ദൈവത്തിനായി കാത്തിരിക്കുക

(English Version: “Waiting On God”)
“ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ നടക്കുന്നതിനു വേണ്ടി ദൈവത്തിനായി കാത്തിരിക്കുന്നതാണ് ക്രിസ്തീയ ജീവിതത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം; കാത്തിരിക്കുന്നതിനു പകരം തെറ്റായുള്ളത് ചെയ്യുന്ന എന്തോ ഒന്ന് നമ്മുടെ ഉള്ളിലുണ്ട്” എന്ന് പറയപ്പെടുന്നു. എത്ര സത്യമാണത്!
കാത്തിരിക്കുന്നതിനുള്ള സ്വാഭാവിക പ്രവണത നമുക്ക് ആർക്കുമില്ല എന്നതാണ് ക്രിസ്തീയ ജീവിതത്തിലെ യാഥാർഥ്യങ്ങളിലൊന്ന്. എന്തെങ്കിലും ഒന്ന് നമുക്കു വേണം, അത് ഉടൻതന്നെ വേണം! കാത്തിരിക്കുവാൻ പരാജയപ്പെട്ടതിനാൽ വേദനാജനകമായ പരിണിതഫലങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് എങ്കിലും പലപ്പോഴും വീണ്ടും ഈ പാപം ചെയ്യുവാനുള്ള പ്രവണത നമുക്കുണ്ട്. നമ്മുടെ ഈ പ്രവണത സർവ്വജ്ഞാനിയായ കർത്താവ് പൂർണ്ണമായി അറിയുന്നു. അതുകൊണ്ടാണ്, തിരക്കു കൂട്ടാതെ തനിക്കായി കാത്തിരിക്കുവാൻ ദൈവം തന്റെ വചനത്തിൽ പലപ്പോഴും ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്.
കർത്താവിനായി കാത്തിരിക്കുക എന്നതിനർഥം എന്താണ്?
മടിപിടിച്ചിരിക്കുക അല്ലെങ്കിൽ നിഷ്ക്രിയരായിരിക്കുക എന്ന് അതിനർഥമില്ല. “നമുക്കായി പ്രവർത്തിക്കുവാൻ ഉത്സാഹത്തോടെ ദൈവത്തിൽ മാത്രം ആശ്രയിക്കുക” എന്നതാണ് ഇതിന്റെ ലളിതമായ അർഥം. നമ്മുടെ ജ്ഞാനം, സമ്പത്ത്, ബലം, ആളുകളുമായുള്ള ബന്ധങ്ങൾ എന്നിവയിൽ ആശ്രയിക്കുന്നതിൽ നിന്നും പിന്തിരിഞ്ഞ് ദൈവത്തിൽ ആശ്രയിക്കുക എന്നതാണ് ഇതിനർഥം.
ഒരു സാഹചര്യത്തെ മാറ്റുവാൻ സ്വയം ശ്രമിക്കുന്നത് അല്ലെങ്കിൽ കാത്തിരിപ്പിന്റെ ദൈർഘ്യം കൂടി എന്ന് പിറുപിറുക്കുകയും പരാതിപ്പെടുകയും ചെയ്യുന്നത് നമുക്കു നേടിത്തരുന്നത് മനസ്സമാധാന നഷ്ടവും ദുരിതവും മാത്രമാണ്. “ദൈവത്തെക്കൂടാതെ മനുഷ്യൻ ചെയ്യുന്ന ഏതുകാര്യത്തിലും, ഒന്നുകിൽ ദുഃഖകരമായി പരാജയപ്പെടുകയോ അല്ലെങ്കിൽ അതീവ ദുഃഖകരമായി വിജയിക്കുകയോ ചെയ്യും” എന്ന് ജോർജ് മാക്ഡൊണാൾഡ് യഥോചിതം പറഞ്ഞിരിക്കുന്നു.
