ഭാഗ്യാവസ്ഥകൾ—ഭാഗം 5 നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ

Posted byMalayalam Editor January 23, 2024 Comments:0

(English version: The Beatitudes –  Blessed Are Those Who Hunger And Thirst For Righteousness”)

മത്തായി 5:3-12 ൽ കാണപ്പെടുന്ന ഭാഗ്യാവസ്ഥകൾ എന്ന പരമ്പരയിലെ മൂന്നാമത്തെ പോസ്റ്റാണിത്. തന്നെ അനുഗമിക്കുന്നു എന്ന് അവകാശപ്പെടുന്ന ഏതൊരുവന്റെയും ജീവിതത്തിൽ കാണപ്പെടേണ്ട 8 മനോഭാവങ്ങളെക്കുറിച്ച് കർത്താവായ യേശു ഈ ഭാഗത്ത് പറഞ്ഞിരിക്കുന്നു. മത്തായി 5:6—ൽ പറഞ്ഞിരിക്കുന്ന, നീതിയ്കായി വിശന്നുദാഹിക്കുക എന്ന അഞ്ചാമത്തെ മനോഭാവത്തെക്കുറിച്ചാണ് ഈ പോസ്റ്റിൽ നാം കാണുന്നത്—“നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും.”

*******************

“നിങ്ങൾ എന്തു ഭക്ഷിക്കുന്നുവോ, അതാണ് നിങ്ങൾ” എന്നത് നമ്മുടെ ശരീരത്തെ സംബന്ധിച്ചു പറയുവാൻ ഉപയോഗിക്കുന്ന പ്രശസ്തമായ ഒരു ചൊല്ലാണ്. നാം ആരോഗ്യപരമായ ഒരു ജീവിതശൈലി നിലനിർത്തുവാൻ ആഗ്രഹിച്ചാൽ, ശരിയായ ഭക്ഷണം മാത്രം കഴിക്കണം. ശാരീരിക തലത്തിൽ ശരിയായത് ആത്മീയ തലത്തിലും ശരിയാണ്! 

വിരോധാഭാസമെന്നു പറയട്ടെ, നാലാമത്തെ ഭാഗ്യാവസ്ഥയിൽ നമ്മുടെ കർത്താവ് നമുക്ക് ഒരു ഭക്ഷണക്രമം നൽകിയിരിക്കുന്നു, ശരീരത്തിനല്ല മറിച്ച്, നമ്മുടെ ആത്മാക്കൾക്ക്. നാം എന്തു ഭക്ഷിക്കണം—നീതി—എന്നു മാത്രമല്ല, അത് എപ്രകാരം ഭക്ഷിക്കണം—അതിയായ ആശയോടെ—എന്നും യേശു പറയുന്നു, “വിശപ്പ്” “ദാഹം” എന്നിവ ശക്തമായ ആഗ്രഹത്തെ സൂചിപ്പിക്കുന്ന സൂചകാലങ്കാരം മാത്രമാണ്. ആഗ്രഹം നീതിയ്കു വേണ്ടിയാണ്, അതായത്, ശരിയായ ജീവിതം. അത്തരത്തിൽ തീവ്രമായ ആഗ്രഹം പ്രകടിപ്പിക്കുന്നവർ ദൈവത്തിന്റെ അംഗീകാരവും പ്രീതിയും നേടും എന്ന് യേശു പറയുന്നു. അവരാണ് “അനുഗ്രഹീതർ” അഥവാ “ഭാഗ്യവാന്മാർ.”  നീതിയെ പിന്തുടരുന്നത് ജീവിതശൈലിയാക്കുന്നതിനുള്ള പ്രതിഫലം എന്താണ്? “അവർ തൃപ്തരാകും”എന്ന് യേശു പറയുന്നു. അതാണ് ഈ ഭാഗ്യാവസ്ഥയുടെ സന്ദേശത്തിന്റെ സാരാംശം. 

ഈ ഭാഗ്യാവസ്ഥയിൽ വിവരിച്ചിരിക്കുന്ന നീതി എന്താണ്? 

