ദൈവഭക്തനായ പിതാവിന്റെ വാങ്മയചിത്രം—ഭാഗം 1

(English Version: “Portrait Of A Godly Father – Part 1 – What Not To Do”)
“ഒരു രാജ്യത്തിന്റെ നാശം ആരംഭിക്കുന്നത് അതിലെ ജനങ്ങളുടെ ഭവനത്തിൽ നിന്നാണ്.” എന്ന് ഒരു ആഫ്രിക്കൻ പഴഞ്ചൊല്ല് പറയുന്നു. നിർഭാഗ്യവശാൽ, ലോകമെമ്പാടും ഭവനങ്ങൾ തകരുമ്പോൾ, ഈ പഴഞ്ചൊല്ല് നമ്മുടെ കൺമുൻപിൽ യാഥാർഥ്യമാകുന്നത് നാം കാണുന്നു. ഈ തകർച്ചയുടെ കാരണങ്ങളിലൊന്ന് “ചുമതലാബോധമില്ലാത്ത അപ്പന്മാർ” എന്നു വിശേഷിപ്പിക്കാവുന്ന പിതാക്കന്മാരാണ്.
ചുമതലാബോധമില്ലാത്ത ഒരു പിതാവ്, നിയമവ്യവസ്ഥയുടെ കണ്ണിൽ തന്റെ കടമകൾ നിർവ്വഹിക്കുന്നതിൽ പരാജയപ്പെടുന്നു. അതായത്, കുട്ടിയുടെ ആവശ്യത്തിന് പണം നൽകുകയും ബാക്കിയുള്ള എല്ലാ ചുമതലകളും അമ്മയെ ഏൽപ്പിക്കുകയും ചെയ്യുക എന്നർഥം. അതുകൊണ്ട്, കോടതികൾ ഇത്തരത്തിലുള്ള ചുമതലാബോധമില്ലാത്ത അപ്പന്മാരെ പിന്തുടർന്ന് അവരോട് കർശനമായി ഇടപെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ, ചുമതലാബോധമില്ലാത്ത അപ്പന്മാർ എന്ന് പറയുമ്പോൾ ഞാൻ അർഥമാക്കുന്നത്, ദൈവത്തിന്റെ കാഴ്ചപ്പാടിൽ ആത്മീയമായ ചുമതലാബോധമില്ലാത്ത അപ്പന്മാർ എന്നാണ്. തങ്ങളുടെ ആത്മീയമായ കടമകൾ നിറവേറ്റുവാൻ പരാജയപ്പെടുന്ന പിതാക്കന്മാരുണ്ട്. ശാരീരികവും ഭൗതികവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾ നടത്തിക്കൊടുത്തുകഴിഞ്ഞാൽ തങ്ങളുടെ കടമകൾ ചെയ്തുകഴിഞ്ഞു എന്നു കരുതുന്നവരാണ് ഇത്തരത്തിലുള്ള പിതാക്കന്മാർ, അതിന്റെ ഫലമോ–“ആത്മീയ അനാഥർ” എണ്ണത്തിൽ വർധിക്കുന്നു. അതിനാലാണ് ദൈവഭക്തരായ പിതാക്കന്മാർ, ദൈവത്തിന്റെ കണ്ണിൽ ശരിയായത് ചെയ്യുന്ന പിതാക്കന്മാർ ഉണ്ടാകണം എന്ന ആവശ്യം നിലനിൽക്കുന്നത്.
ദൈവഭക്തിയുള്ള പിതാക്കന്മാരാകുവാൻ ആഗ്രഹിക്കുന്നവരുടെ സഹായത്തിന് അപ്പോസ്തലനായ പൗലോസ് എത്തുന്നു, എഫെസ്യർ 6:4 “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പാത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ.” പിതാക്കന്മാർക്ക് രണ്ട് കല്പനകൾ നൽകുന്നു: എന്തു ചെയ്യരുത്നി [ഷേധാത്മകം], എന്തു ചെയ്യണം [ക്രിയാത്മകം]. ആദ്യത്തെ കല്പന ഈ പോസ്റ്റിലും രണ്ടാമത്തേത് അടുത്ത പോസ്റ്റിലുമായി നാം കാണുന്നതാണ്. [കുറിപ്പ്: ഈ കല്പന പിതാക്കന്മാരോടാണ് എങ്കിലും, ഇവയിൽ പലതും അമ്മമാർക്കും പ്രായോഗികമാക്കാവുന്നതാണ്!]