വയൻ സ്റ്റിലെസ് “വെയ്റ്റിംഗ് ഓൺ ഗോഡ്” എന്ന തന്റെ ഉൽകൃഷ്ടമായ പുസ്തകത്തിൽ ഇപ്രകാരം എഴുതുന്നു:
നമുക്ക് ഒന്നാമതായി വേണ്ടത് സന്തോഷമാണ്; ദൈവത്തിനു വേണ്ടത് വിശുദ്ധിയും. നമുക്കു വേണ്ടത് സുഖമാണ്; ദൈവത്തിനു വേണ്ടത് നിർമ്മലതയും. ചുവപ്പ് സിഗ്നലിന്റെ മുമ്പിൽ കാത്തുനിൽക്കുന്നതുപോലെ – ആ സിഗ്നൽ നാം അവഗണിച്ചാൽ, [ചിലപ്പോൾ നാം അങ്ങനെ ചെയ്യാറുണ്ട്], നാം അപകടത്തിൽ അകപ്പെടുവാൻ ഇടയാകും. അതുപോലെ, കാത്തരിപ്പ് സമയനഷ്ടമുണ്ടാക്കും എന്ന കാരണത്താൽ ദൈവത്തിനും മുൻപെ നാം ചാടിക്കടന്നാൽ നമുക്കു മുറിവേൽക്കും. കാത്തിരിപ്പ് എന്നത് ദൈവം നമ്മുടെ സാഹചര്യങ്ങളെ മാറ്റുന്നതിനേക്കാൾ കൂടുതലായി നമുക്ക് രൂപാന്തരം വരുത്തുന്ന പ്രക്രിയയാണ്.
ഒരുപക്ഷെ, ദൈവത്തിനായി കാത്തിരിക്കുന്നതിന്റെ ഫലമായി നിങ്ങൾ ക്ഷീണിതനും ഉത്സാഹമറ്റവനുമായിരിക്കാം. “ദൈവമേ എത്രനാൾ?” എന്നതായിരിക്കും നിങ്ങളുടെ ഇടവിടാതെയുള്ള കരച്ചിൽ. ഇനി മുൻപോട്ടു പോകുവാൻ ഞാനില്ല എന്നു പറയുന്നതിന്റെ വക്കോളമെത്തിയിരിക്കാം. അരുത്! ദൈവത്തിനായി കാത്തിരിക്കുന്നതിന്റെ ഫലമായി ലഭിക്കുന്ന അനുഗ്രഹങ്ങൾ യെശയ്യാവ് 64:4-5 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നത് നിങ്ങൾ ആസ്വദിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.
“4 നീയല്ലാതെ ഒരു ദൈവം തന്നേ കാത്തിരിക്കുന്നവന്നു വേണ്ടി പ്രവർത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല. 5 സന്തോഷിച്ചു നീതി പ്രവർത്തിക്കുന്നവരെ നീ എതിരേല്ക്കുന്നു; അവർ നിന്റെ വഴികളിൽ നിന്നെ ഓർക്കുന്നു.”
തനിക്കായി കാത്തിരിക്കുന്നവർക്കുവേണ്ടി പ്രവർത്തിക്കുവാൻ ദൈവം വരുന്നുവെന്ന് ഈ വേദഭാഗം വ്യക്തമായി നമ്മോടു പറയുന്നു. എന്നിരുന്നാലും, ദൈവം നമുക്കായി പ്രവർത്തിക്കണം എന്ന് നാം ആഗ്രഹിക്കുന്നുവെങ്കിൽ നമ്മുടെ ജീവിതങ്ങളിൽ ഉണ്ടായിരിക്കേണ്ട 2 സ്വഭാവഗുണങ്ങളെക്കുറിച്ചും ഈ ഭാഗം പറയുന്നു.
1. നമുക്ക് ദൈവത്തിന്റെ സ്വഭാവത്തെക്കുറിച്ച് വലിയ കാഴ്ചപ്പാട് ഉണ്ടായിരിക്കണം
2. നാം വിശുദ്ധ ജീവിതം പിന്തുടരുന്നവരായിരിക്കണം
ഇവ നമുക്ക് പുതിയതോ പരിചിതമല്ലാത്തതോ അല്ല. എങ്കിലും, കർത്താവിനായി കാത്തിരിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു നല്ല ഓർമ്മപ്പെടുത്തൽ ആണ് ഇത് എന്ന് പ്രതീക്ഷിക്കാം.