ഇവിടെ വിവരിച്ചിരിക്കുന്ന നീതി ക്രിസ്തുവിൽ നമ്മുടെ സ്ഥാനത്തെ കുറിക്കുന്നതല്ല. അതായത്, ക്രിസ്തുവിൽ വിശ്വസിച്ചപ്പോൾ നമുക്ക് ദൈവവുമായി നല്ല ബന്ധം ലഭിച്ചത് അല്ല ഇവിടെ പരാമർശിക്കുന്നത് [റോമർ 3:22]. പ്രസ്തുത ഭാഗ്യാവസ്ഥകളും ഗിരിപ്രഭാഷണത്തിൽ ആവശ്യപ്പെട്ടിരിക്കുന്ന ജീവിതശൈലി ആകമാനവും ഒരുവന് ദൈവരാജ്യത്തിൽ കടക്കുന്നതിനുള്ള യോഗ്യതകളല്ല. മറിച്ച്, അവ ദൈവരാജ്യത്തിൽ കടന്നുകഴിഞ്ഞവർക്കുണ്ടായിരിക്കേണ്ട സ്വഭാവഗുണങ്ങളാണ്. ഇവ രക്ഷയുടെ ഫലമാണ്, രക്ഷയുടെ കാരണമല്ല

എന്നാൽ, നാം ദൈവവുമായി നിരപ്പ് പ്രാപിച്ചിരിക്കുന്നു എന്ന് എങ്ങനെ യഥാർഥമായി അറിയുവാൻ സാധിക്കും? മറ്റൊരു തരത്തിൽ പറഞ്ഞാൽ, നാം യഥാർഥമായി രക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന് നമുക്ക് എപ്രകാരം അറിയുവാൻ സാധിക്കും? എന്താണ് അതിന്റെ തെളിവ്? ഉത്തരം: ദൈവത്തിന്റെ നോട്ടത്തിൽ നാം യഥാർഥമായി നീതിയുള്ളവരാണോ എന്നു കാണുന്നതിന് നമ്മുടെ ജീവിതങ്ങളെ പരിശോധിക്കുന്നതിലൂടെയാണ് അതു സാധ്യമാകുന്നത്. ഈ നീതിയാണ് “പ്രായോഗിക നീതി” എന്ന് അറിയപ്പെടുന്നത്. യേശുവിലുള്ള വിശ്വാസത്തിന്റെ ഫലമായുണ്ടാകുന്ന സ്ഥാനിയമായ നീതി എല്ലായ്പോഴും പ്രായോഗിക നീതിയിലേയ്കു നയിക്കും! “നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്കുന്നു” [മത്തായി 7:17]!

പ്രായോഗിക നീതിയുടെ സ്വഭാവസവിശേഷതകൾ.

നമ്മുടെ ജീവിതങ്ങൾ ഭോഷ്ക് പറയുന്നില്ല എന്നു നമുക്കു കാണാം. നാം ചെയ്യുന്നത് ദൈവത്തിന്റെ നിലവാരത്തിനനുസൃതമായാണോ എന്ന് അവ നമ്മോടു പറയുന്നു. അതായത്, അവ ദൈവത്തിന്റെ കാഴ്ചയിൽ ശരിയാണോ എന്നത്. ആ നീതിയാണ് ഈ ഭാഗ്യാവസ്ഥയിൽ യേശു പറയുന്ന്—പ്രായോഗികമായ വശം. യഥാർഥത്തിൽ, ഗിരിപ്രഭാഷണത്തിൽ ഉടനീളം, ദൈവത്തിന്റെ ദൃഷ്ടിയിൽ ശരിയായ ജീവിതം ജീവിക്കുക എന്നതിന്റെ അർഥമെന്താണ് എന്ന് യേശു പറയുന്നു. മത്തായി 5 മുതൽ 7 വരെ അധ്യായങ്ങൾ പരിശോധിച്ചാൽ, നമുക്കു ലഭിക്കുന്നത് ഇതായിരിക്കും. 

നീതിയുള്ള ജീവിതം ഇവയ്കായി വിശന്നു ദാഹിക്കും: അനുരഞ്ജനം [5:23-24],  ലൈംഗിക വിശുദ്ധി [മത്തായി 5:28],  വിവാഹജീവിതത്തിലെ വിശ്വസ്തത [മത്തായി 5:32],  സംസാരത്തിലെ വിശുദ്ധി  [മത്തായി 5:37],  പ്രതികാരം ചെയ്യാതിരിക്കുക [മത്തായി 5:39],  ശത്രുക്കളോടുള്ള സ്നേഹം [മത്തായി 5:44],  ദൈവത്തെ മാത്രം പ്രസാധിപ്പിക്കുന്ന നീതിപ്രവൃത്തികൾ ചെയ്യുക [മത്തായി 6:1],  പ്രാർഥനയിൽ സ്വന്ത ഉയർച്ചയല്ല ദൈവത്തിന്റെ മഹത്വം [മത്തായി 6:9-15],  സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിക്കുക [മത്തായി 6:19-21],  ആകുലപ്പെടാതെ ദൈവത്തിൽ ആശ്രയിക്കുക [മത്തായി 6:25-33], ദയയോടെ മറ്റുള്ളവരെ വിധിക്കുക [മത്തായി 7:1-12], യേശുവിന്റെ വചനത്തിന്മേൽ ജീവിതം പണിയുക [മത്തായി 7:24-27]. 