പിതാക്കന്മാർ–എന്തു ചെയ്യരുത് [നിഷേധാത്മകം]
“പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ.” ഈ വാക്യത്തിൽ “പിതാക്കന്മാരേ” എന്നു പരിഭാഷ ചെയ്തിരിക്കുന്ന പ്രയോഗം പ്രാഥമികമായി പിതാക്കന്മാരെ പരാമർശിക്കുന്നതാണ്. എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ അപ്പന്മാരെയും അമ്മമാരെയും കുറിക്കുന്നതിന് ഇത് ഉപയോഗിച്ചിട്ടുണ്ട്. എബ്രായർ 11:23-ൽ “അമ്മയപ്പന്മാർ” [ഇവിടെ മോശെയുടെ അപ്പനെയും അമ്മയെയും കുറിച്ചു പറയുവാൻ] എന്ന് പരിഭാഷ ചെയ്തിരിക്കുന്നു. എന്നാൽ, ഇവിടെ, പ്രാഥമികമായും പിതാക്കന്മാരെ ഉദ്ദേശിച്ചാണ് പറയുന്നത്. എങ്കിലും, ഈ സത്യങ്ങൾ തീർച്ചയായും അമ്മമാർക്കും ഒരുപോലെ പ്രായോഗികമാണ്!
വളച്ചുകെട്ടാതെതന്നെ പൗലോസ് പിതാക്കന്മാർക്ക് കല്പന നൽകുന്നു: “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ.” “കോപിപ്പിക്കാതെ” എന്നതിന് ഉപയോഗിച്ചിരിക്കുന്ന പദത്തിന്റെ അർഥം “അവർ കുപിതരാകുവാൻ കാരണമാകുക, അവരെ ശുണ്ഠി പിടിപ്പിക്കുക, പ്രകോപനം ഉണ്ടാക്കുക, അസ്വസ്ഥതയുണ്ടാക്കുക” എന്നിങ്ങനെയാണ്. സമാനമായ ഒരു വേദഭാഗത്ത് പൗലോസ് പിതാക്കന്മാർക്ക് ഇപ്രകാരം എഴുതുന്നു, “പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു” [കൊലൊസ്സ്യർ 3:21]. മറ്റൊരു തരത്തിൽ പറഞ്ഞാൽ, മക്കളെ കുപിതരാക്കുകയോ കയ്പുള്ളവരാക്കുകയോ നിരാശിതരാക്കുകയോ ചെയ്യുന്ന വിധത്തിൽ പ്രവൃത്തിക്കരുത് എന്നാണ് പൗലോസ് പിതക്കന്മാരോട് കല്പിക്കുന്നത്.
അതുകൊണ്ട്, നമുക്കുള്ള ചോദ്യമിതാണ്: എപ്രകാരമാണ് പിതാക്കന്മാർ മക്കളെ കോപിപ്പിക്കുകയും അസ്വസ്ഥരാക്കുകയും ശുണ്ഠി പിടിപ്പിക്കുകയും അധൈര്യപ്പെടുത്തുകയും ചെയ്യുന്ന വിധത്തിൽ പ്രവർത്തിക്കുന്നത്? ചുരുങ്ങിയപക്ഷം 7 കാര്യങ്ങൾ താഴെ നിരത്തിയിരിക്കുന്നു.