1. നമുക്ക് ദൈവത്തിന്റെ സ്വഭാവത്തെക്കുറിച്ച് വലിയ കാഴ്ചപ്പാട് ഉണ്ടായിരിക്കണം [4a]
യെശയ്യാവ് 64:4—ന്റെ ആദ്യഭാഗം എങ്ങനെയാണ് എന്നത് ശ്രദ്ധിക്കുക, “നീയല്ലാതെ ഒരു ദൈവം തന്നേ കാത്തിരിക്കുന്നവന്നു വേണ്ടി പ്രവർത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല.” യെശയ്യാവിന് ദൈവത്തെക്കുറിച്ച് വലിയ കാഴ്ചപ്പാടുണ്ടായിരുന്നു. ഈ വാക്യത്തിനു തൊട്ടുമുൻപ്, ദൈവത്തിന്റെ കഴിഞ്ഞകാലപ്രവർത്തനങ്ങളെക്കുറിച്ച് യെശയ്യാവ് പറഞ്ഞിരിക്കുന്നു, പ്രത്യേകിച്ചും പർവ്വതങ്ങൾ കുലുങ്ങുമാറാക്കിയതിനെക്കുറിച്ച് [യെശയ്യാവ് 64:3]. ദൈവം പത്ത് കല്പനകൾ നൽകിയപ്പോൾ സീനായ് പർവ്വതം കുലുങ്ങിയതിനെ പരാമർശിക്കുന്നതായിരുന്നു അത്. ബൈബിളിലെ ദൈവം ശക്തനും ബലവാനുമാണ് എന്നും അവനെപ്പോലെ മറ്റാരുമില്ല എന്നും യെശയ്യാവ് കാണുന്നു. ഈ ദൈവം തന്റെ ജനത്തെ സ്നേഹിക്കുന്നവനും കരുണ കാണിക്കുന്നവനും കൂടിയാണ് എന്നും യെശയ്യാവ് അറിഞ്ഞിരുന്നു [പുറപ്പാട് 34:6]. ദൈവത്തിന്റെ സ്വഭാവത്തെക്കുറിച്ച് അത്തരം ഒരു വലിയ കാഴ്ചപ്പാട് ഉണ്ടായിരുന്നിതനാൽ, ദൈവം തന്റെ ജനത്തിന് രക്ഷ സാധ്യമാക്കും എന്ന് യെശയ്യാവിന് ഉറപ്പുണ്ടായിരുന്നു/ വിശ്വാസമുണ്ടായിരുന്നു.
സമാനമായതോ അല്ലെങ്കിൽ അതിലും വലിയതോ ആയ വിശ്വാസം നമുക്കുണ്ടായിരിക്കണം—യെശയ്യാവിൽ നിന്നും വ്യത്യസ്തരായി, നാം കുരിശിന്റെ ശേഷം ജീവിക്കുന്നവരാണ്. യേശുവിലൂടെ നമുക്ക് ദൈവത്തിന്റെ സ്വഭാവത്തിന്റെ വ്യക്തമായ ചിത്രം ലഭിച്ചിരിക്കുന്നു. ദൈവം നമുക്കു വേണ്ടി പ്രവർത്തിക്കുവാൻ ഉറപ്പോടുകൂടി കാത്തിരിക്കുവാൻ ഈ സ്വഭാവം മനസ്സിലാക്കുന്നത് നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. ദൈവത്തിന്റെ സ്വഭാവം വെളിപ്പിടുത്തുന്ന ദൈവത്തിന്റെ സവിശേഷഗുണങ്ങൾ ധ്യാനിക്കുന്നതിലൂടെ ദൈവത്തിന്റെ സ്വഭാവത്തെക്കുറിച്ച് വലിയ കാഴ്ചപ്പാട് വളർത്തിയെടുക്കുന്നതിൽ നമുക്ക് അവിരാമം ശ്രദ്ധ വയ്കാം.
2. നാം വിശുദ്ധ ജീവിതം പിന്തുടരുന്നവരായിരിക്കണം [5a]
യെശയ്യാ 64:5—ന്റെ ആദ്യഭാഗത്ത്, “സന്തോഷിച്ചു നീതി പ്രവർത്തിക്കുന്നവരെ നീ എതിരേല്ക്കുന്നു; അവർ നിന്റെ വഴികളിൽ നിന്നെ ഓർക്കുന്നു” എന്ന് പറയുന്നു. ഓർമ്മിക്കുക, “വഴികളിൽ ദൈവത്തെ ഓർക്കുകയും സന്തോഷിച്ച് നീതി പ്രവർത്തിക്കുകയും” ചെയ്യുന്നവർക്കു വേണ്ടി ദൈവം പ്രവർത്തിക്കുന്നു. സന്തോഷമുള്ള ഹൃദയത്തോടെ വിശുദ്ധ ജീവിതം പിന്തുടരുന്നവർക്ക് ദൈവത്തിന്റെ സഹായം ലഭിക്കും. ദൈവത്തിനായി കാത്തിരിക്കുന്നതിൽ ദൈവത്തിന്റെ സ്വഭാവത്തിൽ ഉള്ള വിശ്വാസവും ദൈവകല്പനയോട് വിധേയത്വമുള്ള പെരുമാറ്റവും ഒരുപോലെ ഉൾപ്പെടുന്നു.
