ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടു എന്നു നിങ്ങൾക്കു തോന്നുമ്പോഴും കർത്താവ് നിങ്ങളെ ഓർക്കുന്നു

Posted byMalayalam Editor June 6, 2023 Comments:0

(English Version: The Lord Remembers You – Even When You Feel Abandoned By Him!)

വൈഷമ്യമേറിയ സുദീർഘമായ സാഹചര്യങ്ങൾ നിമിത്തം ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന് നിങ്ങൾക്ക് ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടോ? ഒരുപക്ഷെ, അത് സാമ്പത്തിക പ്രശ്നമോ ആരോഗ്യപ്രശ്നങ്ങളോ അതുമല്ലെങ്കിൽ കുടുംബപ്രശ്നങ്ങളോ ആയിരിക്കാം. കഷ്ടതയുടെ സ്വഭാവം എന്തായിരുന്നാലും നിങ്ങളുടെ പ്രതികരണം എന്തായിരുന്നു?

1) ദൈവം നിങ്ങളെ നിരാശപ്പെടുത്തി എന്നു തോന്നിയോ?

2) ദൈവത്തോട് കോപം തോന്നിയോ?

3) നിരുത്സാഹവും വിഷാദവും തോന്നിയോ?

4) ദൈവത്തിന്റെ സമയത്ത് വിടുതൽ ലഭിക്കുവാൻ ക്ഷമയോടെ ദൈവത്തിനായി കാത്തിരുന്നുവോ?

നീണ്ടുനിൽക്കുന്ന കഷ്ടതകൾ നേരിടുമ്പോൾ ദൈവത്തിന്റെ സമയത്ത് വിടുതൽ നൽകുവാൻ ദൈവത്തിനായി ക്ഷമയോടെ കാത്തിരുന്നുകൊണ്ട് പ്രതികരിക്കുവാൻ നമ്മെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയാണ് ഈ പോസ്റ്റിൽ എന്റെ ലക്ഷ്യം. എന്നാൽ, അത് ചെയ്യുവാൻ വിഷമവും പറയുവാൻ എളുപ്പവുമുള്ള ഒന്നാണ്. അത്തരം ദൈവഭക്തിയോടെയുള്ള ഒരു പ്രതികരണം – പ്രത്യേകിച്ചും, കഷ്ടതകളിൽ നിന്നും അൽപ്പംപോലും ആശ്വാസം കാണാതിരിക്കുമ്പോൾ- വളർത്തിയെടുക്കുവാൻ നമുക്ക് എങ്ങനെ സാധിക്കും? താഴെപ്പറയുന്ന ബൈബിൾ സത്യത്തെ സ്വീകരിക്കുന്നതിൽ അതിനുള്ള ഉത്തരം അടങ്ങിയിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു:

ദൈവം ഒരിക്കലും തന്റെ മക്കളെ മറക്കുന്നില്ല. ദൈവത്താൽ തങ്ങൾ ഉപേക്ഷിക്കപ്പെട്ടു എന്ന് അവർക്കു “തോന്നുമ്പോൾ”പോലും അവൻ അവരെ ഓർക്കുന്നു!

ദൈവം തന്റെ ജനത്തെ ഓർമ്മിക്കുന്നതിന്റെ ഉദാഹരണങ്ങൾ.

