നരകം – അർഥവും യാഥാർഥ്യങ്ങളും – ഭാഗം 2

Posted byMalayalam Editor May 30, 2023 Comments:0

(English Version: Hell – Its Realities and Implications – Part 2 )

“നരകം—അർഥവും യാഥാർഥ്യങ്ങളും” എന്ന പരമ്പരയുടെ രണ്ടാമത്തേതും അവസാനത്തേതുമായ ലേഖനമാണിത്.

ഭാഗം 1-ൽ നരകം സംബന്ധിച്ചുള്ള 4 യാഥാർഥ്യങ്ങൾ നാം കണ്ടു:

  1. നരകം ഒരു യഥാർഥ സ്ഥലമാണ്.
  2. നരകം നിത്യമായതും സചേതനമായതുമായ യാതനയുടെ സ്ഥലമാണ്.
  3. നരകം അങ്ങേയറ്റം ദുഷ്ടന്മാരായവരും മാന്യന്മാരായവരും ഒരുമിക്കുന്ന സ്ഥലമാണ്.
  4. നരകം പ്രത്യായശറ്റ സ്ഥലമാണ്

ഭയാനകമായ ഈ യാഥാർഥ്യങ്ങളുടെ വെളിച്ചത്തിൽ, ഇതാ അതിൽ ഉൾക്കൊള്ളുന്ന 4 കാര്യങ്ങൾ – ഒരുവൻ ക്രിസ്ത്യാനിയാണെങ്കിൽ അവന് പ്രസക്തമായ 3 കാര്യങ്ങൾ, അക്രൈസ്തവനാണെങ്കിൽ അവന് പ്രസക്തമായ 1 കാര്യം.

ക്രിസ്ത്യാനിയ്ക് പ്രസക്തമായ കാര്യങ്ങൾ.

1.  നാം എപ്പോഴും ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ടിരിക്കണം.

യേശു കുരിശിന്മേൽ കടിന്നുകൊണ്ട് നിലവിളിച്ചു, “എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈവിട്ടത് എന്തു?” യേശു ദൈവത്താൽ കൈവിടപ്പെട്ടതിനാൽ, ദൈവത്തിന്റെ കൃപയാൽ യേശുവിൽ ആശ്രയിക്കുന്നവരായ നാം ഒരിക്കലും കൈവിടപ്പെടുകയില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ, നാം അർഹിച്ചിരുന്ന ദൈവക്രോധം യേശു തന്റെ കഷ്ടതയാൽ ഒപ്പിയെടുത്തു. നാം നരകത്തിന്റെ ഭീകരത ഒരിക്കലും – ഒരു നിമിഷംപോലും – അനുഭവിക്കതിരിക്കേണ്ടതിന് യേശു മരണം അനുഭവിച്ചു (എബ്രായർ 2:9)! “വരവാനുള്ള കോപത്തിൽ നിന്ന് നമ്മെ വിടുവിക്കുന്നവനുമായ യേശു” എന്ന് 1 തെസ്സലോനിക്യർ 1:10-ൽ പൗലോസ് പറയുന്നതിൽ അതിശയമില്ല.

എല്ലായ്പോഴും നന്ദിയാൽ നിറയുവാൻ ഈ സത്യം നമുക്കു കാരണമാകേണ്ടതല്ലേ? ഈ ഭൂമിയിൽ നാം ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ പരാതി പറയുവാനുള്ള അവകാശമെങ്കിലും നമുക്കുണ്ടോ? നാം ആകെ അനുഭവിക്കുന്ന കഷ്ടത – ഇവിടെ ഈ ഭൂമിയിലാണ് – അതും അല്പനേരത്തേയ്കു മാത്രം. എന്നിരുന്നാലും, സ്വർഗ്ഗത്തിൽ നിത്യത മുഴുവനും ലഭിക്കുവാനിരിക്കുന്ന ആനന്ദവുമായി അത് താരതമ്യം ചെയ്യുക! നിത്യകാലം നരകത്തിൽ യാതനയനുഭവിക്കുന്നതിൽ നിന്നും അവൻ നമ്മെ രക്ഷിച്ചു. ഈ ഭൂമിയിൽ താത്കാലികമായി അൽപ സമയത്തേയ്കു മാത്രം യാതന അനുഭവിക്കേണ്ടിവരുന്നതുകൊണ്ട് നാം നന്ദിയില്ലാത്തവരായിത്തീരുന്നത് എന്തുകൊണ്ടാണ്?

