്കുവാൻ കഴിയും?” നമ്മുടെ പരാതി വാക്കുകളിൽ പ്രകടമാക്കിയില്ല [ചിലർ അന്തർമുഖരാണ്] എങ്കിൽപ്പോലും അത് പാപകരമാണ്. പാപികളായ സൃഷ്ടികൾക്ക് [നാം എല്ലാവരും ഉൾപ്പെടുന്ന] നമ്മുടെ പാപത്തിന്റെ വെളിച്ചത്തിൽ പരാതിപ്പെടുവാൻ സാധിക്കുമോ?
വിലാപങ്ങൾ 3:39 നമ്മെ ഓർമ്മിപ്പിക്കുന്നു, “മനുഷ്യൻ ജീവനുള്ളന്നു നെടുവീർപ്പിടുന്നതെന്തു? ഓരോരുത്തൻ താന്താന്റെ പാപങ്ങളെക്കുറിച്ചു നെടുവീർപ്പിടട്ടെ.” നമ്മുടെ പാപങ്ങളുടെ ഫലമായി യാതൊരു നന്മയും നാം അർഹിക്കുന്നില്ല എന്ന് നമുക്കു മനസ്സിലായാൽ, നമ്മുടെ ജീവിതങ്ങളിൽ ലഭിക്കുന്ന ദൈവിക കരുണ കണ്ട് നാം വിസ്മയിക്കും – എല്ലാ സാഹചര്യങ്ങളിലും സംതൃപ്തരും സ്തോത്രം ചെയ്യുന്നവരുമായി നാം അവിരാമം പറയും, “യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല” [സങ്കീർത്തനങ്ങൾ 23:1].
പ്രയോജനം # 3. ദൈവത്തിലുള്ള സംശയം കുറയും–ദൈവത്തിലുള്ള ആശ്രയം കൂടും.
എല്ലായ്പോഴും ദൈവത്തിൽ ആശ്രയിക്കുന്നതിന് പ്രധാനമായും തടസ്സമാകുന്നത് നന്ദിഭാവമില്ലായ്മയാണ്. എന്നിരുന്നാലും, സ്തോത്രം കരേറ്റുന്നത് ഈ പ്രശ്നത്തിന് സമ്പൂർണ്ണ പരിഹാരം നൽകുന്നു. പൗലോസിന് തന്റെ സകല കഷ്ടതകളിലും ദൈവത്തിൽ ആശ്രയിക്കുവാൻ സാധിച്ചു. കാരണം, കഴിഞ്ഞ കാലങ്ങളിൽ ദൈവം വിടുവിച്ചത് കൂടെക്കൂടെ ഓർമ്മിക്കുകയും അങ്ങനെ ഭാവി സംബന്ധിച്ചും ദൈവത്തിൽ വിശ്വസിച്ച് ആശ്രയിക്കുവാൻ സാധിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുക, “3 മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ. 10 ഇത്ര ഭയങ്കരമരണത്തിൽനിന്നു ദൈവം ഞങ്ങളെ വിടുവിച്ചു [കഴിഞ്ഞകാലം], വിടുവിക്കയും ചെയ്യും [വർത്തമാനകാലം]; അവൻ മേലാലും വിടുവിക്കും [ഭാവികാലം]” [2 കൊരിന്ത്യർ1:3,10].
ദൈവത്തിന്റെ കഴിഞ്ഞകാല കരുണയെ കൂടെക്കൂടെ ധ്യാനിക്കുന്ന സ്തോത്രഭാവമുള്ള ഒരുവൻ വർത്തമാനകാലത്തിലും ഭാവികാലത്തിലുമുള്ള ആവശ്യങ്ങളിൽ ദൈവത്തിൽ ആശ്രയിക്കുവാൻ ബലപ്പെടും. സംശയം, നിരാശ, കുറുക്കുവഴികൾ എന്നിവയ്ക് അടിമപ്പെടുന്നതിൽ നിന്നുംകൂടെ ഇത് അത്തരത്തിൽ സംരക്ഷണം നൽകുന്നു.
പ്രയോജനം # 4. ആകുലത കുറയുന്നു–സമാധാനം കൂടുന്നു.