നോഹ.  ദൈവം തനിക്കു സ്വന്തമായവരെ ഓർക്കുന്നു എന്ന് നാം ആദ്യമായി വായിക്കുന്നത് ഉല്പത്തി 8:1 –ലാണ്, “ദൈവം നോഹയെയും അവനോടുകൂടെ പെട്ടകത്തിൽ ഉള്ള സകലജീവികളെയും സകലമൃഗങ്ങളെയും ഓർത്തു.” തികച്ചും അന്ധകാരം നിറഞ്ഞ ഒരു പശ്ചാത്തലത്തിൽ പ്രശോഭിക്കുന്ന വെളിച്ചമായി ദൈവം നോഹയെ ഓർത്തു എന്ന വാക്യം നിൽക്കുന്നു. ഇതിനു മുൻപുള്ള വാക്യം നമ്മോടു പറയുന്നത് ഇപ്രകാരമാണ്,  “വെള്ളം ഭൂമിയിൽ നൂറ്റമ്പതു ദിവസം പൊങ്ങിക്കൊണ്ടിരുന്നു” (ഉല്പത്തി 7:24). ലോകം മുഴുവനും വെള്ളത്താൽ നശിപ്പിക്കപ്പെട്ടിരുന്നു. നോഹയും അവനോടൊപ്പമുള്ളവരും പെട്ടകത്തിൽ അടയ്കപ്പെട്ട് അപ്പോഴും പുറത്തു കടക്കുവാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.

പെട്ടകത്തിൽ അടയ്കപ്പെട്ടതിനു ശേഷം അവരുടെ മനസ്സിൽക്കൂടി എന്താണ് കടന്നുപൊയ്കൊണ്ടിരുന്നത് എന്ന് സങ്കല്പിക്കുവാനേ സാധിക്കുകയുള്ളൂ, പ്രത്യേകിച്ചും അവർ എത്ര നാൾ പെട്ടകത്തിനുള്ളിൽ ജീവിച്ചു എന്ന് മനസ്സിലാക്കിക്കഴിയുമ്പോൾ. ഉല്പത്തി 7:6,11 പറയുന്നത് ഭൂമിയിൽ ജലപ്രളയം വന്നപ്പോൾ(നോഹ പെട്ടകത്തിൽ കടന്ന് ഏഴു ദിവസം കഴിഞ്ഞപ്പോൾ)  നോഹയ്ക് 600 വയസ്സായിരുന്നു എന്നാണ്. ഉല്പത്തി 8:13-15 -ൽ പറയുന്നത് നോഹ പെട്ടകത്തിനു പുറത്തു വന്നത് അറുനൂറ്റിയൊന്നാം വയസ്സിലായിരുന്നു എന്നാണ്. അതായത്, അവർ പെട്ടകത്തിൽ ജീവിച്ച ആകെ കാലം ഒരു വർഷത്തേക്കാൾ അൽപം കൂടുതൽ നാളുകൾ ആയിരുന്നു! ചുറ്റുമുള്ള സകലതും ജീവനറ്റ് നശിച്ചുകൊണ്ടിരുന്നപ്പോൾ ഒരു പെട്ടകത്തിൽ അടയ്ക്പ്പെടുവാൻ അത് ഒരു ദീർഘമായ കാലയളവായിരുന്നു!

എങ്കിലും ദൈവം നോഹയെ “ഓർത്തു” നമ്മോടു പറഞ്ഞു. ഓർമ്മക്കുറവ് ഉണ്ടായിരുന്നെന്നപോലെ ദൈവം നോഹയെ മറന്നു എന്നല്ല “ഓർത്തു” എന്ന വാക്ക് അർഥമാക്കുന്നത്. ഈ വാക്ക് അർഥമാക്കുന്നത്, “കരുണയോടെ ഓർത്തു, അപേക്ഷ അനുവദിച്ചു നൽകി, സംരക്ഷിച്ചു, വിടുവിച്ചു” എന്നിങ്ങനെയാണ്. ജലപ്രളയത്തിൽ നിന്നും നോഹയെ വിടുവിക്കും എന്ന വാഗ്ദാനം ദൈവം പാലിക്കുന്നു എന്നതിനെയാണ് ഈ സന്ദർഭത്തിൽ അതു സൂചിപ്പിക്കുന്നത് (ഉല്പത്തി 6:17-18). ഇപ്പോൾ ദൈവം തന്റെ വാഗ്ദാനം പ്രവൃത്തിപഥത്തിൽ എത്തിക്കുകയായിരുന്നു.

