ഭാഗ്യാവസ്ഥകൾ- ഭാഗം 9 നീതി നിമിത്തം ഉപ്രദവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ

(English version: “Blessed Are Those Who Are Persecuted”)
മത്തായി 5:3-12 ൽ കാണപ്പെടുന്ന ഭാഗ്യാവസ്ഥകൾ എന്ന പരമ്പരയിലെ ഒൻപതാമത്തെ പോസ്റ്റാണിത്. തന്നെ അനുഗമിക്കുന്നു എന്ന് അവകാശപ്പെടുന്ന ഏതൊരുവന്റെയും ജീവിതത്തിൽ കാണപ്പെടേണ്ട 8 മനോഭാവങ്ങളെക്കുറിച്ച് കർത്താവായ യേശു ഈ ഭാഗത്ത് പറഞ്ഞിരിക്കുന്നു. ഈ മനോഭാവങ്ങൾ പിന്തുടരുന്നത് പ്രതിസംസ്കാരമാണ്. അതിനാലാണ് ഭാഗ്യാവസ്ഥകളുടെ ജീവിതശൈലിയെ “പ്രതിസംസ്കാര ക്രിസ്തീയത” എന്നും വിളിക്കാവുന്നത്.
നാം നമ്മുടെ ക്രിസ്തീയ ജീവിതം ജീവിക്കുന്നു എന്ന കാരണത്താൽ ഉളവാകുന്ന കഷ്ടതകൾ ക്ഷമയോടെ സഹിക്കുക എന്ന എട്ടാമത്തേതും അവസാനത്തേതുമായ മനോഭാവത്തെക്കുറിച്ച് ഈ പോസ്റ്റിൽ നാം ചിന്തിക്കുന്നു. മത്തായി 5:10-12 വാക്യങ്ങളിൽ യേശു ഇത് വിവരിക്കുന്നു, “നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു. എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.”
*******************
ക്രിസ്ത്യാനിയായ ഒരു അമേരിക്കൻ യുവതി ഏതാനം വർഷങ്ങൾക്കു മുൻപ് ഇറാക്കിൽ വച്ച് കൊല്ലപ്പെട്ടു. അവളുടെ കുറ്റം എന്തായിരുന്നു? അഭയാർഥികൾക്ക് ശുദ്ധജലം കുടിക്കാൻ നൽകി സഹായിക്കുവാൻ അവിടേയ്കു പോയി.
ആശ്ചര്യകരമായി, അവൾ തന്റെ സഭയ്ക്, താൻ കൊല്ലപ്പെട്ടാൽ വായിക്കേണ്ടതിന് ഒരു കത്ത് എഴുതിയിരുന്നു. “ദൈവം വിളിക്കുമ്പോൾ വ്യസനിക്കേണ്ടതില്ല” എന്ന് അവൾ എഴുതി. “ഞാൻ വിളിക്കപ്പെട്ടത് ഒരു സ്ഥലത്തേയ്ക്കല്ല, ഞാൻ വിളിക്കപ്പെട്ടത് അവന്റെ സന്നിധിയിലേയ്കാണ്…അനുസരിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം, കഷ്ടത പ്രതീക്ഷിക്കപ്പെട്ടതായിരുന്നു, അവന്റെ മഹത്വമായിരുന്നു എന്റെ പ്രതിഫലം. അവന്റെ മഹത്വമാണ് എന്റെ പ്രതിഫലം.”
തന്റെ ശവസംസ്കാരത്തെക്കുറിച്ച് പാസ്റ്റർക്ക് അവൾ ഇപ്രകാരം എഴുതിയിരുന്നു: “ധൈര്യപ്പെടുക, ജീവൻ രക്ഷിക്കുന്ന, ജീവിതത്തിന് മാറ്റംവരുത്തുന്ന, എന്നെന്നും നിലനില്ക്കുന്ന സുവിശേഷത്തെ പ്രസംഗിക്കുക. നമ്മുടെ പിതാവിന് മഹത്വവും ആദരവും നൽകുക.”
2 കൊരിന്ത്യർ 5:15 ഉൾപ്പെടെ തിരുവെഴുത്തുകളിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചില വേദഭാഗങ്ങൾ അവൾ എടുത്തു പറഞ്ഞു, “ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവൻ എല്ലാവർക്കും വേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണ്ണയിച്ചിരിക്കുന്നു.”
മറ്റൊരു വാക്യം റോമർ 15:20-21, ആയിരുന്നു, “…ക്രിസ്തുവിന്റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല, അവനെക്കുറിച്ചു അറിവുകിട്ടീട്ടില്ലാത്തവർ കാണും; കേട്ടിട്ടില്ലാത്തവർ ഗ്രഹിക്കും” എന്നു എഴുതിയിരിക്കുന്നുതുപോലെ അത്രേ, സുവിശേഷം അറിയിപ്പാൻ അഭിമാനിക്കുന്നതു.”
ഒടുവിൽ ഇപ്രകാരം പറഞ്ഞുകൊണ്ട് അവൾ അവസാനിപ്പിച്ചു, “യേശുവിനെ അറിയുന്നതിനും സേവിക്കുന്നതിനും അധികമായ ഒരു ആനന്ദവുമില്ല.”
അവന്റെ മഹത്വം–എന്റെ പ്രതിഫലം! യേശുവിനെ അറിയുന്നതിനും സേവിക്കുന്നതിനും അപ്പുറമായ ഒരു ആനന്ദവുമില്ല! ഈ ഭാഗ്യാവസ്ഥയുടെ സാരാംശം എന്തെന്ന് ഈ മാന്യവനിത മനസ്സിലാക്കിയിരുന്നു എന്ന് ഈ വാക്കുകൾ വെളിവാക്കുന്നില്ലേ? തത്ഫലമായി, യേശുവിന്റെ അനേക വിശ്വസ്തരായ അനുയായികളെപ്പോലെ, ദാരുണമായി അവളുടെ ഭൗമിക ജീവൻ നഷ്ടമാക്കിയെങ്കിലും യഥാർഥ ജീവൻ നിത്യതയിലേയ്ക് അവൾ നേടിയെടുത്തു. ഇപ്പോൾ അവൾ തന്റെ പ്രതിഫലം നേടിക്കഴിഞ്ഞു, ദൈവത്തോടൊപ്പം ആയിരിക്കുന്നതിന്റെയും നിത്യതയിലുടനീളം ദൈവത്തെ ആരാധിക്കുന്നതിന്റെയും ആനന്ദം.