അടുത്ത തവണ പിറുപിറുക്കുവാനോ ഈ ലോകത്തിലെ കഷ്ടത കാരണം നിരാശരാകുവാനോ പ്രലോഭിപ്പിക്കപ്പെടുമ്പോൾ, നമുക്ക് ഒരു നിമിഷം നിന്ന് നരകത്തിന്റെ ഭീകരതയും നമുക്കു വേണ്ടി യാതനയനുഭവിച്ചുകൊണ്ട് എപ്രകാരമാണ് യേശു നമ്മെ അതിൽ നിന്നും രക്ഷിച്ചത് എന്നതും ചിന്തിക്കാം. അപ്പോൾ, കഷ്ടങ്ങൾക്കു നടുവിലും നാം നന്ദി നിറഞ്ഞവരായിത്തീരും.

ലണ്ടൻ നഗരത്തിലെ ഒരു മിഷനറി അവിടെ രോഗത്തിന്റെ അവസാന ഘട്ടമെത്തി മരിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീ വസിക്കുന്ന ഒരു പഴയ കെട്ടിടത്തിലേയ്ക് വിളിക്കപ്പെട്ടു. ആ മുറി വളരെ ചെറുതും തണുപ്പു നിറഞ്ഞതും ആ സ്ത്രീ നിലത്തു കിടക്കുകയുമായിരുന്നു. ഈ മിഷനറി ഈ സ്ത്രീയെ സഹായിക്കുവാൻ ശ്രമിച്ചുകൊണ്ട് അവൾക്ക് എന്താണ് വേണ്ടത് എന്ന് അവളോടു ചോദിച്ചു. അവൾ മറുപടി പറഞ്ഞു, “എനിക്ക് യഥാർഥത്തിൽ വേണ്ടിയതെല്ലാം ഉണ്ട്, എനിക്ക് യേശുക്രിസ്തുവുണ്ട്.”

ആ മനുഷ്യൻ ഈ സംഭവം ഒരിക്കലും മറന്നില്ല, അവിടെനിന്നും പുറത്തുപോയി അദ്ദേഹം ഇപ്രകാരം എഴുതി, “ ലണ്ടൻ നഗരത്തിന്റെ ഹൃദയത്തിൽ, ദരിദ്രരുടെ പാർപ്പിടങ്ങൾക്കിടയിൽ നിന്നും സുവർണ്ണോജ്ജ്വലമായ വാക്കുകൾ ഉച്ചരിക്കപ്പെട്ടു, “എനിക്ക് ക്രിസ്തുവുണ്ട്, അതിൽക്കൂടുതൽ എനിക്കെന്താണു വേണ്ടത്?“ മുറിയിൽ നിലത്ത് കിടക്കുന്ന, ഭൗമികമായ സുഖങ്ങൾ ഒന്നുപോലും ഇല്ലാത്ത സ്ത്രീയാൽ പറയപ്പെട്ട വാക്കുകൾ, “എനിക്കു ക്രിസ്തുവുണ്ട്, അതിൽക്കുടുതൽ എനിക്കെന്താണ് വേണ്ടത്?” അതു കേട്ടയാൾ അവൾക്കായി എന്തെങ്കിലും വാങ്ങുവാൻ ഈ ലോകത്തിലെ വലിയൊരു കടയിലേയ്ക് ഓടി, അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. “എനിക്കു ക്രിസ്തുവുണ്ട്, അതിൽക്കുടുതൽ എനിക്കെന്താണ് വേണ്ടത്?” എന്നു പറഞ്ഞുകൊണ്ട് അവൾ മരിച്ചു.

ഓ, എന്റെ പ്രിയ, ധനവാനോ ദരിദ്രനോ വലിയവനോ ചെറിയവനോ ആയ സഹപാപീ, നന്ദിയോടെ നിങ്ങൾക്ക് ഇപ്രകാരം പറയുവാൻ സാധിക്കുമോ, “എനിക്കു ക്രിസ്തുവുണ്ട്, അതിൽക്കുടുതൽ എനിക്കെന്താണ് വേണ്ടത്?”

2.  നാം എപ്പോഴും വിശുദ്ധിയെ പിന്തുടരണം.