അബ്രാഹാം.  “എന്നാൽ ആ പ്രദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുമ്പോൾ ദൈവം അബ്രാഹാമിനെ ഓർത്തു ലോത്ത് പാർത്ത പട്ടണങ്ങൾക്കു ഉന്മൂലനാശം വരുത്തുകയിൽ ലോത്തിനെ ആ ഉന്മൂലനാശത്തിൽനിന്നു വിടുവിച്ചു” (ഉല്പത്തി 19:29). തന്റെ മരുമകനായ ലോത്തിനുവേണ്ടിയുള്ള അബ്രാഹാമിന്റെ പ്രാർഥന (ഉല്പത്തി 18:16-33), ദൈവം തന്റെ കരുണയാൽ കേൾക്കുകയും സോദോം, ഗോമോറാ എന്നീ രണ്ടു പട്ടണങ്ങളെ നശിപ്പിച്ചപ്പോൾ അവനെ വിടുവിക്കുകയും ചെയ്തു.

മിസ്രയീമിലായിരുന്ന യിസ്രായേല്യർ.  പുറപ്പാട് പുസ്തകത്തിൽ ദൈവത്തിന്റെ ജനം മിസ്രയീമ്യദേശത്ത് അടിമകളായി കഷ്ടതയനുഭവിക്കുകയായിരുന്നു. “യിസ്രായേൽമക്കൾ അടിമവേല നിമിത്തം നെടുവീർപ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിളി ദൈവസന്നിധിയിൽ എത്തി. ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമവും ഓർത്തു. ദൈവം യിസ്രായേൽമക്കളെ കടാക്ഷിച്ചു; ദൈവം അറിഞ്ഞു” (പുറപ്പാട് 2:23-25). ദൈവം തന്റെ കരുണയിൽ, യിസ്രായേല്യരെ ഒടുവിൽ മിസ്രയീമിൽ നിന്നും വിടുവിക്കുവാൻ മോശെയെ എഴുന്നേൽപ്പിച്ചു.

ഹന്ന. In 1 ശമുവേൽ 1:11-ൽ ഹന്ന എന്ന ദൈവഭക്തയായ, മക്കളില്ലാത്ത സ്ത്രീ “സൈന്യങ്ങളുടെ യഹോവ “യോട് തന്റെ “സങ്കടം നോക്കി” തന്നെ ഓർക്കുകയും” തന്നെ“മറക്കാതെ ഒരു പുരുഷ സന്താനത്തെ” നൽകുകയും ചെയ്യുവാൻ അപേക്ഷിക്കുന്നതു കാണുന്നു. അതേ അധ്യായത്തിൽതന്നെ, “യഹോവ അവളെ ഓർത്തു” എന്ന് നമ്മോടു പറയുന്നു (1 ശമുവേൽ 1:19). അവൾ “ഗർഭം ധരിച്ചു ഒരു മകനെ പ്രസവി”ക്കുവാൻ ഇടയാക്കി. “ഞാൻ അവനെ യഹോവയോടു അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞു അവന്നു ശമൂവേൽ എന്നു പേരിട്ടു” (1 ശമുവേൽ 1:20).

സങ്കീർത്തനങ്ങൾ.  ദൈവത്തിന്റെ ജനം കഷ്ടതയിൽ അകപ്പെട്ടപ്പോൾ എപ്രകാരമാണ് ദൈവം അവരെ വിടുവിച്ചത് അല്ലെങ്കിൽ, ചിലപ്പോൾ തന്റെ ജനത്തെ അവരുടെ പാപങ്ങൾക്ക് ശിക്ഷനൽകിയശേഷം അനുകമ്പ തോന്നിയത് എപ്രകാരമാണ് എന്ന് സങ്കീർത്തനങ്ങൾ ആവർത്തിച്ച് രേഖപ്പെടുത്തിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 98:3 “അവൻ  യിസ്രായേൽഗൃഹത്തിന്നു തന്റെ ദയയും വിശ്വസ്തതയും ഓർത്തിരിക്കുന്നു.