കഷ്ടത എന്ന യാഥാർത്ഥ്യം.
യേശുവിന്റെ കല്പനകൾ നാം ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോൾ നാം പീഡനങ്ങൾ നേരിടും എന്ന് ഈ വാക്യങ്ങളിൽ കർത്താവായ യേശു നമ്മെ ഓർമ്മിപ്പിക്കുന്നു. ഭാഗ്യാവസ്ഥകളിൽ ഇതുവരെ പറഞ്ഞ പ്രകാരമുള്ള ഒരു “പ്രതിസംസ്കാര ജീവിതശൈലി” ജീവിക്കുമ്പോൾ നാം തിരസ്കരണം നേരിടും എന്നതാണ് സന്ദർഭം വ്യക്തമാക്കുന്നത്. “എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും” ചെയ്താൽ എന്നല്ല “ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ” [മത്തായി 5:11] എന്നാണ് യേശു പറഞ്ഞത് എന്നത് ദയവായി ശ്രദ്ധിക്കുക. യേശുവിന്റെ കല്പനകൾ അനുസരിച്ച് ജീവിക്കുന്നതിന്റെ പ്രത്യാഘതം തന്റെ അനുയായികൾ നേരിടുന്നതിന്റെ സമയം മാത്രമാണ് വ്യത്യസ്തമാകുന്നത്. ആ പ്രത്യാഘാതത്തിന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കുന്നത് ഒരു വ്യക്തി എവിടെ ജീവിക്കുന്നു അല്ലെങ്കിൽ, ഓരോരുത്തരും നേരിടുന്ന തനതായ സാഹചര്യങ്ങൾ എന്താണ് എന്നത് അനുസരിച്ച് മാത്രമാണ്. എന്നാൽ പീഡനം എന്ന യാഥാർഥ്യത്തിന് ഇവിടെ ഊന്നൽ നൽകപ്പെട്ടിരിക്കുന്നു.
നാം തന്റെ കല്പനകൾ പാലിക്കുമ്പോൾ, ഈ ലോകവും സാത്താനും നമ്മെ പീഡിപ്പിക്കുവാൻ പിന്തുടരും എന്നതാണ് യേശു പറയുന്നതിന്റെ സാരാംശം. പീഡനം എന്നത് സന്തോഷകരമായ വിഷയം അല്ല. എങ്കിലും, യേശുവിനെ ആത്മാർഥമായി അനുഗമിക്കുവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അത് മർമ്മപ്രധാനമായ വിഷയംതന്നെയാണ്. എന്തുകൊണ്ട്? കാരണം, യേശു തന്റെ ശുശ്രൂഷയിൽ, തന്റെ അനുയായികൾ നേരിടുവാൻ പോകുന്ന പീഡനത്തിന്റെ യാഥാർഥ്യത്തെക്കുറിച്ച് പലപ്പോഴും അങ്ങേയറ്റം സത്യസന്ധതയോടെ സംസാരിച്ചിട്ടുണ്ട്. തന്നെ അനുഗമിക്കുന്നതിന് അവർക്കു വില നൽകേണ്ടിവരും എന്ന് തന്റെ അനുയായികൾ വ്യക്തമായി മനസ്സിലാക്കണമെന്ന് യേശു ആഗ്രഹിച്ചു. ഏതാനം ചില ഉദാഹരണങ്ങൾ ഇവിടെ നൽകുന്നു.
മത്തായി 10:22 “എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും.”
മർക്കൊസ് 8:34 “ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ.”
ലൂക്കോസ് 14:27 “തന്റെ ക്രൂശു എടുത്തുകൊണ്ടു എന്റെ പിന്നാലെ വരാത്തവന്നും എന്റെ ശിഷ്യനായിരിപ്പാൻ കഴിയില്ല.”
യോഹന്നാൻ 15:20 “ദാസൻ യജമാനനെക്കാൾ വലിയവനല്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞ വാക്കു ഓർപ്പിൻ. അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും.”
പീഡനം പ്രധാനപ്പെട്ട വിഷയമായതിനാൽ അതെക്കുറിച്ച് യേശു ആവർത്തിച്ച് പരാമർശിക്കുന്നത് നാം വ്യക്തമായി കണ്ടു.
എന്നാൽ, ഇത് പ്രധാനപ്പെട്ട വിഷയമായി കണക്കാക്കിയത് യേശു മാത്രമല്ല. അപ്പോസ്തലന്മാരും അതിനെ പ്രധാന വിഷയമായി പരിഗണിച്ചു!
പ്രവൃത്തികൾ 14:22 “നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു…”
2 തിമൊഥെയൊസ് 3:12 “എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.”
1 പത്രൊസ് 4:12 “പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവ്വകാര്യം നിങ്ങൾക്കു വന്നുകൂടി എന്നുവച്ചു അതിശയിച്ചുപോകരുതു.”
എതിർക്രിസ്തു അധികാരത്തിൽ വരുമ്പോൾ, വിശ്വാസികൾ തങ്ങളുടെ വിശ്വാസത്തിനു വേണ്ടി ഘോരമായ കഷ്ടതകളിലൂടെ കടന്നുപോകും എന്ന് വെളിപ്പാട് പുസ്തകത്തിലും അപ്പോസ്തലനായ യോഹന്നാന്റെ വാക്കുകൾ നാം വായിക്കുന്നു.
വെളിപ്പാടു 13:10 “അടിമയാക്കി കൊണ്ടുപോകുന്നവൻ അടിമയായിപ്പോകും; വാൾകൊണ്ടു കൊല്ലുന്നവൻ വാളാൽ മരിക്കേണ്ടിവരും.”