1. അമിതസംരക്ഷണം
തങ്ങളുടെ മക്കൾക്ക് എന്തു സംഭവിക്കും എന്ന ഭീതിയിൽ പല മാതാപിതാക്കളും അവരുടെ പിന്നാലെയുണ്ട്. അവർ കുട്ടികളോട് , “അതു ചെയ്യരുത്, ഇത് ചെയ്യരുത്” എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. മറ്റു കുട്ടികളുമായി ഇടപഴകുന്നതിൽ നിന്നുപോലും അവർ മക്കളെ തടയുന്നു.
“മോശമായ സ്വാധീനങ്ങളിൽ നിന്നും എന്റെ മക്കളെ ഞാൻ സംരക്ഷിക്കേണ്ടതല്ലയോ?” എന്നു നിങ്ങൾ ചിന്തിച്ചേക്കാം. ശരിയാണ്, കുട്ടികൾക്കു മുന്നറിയിപ്പു നൽകുകയും അവരുടെ മേൽ ശ്രദ്ധയുണ്ടാകുകയും വേണം. എന്നാൽ, അത് ഒരു പരിധി വരെ മാത്രമേ ആകാവൂ. ഒരു കുട്ടിയ്ക് അമിതമായ സംരക്ഷണം ലഭിച്ചാൽ, അത് അവനെ നിരാശിതനാക്കുക മാത്രമാണ് ചെയ്യുന്നത്. തത്ഫലമായി, അവന് അമർഷമനോഭാവം ഉണ്ടാകുവാനിടയുണ്ട്.
2. പക്ഷപാതിത്വം
മക്കളിൽ ഒരുവനോട് മറ്റുള്ളവരേക്കാൾ പ്രീതി കാട്ടുക എന്നതാണ് പക്ഷപാതിത്വം എന്നത് അർഥമാക്കുന്നത്. ഉദാഹരണത്തിന്, യിസ്ഹാക്ക് യാക്കോബിനേക്കാൾ ഏശാവിനെ സ്നേഹിച്ചു [ഉല്പത്തി 25:28]; റിബെക്ക ഏശാവിനേക്കാൾ യാക്കോബിനെ സ്നേഹിച്ചു [ഉല്പത്തി 25:28]; യാക്കോബ് തന്റെ എല്ലാമക്കളിലും വച്ച് യോസേഫിനെ അധികം സ്നേഹിച്ചു [ഉല്പത്തി 37:3]. നിർഭാഗ്യവശാൽ, മേൽപ്പറഞ്ഞ പ്രവൃത്തികൾ ഓരോന്നും ദുരന്തത്തിൽ കലാശിച്ചു.
പക്ഷപാതിത്വത്തിന് കാരണങ്ങൾ പലുതുണ്ടാകാം. ഒരുപക്ഷെ, നിങ്ങളുടെ മക്കളിൽ ഒരാൾ മറ്റുള്ളവരേക്കാൾ നിങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുകയും അങ്ങനെ നിങ്ങളുടെ പ്രീതിയ്കു പാത്രമാകുകയും ചെയ്തേക്കാം. ഒരുപക്ഷെ, ആ കുട്ടിയ്ക് നിങ്ങളുടെ അതേ വിനോദം ഉണ്ടായിരിക്കാം. ഒരുപക്ഷെ, ആ കുട്ടി മറ്റുള്ളവരേക്കാൾ മിടുക്കനായിരിക്കാം. അതിനാൽ, നിങ്ങൾ അവനോട് കൂടുതൽ സ്നേഹം കാണിക്കുന്നു.
തത്ഫലമായി, മറ്റു കുട്ടികൾക്ക് ചെറിയ കാര്യങ്ങൾക്ക് ശിക്ഷ ലഭിക്കുന്ന സ്ഥാനത്ത് ആ പ്രിയ കുട്ടിയ്ക് ഏതു കാര്യത്തിൽ നിന്നും രക്ഷപെടുവാൻ സാധിക്കും. എന്നാൽ, അവഗണന നേരിടുന്ന കുട്ടിയ്ക് അഥവാ കുട്ടികൾക്ക് ദീർഘകാലം കൊണ്ട് കയ്പ്, കോപം നിരാശ എന്നിവ നിറഞ്ഞവരാകുവാൻ പക്ഷപാതിത്വം കാരണമാകും.