സങ്കീർത്തനങ്ങൾ 105:42 “അവൻ  തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഓർത്തു.”

സങ്കീർത്തനങ്ങൾ 106:45 “അവൻ  അവർക്കായി തന്റെ നിയമത്തെ ഓർത്തു; തന്റെ മഹാദയപ്രകാരം അനുതപിച്ചു.”

“നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്നു – അവന്റെ ദയ എന്നേക്കുമുള്ളതു” (സങ്കീർത്തനങ്ങൾ 136:23) എന്ന് ഈ ഉദാഹരണത്തിൽ കാണുന്നതുപോലെ ജനങ്ങൾ പലപ്പോഴും സ്തോത്രം ചെയ്തതിൽ അത്ഭുതമില്ല.

കുരിശിൽവച്ച് മാനസാന്തരപ്പെട്ട കള്ളൻ.  ഒരുപക്ഷെ, ദൈവം ജനത്തെ ഓർക്കുന്നത് സംബന്ധിച്ച് ബൈബിളിൽ നൽകപ്പെട്ടിരിക്കുന്ന ഉദാഹരണങ്ങളിൽ ഹൃദയഹാരിയായത് കുരിശിൽ വച്ച് അനുതപിച്ച കള്ളനോടുള്ള യേശുവിന്റെ പ്രതികരണമാണ്.  നമ്മുടെ പാപങ്ങൾ ചുമന്നുകൊണ്ട്, അതിവേദനയോടെ യേശു കഷ്ടം സഹിക്കുന്നതാണ് രംഗം.

ആ സമയത്ത് അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരുന്ന രണ്ട് കള്ളന്മാരിൽ ഒരുവൻ നിലവിളിച്ചു: “യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ”(ലൂക്കോസ് 23:42). യേശുവിന്റെ ആശ്ചര്യപ്പെടുത്തുന്ന പ്രതികരണം നിങ്ങൾ ശ്രദ്ധിച്ചുവോ? യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു (ലൂക്കോസ് 23:43). നാളെയല്ല, അടുത്ത മാസമല്ല, ഏതാനം വർഷങ്ങൾക്കു ശേഷമല്ല, പിന്നെയോ, ഈ മാനസാന്തരപ്പെട്ടവൻ “ഇന്ന്”  തന്നോടു കൂടെ “പറുദീസയിൽ” ഇരിക്കും എന്ന് യേശു വാഗ്ദത്തം ചെയ്തു.

നമുക്കു ഭാവനയിൽ കാണാം, അനുതപിച്ച കള്ളന് ആ വാക്കുകൾ കേട്ടപ്പോൾ ഉണ്ടായ ആനന്ദം! അതു മാത്രമല്ല, ഏതാനം മണിക്കൂറുകൾക്കു ശേഷം അയാൾ മരിച്ച്, തനിക്കായി കാത്തിരിക്കുന്ന യേശുവിന്റെ അടുക്കൽ സ്വർഗ്ഗത്തിലെത്തിയപ്പോൾ അനുഭവിച്ച ആനന്ദം! സഹോദരീസഹോദരന്മാരേ, ഇപ്രകാരമാണ് വിടുതലിനായി ദൈവത്തിങ്കലേയ്കു നോക്കുന്നവരെ ദൈവം ഓർക്കുന്നത്!

എന്താണ് ദൈവം ഓർക്കാതിരിക്കുന്നത്.