യെശയ്യാവിന്റെ കാലത്തെ ജനങ്ങൾ ദൈവത്തിന്റെ വിടുതൽ അനുഭവമാക്കിയില്ല, കാരണം, അവർ പാപത്തിൽ ജീവിക്കുകയായിരുന്നു, “നീ കോപിച്ചപ്പോൾ ഞങ്ങൾ പാപത്തിൽ അകപ്പെട്ടു; ഇതിൽ ഞങ്ങൾ ബഹുകാലം കഴിച്ചു; ഞങ്ങൾക്കു രക്ഷ ഉണ്ടാകുമോ?” [യെശയ്യാ 64:5]. അവർ ദൈവത്തെ വിളിക്കുകയായിരുന്നില്ല. അവർക്ക് പ്രാർതനാജീവിതം ഉണ്ടായിരുന്നില്ല. അവർ പ്രാർഥിക്കുകയും ഉപവസിക്കുകയും ചെയ്തപ്പോഴും അവ പുറമേയുള്ള ഒരു പ്രഹസനം മാത്രമായിരുന്നു, ദൈവം അവരുടെ കാപട്യത്തെ തിരസ്കരിച്ചു [യെശയ്യാവ്]. അവർക്കു വേണ്ടി പ്രവർത്തിക്കുന്നതിൽ നിന്നും അവരുടെ പാപം ദൈവത്തെ തടഞ്ഞു—“നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നതു; നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാതവണ്ണം അവന്റെ മുഖത്തെ നിങ്ങൾക്കു മറെക്കുമാറാക്കിയതു” [യെശയ്യാ 59:2].
അതുപോലെ, നാം പാപത്തിൽ ജീവിച്ചാൽ എനിക്കും നിങ്ങൾക്കും വേണ്ടി ദൈവം പ്രവർത്തിക്കും എന്നു പ്രതീക്ഷിക്കുക സാധ്യമല്ല. പാപം എല്ലായ്പോഴും ദൈവത്തിന്റെ അനുഗ്രഹത്തെ തടയുന്നു! എന്നിരുന്നാലും, നാം വിശുദ്ധിയെ പിന്തുടർന്നാൽ, “വഴികളിൽ ദൈവത്തെ ഓർക്കുകയും സന്തോഷിച്ച് നീതി പ്രവർത്തിക്കുകയും” ചെയ്യുന്നവർക്കു വേണ്ടി ദൈവം പ്രവർത്തിക്കും എന്നത് ഉറപ്പാണ്. അതുകൊണ്ടാണ് നാം വിശുദ്ധിയെ പിന്തുടരേണ്ടത്.
അതായത്, ദൈവത്തിനായി കാത്തിരിക്കവെ, ദൈവം നമുക്കു വേണ്ടി പ്രവർത്തിക്കുവാൻ നാം ആഗ്രഹിക്കുമ്പോൾ ദൈവത്തിന്റെ സ്വഭാവത്തെക്കുറിച്ച് നമുക്ക് ഒരു വലിയ കാഴ്ചപ്പാട് ഉണ്ടായിരിക്കുകയും നാം വിശുദ്ധിയെ പിന്തുടരുകയും ചെയ്യണം.
സമാപന ചിന്തകൾ.