ക്രിസ്തീയ ജീവിതത്തിന്റെ ന്യൂനതകളിലൊന്ന് കുറവുകളിൽ ശ്രദ്ധവയ്കുകയും ദൈവത്തിന്റെ അനുഗ്രഹത്തിന് നന്ദി പറയുവാൻ മതിയായ സമയം എടുക്കാതിരിക്കുകയും ചെയ്യുന്നതാണ്. നമ്മുടെ ഹൃദയങ്ങളിൽ ആകുലത വാഴുന്നതിനുള്ള ഉത്തമ ചേരുവയാണ് അത്തരം മനോഭാവം. എന്നാൽ, ദൈവത്തിന്റെ വചനം ഒരു പ്രതിവിധി നൽകുന്നു: ഫിലിപ്പിയർ 4:6-7 -ൽ കാണുന്നതുപോലെയുള്ള ഒരു നന്ദിയുള്ള ഹൃദയം.
ഫിലിപ്പിയർ 4:6 -ൽ ദൈവം നമുക്കു നൽകുന്ന കല്പന ഇതാണ്, “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.” നമ്മുടെ പ്രാർഥനകൾ സ്തോത്രത്തോടു കൂടെ അർപ്പിക്കുമ്പോൾ നമ്മുടെ ഹൃദയം ആകുലതയിൽ നിന്നും സ്വതന്ത്രമാകും എന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നു, “എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ [നമ്മുടെ] ഹൃദയങ്ങളെയും [നമ്മുടെ] നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും” [ഫിലിപ്പിയർ 4:7]!
നന്ദിഭാവമുള്ള ഒരു ഹൃദയം വളർത്തിയെടുക്കുന്നതിന്റെ 4 പ്രയോജനങ്ങൾ കണ്ട നമുക്ക് അത്തരത്തിലുള്ള ഒരു ഹൃദയം എപ്രകാരം നമുക്കു വളർത്തിയെടുക്കാം എന്നു നോക്കാം.
III. നന്ദിനിറഞ്ഞ ഹൃദയം വളർത്തിയെടുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ.
നന്ദിനിറഞ്ഞ ഹൃദയം വളർത്തിയെടുക്കുന്നതിനുള്ള 2 നിർദ്ദേശങ്ങൾ താഴെക്കൊടുത്തിരിക്കുന്നു.
നിർദ്ദേശം # 1. പതിവായി ക്രൂശിനെ ധ്യാനിക്കുക.
എക്കാലവും ജീവിച്ചിരുന്ന ഉത്തമരായ ക്രിസ്ത്യാനികളിൽ ഒരാളായിരുന്നു അപ്പോസ്തലനായ പൗലോസ്. അനേക കഷ്ടതകളിലൂടെ കടന്നുപോയി എങ്കിലും പൗലോസിന് എല്ലായ്പോഴും നന്ദി നിറഞ്ഞ ഹൃദയം ഉണ്ടായിരുന്നു എന്ന് നമുക്കു കാണാം. എന്തായിരുന്നു അതിന്റെ രഹസ്യം? ഒരു ഉത്തരം 1 കൊരിന്ത്യർ 2:2 -ൽ കാണപ്പെടുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു, “ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്നു ഞാൻ നിർണ്ണയിച്ചു.” മറ്റു വിഷയങ്ങളെക്കുറിച്ച് പൗലോസ് സംസാരിച്ചില്ല എന്ന് ഇതിനർഥമില്ല. ഈ ലേഖനത്തിൽത്തന്നെ വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് പൗലോസ് സംസാരിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ പ്രധാന ശ്രദ്ധ യേശുവിലും, മുഖ്യമായും കുരിശിലെ മരണത്താലും അതിനുശേഷമുള്ള ഉയിർത്തെഴുന്നേൽപ്പിനാലും യേശു നേടിയതിലുമായിരുന്നു. ആ സത്യങ്ങളെ കൂടെക്കൂടെ ധ്യാനിച്ചത് അദ്ദേഹത്തിന് നിത്യതയുടെ കാഴ്ചപ്പാട് സമ്മാനിച്ചു. അത് അദ്ദേഹത്തെ–ഏതു കഷ്ടതയുടെ നടുവിലായിരുന്നാലും–നന്ദിയാൽ നിറഞ്ഞുകവിയുന്നതിലേയ്ക് നയിച്ചു!
നമ്മുടെ കാര്യവും അതുപോലെതന്നെയാണ്. കുരിശിൽ യേശു നേടിയത് എന്തെന്ന് നാം എത്രയധികം ധ്യാനിക്കുന്നുവോ അത്രയധികം നാം നന്ദിഭാവത്തിൽ വളരും.
നിർദ്ദേശം # 2. പ്രാർഥനയുടെ അവിഭാജ്യ ഘടകമായി നന്ദിപ്രകടനത്തെ ഉൾപ്പെടുത്തുക.