ദൈവം തന്റെ ജനത്തെ ഓർക്കുന്നത് സംബന്ധിച്ച് മുകളിൽ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങൾ പോരായെങ്കിൽ, കലങ്ങിയ ഹൃദയങ്ങൾക്ക് അവിശ്വസനീയമാംവിധം ആശ്വാസം നൽകുന്ന ഒന്ന് ഇതാ. തന്റെ ജനത്തെ “ഓർക്കുന്ന” അതേ ദൈവംതന്നെ, ദൈവപുത്രനായ കർത്താവായ യേശുവിനെ രക്ഷകനായി സ്വീകരിച്ചുകൊണ്ട് പാപക്ഷമയ്കായി ദൈവത്തിങ്കലേയ്കു തിരിയുന്നവരുടെ പാപങ്ങൾ ഒരിക്കലും ഓർക്കുകയില്ല എന്ന് വാഗ്ദത്തം ചെയ്യുന്നു.

എബ്രായർ 10:17 ഈ വാഗ്ദാനം രേഖപ്പെടുത്തുന്നു:  “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ “ഇനി ഓർക്കയുമില്ല” എന്നു അരുളിച്ചെയ്യുന്നു.  നമ്മുടെ പാപങ്ങളെ ഇനി ഓർക്കയില്ല എന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നതിന്റെ അടിസ്ഥാനമിതാണ്: “യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ട്…” എബ്രായർ 10:12

നമ്മുടെ സകല പാപങ്ങളും യേശുവിന്റെ രക്തത്തിനു കീഴിൽ കുഴിച്ചുമൂടപ്പെട്ടു. “എന്നാൽ ഇവയുടെ മോചനം ഉള്ളേടത്തു ഇനിമേൽ പാപങ്ങൾക്കു വേണ്ടി ഒരു യാഗവും ആവശ്യമില്ല” എന്ന് എബ്രായർ10:18 പറയുന്നതുപോലെ ഇനി ന്യായവിധിയെ ഭയപ്പെടുകയോ കൂടുതൽ എന്തെങ്കിലും വിലയായി നൽകുകയോ ചെയ്യേണ്ടതില്ല.

അതാണ് നമുക്കു ലഭ്യമായ ധൈര്യത്തിന്റെ സുപ്രധാനമായ ഉറവിടം – പ്രത്യേകിച്ചും, നാം ദൈവത്താൽ കൈവിടപ്പെട്ടു എന്നു നമുക്കു തോന്നുന്ന സമയങ്ങളിൽ! നമ്മെ തന്റെ സന്നിധിയിൽ നിന്നും തള്ളിക്കളയുന്ന വിധത്തിൽ നമ്മുടെ പാപങ്ങളെ ഒരിക്കലും “ഓർക്കുകയില്ല“ എന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നു. അതു നൽകുന്ന ആനന്ദം! അതു നൽകുന്ന ആശ്വാസം!

എന്താണ് ദൈവം ഓർക്കുന്നത്.

എന്നിരുന്നാലും, യേശുവിനെ തിരസ്കരിക്കുന്നവർക്ക് ഈ ആനന്ദവും ആശ്വാസവും അനുഭവിക്കുക സാധ്യമല്ല. അവർ തങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെടാതെ മരിക്കുന്നതിനാൽ, അവർ ഭാവിയിൽ ദൈവത്തിന്റെ ന്യായവിധി നേരിടേണ്ടിവരും. ആ സമയത്ത് ദൈവം അവരുടെ സകല പാപങ്ങളും ഓർക്കുകയും തീപ്പൊയ്കയിൽ അഥവാ നരകത്തിൽ അവരുടെ നിത്യ ശിക്ഷാവിധിയുടെ അടിസ്ഥാനമായി കണക്കാക്കുകയും ചെയ്യും. വെളിപ്പാട് 20:11-15 വിശദാംശങ്ങൾ നൽകുന്നു:

“11 ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല.

12 മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.

13 സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി.

14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.

15 ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.”