കൂടെക്കൂടെ നരകത്തെക്കുറിച്ച് ധ്യാനിക്കുന്നത് പാപത്തിൽ നിന്ന് ഓടിയകലുവാനും വിശുദ്ധിയെ പിന്തുടരുവാനും നമുക്കു കാരണമാകും. മത്തായി 5:29-30-ൽ യേശു ഇപ്രകാരം പറയുന്നു: “എന്നാൽ വലങ്കണ്ണു നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ. വലങ്കൈ നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.”

ചുരുക്കത്തിൽ യേശു പറയുന്നത് ഇതാണ്: നരകത്തിലേയ്കു നയിക്കുന്ന അനുസരണക്കേടിന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ അനുസരണത്തിന്റെ വില വലുതായിരുന്നാലും അത് അത്രമാത്രം വലുതല്ല. വിശാലമായ വഴി നാശത്തിലേയ്കു നയിക്കുന്ന പാതയാണ്. മറുവശത്ത്, ഇടുങ്ങിയ വഴി – സ്വയം ത്യജിക്കുന്നതിന്റെ പാത, കഷ്ടത നിറഞ്ഞ പാത നിത്യജീവനിലേയ്കുള്ള പാതയാണ്. അതുകൊണ്ട്, അടുത്ത തവണ പാപം ചെയ്യുവാൻ നാം പ്രലോഭിപ്പിക്കപ്പെടുമ്പോൾ നരകത്തിന്റെ യാഥാർഥ്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും പാപം ചെയ്യുന്നത് ലാഭകരമല്ല എന്നത് ഓർമ്മിക്കുകയും ചെയ്യാം. വിശുദ്ധിയെ പിന്തുടരുന്നത് നിത്യത മുഴുവൻ ഫലം നൽകുന്ന ഒന്നാണ്!

3.  നഷ്ടമായിപ്പോകുന്നവരുടെ അടുക്കലേയ്ക് നാം എപ്പോഴും എത്തണം.

നരകം എത്ര ഭയാനകമായ  സ്ഥലമാണ് എന്ന യാഥാർഥ്യത്തെക്കുറിച്ച് ധ്യാനിക്കുന്നത് നശിച്ചുപോകുന്നവരോടുള്ള സ്നേഹത്തിൽ നമ്മുടെ ഹൃദയം നിറഞ്ഞൊഴുകുവാൻ കാരണമാകണം. നരകം യഥാർഥവും നിത്യവുമാണ് എന്നും യേശുവിനെക്കൂടാതെയുള്ള മനുഷ്യർ നിത്യയാതനയ്കായി നരകത്തിലേയ്കു പോകും എന്നും നാം വിശ്വസിക്കുന്നു എങ്കിൽ (നാം അപ്രകാരം വിശ്വസിക്കേണ്ടതുണ്ട്) നശിച്ചുപോകുന്നവർക്കു വേണ്ടി പ്രാർഥിക്കുവാനും അവരോട് സുവിശേഷം പങ്കുവയ്കുവാനും നമ്മുടെ ഹൃദയങ്ങളിൽ  വലിയ ഭാരം ഉണ്ടാകേണ്ടതല്ലേ? നമ്മുടെ ചിന്തകൾ സുവിശേഷീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതല്ലേ? മിഷൻസിന്റെ വളർച്ചയ്കായി  നമ്മുടെ പണം നാം സൂക്ഷിച്ച് ഉപയോഗിക്കേണ്ടതല്ലേ? നിത്യമായവയേക്കാൾ താത്കാലികമായ കാര്യങ്ങളിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്തുകൊണ്ടാണ്?

ലൂക്കോസ് 16:19-31 ഭാഗങ്ങളിൽ കാണുന്ന ധനവാന് തന്റെ കുടുബത്തെ സുവിശേഷീകരിക്കുവാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. കാരണം, അയാൾ പാതളത്തിന്റെ ഭീകരത അനുഭവിച്ചു (ലൂക്കോസ് 16:27-28). ആ യാഥാർഥ്യം മനസ്സിലാക്കുവാൻ നമുക്ക് അവിടേയ്കു പോകേണ്ടതില്ല. ബൈബിൾ നരകത്തെപ്പറ്റി പറയുന്നത് നാം വിശ്വസിക്കുന്നു. നശിച്ചുപോകുന്നവരോട്  പാപങ്ങളിൽ നിന്ന് പിന്തിരിഞ്ഞ് ക്രിസ്തുവിങ്കലേയ്കു തിരിയുവാൻ അഭ്യർഥിക്കുവാൻ ആ വിശ്വാസം നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. മനുഷ്യരോട് തന്നിലേയ്കു തിരിയുവാനും നരകത്തിന്റെ ഭയാനകതയിൽ നിന്നും രക്ഷപെടുവാനും  ദൈവവും പ്രവാചകന്മാരിലൂടെ വാദിക്കുന്നു. ഇതാ ഒരു ഉദാഹരണം:

യേഹേസ്കേൽ 33:11 “എന്നാണ, ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്കു ഇഷ്ടമുള്ളതെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിവിൻ, തിരിവിൻ; യിസ്രായേൽഗൃഹമേ, നിങ്ങൾ എന്തിന്നു മരിക്കുന്നു എന്നു അവരോടു പറക.”

അതുപോലെ, നാമും ദൈവത്തിനു വേണ്ടി മനുഷ്യരോട് അവരുടെ പാപങ്ങളിൽ നിന്നും പിന്തിരിയുവാനും ഒരു പുതിയ ഹൃദയവും ഒരു പുതിയ ആത്മാവും പ്രാപിച്ച് നരകത്തിന്റെ ഭയാനകതയിൽ നിന്നും രക്ഷപെടുവാനും അപേക്ഷിക്കേണ്ടതാണ്. അവർ നമ്മെ തിരസ്കരിക്കുമെന്ന് നമുക്ക് ഭയപ്പെടേണ്ടതില്ല. നമ്മെപ്പറ്റിത്തന്നെ നമുക്കു ചിന്തിക്കുക സാധ്യമല്ല. ക്രിസ്തുവിനെ തിരസ്കരിക്കുന്നതുകൊണ്ട് മനുഷ്യർ നരകത്തിൽ നേരിടേണ്ടിവരുന്ന അവസാനമില്ലാത്ത യാതനയെക്കുറിച്ച് നാം മനസ്സിലാക്കണം. ആ ബോധ്യം നമുക്ക് അവർ ക്രിസ്തുവിങ്കലേയ്കു വരുവാൻ സ്നേഹത്തിൽ അപേക്ഷിക്കുവാൻ പ്രചോദനം നൽകേണ്ടതാണ്.

അനേകരെ സുവിശേഷത്താൽ സമീപിക്കേണ്ടതിന് നാം നമ്മുടെ സുഖങ്ങളെ ത്യജിച്ച് ത്യാഗപരമായി ജീവിക്കുവാൻ തയ്യാറാകേണ്ടതാണ്. ഇവിടെ പല കാര്യങ്ങളും അപകടത്തിലായേക്കാം. യേശു യെരൂശലേമിലേയ്ക് കടന്നപ്പോൾ നശിച്ചുപോകുന്ന പാപികളെയോർത്ത് കരഞ്ഞു (ലൂക്കോസ് 10:41), കാരണം അവൻ അവരെ സ്നേഹിച്ചിരുന്നു. അവരോട് അത്തരത്തിലുള്ള സ്നേഹം നമുക്കും ഉണ്ടായിരിക്കണം. – അവർക്കു വേണ്ടിയുള്ള പ്രാർഥനയിലൂടെയും അവരോട് സുവിശേഷം പ്രസംഗിക്കുന്നതിലൂടെയും കാണിക്കുന്ന സ്നേഹം!

