തീവ്രവാദി മിഷനറിയായിത്തീരുന്നു

(English Version: “Terrorist Becomes A Missionary”)
“Amazing Grace” എന്ന പ്രശസ്തമായ ക്രിസ്തീയ ഗീതത്തിന്റെ എഴുത്തുകാരനായ ജോൺ ന്യൂട്ടൺ സമുദ്രത്തിൽ ജീവിതം ചെലവഴിച്ച വ്യക്തിയാണ്. ഒരു നാവികൻ എന്ന നിലയിൽ, അക്രമത്തിന്റെയും അതിക്രമത്തിന്റെയും ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. അടിമക്കപ്പലുകളിൽ ജോലി ചെയ്തുകൊണ്ട്, അടിമകളെ പിടിച്ചു ബന്ധിച്ച് തോട്ടങ്ങളിലേയ്ക വിൽക്കുമായിരുന്നു. പിന്നീട്, അദ്ദേഹം ഒരു അടിമക്കപ്പലിന്റെ കപ്പിത്താനായിത്തീർന്നു. മുങ്ങി മരിക്കാറായ അനുഭവമുൾപ്പെടെ പല സംഭവപരമ്പരകളുടെ ഒടുക്കം, അദ്ദേഹം തന്റെ ജീവിതം ക്രിസ്തുവിനു സമർപ്പിച്ചു. ഒരു വലിയ പ്രസംഗകനും അക്കാലത്തെ ഒരു സഭാനേതാവും ആയിത്തീർന്നു. പാപജീവിതം നയിക്കുകയും പിന്നീട് ക്രിസ്തുവിനാൽ രൂപാന്തരം ഭവിക്കുകയും ചെയ്ത ന്യൂട്ടനെപ്പോലെയുള്ള ആളുകളുടെ ഉദാഹരണങ്ങൾ ചരിത്രത്തിലുടനീളമുണ്ട്.
എന്നിരുന്നാലും, ഒരുദാഹരണം മറ്റുള്ളവയിൽ നിന്നും വേറിട്ടു നിൽക്കുന്നു. ഈ വ്യക്തി തന്നത്താൻ വിളിക്കുന്നത് “പാപികളിൽ ഒന്നാമൻ” [1 തീമോത്തി 1:15] എന്നാണ്. അനേക ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും അവരെ മരണത്തിന് ഏൽപ്പിക്കുന്നതിന് അനുകൂലമായി വോട്ടു ചെയ്യുകയും ചെയ്തു. തന്റെ കാലത്ത് ആളുകൾ ഏറ്റവും ഭയപ്പെട്ടിരുന്ന മതതീവ്രവാദിയായിരുന്നു അദ്ദേഹം എന്ന് പറയാവുന്നതാണ്. എന്നാൽ, താൻ നശിപ്പിക്കുവാൻ നോക്കിയ അതേ വിശ്വാസത്തിന്റെ മിഷനറിയായി ദൈവത്തിന്റെ വലിയ കരുണയാൽ അദ്ദേഹം രൂപാന്തരപ്പെട്ടു! പുതിയ നിയമത്തിന്റെ പകുതിയിലധികം ലേഖനങ്ങൾ അദ്ദേഹത്തിന്റെ ദൈവത്താൽ പ്രചോദിതമായ തൂലികയിലൂടെയാണ് എഴുതപ്പെട്ടത്. സുവിശേഷത്തിന്റെ വ്യാപനത്തിന് അദ്ദേഹത്തിന്റെ സ്വാധീനം ഇന്നും ആരാലും മറികടക്കാത്തതായി തുടരുന്നു. യേശുക്രിസ്തു കഴിഞ്ഞാൽ, ക്രൈസ്തവരിൽ ഏറ്റവും പ്രശസ്തനായ വ്യക്തി അദ്ദേഹമാണ് എന്ന് നിശ്ചയമായും പറയാം.
മിഷനറിയായിത്തീർന്ന ഈ തീവ്രവാദിയെ ഞാൻ നിങ്ങൾക്കു പരിചയപ്പെടുത്തട്ടെ, തർശീശുകാരനായ ശൗൽ. അപ്പോസ്തലനായ പൗലോസ് എന്നും അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ജീവിതം പരിശോധിക്കുമ്പോൾ നമ്മുടെ സ്വന്ത ജീവിതങ്ങളെ സ്വാധീനിക്കാവുന്ന ചില പ്രായോഗിക സത്യങ്ങൾ നമുക്കു പഠിക്കുവാൻ സാധിക്കും. എന്നാൽ, ക്രിസ്ത്യാനിയായിത്തീരുന്നിതിനു മുൻപുള്ള വർഷങ്ങൾ അപ്പോസ്തലപ്രവർത്തികൾ 22:3-11 -ൽ കാണുന്നപ്രകാരം നമുക്കു മനസ്സിലാക്കാം.
