ഭാഗ്യാവസ്ഥകൾ—ഭാഗം 8 സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ

(English version: “Blessed Are The Peacemakers”)
മത്തായി 5:3-12 ൽ കാണപ്പെടുന്ന ഭാഗ്യാവസ്ഥകൾ എന്ന പരമ്പരയിലെ നാലാമത്തെ പോസ്റ്റാണിത്. തന്നെ അനുഗമിക്കുന്നു എന്ന് അവകാശപ്പെടുന്ന ഏതൊരുവന്റെയും ജീവിതത്തിൽ കാണപ്പെടേണ്ട 8 മനോഭാവങ്ങളെക്കുറിച്ച് കർത്താവായ യേശു ഈ ഭാഗത്ത് പറഞ്ഞിരിക്കുന്നു. മത്തായി 5:9–ൽ പറഞ്ഞിരിക്കുന്ന, സമാധാനസ്ഥാപകർ ആയിരിക്കുക എന്ന ഏഴാമത്തെ മനോഭാവത്തെക്കുറിച്ചാണ് ഈ പോസ്റ്റിൽ നാം കാണുന്നത്. “സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.”
*******************
അനേക കലാപങ്ങളും യുദ്ധങ്ങളും നിറഞ്ഞ ഈ ലോകത്ത് സമാധാനം എന്നത് എത്തിപ്പിടിക്കുവാൻ സാധിക്കാത്ത ഒന്നാണ്. രാജ്യങ്ങൾ അന്യോന്യം യുദ്ധം ചെയ്യുന്നു; സമുദായങ്ങൾ അന്യോന്യം യുദ്ധം ചെയ്യുന്നു; സഭകൾ അന്യോന്യം യുദ്ധം ചെയ്യുന്നു; ജീവിതപങ്കാളികൾ അന്യോന്യം യുദ്ധം ചെയ്യുന്നു; മാതാപിതാക്കളും മക്കളും യുദ്ധം ചെയ്യുന്നു. യുദ്ധം, യുദ്ധം, കൂടുതൽ യുദ്ധം!
എങ്കിലും, ഇതിന്റെയൊക്കെ മധ്യത്തിൽ യേശു തന്റെ മക്കളെ സമാധാനസ്ഥാപകരായി ഈ ലോകത്തിലേയ്ക് അയയ്കുന്നു. സമാധാനസ്നേഹികളോ സമാധാധാനകാംഷികളോ സമാധാനപ്രത്യാശാഭരിതരോ ആയിട്ടല്ല പിന്നെയോ, സമാധാനസ്ഥാപകരായി അയയ്കുന്നു! സമാധാനം സ്ഥാപിക്കുന്നതിനുള്ള–ദൈവവും മനുഷ്യനും തമ്മിലുള്ള യഥാർഥ സമാധാനവും മനുഷ്യനും മനുഷ്യനും തമ്മിലുള്ള സമാധാനവും–ഉപാധി കൈവശമുള്ളവർ.
സമാധാനസ്ഥാപകർ അഥവാ “സമാധാനം ഉണ്ടാക്കുന്നവർ” എന്ന പ്രയോഗത്തിൽ 2 പദങ്ങളുണ്ട്–സമാധാനം, ഉണ്ടാക്കുന്നവർ. “കലഹത്തിന്റെയോ സംഘർഷത്തിന്റെയോ അഭാവത്തിലുമുപരിയായ ഒന്നിനെയാണ് സമാധാനം” എന്ന പദം സൂചിപ്പിക്കുന്നത്. പൂർണ്ണാരോഗ്യമുള്ള, ക്ഷേമം, ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടുവെന്ന അവബോധം എന്നീ ആശയങ്ങൾ ഇതിലുണ്ട്. “ഉണ്ടാക്കുന്നവർ” എന്ന പദത്തിന് എന്തെങ്കിലും ഉണ്ടാക്കുന്നവർ അഥവാ നിർമ്മിക്കുന്നവർ–ഈ സന്ദർഭത്തിൽ സമാധാനം–എന്ന ആശയമുണ്ട്. അതിനാൽ, ഈ രണ്ടു പദങ്ങളും ഒരുമിച്ചുവരുമ്പോൾ ക്രിസ്ത്യാനികൾ സമാധാനം ഉണ്ടാക്കുവാൻ/സ്ഥാപിക്കുവാൻ പ്രവർത്തിക്കുന്നു എന്ന ആശയമാണൂള്ളത്.