കഷ്ടതയുടെ കാരണം.
ഏതെങ്കിലുമൊരളവിൽ നാം കഷ്ടതകൾ നേരിടും എന്ന് പഠിപ്പിക്കുക മാത്രമല്ല, ഈ കഷ്ടതയുടെ കാരണവും കൂടെ കർത്താവ് നമ്മോടു പറയുന്നു. വാക്യം 10-ൽ “നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ” എന്നു പറയുന്നത് ശ്രദ്ധിക്കുക. വാക്യം 11-ന്റെ അവസാനഭാഗത്ത് “എന്റെ നിമിത്തം” ഉപദ്രവം അനുഭവിക്കുന്നവരെക്കുറിച്ചു പറയുന്നു. അതായത്, “നീതി” എന്നത് യേശുവിനു വേണ്ടി ജീവിക്കുക – അവന്റെ കല്പനകൾ അനുസരിക്കുക എന്നതിനെ പരാമർശിക്കുന്നു. അതുകൊണ്ട്, നമ്മുടെ പാപപ്രവൃത്തികളുടെ ഫലമായി ഉണ്ടാകുന്ന കഷ്ടതകൾ അല്ല ഇവിടെ പരാമർശിക്കപ്പെടുന്നത് [1 പത്രോസ് 4:15]. വീണുപോയ ലോകത്തിൽ ജീവിക്കുന്നതുമൂലം മനുഷ്യർ അനുഭവിക്കുന്ന പൊതുവായ കഷ്ടതകളുമല്ല അവ [റോമർ 8:20-22]. യേശുവിന്റെ അനുയായി ആയിരിക്കുന്നതിനാൽ മാത്രം നേരിടുന്ന കഷ്ടതകളാണ് ഇവ.
നാം ക്രിസ്തുവിനു വേണ്ടി ജീവിക്കുമ്പോൾ ശത്രു മൗനമായിരിക്കുകയില്ല. ഇരുട്ടിന്റെ രാജ്യം നമ്മെ ആക്രമിക്കും, കഠിനമായി ആക്രമിക്കും. വിശ്വാസികൾ ഉപദ്രവം നേരിടുന്നത് എന്തുകൊണ്ടാണ് എന്ന് യേശു മറ്റൊരു വേദഭാഗത്ത് നമ്മോടു പറയുന്നു, യോഹന്നാൻ 3:19-20, “ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ. തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല.”
വെളിപ്പെടാതിരിക്കുന്ന ഒന്നിനെ വെളിവാക്കുകയാണ് വെളിച്ചത്തിന്റെ ഉദ്ദേശ്യം. മറഞ്ഞിരിക്കുന്നതിനെ വെളിവാക്കുകയാണ് അതു ചെയ്യുന്നത്. അതുകൊണ്ട്, ക്രിസ്ത്യാനികൾ അവരുടെ വാക്കുകളിലൂടെയും ജീവിതങ്ങളിലൂടെയും അവിശ്വാസികളുടെ പ്രവൃത്തികളെ വെളിച്ചത്തുകൊണ്ടുവരുമ്പോൾ അവർ തിരിച്ചടി നേരിടും. അപമാനം, ഉപദ്രവം, എല്ലാവിധത്തിലുമുള്ള തിന്മകൾ എന്നിവ അവർ നേരിടും! വിശ്വാസികളുടെ ജീവിതം ഏതെല്ലാം വിധത്തിൽ കഷ്ടകരമാക്കുവാൻ സാധിക്കുമോ, ഏതെല്ലാം വിധത്തിൽ വിശ്വാസികളുടെ പ്രവർത്തനങ്ങളെ മറികടക്കുവാൻ സാധിക്കുമോ ആ വിധമൊക്കെയും പീഡിപ്പിക്കുന്നവർ വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും ചെയ്യുകതന്നെ ചെയ്യും.
കഷ്ടതയോടുള്ള പ്രതികരണം.
ഉപദ്രവിക്കപ്പെടുമ്പോൾ നമ്മുടെ പ്രതികരണം എന്തായിരിക്കണം? വാക്യം 12-ന്റെ ആദ്യഭാഗത്ത് യേശു വ്യക്തമായ ഉത്തരം നൽകുന്നു: “സന്തോഷിച്ചുല്ലസിപ്പിൻ” [മത്തായി 5:12]. കൂടുതൽ ഉചിതമായ പരിഭാഷ, സന്തോഷിച്ചു തുള്ളുവിൻ എന്നതാണ്. യേശു നിർമ്മിക്കുവാൻ പോകുന്ന വരാനിരിക്കുന്ന രാജ്യത്തിൽ ത്രീയേക ദൈവവത്തോടൊപ്പം ആയിരിക്കുക എന്ന യാഥാർഥ്യത്തിന്റെ വെളിച്ചത്തിൽ, അനുയോജ്യമായ പ്രതികരണം അതിരറ്റ ആനന്ദംതന്നെയാണ്. പീഡനത്തോടുള്ള വിശ്വാസിയുടെ പ്രതികരണം സംബന്ധിച്ച് പുതിയനിയമത്തിലെ ഏകീകൃത പ്രമേയം വലിയ ആനന്ദമാണ് എന്നതിൽ വിസ്മയിക്കേണ്ടതില്ല.
ഉപദ്രവം നേരിടുന്ന വിശ്വാസികൾക്ക് എഴുതുമ്പോൾ പത്രോസ് ഇപ്രകാരം അവരോട് കല്പിക്കുന്നു, “ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ” [1 പത്രൊസ് 4:13]. യാക്കോബ് നമ്മോടു പറയുന്നു, “എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ…അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ” [യാക്കോബ് 1:2-3].