നീതിയുള്ള ജീവിതം എപ്രകാരമാണ് എന്നത് ഗിരിപ്രഭാഷണത്തിൽ യേശു വിശദമായി നമ്മോടു പറയുന്നു. പരിശുദ്ധാത്മാവ് ഉള്ളിൽ വസിക്കുന്ന, യേശുവിന്റെ അനുയായികൾക്ക് നീതിയായത് ചെയ്യുവാൻ വിശുദ്ധ വിശപ്പും ദാഹവുമുണ്ടായിരിക്കും. നമ്മുടെ സ്വാഭാവിക ശരീരം എല്ലാ ദിവസവും ഭക്ഷണത്തിനും വെള്ളത്തിനുമായി ആഗ്രഹിക്കുന്നതുപോലെ, നമ്മുടെ ആത്മീയവശവും ഈ നീതി—എല്ലായ്പോഴും ശരിയായ ജീവിതം നയിക്കുക—ആഗ്രഹിക്കുന്നു. അതിന് തൃപ്തി വന്നിട്ടില്ല. അതുകൊണ്ടാണ്, ഈ വിശപ്പും ദാഹവും വർത്തമാനകാലത്തിൽ യേശു വിവരിക്കുന്നത്—ദൈവത്തിന്റെ മുമ്പിൽ ശരിയായത് ചെയ്യുവാൻ എല്ലായ്പോഴും വിശക്കുന്നു, എല്ലായ്പോഴും ദാഹിക്കുന്നു. ഇത് എല്ലായ്പോഴും ഉള്ളതും എല്ലായ്പോഴും വർധിച്ചുവരുന്നതുമായ ഒരു ആസക്തിയാണ്. ഇത് മതത്തിന്റെ ബാഹ്യപ്രകടനമല്ല. പിന്നെയോ, ഹൃദയത്തിന്റെ ആഴത്തിൽ നിന്നും ദൈവത്തിന്റെ ഹിതം അനുസരിക്കുവാനുള്ള അനസ്യൂതമായ അഭിവാഞ്ഛയാണ്.  

ഒരു പഴയ സ്കോട്ടിഷ് വിശ്വാസിയുടെ നിലവിളിപോലെയാണ് നീതിയുള്ള ഹൃദയത്തിന്റെ സ്ഥായിയായ നിലവിളി, “ഓ ദൈവമേ, ക്ഷമിക്കപ്പെട്ട ഒരു പാപിയ്ക് എത്ര വിശുദ്ധനാകുവാൻ സാധിക്കുമോ, അപ്രകാരം എന്നെ ആക്കേണമേ!” ദൈവത്തിന്റെ ഹിതം അനുസരിക്കുന്നതിൽ പരാജയം നേടിടുമ്പോൾ, ആത്മാവിനുള്ളിൽ അതിയായ വേദനയുണ്ട്. അവിടെ ഒഴികഴിവുകളില്ല മറിച്ച്, പാപം ചെയ്തുപോയി എന്ന് അംഗീകരിക്കുകയും ശുദ്ധീകരണത്തിനും തിരികെ നേരായ പാതയിലേയ്കു വരുവാൻ ദൈവത്തോട് യാചിക്കുകയും ചെയ്യുവാൻ ഒരുവനെ നയിക്കുന്ന ആത്മാർഥമായ ദുഃഖം മാത്രമാണുള്ളത്.  

നീതിയുള്ള ജീവിതശൈലിയുടെ പ്രതിഫലം.

നീതിയ്കായി വിശന്നു ദാഹിക്കുന്നവർക്ക് യേശു വാഗ്ദത്തം ചെയ്യുന്നു, “അവർ [അവർ മാത്രം] തൃപ്തരാകും.” ഈ ഭാഷ സൂചിപ്പിക്കുന്നത് ഈ തൃപ്തി നമുക്ക് സ്വയം നൽകുവാൻ സാധിക്കുന്ന ഒന്നല്ല. ദൈവമാണ് തൃപ്തിവരുത്തുന്നത്, നിറയ്കുന്നത്. എന്നാൽ, ദൈവം എന്തുകൊണ്ടാണ് നമുക്ക് തൃപ്തി വരുത്തുന്നത്? ഇവിടെ എന്തിനുവേണ്ടിയുള്ള വാഞ്ഛയാണുള്ളത്? നീതിയ്കു വേണ്ടി! അതുകൊണ്ട്, നാം വിശന്നു ദാഹിക്കുന്ന നീതികൊണ്ട് ദൈവം നമ്മെ തൃപ്തരാക്കും! 