ചൈനയുടെ ഉൾനാടുകളിലേയ്കുള്ള മിഷനറിമാരിൽ ഒരാളായിരുന്നു 1800-കളിൽ ജീവിച്ച ഹഡ്‌സൺ ടെയ്‌ലർ. ചൈനയിലേയ്കു പോകുന്നതിനു മുൻപ് ഒരു മെഡിക്കൽ അസിസ്റ്റന്റായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. കാലിൽ അഴുകിയ വൃണം ബാധിച്ച ഒരു മനുഷ്യനെയായിരുന്നു അദ്ദേഹത്തിന് ആദ്യമായി ശുശ്രൂഷിക്കേണ്ടി വന്നത്. ഈ മനുഷ്യൻ നിരീശ്വരവാദിയും കോപിഷ്ടനുമായിരുന്നു.  ആരെങ്കിലും അയാളെ തിരുവെഴുത്തുകൾ വായിച്ചു കേൾപ്പിക്കാൻ ശ്രമിച്ചാൽ അവിടം വിട്ടു പോകുവാൻ അയാൾ ഉച്ചത്തിൽ ആവശ്യപ്പെടുമായിരുന്നു. ഒരിക്കൽ ഒരു പാസ്റ്റർ സന്ദർശിച്ചപ്പോൾ അയാൾ അദ്ദേഹത്തിന്റെ മുഖത്ത് തുപ്പി. ഈ മനുഷ്യന്റെ കാലിലെ ബാൻടേജ് എല്ലാ ദിവസവും മാറ്റി പുതിയത് വയ്കുകയായിരുന്നു ഹഡ്‌സണ്ന്റെ ജോലി. ഈ മനുഷ്യന്റെ രക്ഷയ്കുവേണ്ടി വ്യഗ്രതയോടെ പ്രാർഥിക്കുവാൻ അദ്ദേഹം ആരംഭിച്ചു. ആദ്യ ചില ദിവസങ്ങളിൽ അദ്ദേഹം സുവിശേഷം പങ്കുവച്ചില്ല, പകരം ശ്രദ്ധാപൂർവ്വം ബാൻടേജ് മാറ്റി. ഇത് അയാളുടെ വേദന കുറയുവാൻ കാരണമാകുകയും അത് അയാളെ സ്പർശിക്കുകയും ചെയ്തു.

എന്നിരുന്നാലും, ഈ മനുഷ്യന്റെ നിത്യതയെക്കുറിച്ച് ഹഡ്‌സൺ ടെയ്‌ലർ കരുതലുള്ളവനായിരുന്നു. അതിനാൽ, അടുത്ത ദിവസം ശ്രദ്ധാപൂർവ്വം ബാൻടേജ് മാറിയശേഷം വ്യത്യസ്തമായ ഒരു കാര്യം അദ്ദേഹം ചെയ്തു. വാതിലിനടുക്കലേയ്കു നടക്കുന്നതിനു പകരം, അയാളുടെ കിടയ്കയ്കരികിൽ മുട്ടുകുത്തി സുവിശേഷം പങ്കുവച്ചു. ആ മനുഷ്യന്റെ ആത്മാവിനെക്കുറിച്ചുള്ള കരുതലിനെക്കുറിച്ച് വിശദീകരിച്ചു, കുരിശിൽ യേശുവിന്റെ മരണത്തെക്കുറിച്ചു പറഞ്ഞു, ആ മനുഷ്യന് അയാളുടെ പാപങ്ങളിൽ നിന്ന് രക്ഷനേടുവാൻ സാധിക്കും എന്നും പറഞ്ഞു. ആ മനുഷ്യൻ കോപാകുലനായി, മറുപടി പറയാതെ ഹഡ്‌സൺ ടെയ്‌ലർക്കു മുമ്പിൽ പുറംതിരിഞ്ഞു. ഹസ്‌സൺ എഴുന്നേറ്റ് തന്റെ വൈദ്യപപപകരണങ്ങളുമെടുത്ത് മുറിവിട്ടു പുറത്തേയ്കു പോയി.

കുറേ ദിവസങ്ങളിലേയ്ക് ഇത് തുടർന്നു. ഓരോ ദിവസവും ആ മനുഷ്യന്റെ ബാൻടേജ് ആർദ്രതയോടെ മാറ്റിയശേഷം കിടയ്കയ്കരുകിൽ മുട്ടുകുത്തി യേശുവിന്റെ സ്നേഹത്തെക്കുറിച്ചു സംസാരിച്ചു. ഓരോ ദിവസവും അയാൾ ഒന്നും മറുപടി പറയാതെ, പുറം തിരിയുമായിരുന്നു. കുറെ ദിവസങ്ങൾക്കു ശേഷം, താൻ നന്മയ്കു പകരം തിന്മയാണോ ചെയ്യുന്നത് എന്ന് ഹഡ്സൺ  ആശ്ചര്യപ്പെടുവാൻ ആരംഭിച്ചു. തന്റെ വാക്കുകൾ ആ മനുഷ്യനെ കൂടുതൽ കഠിനപ്പെടുവാൻ കാരണമാകുന്നുണ്ടോ?

