മനുഷ്യരെ രക്ഷിക്കുവാൻ യേശു 4 അതിർവരമ്പുകൾ തച്ചുടയ്കുന്നു

(English Version: Jesus The Savior Breaks Down 4 Barriers To Save People)
ക്രിസ്തീയതയിലേയ്ക് പരിവർത്തനം ചെയ്ത മാർവിൻ റൊസന്താൽ എന്ന യഹൂദൻ പറഞ്ഞത് യേശുവാണ് മശിഹ എന്ന ബോധ്യം ലഭിക്കുവാൻ സഹായിച്ച തെളിവുകളിൽ ഒന്ന് മത്തായി 1:17-ൽ നൽകപ്പെട്ടിരിക്കുന്ന യേശുവിന്റെ വംശാവലിയാണ് എന്നാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ നാവികൻ എന്ന നിലയിൽ ദൂരത്തുള്ള ഒരു ലക്ഷ്യത്തിലേയ്ക് വെടി വയ്കുന്നതിൽ കൃത്യത പുലർത്തുന്നതിൽ പ്രായോഗിക അനുഭവം ഉണ്ടായിരുന്ന റോസന്താൽ യഹൂദരായ കേൾവ്വിക്കാരോടു പറയുന്നു, മത്തായിയിലെ വംശാവലി പത്തിൽ പത്ത് തവണയും ലക്ഷ്യത്തിൽ തറച്ചു!
പഴയ നിയമ കാലം മുതൽതന്നെ വംശാവലിയുടെ കാര്യത്തിൽ -ദേശത്തിന്റെ വിതരണത്തിൽ ആയാലും രാജാക്കന്മാരുടെ കാര്യത്തിൽ ആയാലും- യഹൂദന്മാർ സവിശേഷശ്രദ്ധ നൽകിയിരുന്നു. യേശു ആണ് മശിഹ, യേശുവാണ് “ദാവിദിന്റെ പുത്രൻ”, “അബ്രഹാമിന്റെ സന്തതി” എന്നീ അവകാശവാദങ്ങൾ മത്തായി നടത്തുന്നു(മത്തായി 1;1). ജനങ്ങൾ യേശുവിൽ വിശ്വസിക്കേണ്ടതിന് താൻ നിരത്തുന്ന അവകാശവാദങ്ങൾ മത്തായിയ്ക് സമർത്ഥിക്കേണ്ടിയിരുന്നു. അതുകൊണ്ടാണ് ദാവീദിലേയ്കും അവിടെ നിന്ന് അബ്രഹാമിലേയ്കുമുള്ള വംശവലി അദ്ദേഹം നൽകുന്നത്. ഒരു ചുങ്കക്കാരൻ എന്ന നിലയിൽ തന്റെ മുൻകാല തൊഴിലിൽ കുടുംബത്തിലെ അംഗങ്ങളുടെ അടിസ്ഥാനത്തിൽ കൃത്യമായ തുക ഉറപ്പാക്കുക എന്നത് അദ്ദേഹത്തിന്റെ ജോലിയായിരുന്നു എന്നതിനാൽ വംശാവലി നിരത്തുവാൻ മത്തായി തക്കയോഗ്യതയുള്ളവനാണ്.
എന്നിരുന്നാലും, ബൈബിളിലെ വംശാവലികൾ ദൈവനിവേശിതമായ വചനം ആയിരിക്കുകയും അതിനാൽ നമുക്കു പ്രയോജനകരമായിരിക്കുകയും ചെയ്യുമ്പോൾത്തന്നെ (2 തിമോത്തി 3: 16-17), യഹൂദരല്ലാത്ത നമ്മിൽ ഭൂരിഭാഗം ആളുകൾക്കും അവ വളരെ താത്പര്യമുള്ളതല്ല. പേരുകൾ നിറഞ്ഞ ഈ വേദഭാഗംപോലും നമുക്ക് പ്രയോജനകരമാകുന്നു എന്നത് കാണിക്കുവാൻ ഈ പോസ്റ്റിലൂടെ ഞാൻ ആഗ്രഹിക്കുന്നു. മനുഷ്യരെ അവരുടെ പാപങ്ങളിൽ നിന്നും രക്ഷിക്കുവാൻ യേശു 4 അതിർവരമ്പുകൾ മറികടക്കുന്നു. അത് നമ്മെ വിശ്വാസത്തിൽ യേശുവിന്റെ അടുക്കലേയ്കു ചെല്ലുവാനും സന്തോഷത്തോടെ യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പങ്കുവയ്കുവാനും പ്രചോദിപ്പിക്കേണ്ടതാണ്.