പലപ്പോഴും ദൈവത്തിനു വേണ്ടി കാത്തരിക്കുമ്പോൾ നാം നിരാശിതരാകുന്നു. നാം ദൈവത്തെ സംശയിക്കുവാൻ ആരംഭിക്കുന്നു നാം ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങൾ നടക്കാതിരിക്കുമ്പോൾ നാം കോപിഷ്ഠരും അസ്വസ്ഥരും ആയിത്തീരുന്നു! മറ്റുള്ളവരോട് നമുക്ക് അസൂയ പോലും തോന്നാം. ദുഷ്ടന്മാർ വളരുന്നതും നീതിമാന്മാർ കഷ്ടമനുഭവിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ ആസാഫ് ചെയ്തത് അപ്രകാരമാണ് [സങ്കീ 73]. നീതിമാനായ ഒരു ദൈവം നിയന്ത്രണം നടത്തുന്നു എന്നത് മറക്കുക എളുപ്പമാണ്! തന്മൂലം നാം അലസചിത്തരും ആയിത്തീരാം. “ദൈവത്തെ സേവിച്ചതുകൊണ്ട് എന്താണു പ്രയോജനം? എന്നെക്കുറിച്ച് ദൈവത്തിന് യാതൊരു കരുതലുമില്ല. ഞാൻ ഇത്രകാലവും കാത്തിരിക്കുകയായിരുന്നു, ദൈവം എനിക്കായി ഒന്നും ചെയ്തില്ല. പിന്നെ എന്തിനാണ് ദൈവത്തെ സേവിക്കുന്നത്?” എന്നിങ്ങനെയുള്ള ചിന്തകൾ നമ്മെ നിയന്ത്രിക്കുവാൻ ആരംഭിക്കും?
നാം ദൈവത്തിനായി കാത്തിരിക്കുമ്പോൾതന്നെ ദൈവം നമുക്കുവേണ്ടി പ്രവർത്തിക്കുന്നു എന്നത് നാം മറക്കുന്നു. ദൈവം നമ്മുടെ സ്വഭാവത്തെ രൂപപ്പെടുത്തുകയാണ്. നാം മാനസാന്തരപ്പെട്ട് പിന്തിരിഞ്ഞ് ദൈവത്തിലേയ്ക്ക് തിരിയേണ്ടതിന് നമ്മുടെ ഹൃദയങ്ങളിലെ വിഗ്രഹങ്ങളെ ദൈവം വെളിപ്പെടുത്തുന്നു. മറ്റുള്ളവരുടെ വേദനയും കഷ്ടപ്പാടുകളും മനസ്സിലാക്കി അവരോട് ഫലകരമായി ശുശ്രൂഷ ചെയ്യുവാൻ നമുക്ക് സാധിക്കേണ്ടതിന് ദൈവം നമ്മിൽ ക്ഷമ, സഹിഷ്ണത, സൗമ്യത, ദയ എന്നിവ വളർത്തുകയാണ്.
കൂടാതെ, നമ്മുടെ ജീവിതങ്ങളിൽ ദൈവത്തിന്റെ സർവ്വാധികാരം അംഗീകരിക്കുവാനും കാത്തിരിപ്പിന്റെ പ്രക്രിയയിൽ ദൈവം നമ്മെ പഠിപ്പിക്കുന്നു. ദൈവം കുശവനും നാം കളിമണ്ണുമാണെന്ന് താൻ നമ്മെ പഠിപ്പിക്കുന്നു. സകലത്തിന്റെയും അധികാരി ദൈവമാണ്. അവൻ തനിക്ക് ഇഷ്ടമുള്ളത്, തനിക്കിഷ്ടമുള്ളപ്പോൾ, തനിക്കിഷ്ടമുള്ള വിധത്തിൽ ചെയ്യുന്നു. സ്വന്തം കാര്യപരിപാടി അനുസരിച്ച് ആർക്കും ദൈവത്തെ നിർബന്ധിക്കുവാൻ സാധ്യമല്ല. ഈ സത്യങ്ങൾ പൂർണ്ണഹൃദയത്തോടെ നാം അംഗീകരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു.
“തനിക്കായി കാത്തിരിക്കുന്നവർക്കു വേണ്ടി പ്രവർത്തിച്ചുകൊണ്ട് ദൈവം തന്നത്താൻ മഹത്വപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നു” എന്ന് ജോൺ പൈപ്പർ ശരിയായി പറഞ്ഞിരിക്കുന്നു. “ഗോഡ് ഇസ് നൊട്ട് ഇൻ എ ഹറി” എന്ന തന്റെ പുസ്തകത്തിൽ വാരൻ വേഴ്സ്ബി ഇപ്രകാരം പറഞ്ഞു, “എനിക്കും നിങ്ങൾക്കും ചെയ്യുവാൻ സാധിക്കുന്ന ഏറ്റവും ഉത്തമമായ കാര്യം നമ്മുടെ വാച്ചുകളിലേയ്കും കലണ്ടറുകളിലേയ്കും നോക്കുന്നത് നിർത്തിയശേഷം, വിശ്വാസത്തിൽ ദൈവത്തിന്റെ മുഖത്തേയ്കു നോക്കുകയും ദൈവത്തിന്റേതായ വിധത്തിൽ ദൈവത്തിന്റെ സമയത്തിനായി അനുവദിക്കുകയുമാണ്.”