പ്രവൃത്തികൾ 5:40-41 പറയുന്നു, യേശുവിനെ പ്രസംഗിച്ചതിനാൽ അപ്പൊസ്തലന്മാരെ വരുത്തി “അടിപ്പിച്ചപ്പോൾ”, “തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽനിന്നു പുറപ്പെട്ടുപോയി.” അടുത്ത വാക്യം പറയുന്നു, ഉപദ്രവം ഉണ്ടെങ്കിലും “പിന്നെ അവർ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തുകൊണ്ടിരുന്നു” [പ്രവൃത്തികൾ 5:42]. പ്രവൃത്തികൾ 16:23-25 നമ്മോടു പറയുന്നു, പൗലോസിനെയും ശീലാസിനെയും “വളരെ അടിപ്പിച്ചശേഷം തടവിൽ ആക്കി…അവരെ അകത്തെ തടവിൽ ആക്കി അവരുടെ കാൽ ആമത്തിൽ ഇട്ടു പൂട്ടി. അർദ്ധരാത്രിക്കു പൗലൊസും ശീലാസും പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു.”
ഒന്നോ രണ്ടോ വേദനാജനകമായ അനുഭവങ്ങൾക്കു ശേഷം ആദിമ ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വസം ഉപേക്ഷിച്ചില്ല എന്ന് മുകളിൽ നൽകപ്പെട്ടിരിക്കുന്ന പ്രതികരണങ്ങൾ വ്യക്തമായി സൂചിപ്പിക്കുന്നു. യേശുവിനെ അനുഗമിക്കുന്നതിനുള്ള വിളിയിൽ അവർ വിശ്വസ്തരായി തുടർന്നു.
സങ്കടകരമെന്നു പറയട്ടെ, നമ്മുടെ പ്രതികരണം പലപ്പോഴും നേർവിപരീതമാണ്. ചിലപ്പോൾ അതിയായ ദുഃഖത്താൽ നമുക്ക് കട്ടിലിൽ നിന്ന് എഴുന്നേൽക്കുവാൻ പോലും സാധിക്കുന്നില്ല. കാരണം, ക്രിസ്തുവിനോട് കൂറു പുലർത്തുന്നതിന് നാം വലിയ വില നൽകിയിരിക്കുന്നു എന്നു നാം ചിന്തിക്കുന്നു. ഒരു അപമാനം പോലെ ചെറിയ ഒരു കാര്യമാകാം. എങ്കിലും, നാം ദിവസങ്ങളോളം വിലപിക്കുന്നു. എന്തുകൊണ്ടാണ് അത്തരത്തിൽഒരു പ്രതികരണമുണ്ടാകുന്നത്? ഏതാനം ചില കാരണങ്ങൾ ഇതാ: നമ്മുടെ ഉള്ളിൽ ലോകം അധികമായി കടന്നിരിക്കുന്നു, യേശുവിന്റെ വാക്കുകൾ ഗൗരവമായി എടുക്കുന്നതിലുള്ള പരാജയം, അതിയായ അഹംഭാവം. അതുകൊണ്ടാണ്, “പീഡനം” എന്ന വാക്ക് പരാമർശിക്കുന്നതിനോടു പോലും നാം ശരിയായി പ്രതികരിക്കാത്തത്.
എന്നാൽ, ദൈവരജ്യത്തിൽ ജീവിക്കുവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അനിവാര്യമായ ഒന്നാണ് ഏതെങ്കിലും ഒരളവിൽ പീഡിപ്പിക്കപ്പെടുക എന്നത് [2 തീമോഥെയോസ് 3:12]. അത്തരം സാഹചര്യങ്ങളിലെ പ്രതികരണം അതിയായ ആനന്ദമായിരിക്കണം.
ഉവ്വ്, അവിടെ പലപ്പോഴും കണ്ണുനീർ ഉണ്ടായിരിക്കും. അനേക അടികൾ നമുക്കായി ഏറ്റവനു വേണ്ടി നാം അടികൾ കൊള്ളുകയാണ് എന്ന് അറിഞ്ഞുകൊണ്ട്, ഉള്ളിൽ ആഴമായ ആനന്ദം അനുഭവിക്കുന്നതിന് ആ കണ്ണുനീർത്തുള്ളികൾ നമ്മെ തടയരുത്. ആ ബോധ്യം അതിവേദനയുടെ നിലവിളിയ്ക്കിടയിലും ആഴമേറിയതും നിലനിൽക്കുന്നതുമായ ആനന്ദം നമുക്കു പ്രദാനം ചെയ്യേണ്ടതാണ്. പൗലോസ് പറയുന്നതുപോലെ നാം “ദുഃഖിക്കുന്നവരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവരാണ്” [2 കൊരിന്ത്യർ 6:10].
കഷ്ടത സഹിക്കുന്നതിനുള്ള പ്രതിഫലം.
ഈ വിധമായ കഷ്ടതകളിലൂടെ കടന്നുപോകുമ്പോൾ ഒരുവവൻ ഉയർത്താവുന്ന യുക്തിയുക്തമായ ചോദ്യം ഇതാണ്: എന്താണ് ഇതിന്റെ ഉദ്ദേശ്യം? ഒടുവിൽ എനിക്ക് എന്തു ലഭിക്കും? യേശുവിനെ അനുഗമിക്കുന്നതിൽ ഇത്രമാത്രം വേദന അനുഭവിക്കുന്നുവെങ്കിൽ അതിനു തക്ക മൂല്യം ഉണ്ടോ? യേശു നൽകുന്ന ഉത്തരം വ്യക്തമാണ്: “സ്വർഗ്ഗരാജ്യം അവർക്കുള്ളത് [അവർക്കു മാത്രമുള്ളത്]” [മത്തായി 5:10]. വാക്യം 12-ൽ “സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ട്” എന്ന് പറയുമ്പോൾ വാക്യം 10-ൽ പറഞ്ഞതിനെത്തന്നെയാണ് യേശു പരാമർശിക്കുന്നത് എന്നു ഞാൻ കരുതുന്നു.