മത്തായി 1:1 മുതൽ 17 വരെയുള്ള വേദഭാഗം മുഴുവൻ ആദ്യംതന്നെ വായിക്കുന്നത് നന്നായിരിക്കും. അതിനുശേഷം, മനുഷ്യരെ രക്ഷിക്കുവാൻ യേശു തകർത്തുകളയുന്ന 4 അതിർവരമ്പുകൾ പരിശോധിക്കാം.
മത്തായി 1:1-17
1:1 അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി:
1:2 അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക്ക് യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദയെയും അവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു;
1:3 യെഹൂദാ താമാരിൽ പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു;
1:4 ഹെസ്രോൻ ആരാമിനെ ജനിപ്പിച്ചു; ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ ശല്മോനെ ജനിപ്പിച്ചു;
1:5 ശല്മോൻ രഹാബിൽ ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തിൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു;
1:6 യിശ്ശായി ദാവീദ്രാജാവിനെ ജനിപ്പിച്ചു; ദാവീദ്, ഊരീയാവിന്റെ ഭാര്യയായിരുന്നവളിൽ ശലോമോനെ ജനിപ്പിച്ചു;
1:7 ശലോമോൻ രെഹബ്യാമെ ജനിപ്പിച്ചു; രെഹബ്യാം അബീയാവെ ജനിപ്പിച്ചു; അബീയാവ് ആസയെ ജനിപ്പിച്ചു;
1:8 ആസാ യോശാഫാത്തിനെ ജനിപ്പിച്ചു; യോശാഫാത്ത് യോരാമിനെ ജനിപ്പിച്ചു; യോരാം ഉസ്സീയാവെ ജനിപ്പിച്ചു;
1:9 ഉസ്സീയാവു യോഥാമിനെ ജനിപ്പിച്ചു; യോഥാം ആഹാസിനെ ജനിപ്പിച്ചു; ആഹാസ് ഹിസ്കീയാവെ ജനിപ്പിച്ചു;
1:10 ഹിസ്കീയാവു മനശ്ശെയെ ജനിപ്പിച്ചു; മനശ്ശെ ആമോസിനെ ജനിപ്പിച്ചു; ആമോസ് യോശിയാവെ ജനിപ്പിച്ചു;
1:11 യോശിയാവു യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേൽപ്രവാസകാലത്തു ജനിപ്പിച്ചു.
1:12 ബാബേൽപ്രവാസം കഴിഞ്ഞിട്ടു യെഖൊന്യാവു ശെയല്തീയേലിനെ ജനിപ്പിച്ചു; ശെയല്തീയേൽ സെരുബ്ബാബേലിനെ ജനിപ്പിച്ചു;
1:13 സെരുബ്ബാബേൽ അബീഹൂദിനെ ജനിപ്പിച്ചു; അബീഹൂദ് എല്യാക്കീമിനെ ജനിപ്പിച്ചു; എല്യാക്കീം ആസോരിനെ ജനിപ്പിച്ചു.
1:14 ആസോർ സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് ആഖീമിനെ ജനിപ്പിച്ചു; ആഖീം എലീഹൂദിനെ ജനിപ്പിച്ചു;
1:15 എലീഹൂദ് എലീയാസരെ ജനിപ്പിച്ചു; എലീയാസർ മത്ഥാനെ ജനിപ്പിച്ചു; മത്ഥാൻ യാക്കോബിനെ ജനിപ്പിച്ചു.