3. അന്യായമായ ആവശ്യപ്പെടൽ
പല മാതാപിതാക്കളും തങ്ങൾ ആഗ്രഹിക്കുന്നത് അഥവാ തങ്ങൾക്ക് സ്വയം നേടിയെടുക്കുവാൻ സാധിക്കാതിരുന്നത് കുട്ടികൾ നേടിയെടുക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കുട്ടികളിലൂടെ തങ്ങളുടെ ജീവിതം ജീവിക്കുവാൻ ആഗ്രഹിക്കുന്നവരാണവർ. “ഒരു ഡോക്ടർ ആയിത്തീരുക, ഒരു എഞ്ചിനീയർ ആയിത്തീരുക, സ്പോർട്സിൽ മികവു കാട്ടുക” എന്നിങ്ങനെ. സാധിക്കുന്നതിനുമധികം നേട്ടങ്ങൾ നേടുവാൻ അവർ കുട്ടികളെ നിർബന്ധിക്കുന്നു. അത്തരത്തിലുള്ള പെരുമാറ്റം കുട്ടികളെ കുപിതരാക്കുവാനിടയുണ്ട്.
കുട്ടികൾ മികവുറ്റവരാകുവാൻ പ്രതീക്ഷിക്കുന്നത് തെറ്റാണോ? നമ്മുടെ ഉദ്ദേശ്യം ദൈവത്തെ മഹത്വപ്പെടുത്തുന്നതും അത് അവരുടെ ജീവിതങ്ങളെക്കുറിച്ച് ദൈവത്തിന്റെ ഹിതവുമാണ് എങ്കിൽ അത് തെറ്റല്ല. എന്നിരുന്നാലും, അന്യായമായ ആവശ്യപ്പെടലുകൾ കുട്ടികളെ നിരുത്സാഹപ്പെടുത്തുകയും കയ്പുള്ളവരാക്കുകയും മാത്രമാണ് ചെയ്യുന്നത്. തങ്ങൾക്ക് ഒരിക്കലും പരാജയപ്പെടുവാൻ കഴിയില്ലെന്നും മാതാപിതാക്കളുടെ പ്രതീക്ഷകൾക്കനുസൃതമായ പ്രകടനം കാഴ്ചവച്ചാൽ മാത്രമേ അവർ തങ്ങളെ സ്നേഹിക്കുകയുള്ളൂ എന്നും കുട്ടികൾക്കു തോന്നും.
4. സ്നേഹത്തിന്റെ കുറവ്
ചില പിതാക്കന്മാർ അവരുടെ ജീവിതത്തിന് കുട്ടികൾ തടസ്സമായി കാണുന്നു. “എനിക്ക് സ്വാതന്ത്ര്യം ഇഷ്ടമാണ്. എന്നാൽ, കുട്ടികൾ ഉള്ളപ്പോൾ എനിക്ക് ആ സ്വാതന്ത്ര്യം നഷ്ടമാകുന്നു. എന്റെ സമയം ഇഷ്ടംപോലെ ഉപയോഗിക്കുവാൻ സാധിക്കുന്നില്ല” എന്നിങ്ങനെയാണ് അവരുടെ തോന്നൽ. അതിനാൽ, അവർ സ്നേഹം പ്രകടിപ്പിക്കുന്നില്ല. കൂടാതെ, കുട്ടികൾ ഉള്ളതിനാൽ അമ്മയ്ക് ജോലി ചെയ്യുന്നതിനും തന്റെ കരിയർ മുമ്പോട്ടു കൊണ്ടുപോകുന്നതിനും സാധിക്കുന്നില്ല എങ്കിൽ, സാമ്പത്തിക വിജയവും സ്ഥിരതയും കൈവരിക്കുന്നതിന് അവർ തടസ്സമായി കണക്കാക്കപ്പെടുന്നു.