എന്തു വില നൽകിയും സ്ഥാപിക്കുന്ന സമാധാനമല്ല.
സമാധാനസ്ഥാപകർ ആയിരിക്കുക എന്നതിന് എന്തു വില നൽകിയും സമാധാനം സ്ഥാപിക്കണം–പ്രത്യേകിച്ചും, ദൈവവചനത്തോടുള്ള അനുസരണം ബലികഴിച്ച്–എന്ന് അർഥമില്ല. തൊട്ടുമുൻപിലുള്ള ഭാഗ്യാവസ്ഥ, ഹൃദയവിശുദ്ധിയ്ക് ആഹ്വാനം നൽകുന്നു–ദൈവത്തിന് കേന്ദ്രത്തിൽ സ്ഥാനം നൽകുന്ന ഹൃദയം, ദൈവത്തെ അനുകരിക്കുവാൻ ശ്രമിക്കുന്ന ഹൃദയമാണത്. കൂടാതെ, വിശുദ്ധി ബലികഴിച്ച് ദൈവം സമാധാനം സ്ഥാപിക്കുകയില്ല എന്നതിനാൽ നാമും അതുതന്നെ ചെയ്യുവാൻ ശ്രദ്ധിക്കണം. വിശുദ്ധി നഷ്ടമാക്കിക്കൊണ്ട് സമാധാനം സ്ഥാപിക്കുക നമുക്കു സാധ്യമല്ല, സാധ്യമാകരുത്. വിശുദ്ധി എല്ലായ്പോഴും മുഴക്കുന്ന കാഹളനാദമാണ് സമാധാനം!
കൂടാതെ, സമാധാനസ്ഥാപകരായിരിക്കുക എന്നത് നമ്മുടെ ജീവിതങ്ങളിൽ ഒരിക്കലും സംഘർഷം ഉണ്ടാകുകയില്ല എന്നോ എല്ലാവരും നമ്മെപ്പോലെ ആയിരിക്കും എന്നോ അർഥമാക്കുന്നില്ല. പ്രശ്നങ്ങളെ ശ്രദ്ധിക്കേണ്ടതില്ല എന്നും അതിന് അർഥമില്ല. എന്നാൽ, കാര്യങ്ങൾ സങ്കീർണ്ണമായി കാണപ്പെട്ടാലും, ഈ അപൂർണ്ണമായ ലോകത്തിലേയ്ക് സമാധാനം കൊണ്ടുവരുവാൻ ദൈവത്തിന്റെ പ്രതിനിധികളായി പ്രവർത്തിക്കുവാൻ അയക്കപ്പെട്ടവരാണ് നാം.
ഈ മനുഷ്യർ, സമാധാനസ്ഥാപകർ ആണ് “ദൈവത്തിന്റെ പുത്രന്മാർ” എന്നു വിളിക്കപ്പെടുന്നത് എന്നാണ് യേശു പറഞ്ഞത്. സമാധാനസ്ഥാപകർ ആകുന്നതിലൂടെ നാം ദൈവത്തിന്റെ മക്കൾ ആയിത്തീരുന്നു എന്നല്ല യേശു പറയുന്നത്. അപ്രകാരം ആയിരുന്നു എങ്കിൽ ആരും ദൈവത്തിന്റെ പൈതൽ ആകുമായിരുന്നില്ല, കാരണം, ദൈവത്തിന്റെ കല്പനളുടെ നിലവാരത്തിനനുസരിച്ച് ജീവിക്കുവാൻ സമയാസമയങ്ങളിൽ നാം എല്ലാവരും പരാജയപ്പെടുന്നു.