1:16 യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽനിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.
1:17 ഇങ്ങനെ തലമുറകൾ ആകെ അബ്രാഹാംമുതൽ ദാവീദുവരെ പതിന്നാലും ദാവീദുമുതൽ ബാബേൽപ്രവാസത്തോളം പതിന്നാലും ബാബേൽപ്രവാസംമുതൽ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു.
1. യേശു ജാതീയ അതിർവരമ്പുകളെ തച്ചുടയ്കുന്നു.
ഈ പട്ടികയിൽ യഹൂദ പേരുകൾ മാത്രമല്ല, ജാതീയ പേരുകളും ഉൾപ്പെടുന്നു. ഇവയിൽ ഒന്നാമത്തേ പേര് താമാറിന്റേതാണ്. പാരെസ്, സാരെസ് എന്നീ രണ്ട് പുത്രന്മാരെ പ്രസവിച്ച “താമാർ” ഒരു യഹൂദസ്ത്രീ ആയിരുന്നില്ല, ഒരു കനാന്യസ്ത്രീ ആയിരിക്കാനാണ് സാധ്യത. രണ്ടാമത്തെ പേര് “രാഹാബ്” (മത്തായി 1:15). യഹൂദരായ രണ്ട് ഒറ്റുകാർക്ക് അഭയം നൽകിയ രാഹാബും (യോശുവ2:4) ഒരു കനാന്യസ്ത്രീ ആയിരുന്നു. മൂന്നാമത്തേത് മോവാബ്യ സ്ത്രീ ആയിരുന്ന “രൂത്ത്” ആണ് (മത്തായി 1:5). “ഊറിയാവിന്റെ ഭാര്യ” എന്ന് പറഞ്ഞിരിക്കുന്ന ബേത്ത്ശേബ (മത്തായി 1:6) ഒരു ഹിത്യസ്ത്രീ ആയിരുന്നു, അല്ലെങ്കിൽ ഹിത്യനായ ഊറിയാവിനെ വിവാഹം ചെയ്തതിനു ശേഷം, ദാവീദിന്റെ ഭാര്യയാകുന്നതിനു മുൻപ്, ഹിത്യരുടെ ആചാരങ്ങൾ സ്വീകരിച്ചിരുന്ന സ്ത്രീ ആയിരുന്നു.
വിജാതീയരെക്കൂടി ഉൾപ്പെടുത്തിയ ഒരു വംശാവലിയിലൂടെ യേശു വന്നു എന്നത് കാണിക്കുന്നത് ജാതീയ അതിർവരമ്പുകൾ യേശുവിൽ തകർക്കപ്പെട്ടു എന്നാണ്. യേശു എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള മനുഷ്യരുടെ രക്ഷകനാണ്. ഒരുവന്റെ ത്വക്കിന്റെ നിറം എന്താണ്, ഒരുവൻ എവിടെയാണ് ജനിച്ചത്, ഏത് ജാതിയിൽ പെട്ടവനാണ് എന്നത് പ്രധാനമല്ല. കർത്താവായ യേശു തന്റെ കുടുംബത്തിലേയ്ക് എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള മനുഷ്യരെ സ്വാഗതം ചെയ്യുന്നു. യേശുവിന്റെ അനുയായികൾ മനുഷ്യരുടെ പശ്ചാത്തലങ്ങൾ അടിസ്ഥാനമാക്കി അവരോടു വിവേചനം കാണിക്കരുത് മറിച്ച്, എല്ലാവരേയും സ്വാഗതം ചെയ്യണം എന്നും ഇത് അർഥമാക്കുന്നുണ്ട്.
2. ലിംഗഭേദം സംബന്ധിച്ചുള്ള അതിർവരമ്പുകളെ യേശു തച്ചുടയ്കുന്നു.