കുട്ടികളെ സ്നേഹിക്കുന്നതിൽ പല പിതാക്കന്മാരും പരാജയപ്പെടുന്നതിന് മറ്റൊരു കാരണം അവരുമായി സമയം ചെലവഴിക്കുവാൻ പരാജയപ്പെടുന്നതാണ്. എന്തുകൊണ്ട്? കാരണം, ഭൗതികതയ്കും മറ്റു സന്തോഷങ്ങൾക്കും പിന്നാലെയുള്ള ഓട്ടത്തിൽ വ്യാപൃതരായിരിക്കുന്നതിനാൽ അവർക്ക് കുട്ടികളോടൊത്ത് ചിലവഴിക്കുവാൻ സമയമില്ല.
വർഷങ്ങൾ കടന്നുപോകവെ, പിതാവിന് ഒരിക്കലും തങ്ങൾ പ്രാധാന്യമുള്ളവരായിരുന്നില്ല, തൊഴിൽ ആയിരുന്നു പ്രധാനപ്പെട്ടത് എന്ന് അവർ മനസ്സിലാക്കും. അത് അവരെ കയ്പിലേയ്കും അമർഷത്തിലേയ്കും നയിക്കും.
5. കഠിനമായ ശിക്ഷ
ചില പിതാക്കൻമാർ തങ്ങളുടെ കുട്ടികളെ ഒരിക്കലും ശിക്ഷിക്കാതിരിക്കുമ്പോൾ മറ്റു ചിലർ അതിരുകടന്ന് കഠിനമായി ശിക്ഷിക്കുന്നവരാണ്. അവർ വേദനയല്ല, മുറിവ് ഉണ്ടാക്കുന്നു. ചിലപ്പോൾ, പിതാക്കന്മാർ കോപത്തിലും നിരാശയിലും കുട്ടികളെ പ്രഹരിക്കുന്നു. എന്തുകൊണ്ടാണ് ശിക്ഷിച്ചത് എന്നതിന് മതിയായ കാര്യങ്ങൾ ഉണ്ടായിരിക്കുകയില്ല.
“ചിലപ്പോഴൊക്കെ എന്റെ പിതാവ് എന്തിനാണ് എന്നെ ശിക്ഷിച്ചത് എന്ന് അറിയില്ല. ഒരുപക്ഷെ, അദ്ദേഹം കോപിച്ചിരുന്നതിനാലായിരിക്കാം. ഞാൻ മിണ്ടാതിരിക്കും.” ചിലപ്പോൾ, അവർ പോയി അമ്മയോടു പരാതി പറയും. പാവം അമ്മ, എന്തു പറയുവാൻ കഴിയും?
ഇത്തരത്തിലുള്ള കഠിനമായ ശിക്ഷകൾ മൂലം, കാലം കഴിയുമ്പോൾ, കുട്ടിയ്ക് പിതാവിനോട് ആഴമായ വിദ്വേഷം ഉണ്ടാകുവാൻ കാരണമായേക്കാം. യു എസ് പ്രസിഡന്റെ ജോർജ് ബുഷ് (മകൻ) ഒരിക്കൽ പറഞ്ഞതിനെക്കുറിച്ച് വായിച്ചത് ഞാനോർക്കുന്നു, “വളരുന്ന പ്രായത്തിൽ എനിക്ക് പരാജയപ്പെടുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു.” കഠിനമായ ശിക്ഷകളെ ഭയക്കാതെ തങ്ങൾക്ക് പരാജയപ്പെടുവാനുള്ള സ്വാതന്ത്ര്യമുണ്ട് എന്ന് കുട്ടികൾക്കു തോന്നേണ്ടതാണ്!