ഒരർഥത്തിൽ, യേശുവിന്റെ അനുയായികളായ നാം ക്രിസ്തുവിലുള്ള നമ്മുടെ സ്ഥാനീയ നീതിയുടെ ആനന്ദം അനുഭവിക്കുന്നുണ്ട്. അതുകൊണ്ട്, അവിടെ തൃപ്തിവരുത്തുന്ന ഒരനുഭവമുണ്ട്. എന്നാൽ, ദൈവത്തിന്റെ ദൃഷ്ടിയിൽ നീതിയുള്ളത് ചെയ്യുവാൻ വാഞ്ഛിക്കുകയുംകൂടെ ചെയ്യുമ്പോൾ, ആ വാഞ്ഛയെ പ്രയോഗത്തിൽ വരുത്തുവാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു. ആ അർഥത്തിൽ ആ ആഗ്രഹത്തിന് തൃപ്തിവരുന്നു. അതാണ് പ്രായോഗിക നീതിയുടെ ആനന്ദം. 

എന്നാൽ നമ്മിൽ വസിക്കുന്ന പാപം നിമിത്തം, ഈ വാഞ്ഛ തുടർമാനമായി തൃപ്തിപ്പെടുന്നില്ല. എന്നിരുന്നാലും, ഭാവിയിൽ, യേശു തിരികെ വരുമ്പോൾ നമുക്കു പുതിയ ശരീരങ്ങൾ ലഭിക്കും. ആ പുതിയ ശരീരം ഒരിക്കലും പാപം ചെയ്യുകയില്ല. അങ്ങനെ, നിത്യതയിലുടനീളം, നാം തുടർമാനമായി ദൈവത്തിന്റെ കല്പനകൾക്ക് കീഴ്പ്പെട്ടിരിക്കും. അപ്പോൾ, അനസ്യൂതമായ അനുസരണത്തിന്റെ ആനന്ദത്താൽ നാം എന്നെന്നും തൃപ്തരായിരിക്കും. 

പൂർണ്ണമായ അനുസരണത്തിന്റെ ജീവിതം—എല്ലായ്പോഴും ദൈവത്തിന്റെ ദൃഷ്ടിയിൽ ശരിയായതു ചെയ്യുന്ന ജീവിതം—നിങ്ങൾക്കു ഭാവനയിൽ കാണുവാൻ സാധിക്കുമോ? വ്യക്തിപരമായ നിലയിൽ മാത്രമല്ല, ലോകവ്യാപകമായിത്തന്നെ നാം നീതി വാഴുന്നതു കാണും. പത്രോസ് ഇപ്രകാരം പറയുന്നു, “എന്നാൽ നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു” [2 പത്രൊസ് 3:13]. ഇപ്പോൾ അതിനായി കാത്തിരിക്കുന്നവർ—ഭാവിയിൽ യേശു തന്റെ രാജ്യം സ്ഥാപിക്കുവാൻ വരുമ്പോൾ, ഒടുവിൽ ആ കാത്തിരിപ്പിന് പൂർണ്ണ ഫലം കാണും. അതാണ് തന്റെ വാഗ്ദത്തം.  

നീതിയുള്ള ജീവിതശൈലി പിന്തുടരുന്നതിന്റെ 3 പ്രയോജനങ്ങൾ.

ഈ ഭാഗ്യാവസ്ഥ പറയുന്ന ജീവിതശൈലി പിന്തുടരുന്നതിനുള്ള പല പ്രയോജനങ്ങൾ നിരത്തുവാൻ സാധിക്കുമെങ്കിലും, നമ്മുടെ പരിഗണനയ്കായി ഞാൻ 3 എണ്ണം മാത്രം ഇവിടെ നൽകുന്നു. 

പ്രയോജനം # 1. നമുക്ക് യഥാർഥമായ രക്ഷയുടെ ഉറപ്പ് ലഭിക്കുവാൻ സാധിക്കും [റോമർ 8:14-16]. 

ചെറിയ നിലയിലുള്ള അനുസരണത്താൽ വലിയ നിലയിലുള്ള ഉറപ്പ് നേടുക സാധ്യമല്ല. ഇതു ചിന്തിക്കുക. നാം നമ്മുടെ രക്ഷയെ സംശയിക്കുമ്പോൾ, അത് പലപ്പോഴും പാപത്തിൽ ജീവിക്കുന്നു എന്ന കാരണത്താൽ അല്ലേ? തീർച്ചയായും , ഒരുവന് രക്ഷയുടെ കാര്യത്തിൽ കബളിക്കപ്പെടാം. എങ്കിലും, പൊതുവായി പറഞ്ഞാൽ, അനുസരണം ഒരു ജീവിതശൈലിയാകുമ്പോൾ  അത് യഥാർഥമായ ഉറപ്പ് നൽകും. തത്ഫലമായി, നാം നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ ആനന്ദം അനുഭവിക്കും. 