I.ചെറുപ്പകാലവും വിദ്യാഭ്യാസവും [അപ്പോസ്തലപ്രവർത്തികൾ 22:3-4]
ആധുനിക ടർക്കിയിൽ സ്ഥിതിചെയ്യുന്ന തർശ്ശീശ് എന്ന പട്ടണത്തിലാണ് പൗലോസ് ജനിച്ചത്. പൗലോസിന്റെ കാലത്ത്, യൂണിവേഴ്സിറ്റിയുടെയും രാഷ്ട്രീയ നിലപാടുകളുടെയും പേരിൽ പ്രശസ്തമായ പട്ടണമായിരുന്നു തർശ്ശീശ് [അപ്പോ 21:39]. വിവിധ സംസ്കാരങ്ങളിൽപ്പെടുന്ന അഞ്ച് ലക്ഷത്തോളം ആളുകൾ അവിടെ ഉണ്ടായിരുന്നു. അത്തരം ഒരു സാഹചര്യത്തിൽ ജീവിച്ച പൗലോസ് എബ്രായഭാഷയ്കു പുറമേ ഗ്രീക്ക് ഭാഷകൂടി പഠിച്ചിരുന്നു. ഈ ആദ്യകാല പരിശീലനം പിന്നീട് സുവിശേഷവുമായി യഹൂദ ഇതര ജനങ്ങളുടെ അടുക്കലേയ്കു പോകുവാൻ അദ്ദേഹത്തെ പ്രാപ്തനാക്കി.
പൗലോസിന്റെ പിതാവ് ഒരു മതഭക്തൻ—പരീശൻ ആയിരുന്നു [അപ്പോ 23:6]. അദ്ദേഹത്തിന്റെ മാതാവിനെക്കുറിച്ച നമുക്ക് വിവരങ്ങൾ ലഭ്യമല്ല, എന്നാൽ ഒരു സഹോദരി ഉണ്ടായിരുന്നുവെന്ന് പറഞ്ഞിരിക്കുന്നു [അപ്പോ 23:16]. പൗലോസ് വിവാഹിതനായിരുന്നുവോ എന്ന് തിരുവെഴുത്തുകൾ സ്പഷ്ടമായി പറയുന്നില്ല. ചിലർ പറയുന്നത്, പൗലോസിന് സിനഗോഗിൽ നൽകപ്പെട്ട സ്ഥാനം കാണിക്കുന്നത് അദ്ദേഹം വിവാഹിതനായിരുന്നിരിക്കാം, എന്നാൽ ഒരു ക്രിസ്ത്യാനിയായിത്തീർന്നപ്പോഴേക്കും അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു പോയിരിക്കാം എന്നാണ്. 1 കൊരിന്ത്യർ 7:8-ലെ ഭാഷ സൂചിപ്പിക്കുന്നത് പൗലോസ് വിഭാര്യനായിരുന്നു എന്നാണ്. എന്നിരുന്നാലും, ഈ കാഴ്ചപ്പാട് ശരിയാണ് എന്ന് നമുക്ക് ഉറപ്പാക്കുക സാധ്യമല്ല.
പൗലോസ് കൂടാരപ്പണി [മൃഗങ്ങളുടെ തോലുകൾ ഉപയോഗിച്ച് കൂടാരം ഉണ്ടാക്കുക] ചെയ്യുന്ന വ്യക്തിയായിരുന്നു—ഒരുപക്ഷെ, ഈ ജോലി പിതാവിൽ നിന്നും അദ്ദേഹം പഠിച്ചിരിക്കാം. പൗലോസ് ഒരു യഹൂദനും അതേസമയംതന്നെ റോമൻ പൗരനും ആയിരുന്നതിനാൽ [അപ്പോ. 22:27-28], മറ്റു റോമാക്കാരെപ്പോലെതന്നെ പൗലോസിനും മൂന്നു പേരുകൾ ഉൾപ്പെടുന്ന പേരായിരുന്നിരിക്കണം [ഉദാ. ഗയസ് ജൂലിയസ് സീസർ]. ആദ്യത്തെ രണ്ടെണ്ണം കുടുംബത്തോടു ബന്ധപ്പെട്ടതാണ്. അവസാനത്തേത് വ്യക്തിയുടെ പേരും. പൗലോസിന്റെ കാര്യത്തിൽ ആദ്യത്തെ രണ്ടു പേരുകൾ നമുക്കറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ പേര് പോലസ് [ലാറ്റിൻ], അതിൽ നിന്നും നമുക്ക് പോൾ [ഗ്രീക്ക്] എന്നും പൗലോസ് എന്ന് മലയാളത്തിലും വന്നിരിക്കുന്നു. പൗലോസിന്റെ യഹൂദനാമം ശൗൽ എന്നായിരുന്നു, ഒരുപക്ഷെ, യിസ്രായേലിന്റെ ഒന്നാമത്തെ രാജാവും പൗലോസിനെപ്പോലെ ബന്യാമീൻ ഗോത്രക്കാരനുമായിരുന്ന [റോമർ 11:1] ശൗലിന്റെ പേര് നൽകപ്പെട്ടാകാം.