കൊലൊസ്സ്യർ 4:2-ൽ നമ്മോടുള്ള ദൈവകല്പന ഇതാണ്, “പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ.” മറ്റൊരു തരത്തിൽ പറഞ്ഞാൽ, നമ്മുടെ എല്ലാ പ്രാർഥനകളുടേയും അവിഭാജ്യ ഘടകമായിരിക്കണം സ്തോത്രാർപ്പണം! ദൈവം നമുക്കു ചെയ്ത സകലത്തിനുമായി ദൈവത്തിന് നന്ദി പറയുവാൻ നാം സമയം വേർതിരിക്കേണ്ടതുണ്ട്.
ഒരു ആവശ്യം വരുമ്പോൾ മാത്രമാണ് നമ്മുടെ കുട്ടികൾ നമ്മോട് സംസാരിക്കുന്നത് എന്നും വളരെ അപൂർവ്വമായി മാത്രമേ ഒരു നന്ദിവാക്ക് പറയുകയുള്ളൂ എന്നും സങ്കല്പിക്കുക. അത് ദുഃഖകരമല്ലേ? എന്നാൽ, പലപ്പോഴും, നാം നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ അടുക്കലേയ്ക് നമുക്ക് ഒരു ആവശ്യം നേരിടുമ്പോൾ മാത്രം പോകുകയും “നന്ദി“ എന്നൊരു വാക്ക് പറയാതിരിക്കുകയും ചെയ്യുകയല്ലേ? ഇനി മേലിൽ നമുക്ക് ദൈവത്തെ ദുഃഖിപ്പിക്കാതിരിക്കാം. ദൈവം ആരായിരിക്കുന്നു എന്നതിനും നമുക്കു വേണ്ടി എന്തു ചെയ്തു എന്നതിനുമായി നമുക്ക് ദൈവത്തിന് അവിരാമം ന്നദി പറയാം.
സമാപന ചിന്തകൾ.
ബൈബിളിലെ ഏറെ അറിയപ്പെടുന്നതും പ്രിയപ്പെടുന്നതുമായ കഥാപാത്രമാണ് ദാനിയേൽ. ചെറുപ്രായത്തിൽത്തന്നെ ദൈവത്തിനുവേണ്ടി നിൽക്കുവാൻ ദാനിയേൽ എടുത്ത തീരുമാനം അനേകർക്ക് പ്രചോദനം നൽകിയിട്ടുണ്ട് (ദാനിയേൽ 1). ദാനിയേലിന് പ്രായമായശേഷം ഒരു വലിയ പ്രതിസന്ധിഘട്ടം നേരിട്ടു – രാജാവിന്റെ പ്രതിമയോടു മാത്രം പ്രാർഥിക്കുക അല്ലെങ്കിൽ, സിംഹങ്ങളുടെ ഗുഹയിലേയ്ക് എറിയപ്പെട്ട് മരണം സ്വീകരിക്കുക. അദ്ദേഹത്തിന്റെ പ്രതികരണം അനന്യസാധാരണമായിരുന്നു. നാം ഇപ്രകാരം വായിക്കുന്നു, “എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു, – അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിന്നു നേരെ തുറന്നിരുന്നു – താൻ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു.” [ദാനീയേൽ 6:10].
ശ്രദ്ധിക്കുക, ദാനിയേൽ ദൈവത്തിനെതിരെ മുറുമുറുത്തില്ല. “ഇക്കഴിഞ്ഞ വർഷങ്ങളിലെല്ലാം ഞാൻ ദൈവത്തോട് വിശ്വസ്തനായിഉരന്നു. ഇതാണോ എനിക്കു കിട്ടിയ പ്രതിഫലം?” എന്ന് ചോദിച്ചില്ല പകരം, “താൻ മുമ്പെ ചെയ്തുവന്നതുപോലെ” തന്റെ ദൈവത്തിന് സ്തോത്രം ചെയ്തു. സമൃദ്ധിയുടെ കാലത്ത് നിത്യേന ചെയ്തിരുന്ന സ്തോത്രാർപ്പണം അദ്ദേഹത്തെ കഷ്ടകാലത്തും സ്തോത്രം ചെയ്യുവാൻ പ്രാപ്തനാക്കി. ദൈവം അദ്ദേഹത്തിന്റെ എല്ലാ പ്രാർഥനകളും കേട്ടു – കാരണം, നന്ദിഭാവമുള്ള ഒരു ഹൃദയത്തിൽ നിന്നാണ് ആ പ്രാർഥനകൾ വന്നത്! അത്തരത്തിലുള്ള ഒരു ഹൃദയം നമുക്കുണ്ടാകുവാൻ നമുക്കു പ്രയത്നിക്കാം!