പ്രയോജനം# 2. നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം ലഭിക്കുന്നത് കാണുവാൻ സാധിക്കുംവ്യക്തിപരമായ പ്രാർഥനയ്കും മധ്യസ്ഥപ്രാർഥനകൾക്കും [സങ്കീർത്തനങ്ങൾ  66:18, യാക്കോബ് 5:16b]. 

പാപത്തിന് ദൈവം നിങ്ങളുടെ പ്രാർഥന കേൾക്കുന്നത് തടയുവാൻ കഴിയുന്നതുപോലെതന്നെ, നീതിയ്ക് നിങ്ങളുടെ പ്രാർഥന ദൈവത്തിനു കേൾക്കുവാനും ഉത്തരം നൽകുവാനുമായി വാതിൽ തുറക്കുവാൻ കഴിയും. പാപത്തിൽ നിന്നും പിന്തിരിയുവാൻ ആഗ്രഹിക്കാതെ, അതിൽ ജീവിക്കുകയാണ് എങ്കിൽ, വ്യക്തിപരവും മറ്റുള്ളവർക്കുവേണ്ടിയുള്ളതുമായ പ്രാർഥനകൾ ഉപയോഗശൂന്യമാണ്. എന്നിരുന്നാലും, നീതിയ്കായി വിശന്നുദാഹിക്കുന്ന ഒരു ആത്മാവിൽ നിന്ന് ഉയരുമ്പോൾ ഈ പ്രാർഥനകൾ ശക്തമായ ഫലം നൽകാം. 

പ്രയോജനം # 3. നമുക്ക് ക്രിസ്തുവിന് പ്രയോജനമുള്ള സാക്ഷികളാകാം [മത്തായി 5:16; 1 പത്രോസ് 2:12]. 

നീതിയുള്ള ജീവിതത്തെ മറച്ചുവയ്കുവൻ സാധിക്കുകയില്ല. സുവിശേഷത്തിന്റെ ഉത്തമ പരസ്യമാണത്. രൂപാന്തരപ്പെട്ട ജീവിതം കാണിക്കുന്നത് ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുവാൻ യേശുവിന് ശക്തിയുണ്ട് എന്നതാണ്.

എപ്രകാരമാണ് നീതിയ്കായി തുടർമാനമായി വിശപ്പും ദാഹവും വളർത്തിയെടുക്കുന്നത്? 

ഈ ഭാഗ്യാവസ്ഥയിൽ വളരുന്നതെങ്ങനെ? ഈ നീതിയ്കു വേണ്ടി നമുക്ക് എങ്ങനെ തുടർമാനമായ വിശപ്പും ദാഹവും വളർത്തിയെടുക്കുവാൻ സാധിക്കും? 2 വിധത്തിൽ. 

1. ദൈവത്തിനായുള്ള ഒരു വാഞ്ഛ നാം ക്രിയാത്മകമായി വളർത്തിയെടുക്കേണ്ടതുണ്ട്.

ഒന്നാമതായി, സർവ്വനീതിമാനായ ദൈവത്തെതന്നെ ആഴമായി വാഞ്ഛിക്കുമ്പോൾ നീതിയായതു പ്രവർത്തിക്കുന്നതിനുള്ള വിശുദ്ധമായ വാഞ്ച ഉണ്ടാകും എന്നത് നാം മനസ്സിലാക്കണം. നീതിയുള്ള ജീവിതം നാം പിന്തുടരുക എന്നതു മാത്രമല്ല. സർവ്വനീതിയുടേയും സാരാംശവും ഉറവിടവുമായ ദൈവത്തെതന്നെ നാം ഹൃദയത്തിൽ നിന്നും ആഗ്രഹിക്കണം. കഴിഞ്ഞകാലങ്ങളിൽ ദൈവത്തിന്റെ ജനത്തിന്റെ മനോഭാവം അതായിരുന്നു. 

സങ്കീർത്തനങ്ങൾ 42:1 മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്റെ ആത്മാവു നിന്നോടു ചേരുവാൻ കാംക്ഷിക്കുന്നു.”

സങ്കീർത്തനങ്ങൾ 63:1 ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങിവരണ്ട ദേശത്തു എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു.”

യെശയ്യാ 26:9 എന്റെ ഉള്ളംകൊണ്ടു ഞാൻ രാത്രിയിൽ നിന്നെ ആഗ്രഹിച്ചു; എന്റെ ഉള്ളിൽ എന്റെ ആത്മാവുകൊണ്ടു തന്നേ ഞാൻ ജാഗ്രതയോടെ നിന്നെ അന്വേഷിക്കും; നിന്റെ ന്യായവിധികൾ ഭൂമിയിൽ നടക്കുമ്പോൾ ഭൂവാസികൾ നീതിയെ പഠിക്കും.”