പൗലോസിന് യഹൂദമതത്തിൽ തന്റെ ഭവനത്തിൽ നിന്നുംതന്നെ സാരവത്തായ പരിശീലനം ലഭിച്ചിരുന്നു. പിന്നീട് പ്രഗത്ഭനായ അധ്യാപകനായിരുന്ന ഗമാലിയേലിന്റെ കീഴിൽ യെരൂശലേമിലും പരിശീലനം ലഭിച്ചു. അദ്ദേഹത്തിന്റെതന്നെ വാക്കുകളിൽ ഇപ്രകാരം വായിക്കാം, “എന്റെ പിതൃപാരമ്പര്യത്തെക്കുറിച്ച് അത്യന്തം എരിവേറി, എന്റെ സ്വജനത്തിൽ സമയപ്രായക്കാരായ പലരെക്കാളും യഹൂദമതത്തിൽ അധികം മുതിരുകയും ചെയ്തുപോന്നു” [ഗലാത്യർ 1:14]. പൗലോസിന് തന്റെ മതം എല്ലാറ്റിന്റെയും കേന്ദ്രമായിരുന്നു.
II. സഭയുടെ പീഡനം [അപ്പോ.22:4–5a]
ഗമാലിയേലിനോടൊപ്പം ഉണ്ടായിരുന്ന ആദ്യവർഷങ്ങൾക്കു ശേഷം, പൗലോസിനെക്കുറിച്ച് നമുക്ക് അധിക വിവരം ലഭ്യമല്ല. പിന്നിട്, പൗലോസിനെ നാം കാണുന്നത് സഭയുടെ പീഡകനായിട്ടാണ്. ക്രിസ്തുവിന്റെ സാക്ഷിയായി മരണം വരിച്ച സ്തേഫാനോസിന്റെ മരണസമയത്ത് പൗലോസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു [അപ്പോ 7:54-8:3]. സ്തേഫാനോസിനെ കല്ലെറിഞ്ഞവരുടെ വസ്ത്രം സൂക്ഷിക്കുക മാത്രമല്ല, പിന്നെയോ “അവനെ കൊല ചെയ്തത് ശൗലിന് സമ്മതമായിരുന്നു.” സ്തേഫാനോസിന്റെ കൊലപാതകത്തിൽ പൗലോസ് ഒരു കാഴ്ചക്കാരൻ മാത്രമായിരുന്നില്ല, ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. എല്ലാ ക്രിസ്ത്യാനികളെയും ഉന്മൂലനം ചെയ്യുന്ന പ്രക്രിയയിൽ പൗലോസിന് അത് ഒരു തുടക്കം മാത്രമായിരുന്നു.
അന്നുമുതൽ, “സഭയെ മുടിക്കുക” [അപ്പോ 8:3] എന്ന ലക്ഷ്യത്തോടെ പൗലോസ് മുമ്പോട്ടു പോയി. “മുടിക്കുക” എന്ന വാക്ക് കരടി ഒരു മുന്തിരിത്തോട്ടം നശിപ്പിക്കുന്നതിനെയോ കാട്ടുമൃഗം ഒരു ശരീരം കടിച്ചുകീറുന്നതിനെയോ വിവരിക്കുവാൻ ഉപയോഗിക്കുന്ന പദമായിരുന്നു. ഒരു കാട്ടുമൃഗം തന്റെ ഇരയെ ആക്രമിക്കുന്ന അതേ ശൗര്യത്തോടുകൂടെ പൗലോസ് ക്രിസ്ത്യാനികളെ ആക്രമിക്കുകയായിരുന്നു. അവർ സ്ത്രീകളാണോ പുരുഷന്മാരാണോ എന്നത് അദ്ദേഹം പരിഗണിച്ചിരുന്നില്ല—സ്ത്രീപുരുഷ വ്യത്യാസമന്യേ എല്ലാവരും പൗലോസിന്റെ പീഡനത്തിനു വിധേയരായി [അപ്പോ 8:3].