യേശു തച്ചുടയ്കുന്ന രണ്ടാമത്തെ അതിർവരമ്പ് ലിംഗവ്യത്യാസമാണ്. വംശാവലിയിൽ സ്ത്രീകളെ ഉൾപ്പെടുത്തുക അസാധാരണമാണ്. എന്നിട്ടും, ഈ വേദഭാഗത്ത് 5 സ്ത്രീകളുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നു – താമാർ, രാഹാബ്, രൂത്ത്, ബേത്ത്ശേബ, മറിയ. അവരിൽ 3 പേരുടെ പശ്ചാത്തലങ്ങൾ വളരെ ചോദ്യം ചെയ്യപ്പെടാവുന്നവയായിരുന്നു (താമാർ, രൂത്ത്, ബേത്ത്ശേബ). സ്ത്രീകൾക്ക് കോടതികളിൽ സാക്ഷ്യം പറയുവാൻ പോലും സാധിക്കാതിരുന്ന ഒരു കാലത്ത് യേശു അവരെ ഉയർത്തി. താൻ മശിഹയാണ് എന്ന് യേശു ആദ്യമായി വെളിപ്പെടുത്തിയത് ശമര്യാക്കാരി സ്ത്രീയ്കാണ് (യോഹന്നാൻ 4), യെരൂശലേമിൽ ഉണ്ടായിരുന്ന ഒരു പണ്ഡിതനല്ല. യേശു തന്റെ മരണത്തിന്രു ശേഷം ആദ്യം പ്രത്യക്ഷപ്പെട്ടത് മഗ്ദലക്കാരി മറിയയ്കാണ്, 11 അപ്പോസ്തലന്മാർക്കല്ല (യോഹന്നാൻ 20)!
ലിംഗവ്യത്യാസം സംബന്ധിച്ചുള്ള എല്ലാ അതിർവരമ്പുകളും യേശു എന്ന രക്ഷകനിൽ തകർക്കപ്പെട്ടിരിക്കുന്നു. ആത്മീയമായി നാമെല്ലാവരും ക്രിസ്തുവിൽ തുല്യരാണ്. പ്രവർത്തനപരമായി വിഭിന്നമായ കർത്തവ്യങ്ങൾ ഉണ്ട്. അവന്റെ രാജ്യം സ്ത്രീകളെയും പുരുഷന്മാരെയും സ്വാഗതം ചെയ്യുന്നുണ്ട്. യേശുവിന്റെ അനുയായികൾ ആളുകളുമായി ഇടപഴകുമ്പോൾ ഇത് ഓർമ്മിക്കേണ്ടതാണ്.
3. സാമൂഹികമായ അതിർവരമ്പുകളെ യേശു എന്ന രക്ഷകൻ തച്ചുടയ്കുന്നു.