കഷ്ടത അനുഭവിക്കുവാൻ തയ്യാറുള്ളവർ മാത്രമാണ് സ്വർഗ്ഗരാജ്യം അവകാശമാക്കുന്നത്. ക്രിസ്തുവിന്റെ രക്തത്താൽ പാപങ്ങൾ കഴുകപ്പെട്ടതിനാൽ, ഭാവിയിൽ വരാനിരിക്കുന്ന രാജ്യത്തിൽ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും സന്നിധിയിൽ ജീവിക്കുന്നത് അവർ മാത്രമായിരിക്കും. അതാണ് ആ പ്രതിഫലം! അവരാണ് യഥാർഥത്തിൽ അനുഗ്രഹീതർ അഥവാ ഭാഗ്യവാന്മാർ [മത്തായി 5:10]. അവരുടെ മേലാണ് ദൈവത്തിന്റെ അംഗീകാരവും പ്രസാധവും വർഷിക്കുന്നത്!
വാസ്തവത്തിൽ, ഒരർഥത്തിൽ പറഞ്ഞാൽ, ദൈവരാജ്യത്തിൽ ജീവിക്കുന്നത് സംബന്ധിച്ചുള്ളതാണ് മുഴുവൻ ഭാഗ്യാവസ്ഥകളും. മത്തായി 5:3-ൽ ഒന്നാമത്തെ ഭാഗ്യാവസ്ഥ യേശു പറയുമ്പോഴും മത്തായി 5:10-ൽ അവസാനത്തെ ഭാഗ്യാവസ്ഥ പറയുമ്പോഴും ശ്രദ്ധിക്കുക, ഇവ രണ്ടും അവസാനിക്കുന്നത് “സ്വർഗ്ഗരാജ്യം അവർക്കുള്ളത്” എന്നു പറഞ്ഞുകൊണ്ടാണ്.
ഈ പ്രതിഫലത്തിനു വേണ്ടി പ്രയത്നിക്കുവാൻ നമ്മെ പ്രോത്സാഹിപ്പിക്കുവാൻ മത്തായി 5:12 –ന്റെ അവസാനഭാഗത്ത് യേശു ഇപ്രകാരം കൂട്ടിച്ചേർത്തു, “നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.” ദൈവത്തിന്റെ ജനത്തിന് എല്ലായ്പോഴും, പഴയ നിയമത്തിൽ പോലും, മാതൃക ഇതുതന്നെയായിരുന്നു. തന്റെ സ്വന്ത സഹോദരനാൽ പീഡിപ്പിക്കപ്പെട്ട ഹാബേൽ മുതൽ, ദൈവത്തിന്റെ സത്യം സംസാരിച്ച പ്രവാചകന്മാർ ഉൾപ്പെടെ, ദൈവജനം എന്നും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
അതുകൊണ്ട്, യേശു പറയുന്നത് ഇതാണ്: ഇതിൽ നിങ്ങൾ തനിയെയല്ല, ഈ കഷ്ടത പുതിയ ഒരു കാര്യവുമല്ല. ദൈവത്തെ പിന്തുടരുന്നതിനുള്ള പീഡനം എന്നും നിലനിന്നിരുന്നു. എന്നാൽ, അതിനുള്ള പ്രതിഫലം മൂല്യമേറിയതാണ്: നിത്യതയിലുടനീളം ത്രീയേക ദൈവത്തോടൊപ്പം വസിക്കുക. ആ ചിന്തമാത്രം മതി തീവ്രമായ കഷ്ടതയുടെ നടുവിലും അതിയായ ആനന്ദം ഉളവാക്കുവാൻ.
സമാപന ചിന്തകൾ.
നമുക്ക് ഓർമ്മിക്കാം. ഈ ഭാഗ്യാവസ്ഥകൾ ഉൾപ്പെടെ ഗിരിപ്രഭാഷണത്തിലെ മുഴുവൻ ഉപദേശങ്ങളും ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്നവർക്ക് ഒരു കണ്ണാടിയായി പ്രയോജനപ്പെടുന്നു. അതേ, ഈ കല്പനകളിൽ ഒന്നുപോലും സമ്പൂർണ്ണമായി പാലിക്കുവാൻ സമുക്കു സാധ്യമല്ല. അത് ചെയ്തത് യേശു മാത്രമാണ്! യേശുവിന്റെ പ്രവൃത്തിയാൽ മാത്രമാണ് നമുക്കു ദൈവവുമായി സമാധാനബന്ധം ഉണ്ടാകുന്നത്!
എന്നിരുന്നാലും, വിശ്വാസത്താൽ യേശുവിനോട് ഒന്നായിരിക്കുന്നതിനാൽ, നമുക്ക് നമ്മുടെ ഉള്ളിൽ വസിക്കുന്ന പരിശുദ്ധാത്മാവുണ്ട്. നമ്മെ തുടർമാനമായി യേശുവിനെപ്പോലെ ആക്കിത്തീർക്കുക എന്നതാണ് പരിശുദ്ധാത്മാവിന്റെ ജോലി. അതുകൊണ്ട്, ഈ സ്വഭാവവിശേഷങ്ങൾ നമ്മിൽ പ്രകടമാകേണ്ടതുണ്ട്. ഇത്തരത്തിലുള്ള നീതിയുടെ പ്രകടനം കാണുന്നയിടത്ത് പീഡനം ഉണ്ടാകും. വീട്ടിൽ, ജോലിസ്ഥലത്ത്, സ്കൂളിൽ, കോളേജിൽ, സാമൂഹ്യബന്ധങ്ങളിൽ അതുമല്ലെങ്കിൽ, സഭയിൽപോലും യേശുവിനെ അനുഗമിക്കുന്നതിനാലുള്ള തിരസ്കരണം നാം നേരിടും. എന്നാൽ, അത് അതിയായ ആനന്ദം ഉളവാക്കുന്നു. കാരണം, നാം യേശുവിന്റെ അനുയായികളാണ് എന്നാണ് അത് വെളിവാക്കുന്നത്.