ദൈവത്തിന്റെ പുത്രന്മാർ ആയിത്തീരുവാൻ നാം എന്തു ചെയ്യണം എന്ന് ഭാഗ്യാവസ്ഥകൾ വിവരിക്കുന്നില്ല. ദൈവത്തിന്റെ മക്കൾ ആയിത്തീർന്നവരുടെ മാതൃകയും പരിശ്രമവുമാണ് അവ വിവരിക്കുന്നത്. നാം ദൈവത്തിന്റെ മക്കൾ ആയിത്തീരുന്നത് യേശുവിലുള്ള വിശ്വാസത്താലാണ്. യോഹന്നാൻ 1:12 ഇപ്രകാരം പറയുന്നു, “അവനെ [യേശുവിനെ] കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.” ദൈവത്തിന്റെ പൈതൽ ആകുക എന്നതിൽ യേശുവിൽ മാത്രമുള്ള വിശ്വാസമാണ് ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ, സമാധാനസ്ഥാപകർ ആയിത്തീരുന്നതിനുള്ള വിളി അനുസരിച്ച് ജീവിക്കുന്നത് യേശുവിലുള്ള ഒരുവന്റെ വിശ്വാസം ആത്മാർഥമാണ് എന്ന് തെളിയിക്കുന്നു. ആ വ്യക്തി യഥാർഥമായും ഒരു ദൈവപൈതലാണ്. ആ വ്യക്തിയാണ് ദൈവത്തിന്റെ അംഗീകാരവും പ്രസാദവും ലഭിക്കുന്ന “ഭാഗ്യവാൻ.” അപ്പോൾ സ്വാഭാവികമായും ഉയരുന്ന ചോദ്യം ഇതാണ്: ഒരുവന്റെ വിശ്വാസം ആത്മാർഥമാണ് എന്ന് തെളിയിക്കുന്ന, സമാധാനസ്ഥാപകന്റെ സ്വഭാവസവിശേഷതകൾ എന്തൊക്കെയാണ്? എനിക്ക് 8 എണ്ണം ചിന്തിക്കുവാൻ സാധിക്കും.
സമാധാനസ്ഥാപകരുടെ 8 സ്വഭാവസവിശേഷതകൾ.
സ്വഭാവസവിശേഷത # 1. സമാധാനസ്ഥാപകർ ദൈവവുമായി സമാധാനമുള്ളവരാണ്.
സകല സമാധാനത്തിന്റെയും അടിസ്ഥാനം ദൈവവുമായുള്ള സമാധാനമാണ്. ഈ വിശുദ്ധനായ ദൈവത്തോട് സമാധാനബന്ധം ഉണ്ടാക്കുന്നതിനുള്ള ഏക വഴി തന്റെ പുത്രനും കർത്താവും രക്ഷകനുമായ യേശു ക്രിസ്തുവിലൂടെയാണ്. റോമർ 5:1 ഇതു വ്യക്തമാക്കുന്നു: “വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു.” യേശുവിന്റെ രക്തമാണ് നമ്മെ സകല പാപത്തിൽ നിന്നും ശുദ്ധീകരിക്കുന്നത്. വിശുദ്ധനായ ദൈവത്തോട് നമുക്ക് ബന്ധപ്പെടുവാൻ നിയമിക്കപ്പെട്ട മാർഗ്ഗം യേശു ആണെന്നതിനാൽ ഒരുവൻ ആരംഭിക്കേണ്ടത് അവിടെയാണ്.
സ്വഭാവസവിശേഷത # 2. സമാധാനസ്ഥാപകർ യേശു നൽകുന്ന സമാധാനം അനുഭവിക്കുന്നു.
തന്നെ ഒറ്റിക്കൊടുക്കുവാൻ പോകുന്ന രാത്രിയിൽ, യേശു തന്റെ ശിഷ്യന്മാരോട് ഈ വാക്കുകൾ പറഞ്ഞു, “സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു” [യോഹന്നാൻ 14:27]. തന്റെ ശിഷ്യന്മാർക്ക് നിരാശാവേളയിൽ യേശു തന്റെ സമാധാനം നൽകി. അതേ സമാധാനം നമുക്കും നൽകുന്നു. നാം ജീവിതത്തിൽ കടന്നുപോകുന്നത് എന്തായിരുന്നാലും, നമ്മുടെ ദൃഷ്ടി യേശുവിൽ പതിപ്പിക്കുന്നുവെങ്കിൽ നമുക്കും യേശു നൽകുന്ന സമാധാനം അനുഭവിക്കുവാൻ സാധിക്കും.