പൗലോസ് ഇവയെല്ലാം ചെയ്തത് ദൈവത്തിന്റെ നാമത്തിലായിരുന്നു എന്നതാണ് അപകടകരമായ കാര്യം. യഥാർഥത്തിൽ, പൗലോസ് ഒരു മതതീവ്രവാദിയായിരുന്നു! സഭയെ പീഡിപ്പിച്ചതിനെക്കുറിച്ച് പൗലോസ്‌തന്നെ ഒന്നിൽക്കൂടുതൽ തവണ സാക്ഷ്യപ്പെടുത്തുന്നു. അപ്പോ.പ്രവൃത്തികൾ 26:10-11-ൽ ഇപ്രകാരം വായിക്കുന്നു, “10 അതു ഞാൻ യെരൂശലേമിൽ ചെയ്തിട്ടുമുണ്ടു; മഹാപുരോഹിതന്മാരോടു അധികാരപത്രം വാങ്ങി വിശുദ്ധന്മാരിൽ പലരെയും തടവിൽ ആക്കി അടച്ചു; അവരെ നിഗ്രഹിക്കുന്ന സമയം ഞാനും സമ്മതം കൊടുത്തു. 11 ഞാൻ എല്ലാ പള്ളികളിലും അവരെ പലപ്പോഴും ദണ്ഡിപ്പിച്ചുംകൊണ്ടു ദൂഷണം പറവാൻ നിർബന്ധിക്കയും അവരുടെ നേരെ അത്യന്തം ഭ്രാന്തുപിടിച്ചു അന്യപട്ടണങ്ങളോളവും ചെന്നു അവരെ ഉപദ്രവിക്കയും ചെയ്തു.” പൗലോസിന്റെ ഒരേയൊരു ചിന്ത ക്രിസ്ത്യാനികളെ ഈ ഭൂമുഖത്തിനിന്നും തുടച്ചുമാറ്റുക എന്നതായിരുന്നു. യെരൂശലേമും ചുറ്റുമുള്ള പട്ടണങ്ങളും അദ്ദേഹത്തിന്റെ പീഡനങ്ങൾക്കിരയായി. ഇനി വിദൂരനഗരങ്ങളിലും ഈ ശുചിയാക്കൽ നടത്തുവാൻ സമയമായി.
III. ദമസ്കോസിലേയ്കുള്ള വഴിയിൽ [അപ്പോ.പ്രവൃത്തികൾ 22:5b-11]
ക്രിസ്ത്യാനികളെ തടവുകാരായി പിടിച്ചുകൊണ്ടുവരുവാൻ യഹൂദ നേതാക്കന്മാരിൽ നിന്നും സമ്മതപത്രം നേടിയ പൗലോസ് ദമസ്കോസിലേയ്കു പോയി. യെരൂശലേമിൽ നിന്നും 40 മൈൽ അകലെ സിറിയയിലാണ് സമസ്കോസ്. അക്കാലത്ത് അത് ഏഴു ദിവസത്തെ യാത്രയായിരുന്നു. സൂര്യന്റെ ചൂടിനെ ഒഴിവാക്കുവാൻ വേണ്ടി ആളുകൾ അതിരാവിലെയോ വൈകുന്നേരമോ ആയിരുന്നു യാത്ര ചെയ്തിരുന്നത്. ഉച്ചസമയത്ത് പൗലോസ് ദമസ്കോസിനുള്ള വഴിയിൽ ആയിരുന്നു [അപ്പോ. 22:6] എന്നത് ദമസ്കോസിൽ എത്തുവാൻ അദ്ദേഹത്തിനു തിടുക്കമുണ്ടായിരുന്നു എന്നു കാണിക്കുന്നു.
അപ്പോ. പ്രവൃത്തികൾ അങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോടു അടുത്തപ്പോൾ ഏകദേശം ഉച്ചെക്കു പെട്ടെന്നു “ആകാശത്തുനിന്നു വലിയോരു വെളിച്ചം” പൗലോസിന്റെ ചുറ്റും മിന്നി. അവൻ നിലത്തു വീണു: “ശൌലേ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു” എന്ന് തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. “കർത്താവേ, നീ ആർ” എന്നതായിരുന്നു പൗലോസിന്റെ പ്രതികരണം. അതിനു മറുപടിയായി, “നീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാൻ” എന്ന മറുപടി ലഭിച്ചു [അപ്പോ 22:6-8].