അതിനാൽ, വലിയ ദുഃഖത്തോടെ ക്രിസ്തുവിനെക്കുറിച്ച് പറയുന്നത് നിർത്തുവാൻ ഹഡ്‌സൺ ടെയ്‌ലർ തീരുമാനിച്ചു. അടുത്ത ദിവസം അദ്ദേഹം വീണ്ടും അയാളുടെ ബാൻടേജുകൾ മാറ്റി. അതിനുശേഷം, കിടയ്കയ്കരുകിൽ മുട്ടുകുത്തുന്നതിനു പകരം മുറി വിട്ടു പോകുവാൻ വാതില്ക്കലേയ്കു നടന്നു. വാതിൽ കടന്നു പോകുന്നതിനു മുൻപ് അദ്ദേഹം അയാളെ തിരിഞ്ഞു  നോക്കി. തന്റെ പ്രവൃത്തി അയാളിൽ ഞെട്ടലുളവാക്കി എന്ന് ഹഡ്‌സണ് മനസ്സിലായി- കാരണം, സുവിശേഷം പങ്കുവയ്കുവാൻ ആരംഭിച്ചതിനു ശേഷം  ഇതാദ്യമായാണ് കിടയ്കകരികിൽ മുട്ടുകുത്തി യേശുവിനെക്കുറിച്ചു സംസാരിക്കാതെ ഹഡ്‌സൺ പോയത്.

അപ്പോൾ, വാതിൽക്കൽ നിന്ന ഹഡ്സൺ ടെയ്‌ലറുടെ ഹൃദയം തകർന്നു. അദ്ദേഹം കരയുവാൻ ആരംഭി്ചു. തിരികെ കിടയ്കയ്കരികിലേയ്കു ചെന്ന് ഹഡ്സൺ പറഞ്ഞു, “എന്റെ സുഹൃത്തേ, താങ്കൾ കേട്ടാലും ഇല്ലെങ്കിലും, എന്റെ ഹൃദയത്തിലുള്ളത് ഞാൻ പങ്കുവയ്കേണ്ടതുണ്ട്“. അദ്ദേഹം ആത്മാർഥതയോടെ യേശുവിനെക്കുറിച്ചു പറഞ്ഞു, തന്നോടൊപ്പം പ്രാർഥിക്കുവാൻ അയാളോട് വീണ്ടും അപേക്ഷിച്ചു.  ഇത്തവണ അയാൾ മറുപടി പറഞ്ഞു, “അത് താങ്കൾക്ക് ആശ്വാസം നൽകുമെങ്കിൽ പ്രാർഥിച്ചുകൊള്ളൂ“. അങ്ങനെ ഹഡ്‌സൺ മുട്ടിന്മേൽ നിന്നുകൊണ്ട് ഈ മനുഷ്യന്റെ രക്ഷയ്കായി പ്രാർഥിച്ചു. ദൈവം ഉത്തരം നൽകി. ആ സമയം മുതൽ, ആ മനുഷ്യൻ സുവിശേഷം കേൾക്കുവാൻ താത്പര്യമുള്ളവനായിത്തീർന്നു, ഏതാനം ദിവസങ്ങൾക്കു ശേഷം യേശുവിൽ ആശ്രയിച്ച് അയാൾ പ്രാർഥിച്ചു.

ഹഡ്‌സൺ ടെയ്‌ലറുടെ അനുഭവത്തിൽ നിന്നും ഓർമ്മിക്കേണ്ട വസ്തുതകൾ.

a. ചൈനയിലെ പ്രവർത്തനത്തിൽ ആദ്യകാലങ്ങളിൽ പലപ്പോഴും സാഹചര്യങ്ങൾ എനിക്ക് വിജയത്തിന്റെ പ്രതീക്ഷ ഒന്നുമേ നൽകാതിരുന്നപ്പോൾ, ഞാൻ ഈ മനുഷ്യന്റെ മാനസാന്തരത്തെക്കുറിച്ച് ചിന്തിക്കുകയും അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്, മനുഷ്യർ കേട്ടാലും ഇല്ലെങ്കിലും വചനം പ്രസംഗിക്കുന്നതിൽ സ്ഥിരത കാണിക്കുവാൻ പ്രോത്സാഹിക്കപ്പെട്ടു.

b. ആത്മാക്കൾക്കു വേണ്ടിയുള്ള കണ്ണുനീരിലേയ്കു നയിക്കുന്ന തീവ്രദുഃഖം നമുക്കുണ്ടായിരുന്നുവെങ്കിൽ നാം ആഗ്രഹിക്കുന്ന ഫലം മിക്കപ്പോഴും കാണുമായിരുന്നു. നാം സഹായിക്കുവാൻ ശ്രമിക്കുന്ന ആളുകളുടെ ഹൃദയ കാഠിന്യത്തെക്കുറിച്ചു പരാതി പറയുമ്പോൾ, വിജയം കാണുവാൻ സാധിക്കാത്തതിനു കാരണം ഒരുപക്ഷെ, നമ്മുടെതന്നെ ഹൃദയങ്ങളുടെ കാഠിന്യവും നിത്യത സംബന്ധിച്ചുള്ള ഗൗരവതരമായ യാഥാർഥ്യങ്ങളെക്കുറിച്ചുള്ള ദുർബലമായ ബോധ്യങ്ങളും ആയിരിക്കാം.