വാക്യം 13-ന്റെ അവസാനഭാഗം നമ്മെ സുപ്രധാനമായ ഒരു സത്യം പഠിപ്പിക്കുന്നു, “ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി.” ഒരു വ്യക്തി ഇന്ന് ചെയ്യുന്ന പാപം മറക്കപ്പെടുകയില്ല പിന്നെയോ, അവർ പാപം ക്ഷമിക്കപ്പെടാതെ മരിക്കുകയാണെങ്കിൽ ഭാവിയിൽ അവരുടെ ശിക്ഷയുടെ അടിസ്ഥാനമായി  ആ പാപം കണക്കാക്കപ്പെടും.

ഇതിന്റെ അർഥം, ചെയ്തുപോയ പാപകരമായ എല്ലാ ചിന്തയും വാക്കും പ്രവൃത്തിയും വെളിച്ചത്തു കൊണ്ടുവരപ്പെടും. എല്ലായ്പോഴും 100%-വും ശരിയായത് മാത്രം ചെയ്യുന്നതിൽ പരാജയപ്പെടുന്നതും ഇതിൽ ഉൾപ്പെടുന്നുണ്ട്. ന്യായവിധി ദിവസത്തിൽ ഒരുവന് ചുമക്കേണ്ടിവരുന്ന പാപങ്ങളുടെ എണ്ണം അത്ര വലുതാണ്. ആരും പൂർണ്ണനല്ല എന്നതിനാൽ ആർക്കും തങ്ങളുടെ പാപങ്ങളുടെ വില പൂർണ്ണമായി കൊടുത്തുതീർക്കുക സാധ്യമല്ല. അതുകൊണ്ടാണ്, യേശുവിനെ തിരസ്കരിക്കുന്നവർ എല്ലാവരും നിത്യത മുഴുവനും തീപ്പൊയ്കയിൽ പാപത്തിന്റെ വില നൽകേണ്ടിവരുന്നത്.

അതുകൊണ്ട്, തിരഞ്ഞെടുപ്പ് വ്യക്തമാണ്.

ഒരുവന് ജീവിച്ചിരിക്കുമ്പോൾതന്നെ മാനസാന്തരപ്പെട്ട് വിശ്വാസത്തോടെ യേശു എന്ന രക്ഷകന്റെ അടുക്കലേയ്കു പോകാവുന്നതാണ്. അതിലൂടെ, ഭാവിയിൽ തന്റെ പാപങ്ങൾ യേശു ഓർക്കുകയില്ല എന്ന് ഉറപ്പാക്കുവാൻ സാധിക്കും. അപ്രകാരം ചെയ്യുന്നതിലൂടെ, അവർ യേശുവിനോടൊത്ത് നിത്യത സ്വർഗ്ഗത്തിൽ ചെലവഴിക്കും എന്നുള്ള ഉറപ്പും നേടുവാൻ സാധിക്കും.

അതല്ല എങ്കിൽ, ഒരുവന് ഇപ്പോൾ യേശുവിനെ തിരസ്കരിക്കുകയും തന്റെ പാപങ്ങൾ സ്വയം ചുമന്നുകൊണ്ട് ന്യായവിധി ദിവസത്തിൽ ന്യായാധിപനായ ക്രിസ്തുവിനെ അഭിമുഖീകരിക്കുകയും ചെയ്യാം. ആ ദിവസം യേശു അവന്റെ സകല പാപങ്ങളും ഓർക്കുകയും അവനെ തീപ്പൊയ്കയിൽ അഥവാ നരകത്തിലേയ്ക് അയയ്കുകയും ചെയ്യും. അവിടെ, അവർ ദൈവത്താൽ യഥാർഥമായി നിത്യമായി ഉപേക്ഷിക്കപ്പെടുക എന്നാൽ എന്താണ് എന്ന് അനുഭവിച്ചറിയും.

നിങ്ങൾ എന്താണ് തെരഞ്ഞെടുക്കുക – യേശു രക്ഷകനായി ദയയോടെ നിങ്ങളെ ഓർക്കുന്നതോ അതോ ന്യായാധിപനായി നിങ്ങളുടെ പാപങ്ങളെ ഓർക്കുന്നതോ?

Category

Leave a Comment