ആ നടുക്കം ഭാവനയിൽ കാണുക–നിലത്ത് കിടന്നുകൊണ്ട് കർത്താവായ യേശുക്രിസ്തുവിനാൽ എതിരിടപ്പെടുക! സ്തേഫാനോസും മറ്റു ക്രിസ്ത്യാനികളും ഇതുവരെ യേശുക്രിസ്തുവിനെക്കുറിച്ചു പറഞ്ഞതെല്ലാം സത്യമായിരുന്നു! പൗലോസ് ദൈവത്തിന് എതിരായി പ്രവർത്തിക്കുകയായിരുന്നു! പൗലോസിന്റെ കൂടെയുള്ളവർ വെളിച്ചം കണ്ടു എന്നാൽ, അവർക്ക് ക്രിസ്തുവിന്റെ ശബ്ദം മനസ്സിലായില്ല [അപ്പോ 22:9]. നിലത്തുകിടന്നുകൊണ്ട് പൗലോസ് ക്രിസ്തുവിൽ ഒരു പുതിയ സൃഷ്ടിയായിത്തീർന്നു. രക്ഷയ്കു മുൻപായി താഴ്മ വരുന്നു! വീണ്ടെടുക്കപ്പെട്ട ഹൃദയത്തിന്റെ ആദ്യ നിലവിളി, “കർത്താവേ ഞാൻ എന്തു ചെയ്യണം?” എന്നതാണ് [അപ്പോ 22:10]. പൗലോസിന് തന്റെ ജീവിതത്തിന്മേലുള്ള കർതൃത്വം സംബന്ധിച്ച് വാദിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അത് തികച്ചും ഒരു യാഥാർഥ്യമായിരുന്നു! അല്ലെങ്കിലും യേശുക്രിസ്തുവിന്റെ കർതൃത്വത്തിന് കീഴ്പ്പെടാതെ ഒരുവന് എങ്ങനെ ക്രിസ്ത്യാനിയാകുവാൻ സാധിക്കും? [മർക്കോസ് 8:34-38; റോമർ 10:9].
പൗലോസിന്റെ ചോദ്യത്തോട് യേശുവിന്റെ പ്രതികരണം എന്തായിരുന്നു? ദമസ്കോസിലേയ്കു പോകുക, അവിടെവച്ച് കൂടുതൽ നിർദ്ദേശം നൽകും [അപ്പോ. 22:10]. വെളിച്ചത്താൽ അന്ധനായിത്തീർന്ന പൗലോസ് കൂട്ടാളികളാൽ ദമസ്കോസിലേയ്കു നയിക്കപ്പെട്ടു [അപ്പോ.22:11]. ഇരയുടെ പിന്നാലെ പായുന്ന സിംഹത്തെപ്പോലെ ദമസ്കോസിലേയ്കു പോകുവാൻ പൗലോസ് പ്ലാൻ ചെയ്തു. എന്നാൽ, യഥാർഥത്തിൽ, ദമസ്കോസിലേയ്ക് ഒരു കുഞ്ഞാടിനെപ്പോലെ അവൻ നയിക്കപ്പെട്ടു. അവൻ അന്ധനായിരുന്നു എന്നാൽ, വാസ്തവത്തിൽ ഇപ്പോഴാണ് അവന് കണുവാൻ സാധിക്കുന്നത്. ഒടുവിൽ അവന്റെ ആത്മീയ കണ്ണുകൾ തുറന്നു! പൗലോസ് ജനിച്ചത് ജോൺ ന്യൂട്ടനു ശേഷമായിരുന്നുവെങ്കിൽ, Amazing Grace എന്ന ഗീതത്തിന്റെ ഹൃദയത്തെ മഥിക്കുന്ന ഈ വരികൾ പാടുമായിരുന്നു, “I once was lost, but now am found, Was blind, but now I see!”—“ഒരിക്കൽ ഞാൻ നഷ്ടമായിപ്പോയവനായിരുന്നു എന്നാൽ, ഇപ്പോൾ കണ്ടെത്തപ്പെട്ടിരിക്കുന്നു, ഒരിക്കൽ ഞാൻ അന്ധനായിരുന്നു എന്നാൽ, ഇപ്പോൾ ഞാൻ കാണുന്നു.”