6. മുറിപ്പെടുത്തുന്ന സംസാരം
“നീ ഒരു വിഡ്ഡിയാണ്, ഒന്നിനും കൊള്ളാത്തവൻ, ഒരു കാര്യവും ശരിയായി ചെയ്യുവാൻ കഴിവില്ലാത്തവൻ” എന്നിങ്ങനെയുള്ള വാക്കുകൾ വളരെയധികം മുറിപ്പെടുത്തും. നാം ഒരിക്കലും കുട്ടികളെ തിരുത്തരുത് എന്നല്ല ഇതിനർഥം. കുട്ടികൾ തെറ്റിപ്പോകുമ്പോൾ അവരെ തിരുത്തണമെന്നാണ് എഫേസ്യർ 6:4–ന്റെ അവസാനഭാഗം നമ്മെ ആഹ്വാനം ചെയ്യുന്നത്. എന്നാൽ, ഇവിടെയുള്ള പ്രശ്നം മുറിപ്പെടുത്തുന്ന വാക്കുകയൾ ഉപയോഗിക്കുന്നതാണ്. ഒരു പിതാവ് ആക്ഷേപകരമായ വാക്കുകൾ ഉപയോഗക്കുമ്പോൾ കോപവും അമർഷവും കുട്ടികളുടെ ഉള്ളിൽ വളരുകയും ഉടൻതന്നെയോ പിന്നീടോ നന്നാക്കാൻ ആകാത്ത വിധത്തിൽ അവർ തമ്മിലുള്ള ബന്ധം മോശമാകുകയും ചെയ്യുന്നു.
ഇതിന്റെ നേർവിപരീതവും ശരിയായ കാര്യമല്ല. നിങ്ങളുടെ കുട്ടി ഈ ലോകത്തിലെ ഏറ്റവും നല്ല കുട്ടിയാണെന്ന തരത്തിൽ സ്ഥിരമായ അതിപ്രശംസയും കുട്ടിയുടെ അഹന്ത വളർത്തുവാൻ ഇടയാക്കും. അവർ നല്ലത് ചെയ്യുമ്പോൾ തീർച്ചയായും അഭിനന്ദിക്കുകയും തെറ്റ് ചെയ്യുമ്പോൾ തിരുത്തുകയും ചെയ്യണം. എന്നാൽ അത്തരത്തിലുള്ള അവലോകനങ്ങൾ നടത്തുമ്പോൾ നാം നമ്മുടെ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതുണ്ട്.
7. മറ്റുള്ളവരുമായി താരതമ്യം ചെയ്യൽ
കുട്ടികളെ മുറിവേൽപ്പിക്കുന്ന സർവ്വസാധാരണമായ രീതിയാണ് മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്നത്. “അവനെ നോക്കുക. നിനക്കെന്തുകൊണ്ട് അവനെപ്പോലെ ആയിക്കൂടാ?” ഏതെങ്കിലും ഒരു കുട്ടി എന്തെങ്കിലും ഒരു കാര്യം ചെയ്തിരിക്കാം; ഉടനടി, നമ്മുടെ കുട്ടികളും അതുപോലെ ചെയ്യണമെന്ന്–ദൈവം അവരെ അതിനു വിളിച്ചാലും ഇല്ലെങ്കിലും–നാം ആഗ്രഹിക്കുന്നു! മറ്റുള്ളവർ നേടിയത് അവൻ നേടുവാൻ സ്ഥിരമായി നിർബന്ധിക്കുന്നു.
20 നും 30-നുമിടയിൽ പ്രായമുള്ള തന്റെ മകനോട് ഒരു പിതാവ് ഒരിക്കൽ പറഞ്ഞു, “എത്രയോ ആളുകൾ അവരുടെ ഇരുപതുകളിൽ ജീവിതവിജയം നേടി.” ആ പ്രായത്തിലുള്ള പ്രശസ്തരായ ചിലരുടെ പേരുകൾ അവനുമായി താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം കുട്ടിച്ചേർത്തു. പിതാവിന്റെ അടിയ്കടിയുള്ള താരതമ്യങ്ങളിൽ മനം മടുത്ത മകൻ ഇപ്രകാരം തിരിച്ചടിച്ചു, “അപ്പന് 50 വയസ്സു കഴിഞ്ഞതല്ലേയള്ളൂ. അപ്പന്റെ ഈ പ്രായത്തിൽ എബ്രഹാം ലിങ്കൺ പ്രസിഡന്റായിരുന്നു. എന്തുകൊണ്ടാണ് അപ്പന് അദ്ദേഹത്തെപ്പോലെ ആകുവാൻ സാധിക്കാത്തത്?”