സ്വഭാവസവിശേഷത # 3. ദൈവവുമായി സമാധാനബന്ധത്തിൽ എത്തിയിട്ടില്ലാത്തവരോട് അവർക്കു സമാധാനം ലഭ്യമാണ് എന്ന് സമാധാനസ്ഥാപകർ വിശ്വസ്തതയോടെ പറയുന്നു.
തങ്ങൾക്ക് ക്രിസ്തുവിലൂടെ ലഭിച്ച അതേ സമാധാനം–യേശുവിന്റെ രക്തത്താൽ തങ്ങളുടെ പാപങ്ങൾ കഴുകിക്കളഞ്ഞതിലൂടെ കൈവന്ന സമാധാനം–മറ്റുള്ളവർക്കും ലഭിക്കണം എന്ന് സമാധാനസ്ഥാപകർ ആഗ്രഹിക്കുന്നു. അതുകൊണ്ട്, യേശുവിന്റെ സുവിശേഷം അവർ അവരുമായി പങ്കുവയ്കുന്നു. യെശയ്യാ 52:7 അവർ ഹൃദയത്തിൽ സ്വീകരിച്ചിരിക്കുന്നു, “സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!” യേശുവിൽ നിന്നും അകന്നിരിക്കുന്നവരെ കാണുമ്പോൾ അവർ 2 കൊരിന്ത്യർ 5:20–ൽ കാണുന്ന പൗലോസിന്റെ വാക്കുകൾ പ്രായോഗികമാക്കുവാൻ ശ്രമിക്കുന്നു, “ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.”
സ്വഭാവസവിശേഷത # 4. സമാധാനസ്ഥാപകർ സകല മനുഷ്യരുമായും സമാധാനം സൂക്ഷിക്കുവാൻ പരിശ്രമിക്കുന്നു.
സകല ക്രിസ്ത്യാനികളോടും, സമാധാനം ഉണ്ടാക്കുന്നവർ എന്നു വിളിക്കപ്പെട്ടവരോടും മറ്റുള്ളവരുമായി സമാധാനം പാലിക്കുവാൻ ആഹ്വാനം ചെയ്യുന്നു. മത്തായി 5:23-24–ൽ യേശു നമ്മോടു കല്പിക്കുന്നു, “ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ, നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.” റോമർ 14:19–ൽ പൗലോസ് നമ്മോടു പറയുന്നു, “ആകയാൽ നാം സമാധാനത്തിന്നും അന്യോന്യം ആത്മികവർദ്ധനെക്കും ഉള്ളതിന്നു ശ്രമിച്ചുകൊൾക.” “എല്ലാവരോടും സമാധാനം ആചരിക്കുവാൻ ഉത്സാഹിപ്പിൻ” എന്ന് എബ്രായലേഖനകർത്താവ് നമ്മെ പ്രബോധിപ്പിക്കുന്നു. സമാധാനം പിന്തുടരുക എന്നത് ഐശ്ചികമല്ല അഥവാ ഇഷ്ടമുണ്ടെങ്കിൽ മാത്രം ചെയ്യാവുന്ന ഒന്നല്ല എന്ന് ഈ വാക്യങ്ങളിൽ നിന്നും വ്യക്തമാണ്.
സ്വഭാവസവിശേഷത # 5. തങ്ങൾക്ക് എല്ലായ്പപോഴും സമാധാനപരമായ ബന്ധങ്ങൾ ഉണ്ടായിരിക്കുകയില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ സമാധാനസ്ഥാപകർ സമാധാനം പിന്തുടരുന്നു.
നമുക്ക് യാഥാർഥ്യത്തെ നേരിടാം. പരിപൂർണ്ണനായ സമാധാനസ്ഥാപകനായ യേശുവിനുപോലും എല്ലാവരുമായി സമാധാനപരമായ ബന്ധമുണ്ടായിരുന്നില്ല. അപ്പോസ്തലന്മാർക്കും ഉണ്ടായിരുന്നില്ല! നമ്മുടെ കാര്യത്തിലും അതുപോലെതന്നെയാണ്. സുവിശേഷത്തോട് വിശ്വസ്തമായിരിക്കുമ്പോൾ അത് പലപ്പോഴും സംഘർഷത്തിനു കാരണമാകുന്നു എന്നു കാണാവുന്നതാണ്. മത്തായി 10:34-36-ൽ “ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു” എന്ന് യേശു പറഞ്ഞു. “മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും” എന്നും യേശു കൂട്ടിച്ചേർത്തു.