നമുക്ക് പ്രായോഗികമാക്കുവാൻ മൂന്ന് സത്യങ്ങൾ പൗലോസിന്റെ മാനസാന്തരം വെളിവാക്കുന്നു.
1. രക്ഷിക്കപ്പെടുവാൻ സാധിക്കാതവണ്ണം ആരും കൊള്ളരുതാത്തവരല്ല.
1 തീമോത്തി 1:15-16-ൽ പൗലോസ് പറയുന്നു, താൻ പാപികളിൽ “ഒന്നാമൻ” ആയിരുന്നുവെങ്കിലും “യേശുക്രിസ്തു നിത്യജീവനുവേണ്ടി തന്നിൽ വിശ്വസിപ്പാനുള്ളവർക്കു ദൃഷ്ടാന്തത്തിനായി സകല ദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന് എനിക്കു കരുണ ലഭിച്ചു.” ക്രിസ്തുവിനും ക്രി്സ്തുവിന്റെ അനുയായികൾക്കും എതിരായി വളരെ ഊർജ്ജസ്വലമായി പ്രവർത്തിച്ച വ്യക്തിയായിരുന്നു പൗലോസ്, എന്നിട്ടും അദ്ദേഹത്തിന് കരുണ ലഭിച്ചു.
രക്ഷിക്കപ്പെടുവാൻ സാധിക്കാതവണ്ണം നിങ്ങൾ ഒരു കൊള്ളരുതാത്തവനാണ് എന്ന് നിങ്ങൾ കരുതുന്നുണ്ടോ? യേശുവിന്റെ രക്തത്തിന് ക്ഷമിക്കുവാൻ സാധിക്കാതവണ്ണം ഒരു പാപിയും ഒരു പാപവും കൊള്ളരുതാത്തതല്ല! യഥാർഥ മാനസാന്തരത്തോടെയും വിശ്വാസത്തോടെയും യേശുവിനെ വിളിച്ചപേക്ഷിക്കുക—അവൻ നിങ്ങളെ രക്ഷിക്കും! യേശുതന്നെ ഈ വാഗ്ദാനം നൽകുന്നു: “എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല” [യോഹന്നാൻ 6:37].
ഇനി, നിങ്ങൾ ഈ കരുണ ഇതിനോടകംതന്നെ സ്വീകരിച്ചവരാണ് എങ്കിൽ, സുവിശേഷം ഉറപ്പോടെ പ്രസംഗിക്കുക—എല്ലാത്തരം പാപികളേയും ക്രിസ്തു രക്ഷിക്കുന്നു. ഒരുപക്ഷെ, നിങ്ങൾക്ക് അടുപ്പമുള്ള ഒരാൾ പലയാവർത്തി സുവിശേഷക്ഷണം ലഭിച്ചിട്ടും അതിനോടു പ്രതികരിക്കുന്നില്ല എന്നു തോന്നുന്നുണ്ടാകാം. പ്രിയ സുഹൃത്തേ: മടുത്തുപോകരുത്. ആ വ്യക്തിയുടെ രക്ഷയ്കായി പ്രാർഥന തുടരുക.
സ്തേഫാനോസ് കല്ലേറു കൊണ്ട് മരിക്കുമ്പോൾപോലും മടുത്തുപോയില്ല. ആദിമസഭയിലെ നേതാവായിരുന്ന അഗസ്റ്റിൻ പറഞ്ഞത് സഭ സ്തേഫാനോസിനോട് വളരെ കടപ്പെട്ടിരിക്കുന്നു, കാരണം, സ്തേഫാനോസിന്റെ പ്രാർഥനയുടെ ഫലമായിരുന്നു പൗലോസിന്റെ മാനസാന്തരം എന്നാണ്. ദൈവഭക്തനായ ജോർജ് മുള്ളർ തന്റെ മൂന്ന് സുഹൃത്തുക്കൾക്കു വേണ്ടി 50 വർഷത്തിലധികം പ്രാർഥിച്ചു. അവരിൽ രണ്ടുപേർ അദ്ദേഹത്തിന്റെ മരണത്തിനു തൊട്ടുമുൻപ് ക്രിസ്തുവിലേയ്കു വന്നു, മൂന്നാമൻ മുള്ളറുടെ മരണത്തിന് ഒരു വർഷത്തിനു ശേഷവും ക്രിസ്തുവിനെ സ്വീകരിച്ചു. പ്രത്യാശയ്കു വകയില്ല എന്നു കരുതി, മനുഷ്യരെ രക്ഷിക്കുവാൻ ശക്തിയുള്ള ബൈബിളിലെ ദൈവത്തോടുള്ള പ്രാർഥന നിർത്തരുത് – “ദൈവത്തിന് സകലവും സാധ്യം” [മത്തായി 19:26].