കുട്ടികൾ തെറ്റപ്പോകുമ്പോൾ, ശരിയായി കാര്യങ്ങൾ ചെയ്യുന്ന മറ്റുകുട്ടികളുടെ ഉദാഹരണങ്ങളിലൂടെ തന്റെ മക്കളെ ഒരുവൻ പ്രോത്സാഹിപ്പിക്കുന്നത് തെറ്റല്ല. അസൂയയിൽ നിന്നും വരുന്ന താരത്യമാണ് പ്രശ്നം.
പലപ്പോഴും, മത്സരബുദ്ധിയുള്ള മാതാപിതാക്കളിൽ നിന്നുമാണ് അത്തരത്തിലുള്ള താരതമ്യങ്ങൾ ഉടലെടുക്കുന്നത്. തത്ഫലമായി, അവർ തങ്ങളുടെ മത്സരസ്വഭാവം മക്കളിലേയ്കും തള്ളിവിടുന്നു! അത്തരത്തിലുള്ള പ്രവൃത്തികൾ ദീർഘനാളുകൾക്കൊണ്ട് മക്കളെ നിരാശിതരും വിദ്വേഷമുള്ളവരും ആക്കിത്തീർക്കുകയും “ഞാൻ ആയിരിക്കുന്നതുപോലെ എന്നെ സ്നേഹിക്കുവാൻ എന്റെ മാതാപിതാക്കൾക്ക് സാധിക്കത്തത് എന്തുകൊണ്ടാണ്?” എന്ന് ചോദിക്കുവാൻ ഇടയാക്കുകയും ചെയ്യുന്നു.
മക്കളെ കയ്പ്, കോപം, നിരാശ എന്നിവയുള്ളവരാക്കിത്തീരക്കുവാൻ അപ്പന്മാർ [അമ്മമാരും] ചെയ്യുന്ന 7 കാര്യങ്ങൾ: അമിതസംരക്ഷണം, പക്ഷപാതിത്വം, അന്യായമായ ആവശ്യപ്പെടൽ, സ്നേഹത്തിന്റെ കുറവ്, കഠിനമായ ശിക്ഷ, മുറിപ്പെടുത്തുന്ന സംസാരം, മറ്റുള്ളവരുമായി താരതമ്യം ചെയ്യൽ.
ഇതിനോടു കൂട്ടിച്ചേർക്കുവാൻ ഒരുവന് സാധിക്കും എന്ന് എനിക്കുറപ്പുണ്ട്. എന്നാൽ, നാം മാതാപിതാക്കൾ ആത്മാർഥമായി ചോദിക്കേണ്ട ചോദ്യമിതാണ്: ഈ പാപങ്ങളിൽ ഏതിലെങ്കിലും, മിക്കവയിലും, അല്ലെങ്കിൽ എല്ലാറ്റിലും നാം കുറ്റമുള്ളവരാണോ? അങ്ങനെയെങ്കിൽ, സത്യസന്ധമായി കർത്താവിന്റെ അടുക്കൽ ചെല്ലുകയും കുറവുകൾ നമുക്കു കാണിച്ചുതരുവാൻ അപേക്ഷിക്കുകയും ചെയ്യുക. അതിനുശേഷം, ഈ പാപങ്ങളെക്കുറിച്ചു മാനസാന്തരപ്പെടുക, ക്ഷമ ചോദിക്കുക, ഈ പാപങ്ങളുടെ മേൽ വിജയം നേടുവാൻ സഹായം അപേക്ഷിക്കുക.
എന്തു ചെയ്യരുത് എന്ന് നാം കണ്ടു കഴിഞ്ഞു. അടുത്ത പോസ്റ്റിൽ എന്തു ചെയ്യണം എന്നത് നാം കാണുന്നതാണ്.