നരകത്തിന്റെ യാഥാർഥ്യങ്ങൾ എത്രമാത്രം ധ്യാനിക്കുന്നുവോ അത്രമാത്രം നശിച്ചുപോകുന്നവരോട് സുവിശേഷം പ്രസംഗിക്കുവാൻ നാം നിർബന്ധിതരാകേണ്ടതുണ്ട്.

അക്രൈസ്തവന് പ്രസക്തമായ കാര്യങ്ങൾ.

നിങ്ങൾ ഇനിയും ഒരു ക്രിസ്ത്യാനിയായിട്ടില്ല എങ്കിൽ, നിങ്ങൾക്ക് പ്രസക്തമായ ഒരേയൊരു കാര്യം മാത്രമേയുള്ളൂ: വരുവാനിരിക്കുന്ന കോപത്തിൽ നിന്ന് നിങ്ങൾ ഓടി രക്ഷപെടേണ്ട ആവശ്യമുണ്ട് (മത്തായി 3:7). നരകത്തിൽ പോകുവാൻ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. ഇപ്പോൾ ജീവിക്കുന്നതുപോലെ ജീവിച്ചാൽ മതി. യേശുവിനെ തിരസ്കരിച്ചു കൊണ്ടേയിരിക്കുക. നിങ്ങളുടെ പാപങ്ങളെക്കുറിച്ച് മാനസാന്തരപ്പെടുവാൻ വിസമ്മതിക്കുക. നിസ്സംശയം നിങ്ങൾ നരകത്തിൽ എത്തിച്ചേർന്നിരിക്കും.

സ്നേഹിതാ, ഇതാണോ നിങ്ങൾ യഥാർഥത്തിൽ ആഗ്രഹിക്കുന്നത്? നിങ്ങൾ നരകത്തിൽ വിശ്വസിക്കുന്നില്ല എന്ന കാരണത്താൽ നരകം ഇല്ലാതെയാകുകയില്ല. നരകം യഥാർഥമായ ഒരു സ്‌ഥലമാണ്.  അതുകൊണ്ടാണ് ലൂക്കോസ് 13:3-ൽ യേശുതന്നെ മുന്നറിയിപ്പ് നൽകിയത്, “അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും.” ഈ ജീവിതത്തിനു ശേഷം രണ്ടാമതൊരു അവസരമില്ല. എബ്രായർ 9:27 ഇപ്രകാരം പറയുന്നു: “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ.” യേശു തിരികെ വരുമ്പോൾ തന്നെ  തിരസ്കരിച്ച എല്ലാവരേയും ന്യായം വിധിക്കുകയും തനിക്കുള്ളവരെ തന്നോടുകൂടെ എന്നേയ്കുമായിരിക്കുവാൻ ചേർത്തുകൊള്ളുകയും ചെയ്യും. അപ്പോഴേയ്കും മാനസാന്തരപ്പെടുവാൻ സമയം വൈകിപ്പോയിരിക്കും. ഇപ്പോഴാണ് തീരുമാനിക്കുന്നതിനുള്ള സമയം.