അതുകൊണ്ട്, നാം ദൈവത്തെതന്നെ വാഞ്ഛിക്കണം. നമുക്കു ലഭിക്കുന്ന മറ്റെന്തിനെക്കാളുമുപരി, ദാതാവിനെതന്നെ ആയിരിക്കണം നമുക്കുടെ ഹൃദയങ്ങൾ ആഗ്രഹിക്കുന്നത്.

2. ദൈവത്തിന്റെ വചനത്തിനു വേണ്ടിയുള്ള വാഞ്ഛ നാം ക്രിയാത്മകമായി വളർത്തിയെടുക്കണം. 

രണ്ടാമതായി, ദൈവത്തിനു വേണ്ടിയുള്ള നമ്മുടെ വാഞ്ഛയിലുള്ള വർധനവ് ദൈവത്തിന്റെ വചനത്തിനു വേണ്ടിയുള്ള നമ്മുടെ വാഞ്ഛയെയും വളർത്തേണ്ടതുണ്ട്. എന്തുകൊണ്ട്? ഇത് ഒരു നിമിഷം ചിന്തിക്കാം. നാം ഒരു വ്യക്തിയെ സ്നേഹിക്കുമ്പോൾ, ആ വ്യക്തിയെക്കുറിച്ച് എല്ലാം അറിയുവാൻ ആഗ്രഹിക്കും. അവർ എന്ത് ഇഷ്ടപ്പെടുന്നു, എന്ത് ഇഷ്ടപ്പെടുന്നില്ല എന്നിങ്ങനെ.

അതുപോലെതന്നെ, നാം ദൈവത്തെ സ്നേഹിക്കുകയും ദൈവത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിയുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു എങ്കിൽ, ആ സത്യങ്ങൾ വെളിപ്പെടുത്തുന്ന ഏക ഉറവിടമായ തിരുവെഴുത്തുകളിലേയ്കു പോകണം. ഈ ഭാഗ്യാവസ്ഥയിൽ പരാമർശിച്ചിരിക്കുന്ന നീതി ദൈവത്തിന്റെ ദൃഷ്ടിയിൽ ശരിയായത് ചെയ്യുക എന്നതാണെന്നതിനാൽ, ദൈവത്തിന്റെ ദൃഷ്ടിയിൽ ശരിയായത് എന്താണ് എന്നു നമുക്കു കണ്ടെത്തുവാൻ സാധിക്കുന്ന ഏക ഉറവിടം ദൈവത്തിന്റെ വിശുദ്ധ വചനമാണ്. മറ്റുരു വിധത്തിൽ പറഞ്ഞാൽ, നീതിയ്കായി വിശന്നുദാഹിക്കുന്നവരുടെ പതിവായ ആഹാരം ദൈവത്തിന്റെ വചനം ആയിരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ്, ദൈവത്തിന്റെ ജനം തുടർച്ചയായി ദൈവത്തിന്റെ വചനം ആഗ്രഹിക്കുകയും അതിൽ അനന്ദിക്കുകയും ചെയ്യുന്നതായി നാം ബൈബിളിൽ തുടർച്ചയായി വായിക്കുന്നത്. 

സങ്കീർത്തനങ്ങൾ 119:20 നിന്റെ വിധികൾക്കായുള്ള നിത്യവാഞ്ഛകൊണ്ടു എന്റെ മനസ്സു തകർന്നിരിക്കുന്നു.”    

ഇയ്യോബ് 23:12 ഞാൻ അവന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറീട്ടില്ല; അവന്റെ വായിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു.”

യിരേമ്യാവു 15:16 ഞാൻ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങൾ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന്നു ആനന്ദവും ആയി; സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്റെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ.”

മത്തായി 4:4 അതിന്നു അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു”എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.”

1 പത്രൊസ് 2:1-3 ആകയാൽ, സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളഞ്ഞു, ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ. കർത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ.”

ദൈവത്തിന്റെ വചനത്തിനു വേണ്ടി നാം എത്രയധികം വിശക്കുന്നുവോ—ബുദ്ധിപരമായ അറിവിനു വേണ്ടിയല്ല പിന്നെയോ, അനുസരിക്കുവാൻ വേണ്ടി—അത്രയധികം നാം അനുസരിക്കും. എത്രയധികം അനുസരിക്കുന്നുവോ അത്രയധികം നീതിയുടെ നിറവ് നാം അനുഭവിക്കും. തത്ഫലമായി, നാം ദൈവത്തിന്റെ വചനത്തിനു വേണ്ടി വിശന്നുദാഹിക്കും. അത് അപ്രകാരം ആവർത്തിക്കപ്പെടും. 