ക്രിസ്ത്യാനികൾ എന്നു ഭാവിക്കുന്ന അനേകരും യാതൊരു പീഡനവും നേരിടുന്നില്ല. കാരണം, അതിനുതക്ക നീതി പ്രകടമാകുന്നില്ല. ഉള്ളത് സ്വയ നീതി മാത്രമാണ്. അത് യേശു ഇവിടെ പരാമർശിക്കുന്ന ആത്മാർഥമായ, ബൈബിൾപരമായ നീതി, തന്നോട് ഒന്നായിക്കൊണ്ട് ശരിയായ ജീവിതം നയിക്കുന്നതിനുള്ള വിളിയല്ല. അത്തരം ആളുകളോട് തന്റെ പ്രഭാഷണത്തിന്റെ അവസാനഭാഗത്ത് ഞെട്ടൽ ഉളവാക്കുന്ന ഈ വാക്കുകളിലൂടെ യേശു പറയുന്നു, “എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.” [മത്തായി 7:21]. ഭാഗ്യാവസ്ഥയുടെ ജീവിതശൈലി സ്വായത്തമാക്കുന്നവർ മാത്രം തന്റെ രാജ്യത്തിൽ കടക്കണം എന്നതാണ് പിതാവിന്റെ ഇഷ്ടം.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ ഭാഗ്യാവസ്ഥകളിൽ പറഞ്ഞിരിക്കുന്ന യേശുവിന്റെ വാക്കുകൾ അനുസരിച്ച്: ആത്മാവിൽ ദരിദ്രരായവർ, തങ്ങളുടെ പാപങ്ങളെക്കുറിച്ച് കരയുന്നവർ, സൗമ്യതയുള്ളവർ, നീതിയ്കായി വിശന്നുദാഹിക്കുന്നവർ, കരുണയുള്ളവർ, ഉള്ളിലെ അതായത് ഹൃദയത്തിലെ വിശുദ്ധിയുള്ളവർ, പീഡനം സഹിക്കുവാൻ മനസ്സുള്ളവർ മാത്രമാണ് സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്. അതുകൊണ്ട്, പാപങ്ങളുടെ ക്ഷമയ്തകായി യേശുവിലേയ്കു തിരിഞ്ഞിട്ടില്ല എങ്കിൽ, ദയവായി ഇനി വൈകരുത്. പാപങ്ങളിൽ നിന്നും പിന്തിരിഞ്ഞ് യേശു നൽകുന്ന ക്ഷമ സ്വീകരിക്കുക. അപ്പോൾ മാത്രമാണ് ഈ ഭാഗ്യാവസ്ഥയുടെ ജീവിതശൈലി–അവനായി പീഡനം സഹിക്കുന്നതിനുള്ള കഴിവ് ഉൾപ്പെടെ–പിന്തുടരുവാൻ നിങ്ങൾക്കു ശക്തി ലഭിക്കുന്നത്.
പ്രധാന ആശയം ഇതാണ്: വിശ്വാസത്തിനു വേണ്ടി കഷ്ടം സഹിക്കുക എന്നത് വിശ്വസ്തനായ ഏതൊരു ക്രിസ്ത്യാനിയുടെയും അവകാശമാണ്. യേശു കഷ്ടമനുഭവിച്ചു. പഴയ നിയമത്തിലും പുതിയ നിയമത്തിലുമുള്ള വിശ്വാസികൾ കഷ്ടമനുഭവിച്ചു. അപ്പോൾപ്പിന്നെ, എങ്ങനെയാണ് നമ്മിൽ ആർക്കെങ്കിലും അത് വ്യത്യസ്ഥമാകുന്നത്? പീഡിപ്പിക്കപ്പെടുന്നത് ദൈവത്തിന് നമ്മോടുള്ള അതൃപ്തിയുടെ അടയാളമാണ് എന്ന് നാം പലപ്പോഴും ചിന്തിക്കുന്നു. അതുകൊണ്ടാണ് സമൃദ്ധിയുടെ സുവിശേഷം ജനപ്രീതി നേടുന്നത്!
എന്നാൽ, അപ്പോസ്തലനായ പൗലോസ് വളരെ വ്യത്യസ്തമായ ഒരു കാര്യമാണ് പറയുന്നത്. ഫിലിപ്പിയർ 1:29-ൽ അദ്ദേഹം നമ്മെ ഇപ്രകാരം ഓർമ്മിപ്പിക്കുന്നു, “ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല അവന്നുവേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ നിങ്ങൾക്കു വരം നല്കിയിരിക്കുന്നു.” “വരം” എന്നതിന് ഉപയോഗിച്ച പദത്തിൽ നിന്നുമാണ് നമുക്ക് “കൃപ അഥവാ പ്രീതി” എന്ന പദം വന്നിരിക്കുന്നത്. അതിന് സമ്മാനം അഥവാ വരം എന്ന ആശയമാണുള്ളത്. ക്രിസ്തുവിലുള്ള വിശ്വാസവും [ഈ വാക്യത്തിന്റെ ഒന്നാം ഭാഗം] ക്രിസ്തുവിനു വേണ്ടി കഷ്ടമനുഭവിക്കുന്നതും [ഈ വാക്യത്തിന്റെ രണ്ടാം ഭാഗം] രണ്ടും ദൈവം തന്റെ കൃപയിൽ നമുക്കു നൽകിയ “വര”ങ്ങളാണ്. ഒരു വരത്തിന് നന്ദി പറയുകയും മറ്റൊന്നിന് നന്ദി പറയുവാൻ വിസമ്മതിക്കുകയും ചെയ്യുവാൻ നമുക്ക് എങ്ങനെ സാധിക്കും? യേശുവിൽ വിശ്വസിക്കുവാൻ മാത്രമല്ല അവനു വേണ്ടി കഷ്ടം അനുഭവിക്കുവാൻ കൂടിയുള്ള പ്രത്യേക അവകാശമാണത്.
അതുകൊണ്ട്, നാം അപമാനവും തിരസ്കരണവും നേരിടുമ്പോൾ തിരിച്ചടിയ്കാതെ, നമുക്ക് നമ്മുടെ കർത്താവിന്റെ കാല്പാടുകൾ പിന്തുടരാം. കഷ്ടമനുഭവിക്കുമ്പോൾ അവന്റെ പ്രതികരണം ഇതായിരുന്നു: “തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു” [1 പത്രൊസ് 2:23].