2. സൽപ്രവൃത്തികൾക്കും പുറമേയുള്ള ധാർമ്മികതയ്കും ആരെയും രക്ഷിക്കുക സാധ്യമല്ല.
ദൈവത്തിന്റെ സ്വീകാര്യത നേടുവാൻ തന്റെ മതപരമായ പ്രവൃത്തികളും പുറമേയുള്ള ധാർമ്മികതയും മതിയായതാണ് എന്ന് മതഭക്തമായ യഹൂദൻ എന്ന നിലയിൽ, പൗലോസിന് ബോധ്യമുണ്ടായിരുന്നു. എന്നിരുന്നാലും, തനിക്ക് ശരിയായ അവബോധം വന്നപ്പോൾ, സമ്പൂർണ്ണ നീതി സംബന്ധിച്ചുള്ള ദൈവത്തിന്റെ നിലവാരം മാനുഷികപ്രയത്നത്താൽ ഒരിക്കലും നേടുവാൻ സാധിക്കുകയില്ല എന്ന് അദ്ദേഹത്തിന് മനസ്സിലായി—കാരണം ഈ വിശുദ്ധനും പൂർണ്ണനുമായ ഈ ദൈവത്തിനെതിരെ എല്ലാവരും പാപം ചെയ്തുപോയി [ഫിലിപ്പി.3:3-9].
സ്വർഗ്ഗത്തിൽ എത്തിച്ചേരുവാൻ നിങ്ങൾ നിങ്ങളുടെ സൽപ്രവൃത്തികളിലും പുറമേയുള്ള ധാർമ്മികതയിലും ആശ്രയിക്കുന്നുവെങ്കിൽ ഈ വാർത്ത നിങ്ങൾക്കുള്ളതാണ്: ദൈവത്തിന്റെ നിലവാരം 100% ആവശ്യപ്പെടുന്നു – അതിന്റെ അർഥം ഒരൊറ്റ പാപം പോലും ഉണ്ടാകരുത്! കൂടാതെ ഓർമ്മിക്കുക, ദൈവത്തിന്റെ ദൃഷ്ടിയിൽ പാപമെന്നത് കേവലം ഒരു പ്രവൃത്തി മാത്രമല്ല, ചിന്തയും കൂടിയാണ്. കൊലപാതകം മാത്രമല്ല പാപം—മറിച്ച്, ഹൃദയത്തിൽ ഒരുവനെ വെറിക്കുന്നതും കൊലപാതകത്തിന് തുല്യമായ പാപമാണ് എന്ന് യേശു പറഞ്ഞു [മത്തായി 5:21-22]. വ്യഭിചാരം മാത്രമല്ല പാപം മറിച്ച്, ഹൃദയത്തിൽ ഒരുവ്യക്തിയെ മോഹിക്കുന്നതും വ്യഭിചാരത്തിന് തുല്യമായ പാപമാണ് എന്നും യേശു വ്യക്തമായി പറഞ്ഞു [മത്തായി 5:27-28].
നിങ്ങൾ ഈ സത്യങ്ങൾ വ്യക്തമായി കാണുന്നതുവരെ നിങ്ങൾ നിങ്ങളെക്കുറിച്ച്തന്നെ വെറുക്കപ്പെടേണ്ടതിനു പകരം ആദരിക്കപ്പെടേണ്ട വ്യക്തിയാണ് എന്നു കരുതും. സുഹൃത്തെ, സൽപ്രവൃത്തികൾ ദൈവവുമായി നല്ല ബന്ധം ഉണ്ടാക്കുവാൻ കാരണമാകുന്നില്ല. പകരം, യേശുവിലൂടെ ദൈവവുമായുള്ള നല്ല ബന്ധത്തിന്റെ ഫലമാണ് സൽപ്രവൃത്തികൾ.
3. ദൈവത്തിനെതിരെ യുദ്ധം ചെയ്ത് നിങ്ങൾക്ക് വിജയിക്കുക സാധ്യമല്ല.