അതുകൊണ്ടാണ് അപ്പോസ്തലനായ പൗലോസ് റോമർ 12:18-ൽ ഇപ്രകാരം വിവേകത്തോടെ എഴുതിയിരിക്കുന്നത്, “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ.” മറ്റുള്ളവരുമായി സമാധാനം പാലിക്കുവാൻ നമ്മുടെ ഭാഗത്ത് നിന്നും നമുക്ക് കഴിവിന്റെ പരമാവധി ചെയ്യേണ്ടതാണ്. സമാധാനസ്നേഹികളല്ലാത്ത ചിലർ നമ്മോട് ശണ്ഠ കൂടുമെന്നാൽ തന്നെയും സമാധാനത്തിനു വേണ്ടി എത്രത്തോളം പോകാമോ അത്രത്തോളം നാം പോകേണ്ടതുണ്ട്.
സ്വഭാവസവിശേഷത # 6. മനുഷ്യർ തമ്മിൽ സമാധാനം ഉണ്ടാക്കുവാൻ സമാധാനസ്ഥാപകർ എല്ലായ്പോഴും പരിശ്രമിക്കും.
മറ്റൊരുതരത്തിൽ പറഞ്ഞാൽ, മനുഷ്യർ തമ്മിൽ സമാധാനം സ്ഥാപിക്കുക സാധ്യമായ ഇടങ്ങളിൽ ക്രിസ്ത്യാനികൾ അതിനുവേണ്ടി പ്രവർത്തിക്കണം. ഉവ്വ്, മനുഷ്യർ തമ്മിൽ സമാധാനം പ്രോത്സാഹിപ്പിക്കുമ്പോൾ അവിടെ സാരവത്തായ അപകടമുണ്ട് എന്നതു ശരിയാണ്. നാം തെറ്റിദ്ധരിക്കപ്പെടുകയും ദുഷിക്കപ്പെടുകയും ചിലപ്പോൾ സുഹൃത്ബന്ധങ്ങൾ നഷ്ടപ്പെടുകയും ചെയ്തേക്കാം. എന്നാൽ, സമാധാനസ്ഥാപകർ എന്ന നിലയിൽ, മനുഷ്യർ തമ്മിൽ സമാധാനം വരുത്തുവാൻ നാം യത്നിക്കേണ്ടതാണ്. അപ്പോസ്തലനായ പൗലോസ് അപ്രകാരമുള്ള മനുഷ്യനായിരുന്നു.
ഒരു ഉദാഹരണം ഫിലിപ്പിയർ 4:2-ൽ രണ്ടു സ്ത്രീകൾ തമ്മിൽ സമാധാനം വരുത്തുവാൻ അദ്ദേഹം ശ്രമിക്കുന്നതാണ്, “കർത്താവിൽ ഏകചിന്തയോടിരിപ്പാൻ ഞാൻ യുവൊദ്യയെയും സുന്തുകയെയും പ്രബോധിപ്പിക്കുന്നു.” മറ്റൊരു ഉദാഹരണം, ഫിലേമോനും അവന്റെ ദാസനും തമ്മിൽ സമാധാനം സ്ഥാപിക്കുവാനുള്ള പൗലോസിന്റെ ശ്രമമാണ്. വിശ്വാസിയായിത്തീരുന്നതിനു മുൻപ് ഒനേസിമോസ് ഫിലേമോന്റെ അടുക്കൽ നിന്നും ഓടിപ്പോയി [എന്തെങ്കിലും മോഷണം നടത്തിയ ശേഷം ആകുവാനാണ് സാധ്യത]. അതുകൊണ്ടാണ്, ഒനേസിമോസ് എന്തെങ്കിലും കടംപെട്ടിട്ടുണ്ടെങ്കിൽ അതു തന്നുകൊള്ളാം എന്ന് തന്റെ സമാധാനശ്രമത്തിൽ പൗലോസ് പറയുന്നത്. “ആകയാൽ നീ എന്നെ കൂട്ടാളി എന്നു കരുതുന്നു എങ്കിൽ അവനെ എന്നെപ്പോലെ ചേർത്തുകൊൾക. അവൻ നിന്നോടു വല്ലതും അന്യായം ചെയ്തിട്ടോ കടംപെട്ടിട്ടോ ഉണ്ടെങ്കിൽ അതു എന്റെ പേരിൽ കണക്കിട്ടുകൊൾക” [ഫിലേമോൻ 1:17-18]. മനുഷ്യർ തമ്മിൽ സമാധാനം വരുത്തുവാൻ അത്രത്തോളം ചെയ്യുവാൻ പൗലോസ് ഒരുക്കമായിരുന്നു!