ദൈവഭക്തി, പക്വത, യഥാർഥ ആത്മീയത എന്നിവയിൽ ഏറ്റവും ഉത്കൃഷ്ടമായ അധ്യാപകനും പരിശീലകനും കഷ്ടത കഴിഞ്ഞാൽ കാത്തിരിപ്പുതന്നെയാണ്. അതുകൊണ്ട്, തിരിഞ്ഞു നോക്കി നാം എത്രമാത്രം കാത്തിരുന്നു എന്നോ മുൻപോട്ടു നോക്കി ഇനിയും എത്രനാൾ കാത്തിരിക്കണം എന്നോ ചിന്തിക്കാതിരിക്കാം. നമുക്ക് അസ്വസ്ഥരും കോപിഷ്ഠരും നിരാശിതരും ഭയചികിതരും ആയി നമ്മുടെ സമാധാനവും നമ്മുടെ ഒപ്പമുള്ളവരുടെ സമാധാനവും നശിപ്പിക്കാതിരിക്കാം. നമുക്കു ചുറ്റുമുള്ള മനുഷ്യരുടെ മുൻപിൽ ദുർസാക്ഷ്യം കാഴ്ചവയ്കാതിരിക്കാം.
അതിവേഗത്തിലും നമുക്ക് അനുകൂലവുമായും പ്രവർത്തിച്ചാൽ മാത്രമേ ദൈവം നല്ലവനാകുകയുള്ളൂ എന്നാണോ?
ഉത്തരം ‘അതെ’ എന്നാണ് എങ്കിൽ, ദൈവം ആഗ്രഹിക്കുന്നതുപോലെ നമ്മെ രൂപപ്പെടുത്തുവാൻ അനുവദിക്കുന്നതിനു പകരം, നാം ആഗ്രഹിക്കുന്നതു നേടിയെടുക്കുവാൻ ദൈവത്തെ ഉപയോഗിക്കുകയാണ് നാം ചെയ്യുന്നത്. അത്തരം പാപകരമായ മനോഭാവത്തെക്കുറിച്ച് നമുക്ക് മാനസാന്തരപ്പെടാം. ദൈവത്തിന് പ്രസാധകരമായ വിധത്തിൽ കാത്തിരിക്കുന്നതിന് വേണ്ട ബലത്തിനായി നമുക്ക് ദൈവത്തിൽ ചാരാം. നാളെയെക്കുറിച്ച് ഭാരപ്പെടേണ്ട ആവശ്യമില്ല. ഓരോ ദിവസത്തിനും അതതിന്റെ ഭാരം ഉണ്ട് [മത്തായി 6:34]. ഇന്ന് കാത്തിരിക്കുന്നതിനുള്ള ബലവും കൃപയും ദൈവം നമുക്കു നൽകുന്നു. നാളെ വരുമ്പോൾ, നാളെ എന്നത് ഇന്നായിത്തീരുമ്പോൾ, ആ ദിവസത്തേയ്കുള്ള അവന്റെ കൃപ നമുക്കു മതിയാകും. ‘ഇല്ല’ എന്നുള്ള ഒരു ഉത്തരംപോലും ദൈവം നമുക്കു വേണ്ടി, നമ്മുടെ നന്മയ്കും തന്റെ ആത്യന്തിക മഹത്വത്തിനുമായി നമുക്കായി പ്രവർത്തിക്കുന്നതാണ് എന്ന് വിശ്വസിക്കുവാൻ നമുക്ക് പഠിക്കാം.
അതുകൊണ്ട്, ബൈബിൾ പറയുന്നപ്രകാരം ദൈവത്തിനായി കാത്തിരിക്കുവാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഈ അത്ഭുതവാനും അതുല്യനുമായ “ദൈവം” തനിക്കായി കാത്തിരിക്കുന്നവർക്കു വേണ്ടി പ്രവർത്തിക്കുന്നു. തന്റെ വഴികളെ ഓർമ്മിച്ച്സ “ന്തോഷത്തോടെ നീതി പ്രവർത്തിക്കുന്ന”വരുടെ സഹായത്തിനായി ദൈവം വരുന്നു.