അതുപൊലെതന്നെ, നാം അനുസരണക്കേടിൽ എത്രയധികം നടക്കുന്നുവോ ദൈവത്തിന്റെ വചനത്തിനുവേണ്ടിയുള്ള വിശപ്പും ദാഹവും അത്രയും കുറവായിരിക്കും അനുഭവപ്പെടുക. ദൈവവചനത്തിനു വേണ്ടിയുള്ള വിശപ്പും ദാഹവും കുറയുംതോറും അനുസരണവും കുറവായിരിക്കും. ഇക്കാര്യത്തിൽ, ഒന്ന് ഒന്നിന് ആഹാരമാണ്—ഇവിടെ ഇത് നിഷേധരൂപത്തിലാണെന്നുമാത്രം. 

അതായത്, ദൈവത്തിനായുള്ള വാഞ്ഛ ദൈവത്തിന്റെ വചനത്തിനായുള്ള വാഞ്ഛയിലേയ്കു നയിക്കുന്നു—നീതിയ്കായി വിശന്നു ദാഹിക്കുന്നതിനുള്ള 2 ഉപാധികളാണ് ഇവ. അത്തരത്തിൽ ഒരു വാഞ്ഛ നിങ്ങൾക്കുണ്ടോ? ഓർമ്മിക്കുക, നിങ്ങൾ എന്തു ഭക്ഷിക്കുന്നുവോ അതാണ് നിങ്ങൾ. നിങ്ങളുടെ ഹൃദയത്തിന്റെ വാഞ്ഛ എന്താണ്? ആഗ്രഹങ്ങൾ ഭോഷ്ക് പറയുകയില്ല!

നീതിയ്കായി വിശന്നു ദാഹിക്കുന്നതിനുള്ള അഭ്യർഥന.

ഇന്ത്യയിൽ ഹിന്ദുക്കളുടെയിടയിൽ ഒരു വ്യക്തി മരിക്കുമ്പോൾ ചെയ്യുന്ന ഒരു ആചാരമുണ്ട്. ഞാൻ കൊച്ചുകുട്ടിയായിരുന്നപ്പോൾ [രക്ഷിക്കപ്പെടുന്നതിനു മുൻപ്] എന്റെ പിതാവ് മരിച്ചപ്പോൾ അതു ചെയ്യുന്നത് ഞാൻ ഓർമ്മിക്കുന്നു. ഒരാൾ ഒരു പിടി അരിയെടുത്ത് മൃതശരീരത്തിന്റെ വായിൽ ഇടും. സംസ്കരിക്കുന്നതിന് മൃതശരീരം മണ്ണിലേയ്കു മാറ്റുമ്പോഴും ഈ അരി വിഴുങ്ങാതെ വായിൽതന്നെയിരിക്കും. കാരണമെന്ത്? ഒരു മൃതശരീരത്തിന് വിശക്കുകയോ ദാഹിക്കുകയോ ഇല്ല! 

അതുപോലെതന്നെ, ആത്മീയമായി മൃതരായവർ നീതിയ്കായി വിശക്കുകയോ ദാഹിക്കുകയോ ഇല്ല. അതുകൊണ്ട്, നിങ്ങൾ ഒരു ക്രിസ്ത്യാനിയാണെന്ന് പറയുകയും എന്നാൽ, ദൈവത്തിന്റെ ദൃഷ്ടിയിൽ ശരിയായത് ചെയ്യണം എന്ന വാഞ്ഛ ഇല്ലാതിരിക്കുകയും ചെയ്താൽ ഈ സുപ്രധാനമായ ചോദ്യം നിങ്ങളോടുതന്നെ ചോദിക്കണം: ഞാൻ ആത്മീയമായി ജീവനുള്ള വ്യക്തിയാണോ?  