മത്തായിയിലെ വംശാവലിയുടെ ഈ പട്ടികയിൽ രാജാക്കന്മാർ, ആട്ടിടയന്മാർ, മരപ്പണിക്കാർ, മറ്റ് അജ്ഞാത പേരുകൾ എന്നിവ ഉൾപ്പെടുന്നു. വാസ്തവത്തിൽ യേശുവിന്റെ 12 അപ്പോസ്തലന്മാരിൽ 11 പേരും ഗലീലയിൽ നിന്ന് ഉള്ളവരായിരുന്നു –അതിന്റെ അർഥം അവർ നല്ല വിദ്യാഭ്യാസം നേടിയവരായിരുന്നില്ല, ചുങ്കക്കാരും മുക്കവന്മാരും ഭരണകൂടത്തിന് വിധേയരാകാത്തവരും ഒക്കെയായിരുന്നു എന്നാണ്. എന്നാൽ, അവർ എല്ലാവരും ലോകത്തെ പിടിച്ചു കുലുക്കുവാൻ യേശുവിനാൽ ഉപയോഗിക്കപ്പെട്ടു. ഒന്നാം നൂറ്റാണ്ടിലെ സഭ മുഖ്യമായും സമൂഹത്തിന്റെ താഴേക്കിടയിൽ നിന്നുള്ളവരായ- അടിമകൾ- വിശ്വാസികൾ ഉൾപ്പെട്ടതായിരുന്നു(1 കൊരിന്ത്യർ 1;26-31). ദൈവം അവരെ രക്ഷിക്കുക മാത്രമല്ല, സുവിശേഷത്തിന്റെ വ്യാപനത്തിൽ ശക്തമായി അവരെ ഉപയോഗിക്കുകയും ചെയ്തു. സമുഹത്തിലെ പ്രമാണിമാർക്കു വേണ്ടി മാത്രമുള്ളതല്ല യേശു എന്ന രക്ഷകൻ എന്ന് ഇതു നമ്മെ വ്യക്തമായി പഠിപ്പിക്കുന്നു; അവൻ എല്ലാ മനുഷ്യർക്കും വേണ്ടിയുള്ള രക്ഷകനാണ്. സാമൂഹികവും സാമ്പത്തികവുമായ സകല അതിർവരമ്പുകളും യേശുവിൽ തച്ചുടയ്ക്കപ്പെട്ടിരിക്കുന്നു. യേശുവിന്റെ അനുയായികൾക്ക് ഇത് ഒരു ഓർമ്മപ്പെടുത്തലായിരിക്കണം: സാമൂഹികമോ സാമ്പത്തികമോ ആയ സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ നാം ഒരു മനുഷ്യനോടും വിവേചനം കാണിക്കരുത്, എല്ലാവരോടും ഒരുപോലെ പെരുമാറണം.
4. യേശു എന്ന രക്ഷകൻ പാപത്തിന്റെ സകല അതിർവരമ്പുകളെയും തച്ചുടച്ചു.
യേശു തച്ചുടച്ച എല്ലാ അതിർവരമ്പുകളിലും വച്ച് ഏറ്റവും വലുത് ഇതാണ്! ഈ ലോകത്തിൽ മരണം ഉൾപ്പെടെ നമ്മുടെ സകല കഷ്ടതകളുടെയും കാരണം പാപമാണ്! എന്നിട്ടും പാപം എന്ന അതിർവരമ്പിനെ യേശു തകർക്കുന്നതായി യേശുവിന്റെ വംശവലിയിലൂടെ മത്തായി നമ്മെ കാണിക്കുന്നു. യേശുവിന്റെ കുടുംബ വൃക്ഷത്തിൽ കാണുന്ന ചില പേരുകൾ- പ്രത്യേകിച്ചും അവരുടെ ദുസ്വഭാവങ്ങൾ- നമുക്കു നോക്കാം.
അബ്രഹാം – ഒന്നിലധികം തവണ കള്ളം പറഞ്ഞ കുറ്റം (ഉല്പത്തി 12:10-20; ഉല്പത്തി 20:1-18).
യിസ്ഹാക്ക് – കള്ളം പറഞ്ഞു എന്ന കുറ്റം. ദൈവം യാക്കോബിനെ തിരഞ്ഞെടുത്തു എങ്കിലും ഭക്ഷണപ്രിയം കാരണം യാക്കോബിനെക്കാൾ ഏശാവിനെ സ്നേഹിച്ച് ആദ്യജാതന്റെ അനുഗ്രഹം നൽകുന്നു (ഉല്പത്തി 26:1-11; ഉല്പത്തി 25: 21-23; ഉല്പത്തി 27:1-4).
യാക്കോബ് – ചതിയനും നുണയനുമാണ് (ഉല്പത്തി 27:1-29).
യഹൂദാ– യോസേഫിനെ യിശ്മായേല്യർക്കു വിൽക്കുവാൻ പദ്ധതിയിട്ടു എന്ന കുറ്റം. കനാന്യ സ്ത്രീയെ വിവാഹം ചെയ്തു. പിന്നീട്, വേശ്യ എന്നു കരുതിയ സ്ത്രീയുമായി ലൈംഗിക ബന്ധം (ഉല്പത്തി 37:26-27; ഉല്പത്തി Gen 38:1-2; ഉല്പത്തി 38:11-19).