പ്രിയ വായനക്കാരേ, നാം ഈ ജീവിതം പൂർത്തിയാക്കി യേശുവിന്റെ സന്നിധിയിൽ എത്തുമ്പോൾ നാം അവനു വേണ്ടി അനുഭവിച്ചത് എന്തുതന്നെയായിരുന്നാലും–അത് മരണത്തിലേയ്കു നയിച്ചു എങ്കിൽപോലും–യേശു നമുക്കായി അനുഭവിച്ചതിന്റെ ഏഴയലത്തുപോലും എത്തുകയില്ല എന്നു നാം തിരിച്ചറിയും. അവൻ തന്റെ പിതാവിന്റെ സന്നിധി വിട്ടു, സ്വർഗ്ഗത്തിലെ സകല മഹത്വവും വെടിഞ്ഞു, ഭൂമിയിലേയ്ക് ഇറങ്ങിവന്നു. ഭൂമിയിൽവച്ച് വിവരിക്കാനാകാത്ത കഷ്ടതയനുഭവിച്ചു. ഒടുവിൽ, കുരിശിന്മേൽ കയറി നാം അർഹിച്ചിരുന്ന ആ ലജ്ജാകരമായ മരണം സ്വീകരിച്ചു. നമ്മുടെ പാപങ്ങൾക്കുള്ള പിതാവിന്റെ ക്രോധം അവൻ വഹിച്ചു. അപ്പോൾപ്പിന്നെ, അവനുവേണ്ടി കഷ്ടം സഹിക്കുന്നത് വിശേഷാവകാശമായി കരുതാതിരിക്കുവാൻ നമുക്ക് എങ്ങനെ സാധിക്കും?
അതുകൊണ്ട്, നാം നേരിടുന്ന അപമാനങ്ങളും തിരസ്കരണങ്ങളും പരിചിന്തനം ചെയ്തുകൊണ്ട് നമുക്ക് നമ്മോടുതന്നെ ചോദിക്കാം: യേശുവിനു വേണ്ടി ജീവിക്കുന്നതുകൊണ്ടാണോ നാം കഷ്ടമനുഭവിക്കുന്നത്? അതോ നമ്മുടെ കഷ്ടതകൾ നമ്മുടെ പാപപ്രവൃത്തികളുടെ ഫലമാണോ? ആദ്യത്തേതാണ് ഉത്തരമെങ്കിൽ, അതിന്റെ മൂല്യം ഒടുവിൽ നമുക്കു ലഭിക്കും എന്ന് അറിഞ്ഞുകൊണ്ട്, നമുക്ക് ആനന്ദിക്കാം, സന്തോഷിക്കാം, തുടർന്നും നമുക്ക് നിരന്തരം പ്രയത്നിക്കാം. രണ്ടാമത്തേതാണ് ഉത്തരമെങ്കിൽ, നമുക്ക് നമ്മുടെ പാപങ്ങളെ ദൈവത്തോട് ഏറ്റുപറയാം, നമ്മുടെ പ്രവൃത്തികളെക്കുറിച്ച് മാനസാന്തരപ്പെടാം, ആ പ്രവണതകളെ മറികടക്കുവാൻ നമ്മെ സഹായിക്കുവാൻ ദൈവത്തോട് അപേക്ഷിക്കാം.
എനിയ്കായി ഒന്നും കരുതിവയ്കുന്നില്ല, പിന്തിരിയുകയില്ല, യാതൊരു ഖേദവുമില്ല.
വില്യം ബോർഡൻ ചിക്കാഗോയിൽ 1904-ൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ബോർഡൻ ഡയറി എസ്റ്ററ്റിന്റെ അവകാശിയായിരുന്നു അദ്ദേഹം. പഠനം പൂർത്തിയാക്കിയ വില്യമിന് ലോകം ചുറ്റി സഞ്ചരിക്കുന്നതിനുള്ള അവസരമെന്ന അസാധാരണമായ സമ്മാനം ലഭിച്ചു. ഈ സഞ്ചാരം വില്യമിൽ എന്ത് സ്വാധീനം ഉളവാക്കും എന്ന് അതിന് അവസരം നൽകിയവർ തിരിച്ചറിഞ്ഞിരുന്നില്ല.
യാത്രയ്കിടയിൽ, വില്യമിന് തന്നേക്കാൾ ഭാഗ്യം കുറഞ്ഞവരും ക്രിസ്തുവിനെ ആവശ്യമായിരിക്കുന്നവരുമായ മനുഷ്യരെക്കുറിച്ച് വലിയ ഭാരം തോന്നിത്തുടങ്ങി. ഒരു മിഷനറിയായി ക്രിസ്തുവിനെ സേവിക്കുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം വീട്ടിലേയ്ക് കത്തെഴുതി. ബന്ധുക്കളും സുഹൃത്തുക്കളും അവശ്വസനീയതയോടെ ആ വാർത്ത കേട്ടപ്പോൾ, ബോർഡൻ തന്റെ ബൈബിളിന്റെ പുറകിൽ ഈ രണ്ടു വാക്കുകൾ എഴുതി: “എനിയ്കായി ഒന്നും കരുതിവയ്കുന്നില്ല.”
അദ്ദേഹം അമേരിക്കയിലേയ്ക് തിരികെയെത്തി, യെയ്ൽ യൂണിവേഴ്സിറ്റിയിൽ പഠനത്തിന് ചേർന്നു. അദ്ദേഹം ഒരു മാതൃകാവിദ്യാർഥിയായിരുന്നു. മിഷൻ ഫീൽഡിലേയ്കു പോകുന്നതിനുള്ള വില്യമിന്റെ ആഗ്രഹത്തെ കോളേജ് കെടുത്തിക്കളയും എന്ന് മറ്റുള്ളവർ ചിന്തിച്ചെങ്കിലും അത് ആ ആഗ്രഹത്തെ ഉദ്ദീപിപ്പിക്കുകയാണ് ചെയ്തത്. അദ്ദേഹം ഒരു ബൈബിൾ സ്റ്റഡി ആരംഭിച്ചു, ഒന്നാം വർഷത്തിന്റെ അവസാനമായപ്പോഴേയ്കും തിരുവെഴുത്തുകൾ പഠിക്കുവാനും പ്രാർഥിക്കുവാനും 150 വിദ്യാർഥികൾ ആഴ്ചതോറും ഒരുമിച്ചുകൂടി. അദ്ദേഹം മുതിർന്ന ക്ലാസ്സിൽ എത്തിയപ്പോഴേയ്കും, ആഴ്ചതോറും ബൈബിൾ പഠനത്തിനും പ്രാർഥനയ്കുമായി ഒരുമിച്ചുകൂടുന്ന ശിഷ്യത്വ ഗ്രൂപ്പുകളിൽ യെയ്ലിലെ 1300 വിദ്യാർഥികളിൽ ആയിരംപേരും പങ്കെടുക്കുമായിരുന്നു.