സ്വഭാവസവിശേഷത # 7. സമാധാനം പ്രോത്സാഹിപ്പിക്കുവാൻ ആവശ്യമായ വില കൊടുക്കുവാൻ സമാധാനസ്ഥാപകർ ഒരുക്കമാണ്.
സമാധാനം വിലയുള്ളതാണ്. നാം ദൈവത്തോട് വൈരികളായി തുടരാതെ ദൈവവുമായി അനുരഞ്ജനപ്പെടുത്തുവാൻ പിതാവ് തന്റെ പുത്രനെ വിലയായി നൽകി. ആ സമാധാനം നമുക്കായി നേടിയെടുക്കുവാൻ പുത്രൻ തന്റെ ജീവൻ വിലയായി നൽകി. സമാധാനത്തിന്റെ സുവിശേഷം ലോകത്തിനു നൽകിയ ആദിമ അപ്പോസ്തലന്മാർ പലരും തങ്ങളുടെ ജീവൻ വിലയായി നൽകി.
അതുപോലെ, സമാധാനം പ്രോത്സാഹിപ്പിക്കുവാൻ നാം ശ്രമിക്കുമ്പോൾ നമുക്കും വില കൊടുക്കേണ്ട സമയം വരും. അതുകൊണ്ടാണ്, ഭാഗ്യാവസ്ഥകൾ നാം ജീവിതത്തിൽ പ്രായോഗികമാക്കുമ്പോൾ കഷ്ടതകൾ ഉണ്ടാകും എന്ന് അടുത്ത ഭാഗ്യാവസ്ഥയിൽ [മത്തായി 5:10-12] യേശു പറയുന്നത്. നാം എത്ര മൃദുവായി പറഞ്ഞാലും സത്യം മുറിവേൽപ്പിക്കും, അഹംഭാവികളായ മനുഷ്യർ അവർക്കു തെറ്റുപറ്റി എന്നു കേൾക്കുവാൻ ഇഷ്ടപ്പെടുന്നില്ല. അവിശ്വാസികളിൽ നിന്നും മാത്രമല്ല നാം ഇത്തരം പ്രതികരണം ലഭിക്കുന്നത്. വിശ്വാസികൾ എന്ന് അവകാശപ്പെടുന്നവർപോലും ഭവനങ്ങളിൽ, സഭകളിൽ അല്ലെങ്കിൽ ജോലിസ്ഥലത്തുപോലും രോഷം പ്രകടിപ്പിക്കുന്നു. എന്നാൽ, വില കൊടുക്കണം എന്ന ഭയത്താൽ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിൽ നിന്നും നമുക്കു പിന്തിരിയുവാൻ സാധ്യമല്ല. സമാധാനം പ്രോത്സാഹിപ്പിക്കുവാൻ ദൈവം നമ്മോടു കല്പിക്കുന്നു, നാം അനുസരിക്കേണ്ടതുണ്ട്.
സ്വഭാവസവിശേഷത # 8. ബന്ധങ്ങളിലെ സമാധാനം നഷ്ടമാക്കുവാൻ സമാധാനസ്ഥാപകർ കാരണമാകുകയില്ല.