താമാർ– യഹൂദയുടെ മരുകൾ- വേശ്യ എന്നു നടിച്ച് അമ്മായിഅപ്പനൊപ്പം കിടക്ക പങ്കിട്ടു (ഉല്പത്തി 38:11-19).
രാഹാബ്– വേശ്യാവൃത്തി എന്ന കുറ്റം (യോശുവ 2:1).
ദാവീദ് – യിസ്രായേലിന്റെ മഹാനായ രാജാവ്- എങ്കിലും വ്യഭിചാരവും കുലപാതകവും ചെയ്തു ( 2 ശമുവേൽ 11:1-27).
ശലോമോൻ – ബഹുഭാര്യാത്വം, വിഗ്രഹാരാധന, ലൗകിക സുഖങ്ങൾ (1 രാജാക്കന്മാർ 11:1-8).
രെഹോബെയാം – നിഗളവും ദുഷ്ടതയും (1 രാജാക്കന്മാർ 12:1-15).
ആഹാസ് – നരബലിയും പ്രാകൃതമായ വിഗ്രഹാരാധനയും ( 2 രാജാക്കന്മാർ 16:1-4).
ഈ പട്ടിക നീണ്ടുകിടക്കുന്നു. ഈ പട്ടികയിൽ ദുഷ്ടതയ്കുള്ള ഒന്നാം സമ്മാനം നേടിയതാരാണ്? ഹിസ്കീയാവിന്റെ മകനായിരുന്ന മനശ്ശെ. 2 രാജാക്കന്മാർ 21:11 -ൽ അദ്ദേഹത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു: “യെഹൂദാരാജാവായ മനശ്ശെ തനിക്കു മുമ്പെ ഉണ്ടായിരുന്ന അമോർയ്യർ ചെയ്ത സകലത്തെക്കാളും അധികം ദോഷമായി ഈ മ്ലേച്ഛതകൾ പ്രവർത്തിച്ചിരിക്കയാലും തന്റെ വിഗ്രഹങ്ങളെക്കൊണ്ടു യെഹൂദയെയും പാപം ചെയ്യിക്കയാലും…” 2 ദിനവൃത്താന്തം 33 മനശ്ശെയുടെ ദുഷ്ടതകളുടെ വിശദമായ വിവരണം നൽകുന്നു: “അവൻ തന്റെ പുത്രന്മാരെ ബെൻ-ഹിന്നോം താഴ്വരയിൽ അഗ്നിപ്രവേശം ചെയ്യിച്ചു; മുഹുർത്തം നോക്കി, ആഭിചാരങ്ങളും ക്ഷുദ്രങ്ങളും പ്രയോഗിച്ചു, വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിച്ചു, യഹോവെക്കു അനിഷ്ടമായുള്ളതു പലതും ചെയ്തു അവനെ കോപിപ്പിച്ചു” (2 ദിനവൃത്താന്തം 33:6).
ഇത് നമ്മെ ഞെട്ടിപ്പിക്കുന്നു, അല്ലേ? ഈ പട്ടികയിൽ ദുഷ്ടന്മാരായ പാപികളും ദൈവം ആവശ്യപ്പെട്ടപ്പോൾ ഏകജാതനായ മകനെ യാഗം കഴിക്കുവാൻ തയ്യാറായ ഭക്തനായ അബ്രഹാമിനെപ്പോലയുള്ളവരുമുണ്ട്. എന്നിരുന്നാലും, മനുഷ്യരിൽ ഏറ്റവും മികച്ചവരായ അബ്രഹാമും ദാവിദുമൊക്കെ വെറും മനുഷ്യർ മാത്രമായിരുന്നു! അതാണ് ഈ പട്ടിക നമ്മെ കാണിക്കുന്നത്. അവരുടെ സാധാരണവും അസാധാരണവുമായ പാപങ്ങളുടെ കാര്യത്തിൽ – നുണയന്മാർ, ഗൂഢാലോചനക്കാർ, വേശ്യകൾ, വ്യഭിചാരികൾ, കുലപാതകന്മാർ, വിഗ്രഹാരാധികൾ, എന്നിങ്ങനെ അവർ അമ്പരപ്പിക്കുന്ന പാപികളുടെ സംഘമായിരുന്നു.