തന്റെ മാനസാന്തരത്തിന്റെ കഥ പറയമ്പോൾ, ദമസ്കോസിലേയ്കുള്ള വഴിയിൽ പൗലോസ് യേശുവിൽ നിന്നും കേട്ട വാക്കുകളെക്കുറിച്ചു പറയുന്നു, “ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്? മുള്ളിന്റെ നേരെ ഉതെക്കുന്നത് നിനക്ക് വിഷമം ആകുന്നു” [അപ്പോ. പ്രവർത്തികൾ 26:14]. കാളകളെ ജോലി ചെയ്യുവാൻ പ്രേരിപ്പിക്കുവാൻ ഉപയോഗിച്ചിരുന്ന കൂർത്ത അറ്റമുള്ള കമ്പുകളിൽ നിന്നുമാണ് മുള്ള് എന്ന പദപ്രയോഗം ഇവിടെ നടത്തിയിരിക്കുന്നത്. കാളകൾ എതിർക്കുകയോ പിന്നിലേയ്ക് തൊഴിക്കുകയോ ചെയ്താൽ കമ്പിന്റെ കൂർത്ത അറ്റം അവയെ മുറിവേൽപ്പിക്കുമായിരുന്നു. അതുകൊണ്ട്, മുള്ളിനെതിരെ ഉതയ്കുക എന്നത് അർഥമാക്കിയത് ഒരുവന് ദൈവത്തിന്റെ ഹിതത്തിനെതിരെ പോരാടി അന്തിമ വിജയം നേടുക സാധ്യമല്ല എന്നാണ്. പൗലോസിന് വ്യക്തവും ബോധ്യവുമാകത്തക്കവിധം ദൈവം ഈ സത്യം പഠിപ്പിച്ചു.
അതുപോലെതന്നെ, നിങ്ങൾ ദൈവത്തിനെതിരെ പോരാടുകയാണ് എങ്കിൽ, ഒടുവിൽ നിങ്ങൾ പരാജയപ്പെടും. ഒരുപക്ഷെ, രക്ഷയ്കായി ക്രിസ്തുവിലേയ്കു മാത്രം തിരിയേണ്ട ആവശ്യത്തെ നിങ്ങൾ എതിർക്കുകയായിരിക്കാം. ആ പ്രക്രിയയിൽ നിങ്ങൾ നിങ്ങളെത്തന്നെ മുറിവേൽപ്പിക്കുകയാണ്. ഒരുപക്ഷെ, നിങ്ങൾ ഒരു ക്രിസ്ത്യാനിയായിരിക്കുകയും ജീവിതത്തിന്റെ ചില മേഖലകളിൽ ദൈവത്തിനു കീഴ്പ്പെടുവാൻ വിസമ്മതിക്കുകയും ചെയ്യുകയായിരിക്കാം. ഏതെങ്കിലും ഒരു പാപമായിരിക്കാം നിങ്ങൾ പിടിമുറുക്കിവയ്കുന്നത് അല്ലെങ്കിൽ, നിങ്ങൾ ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്ന ഏതെങ്കിലും നന്മ ചെയ്യുവാൻ നിങ്ങൾ വിസമ്മതിക്കുകയാകാം. ഏതു കൂട്ടത്തിലായാലും നിങ്ങൾക്ക് ദൈവത്തിനെതിരെ യുദ്ധം ചെയ്ത് വിജയിക്കുക സാധ്യമല്ല. നിങ്ങൾ നിങ്ങളെത്തന്നെ മുറിവേൽപ്പിക്കുകയാണ്, ആ പ്രക്രിയയിൽ കൂടെ മറ്റുള്ളവരെയും മുറിവേൽപ്പിക്കാം. ദൈവത്തോട് എതിരിടുന്നത് നിർത്തിയശേഷം ദൈവം നൽകുന്ന ‘കുത്തിന്’ കീഴടങ്ങുക.
സമാപന ചിന്തകൾ.
തീവ്രവാദി മിഷനറിയായിത്തീർന്നു. പീഡകൻ പ്രസംഗകനായിത്തീർന്നു! ഇതാണ് ദൈവം ചെയ്യുന്നത്! കഠിനഹൃദയങ്ങളെ ദൈവം തകർക്കുകയും പകരം തന്റെ ഹിതം അനുസരിക്കുന്ന, മൃദുവായതും പഠിക്കുവാൻ സാധിക്കുന്നതുമായ ഹൃദയം വയ്കുകയും ചെയ്യുന്നു. ഒരിക്കൽ ക്രിസ്ത്യാനികളെ കൊന്നുമുടിച്ച അതേ പൗലോസ് പിന്നീട് പറഞ്ഞു, “എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവുമാകുന്നു” [ഫിലി 1:21]. നമ്മുടെ മനോഭാവവും അപ്രകാരമായിത്തീരട്ടെ!