ഓർമ്മിക്കുക, തന്റെ അനുയായികൾ എന്ന് അവകാശപ്പെടുന്നവരുടെ ജീവിതം എപ്രകാരമായിരിക്കണം എന്നാണ് യേശു പറയുന്നത്, അതിൻപ്രകാരം നമ്മുടെ ജീവിതങ്ങൾ ഒത്തുപോകുന്നുണ്ടോ എന്ന് കാണേണ്ടതിന് യേശു നമുക്കു മുൻപിൽ വച്ചിരിക്കുന്ന കണ്ണാടിയാണ് ഗിരിപ്രഭാഷണം. ഗിരിപ്രഭാഷണത്തിന്റെ അവസാനം യേശു പറഞ്ഞ വാക്കുകൾ ഇതു വ്യക്തമാക്കുന്നു, “എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു” [മത്തായി 7:21]. മറ്റു കാര്യങ്ങളോടൊപ്പം നമുക്ക് നീതിയ്കുവേണ്ടിയുള്ളതന്റെ ദൃഷ്ടിയിൽ ശരിയായത് ചെയ്യുന്നതിന്വി–ശപ്പും ദാഹവും ഉണ്ടായിരിക്കണം എന്നതാണ് പിതാവിന്റെ ഹിതം. ആ വിശപ്പ് നമുക്കില്ല എങ്കിൽ, നമുക്ക് ദൈവത്തിന്റെ മക്കൾ എന്ന് നിയമപ്രകാരം അവകാശപ്പെടുവാൻ സാധിക്കുകയില്ല.  

നാം നമ്മെത്തന്നെ വഞ്ചിക്കരുത്. നമ്മുടെ ജീവിതശൈലി നീതി പ്രകടമാക്കുന്നില്ല എങ്കിൽ, നാം താമസംകൂടാതെതന്നെ, മാനസാന്തരപ്പെട്ട് നമ്മുടെ പാപങ്ങളെക്കുറിച്ച് തകർന്നഹൃദയത്തോടെ ക്രിസ്തുവിലേയ്കു വരികയും വിശ്വാസത്താൽ യേശു നൽകുന്ന പാപക്ഷമ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ആ സമയം മുതൽ, നാം ജീവനോടിരിക്കുന്ന കാലത്തോളം, നമ്മുടെ അനുദിനജീവിതത്തിൽ ഈ നീതിയ്കു വേണ്ടി കൂടുതൽകൂടുതൽ ആഗ്രഹിക്കുവാൻ പരിശുദ്ധാത്മാവിനാൽ നാം വാഞഛിക്കപ്പെടുകയും ദൈവം നമ്മെ നിറച്ചുകൊണ്ടിരിക്കുകയും ചെയ്യും. ക്രിസ്തു മടങ്ങിവരുമ്പോൾ നാം പൂർണ്ണമായ നിറവ് ഒരിക്കലായി സ്വീകരിച്ചുകൊണ്ട് ആ സമയം മുതൽ എന്നെന്നേയ്കും ദൈവത്തിനു പ്രസാധകരമായതു ചെയ്യുകയും ചെയ്യും.   

മുന്നറിയിപ്പായി ഒരു വാക്ക്.

ഈ ജീവിതത്തിൽ, നീതിയ്കായി വിശന്നു ദാഹിക്കുന്ന ജീവിതശൈലി സ്വന്തമാക്കുവാൻ വിസമ്മതിക്കുന്നവർ ഭാവിയിൽ വിശന്നുദാഹിക്കും. എന്നാൽ, അത് നരകപീഢയിലെ യാതനയിൽ നിന്നും വിടുതൽ നേടുന്നതിനു വേണ്ടിയുള്ള വിശപ്പും ദാഹവും ആയിരിക്കും. ആ വിശപ്പും ദാഹവും ഒരിക്കലും ശമിക്കപ്പെടുകയില്ല– നിത്യതയിലുടനീളം [ലൂക്കോസ് 16:24]. എത്ര ഭയാനകമായ ജീവിതം! 

നാം എന്തു ഭക്ഷിക്കുന്നുവോ അതാണ് നാം. പാപമാണ് നമ്മുടെ ഭക്ഷണം എങ്കിൽ അതിന്റെ ഫലം നരകത്തിലെ ഭയാനകമായ യാതന ആയിരിക്കും. മറിച്ച്, നീതിയാണ് നമ്മുടെ ഭക്ഷണം എങ്കിൽ, അതിന്റെ ഫലം സ്വർഗ്ഗത്തിലെ അതിബൃഹത്തായ നിത്യാനന്ദം ആയിരിക്കും. അവയാണ് ആകെയുള്ള രണ്ട് ലക്ഷ്യസ്ഥാനങ്ങൾ. നാം ഏത് തെരഞ്ഞെടുക്കും? ഭയാനകമായ യാതനയോ അതിരില്ലാത്ത ആനന്ദമോ? ഈ ഭാഗ്യാവസ്ഥയിൽ നാം പിന്തുടരുവാൻ യേശു പറഞ്ഞത് തെരഞ്ഞെടുത്തുകൊണ്ട് ആനന്ദം പിന്തുടരുവാൻ ദൈവം നമ്മെ സഹായിക്കട്ടെ. നീതിയ്കായി വിശന്നുദാഹിക്കുന്നവർ ഭാഗ്യവാന്മാർ, അവർക്കു തൃപ്തവരും. 

Category

Leave a Comment