പ്രിയ സ്നേഹിതാ, ഈ കഠിന സത്യങ്ങൾ പറയുന്നതിൽ എനിക്ക് യാതൊരു സന്തോഷവുമില്ല. എന്നാൽ, നിങ്ങൾ ഈ മുന്നറിയിപ്പിന്റെ വാക്കുകൾ കേൾക്കേണ്ട ആവശ്യമുണ്ട്. അതുകൊണ്ട്, ദയവായി നിങ്ങളുടെ പാപങ്ങളിൽ നിന്ന് പിന്തിരിയുകയും നിങ്ങളുടെ പപങ്ങളുടെ വില നൽകിയതും ഉയിർത്തെഴുന്നേറ്റതും യേശുക്രിസ്തു മാത്രമാണ് എന്ന് വിശ്വസിച്ച് അവനിലേയ്കു തിരിയുകയും ചെയ്യുക. ഇന്ന് യേശുവിനടുക്കലേയ്ക് ഓടിയെത്തിക്കൊണ്ട് നരകത്തിൽ നിന്നും രക്ഷ നേടുക. ഇനി വൈകരുത്! ഇനി ഒഴികഴിവ് പറയരുത്! ഇന്നുതന്നെ അവന്റെ അടുക്കലേയ്കു വരിക! നിങ്ങളുടെ പാപങ്ങളെക്കുറിച്ച് മാനസാന്തരപ്പെടുവാനും വിശ്വാസം യേശുവിൽ അർപ്പിക്കുവാനുമുള്ള സമയം ഇതാണ്. യേശു ഇപ്രകാരം പറഞ്ഞു: “കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ”  (മർക്കൊസ് 1:15). നിങ്ങൾ എത്രയധികം പാപം ചെയ്തുവെങ്കിലും അവൻ നിങ്ങളെ സ്വീകരിക്കും.  അവൻ നിങ്ങൾക്ക് പുതിയ ഒരു ഹൃദയം നൽകും. എങ്കിൽ മാത്രമേ നിങ്ങൾക്ക് അവനോട് നിലവിളിക്കുവാൻ സാധിക്കൂ. നിങ്ങളുടെ ഉള്ളിൽ വന്ന് വസിക്കുവാനും ക്രിസ്തീയ ജീവിതം ജീവിക്കുവാൻ നിങ്ങളെ സഹായിക്കുവാനും അവൻ നിങ്ങൾക്ക് പരിശുദ്ധാത്മാവിനെ അയച്ചുതരും. അതുകൊണ്ട്, ദയവായി വൈകരുത്. വരിക!

കഴിഞ്ഞ കാലത്തെ വിശ്വസ്തനായ ബ്രീട്ടീഷ് പ്രസംഗകനായ ചാൾസ് സ്പർജൻ നൽകുന്ന മുന്നറിയിപ്പിന്റെ വാക്കുകൾ നൽകിക്കൊണ്ട് ഞാൻ അവസാനിപ്പിക്കട്ടെ:

“നമുക്ക് യഥാർഥമായ ഒരു ശരീരം ഉള്ളതുപോലെതന്നെ, നരകത്തിൽ യഥാർഥ തീയുണ്ട്. ഒരു വ്യത്യാസം മാത്രം, ഈ തീ നിങ്ങളെ പീഡിപ്പിക്കുമെങ്കിലും നിങ്ങളെ ദഹിപ്പിച്ച് ഇല്ലാതാക്കിക്കളയുകയില്ല. കത്തിക്കൊണ്ടിരിക്കുന്ന കൽക്കരിക്കഷണങ്ങളുടെ  കനലുകൾക്കിടയിൽ തീ പിടിക്കാത്ത ലോഹക്കഷണം ചുട്ടുപഴുത്തു കിടക്കുന്നത്, എന്നാൽ കത്തിപ്പോകാതെയിരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകാം. അതുപോലെ ദഹിച്ചുപോകാതെ എന്നെന്നും തീയിൽ യാതനയനുഭവിക്കത്തക്കവിധം നിങ്ങളുടെ ശരീരം ദൈവത്താൽ തയ്യാറക്കപ്പെടും. നിങ്ങളുടെ ഞരമ്പുകൾ പച്ചയായി പൊള്ളിക്കുന്ന തീനാളങ്ങൾക്കിടയിൽ കിടക്കും, എന്നാൽ ആളിക്കത്തുന്ന അഗ്നിയുടെ കോപത്തിൽ അവയുടെ സംവേദനാശക്തി  നഷ്ടമാകുന്നുമില്ല, ഗന്ധകം കത്തുന്ന തീക്ഷ്ണമായ പുക നിങ്ങളുടെ ശ്വാസകോശങ്ങളെ പൊള്ളിക്കും, ശ്വാസത്തിനായി പിടഞ്ഞുകൊണ്ട് നിങ്ങൾ മരണത്തിന്റെ കരുണയ്കായി നിലവിളിക്കും. എന്നാൽ, മരണം നിങ്ങളെത്തേടി ഒരിക്കലും, ഒരിക്കലും, ഒരിക്കലും വരികയില്ല.”

Category

Leave a Comment