സമാധാനം സ്ഥാപിക്കുവാൻ വിളിക്കപ്പെട്ടവരാണ് നാം എങ്കിലും, പലപ്പോഴും നാം സമാധാനം തകർക്കുന്നവർ എന്നപോലെ പ്രവർത്തിക്കാറുണ്ട്! സമാധാനം പിന്തുടരുന്നതിന്റെ അഭാവം നമ്മുടെ മനോഭാവങ്ങൾ, വാക്കുകൾ, പ്രവൃത്തികൾ എന്നിവയിൽ കാണുന്നുണ്ട്. പകരം, അവ നമ്മുടെ സ്വന്ത രീതികൾ വേണമെന്ന് ശാഠ്യം പിടിക്കുന്നതിന്റെ സൂചനകളാണ്. നാം ശരിയാണ് എന്ന് എല്ലായ്പോഴും തെളിയിക്കുവാൻ ആഗ്രഹിക്കുന്നു. ആരെങ്കിലും നമ്മുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ഇടയാകാതിരിക്കട്ടെ. തെറ്റുകൾക്ക് ശിക്ഷ നരകമുണ്ടല്ലോ. വിവാഹ ബന്ധങ്ങളിൽ, മാതാപിതാക്കളുമായുള്ള ബന്ധങ്ങളിൽ, മറ്റു വിശ്വാസികളുമായുള്ള ബന്ധങ്ങളിൽ, നമ്മുടെ ജോലിസ്ഥലത്തുള്ള മനുഷ്യരുമായുള്ള ബന്ധങ്ങളിൽ ഒക്കെ ഇത് കാണപ്പെടുന്നു. നമ്മുടെ അധരങ്ങൾക്കൊണ്ട് വളരെയധികം രോഷം പ്രകടിപ്പിക്കുന്നു. അക്ഷമയും പൊറുക്കാനാകാത്ത മനോഭാവവും പതിവായി നമ്മുടെ സ്വഭാവമുദ്രകളായി കാണപ്പെടുന്നു.
അഹംഭാവം വാഴുന്നിടത്ത് സമാധാനനഷ്ടമല്ലാതെ മറ്റൊന്നും സംഭവിക്കുകയില്ല. സമാധാനം തകർക്കുന്നവരായി നാം ജീവിക്കുന്നുവെങ്കിൽ നമുക്ക് സമാധാനസ്ഥാപകർ ആകുവാൻ സാധിക്കുകയില്ല! അതുകൊണ്ടാണ് ദൈവത്തിന്റെ ജ്ഞാനം തേടുവാൻ യാക്കോബ് വിവേകത്തോടെ നമ്മെ പഠിപ്പിക്കുന്നത്, “ഈർഷ്യയും ശാഠ്യവും ഉള്ളേടത്തു കലക്കവും സകല ദുഷ്പ്രവൃത്തിയും ഉണ്ടു. ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു. എന്നാൽ സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതെച്ചു നീതി എന്ന ഫലം കൊയ്യും” [യാക്കോബ് 3:16-18].
ഈ ഭാഗ്യാവസ്ഥ അനുഭവവേദ്യമാക്കുക അഥവാ പ്രായോഗികമാക്കുക.
സമാധാനസ്ഥാപകർ എന്ന നിലയിൽ നമ്മുടെ വിളിയെ എപ്രകാരം അനുഭവവേദ്യമാക്കുവാൻ അഥവാ പ്രായോഗികമാക്കുവാൻ നമുക്ക് സാധിക്കും? പരിശുദ്ധാത്മാവിൽ തുടർമാനമായി ആശ്രയിക്കുന്നതിലൂടെ മാത്രമാണ് അത് സാധ്യമാകുന്നത്. ഈ ജീവിതശൈലിയെ നമുക്കു സ്വന്തകഴിവിനാൽ പിന്തുടരുവാൻ സാധ്യമല്ല. അതിനാലാണ്, യേശു ഈ ഭാഗ്യാവസ്ഥ അതിന്റെ പൂർണ്ണതയിൽ നമ്മുടെ സ്ഥാനത്ത് ജീവിക്കുക മാത്രമല്ല, അത് പ്രായോഗികമാക്കുവാൻ നമ്മെ സഹായിക്കുന്നതിന് തന്റെ പരിശുദ്ധാത്മാവിനെ നമുക്കു നൽകുകയും ചെയ്തത്. ഗലാത്യർ 5:22 ഇപ്രകാരം പറയുന്നു, “ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം…” നമ്മിൽ പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയാണ് സമാധാനസ്ഥാപകരാകുവാൻ നമ്മെ പ്രാപ്തരാക്കുന്നത്. ഈ മനോഭാവം നമ്മിൽ ഉളവാക്കുവാൻ തിരുവെഴുത്തുകൾ, പ്രാർഥന, കൂട്ടായ്മ, ജീവിത സാഹചര്യങ്ങൾ [പ്രധാനമായും കഷ്ടതകൾ] എന്നിവയിലൂടെ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നു.