തന്റെ സുവിശേഷീകരണ പ്രയത്നങ്ങൾ യെയ്ലിലെ പുരാതനമായ ക്യാംപസിൽ മാത്രം പരിമിതപ്പെടുത്തിയില്ല. പാവങ്ങൾക്കുവേണ്ടിയും അദ്ദേഹത്തിന്റെ ഹൃദയം തുടിച്ചു. യെയ്ൽ ഹോപ് മിഷൻ അദ്ദേഹം സ്ഥാപിച്ചു. ന്യൂ ഹാവെൻ, കണെക്ടിക്കട്ട് തെരുവുകളിലെ ആളുകൾക്ക് അദ്ദേഹം ശുശ്രൂഷ ചെയ്തു. വിധവകൾ, അനാഥർ, ഭവനരഹിതർ, വിശക്കുന്നവർ എന്നിവർക്ക് ക്രിസ്തുവിന്റെ ശുശ്രൂഷ ചെയ്യുകയും അവർക്ക് പ്രത്യാശയും അഭയവും നൽകുകയും ചെയ്തു.
വിദേശത്തുനിന്നും അമേരിക്കയിലെത്തിയ ഒരു സന്ദർശകനോട്, അവിടെ ചിലവഴിച്ച സമയം അദ്ദേഹത്തെ ഏറ്റവും സ്വാധീനിച്ച കാര്യം എന്തെന്ന് ഒരാൾ ചോദിച്ചു. “തെരുവിൽ അലഞ്ഞുതിരിയുന്ന ഒരു മനുഷ്യനെ യെയ്ൽ ഹോപ് മിഷനിൽ തന്റെ കൈകൾക്കൊണ്ട് ചേർത്തുപിടിക്കുന്ന കോടീശ്വരാനായ ആ യുവാവിന്റെ ചിത്രം” എന്ന് അയാൾ മറുപടി പറഞ്ഞു.
യെയ്ലിൽ നിന്നും പഠനം പൂർത്തിയാക്കിയപ്പോൾ ബോർഡന് ലാഭകരമായ പല ജോലികൾ വാഗ്ദാനം ചെയ്യപ്പെട്ടു. എന്നാൽ, ബന്ധുക്കളെയും സുഹൃത്തുക്കളെയും അതിശയിപ്പിച്ചുകൊണ്ട്, അദ്ദേഹം അവ നിരസിച്ചു. പകരം, തന്റെ ബൈബിളിന്റെ പുറകുവശത്ത് ഈ വാക്കുകൾക്കൂടി ബോർഡൻ എഴുതിച്ചേർത്തു: “പിന്തിരിയുകയില്ല.”
പ്രിൻസ്റ്റൺ സെമിനാരിയിൽ ചേരുകയും അവിടെ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം, ചൈനയിലേയ്ക് യാത്ര ചെയ്യുകയും ചെയ്തു. മുസ്ലീം ജനതയുടെയിടയിൽ ക്രിസ്തവിനെ സേവിക്കുവാനുള്ള ഉദ്ദേശ്യത്തോടുകൂടെ, അദ്ദേഹം അറബി ഭാഷ പഠിക്കുവാൻ ഈജിപ്റ്റിൽ തങ്ങി. എന്നാൽ, അവിടെവച്ച്, അദ്ദേഹത്തിന് മസ്തിഷ്കരോഗം ബാധിച്ചു. പിന്നീട് അദ്ദേഹം ജീവിച്ചത് ഒരു മാസം മാത്രമാണ്.
ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ വില്യം ബോർഡൻ മരിച്ചു. ക്രിസ്തുവിനെ അറിയുന്നതിനും അറിയിക്കുന്നതിനും വേണ്ടി ബോർഡൻ സകലവും നഷ്ടമാക്കി. തന്റെ പൂർവ്വികരിൽ നിന്നും അവകാശമായിക്കിട്ടിയ ജീവിതത്തിന്റെ നിഷ്ഫലത്വത്താൽ പിടിക്കപ്പെടുവാൻ അദ്ദേഹം വിസമ്മതിച്ചു. പകരം, യേശുക്രിസ്തുവിന്റെ രക്തത്താലുള്ള തന്റെ മറുവിലയുടെ മഹത്വം ജീവിച്ചുകാട്ടുവാൻ തീരുമാനിച്ചു.
മരണശേഷം ബോർഡന്റെ ബൈബിൾ ലഭിച്ചപ്പോൾ അതിൽ ഏതാനം വാക്കുകൾകൂടി ചേർത്തിരിക്കുന്നതായി കണ്ടു: “യാതൊരു ഖേദവുമില്ല.”
തങ്ങളുടെ വീണ്ടെടുപ്പിന്റെ വില അറിയുന്നവർക്ക് തങ്ങളുടെ മറുവില നൽകിയവനു വേണ്ടിയുള്ള ജീവിതം ഖേദരഹിതമായ ജീവിതമായിരിക്കും എന്നും അറിയാം. . . തന്റെ മറുവില നൽകിയവനോടൊപ്പം പോകുവാൻ വില്യം ബോർഡൺ തിരഞ്ഞെടുപ്പു നടത്തി. നിങ്ങൾ എപ്രകാരമാണ് ചെയ്യുന്നത്?
[Carter; Anthony (2013-03-19). Blood Work, (pp. 106-108). Reformation Trust Publishing. Kindle Edition.]