അതുകൊണ്ടാണ് പരിശുദ്ധാത്മാവ് നമ്മുടെ ഉള്ളിൽ വസിക്കുന്നുണ്ട് എന്നത് നാം ഉറപ്പാക്കേണ്ടത്. നമ്മുടെ ഉള്ളിൽ പരിശുദ്ധാത്മവാവ് ഉണ്ടായിരിക്കുക സാധ്യമാക്കുന്ന ഏക വഴി പാപങ്ങളുടെ ക്ഷമയ്കായി ക്രിസ്തുവിൽ മാത്രം ആശ്രയിക്കുക എന്നതാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, അടിസ്ഥാനപരമായ ആവശ്യം നാം ദൈവവുമായി സമാധാനബന്ധത്തിൽ ആയിത്തീരുക എന്നതാണ് [സ്വഭാവസവിശേഷത # 1 കാണുക]. അപ്പോഴാണ്, അപ്പോൾ മാത്രമാണ്, സമാധാനം എന്ന ഈ ആശ്ചര്യകരമായ ഗുണം നമ്മിലും നമ്മുടെ ജീവിതങ്ങളിലൂടെയും ഉളവാക്കുവാൻ പരിശുദ്ധാത്മാവിന് സാധിക്കുന്നത്.
താഴ്മയുള്ളവരും പൊറുക്കുന്നവരും ക്ഷമിക്കുന്നവരും നമ്മുടെ സ്വന്ത ഇഷ്ടം നടക്കണം എന്ന ശാഠ്യം പിടിക്കാത്തവരും ആയിത്തീരുവാൻ ബൈബിൾ തുടർച്ചയായി നമ്മെ ആഹ്വാനം ചെയ്യുന്നു. അപമാനവും തിരസ്കരണവും കാര്യമാക്കാതെ–യേശു ചെയ്തതുപോലെ–നമുക്ക് കഴിയുന്നിടത്തോളം സമാധാനം പ്രോത്സാഹിപ്പിക്കുവാൻ നാം മനസ്സുള്ളവരായിരിക്കണം! “മനസ്സലിവു, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ” എന്നിവ നാം ധരിക്കണം നാം “അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്യണം.” “കർത്താവു നമ്മോടു ക്ഷമിച്ചതുപോലെ” നാമും ചെയ്യണം. നാം “സ്നേഹം ധരിക്കണം.” “ക്രിസ്തുവിന്റെ സമാധാനം നമ്മുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിന്നല്ലോ നാം ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നതു.” ഒടുവിൽ നാം “നന്ദിയുള്ളവരായും ഇരിക്കണം” [കൊലൊസ്സ്യർ 3:12-17]!
നാം ഈ വിധത്തിലുള്ള ജീവിതശൈലി പിന്തുടരുമ്പോൾ, കൃപയാൽ, പരിശുദ്ധാത്മാവിന്റെ ബലപ്പെടുത്തുന്ന ശക്തിയാൽ, സമാധാനസ്ഥാപകരായി നമ്മുടെ വിളിയ്കനുസൃതമായി ജീവിക്കുകതന്നെ ചെയ്യും!
സമാധാനം ഉണ്ടാക്കുന്നവർ നിശ്ചയമായും ഭാഗ്യവാന്മാരാണ് കാരണം, അവർ ദൈവത്തിന്റെ പുത്രന്മാർ എന്ന് വിളിക്കപ്പെടും!