എങ്കിലും അവർ എല്ലാവരും മാനസാന്തരപ്പെട്ടപ്പോൾ കൃപ ലഭിച്ചു. അതിന് ഉത്തമ ഉദാഹരണമാണ് മനശ്ശെ. സകല ദുഷ്ടതയുമുണ്ടായിരുന്നിട്ടും മനശ്ശെയെക്കുറിച്ച് 2 ദിനവൃത്താന്തം 33:12-13-ൽ നാം ഇപ്രകാരം വായിക്കുന്നു. “കഷ്ടത്തിൽ ആയപ്പോൾ അവൻ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു. തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പിൽ തന്നെത്താൻ ഏറ്റവും താഴ്ത്തി അവനോടു പ്രാർത്ഥിച്ചു. അവൻ അവന്റെ പ്രാർത്ഥന കൈക്കൊണ്ടു അവന്റെ യാചന കേട്ടു അവനെ വീണ്ടും യെരൂശലേമിൽ അവന്റെ രാജത്വത്തിന്നു തിരിച്ചു വരുത്തി; യഹോവതന്നേ ദൈവം എന്നു മനശ്ശെക്കു ബോധമായി.”
തന്റെ അടുക്കലേയ്ക് താഴ്മയോടെ വരുന്നവരെ രക്ഷിക്കുമ്പോൾ പാപം ഉൾപ്പെടെയുള്ള സകല അതിർവരമ്പുകളെയും തച്ചുടയ്കുവാൻ ദൈവം തന്റെ അനന്ത കൃപയാൽ യേശുവിനെ രക്ഷകനായി അയച്ചു എന്നാണ് ഈ പേരുകൾ നിരത്തിക്കൊണ്ട് മത്തായി നമുക്കു ബോധ്യമാക്കി തരുന്നത്.
അനേക വർഷങ്ങൾ പാപത്തിൽ ജീവിച്ച ഒരു അമേരിക്കൻ ഇന്ത്യൻ, ഒരു മിഷനറിയിലൂടെ ക്രിസ്തുവിലേയ്കു വന്നതു സംബന്ധിച്ച് ഇപ്രകാരം ഒരു കഥ പറയപ്പെടുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റത്തെ വിവരിക്കുവാൻ സുഹൃത്തുക്കൾ ആവശ്യപ്പെട്ടു. അദ്ദേഹം കുനിഞ്ഞ് നിലത്തു നിന്നും ഒരു പുഴുവിനെ കയ്യിൽ എടുത്തു. ആ പുഴുവിനെ അവിടെക്കിടന്ന കരിയിലക്കൂട്ടത്തിന്റെ മുകളിലേയ്കു വച്ചു. അതിനുശേഷം, ആ ഇലകൾക്കു തീ കൊളുത്തി.
തീ നാളങ്ങൾ പടർന്ന് ആ പുഴുവിന് അരികിലേയ്ക് അടുത്തപ്പോൾ അദ്ദേഹം കത്തിക്കൊണ്ടിരിക്കുന്ന കരിയിലക്കൂട്ടത്തിന് നടുവിലേയ്കു കൈയ്യിട്ട് ആ പുഴുവിനെ പുറത്തേയ്കെടുത്തു. പുഴുവിനെ തന്റെ കയ്യിൽ മൃദുവായി പിടിച്ചുകൊണ്ട് അദ്ദേഹം ദൈവത്തിന്റെ കൃപയ്ക് തന്റെ സാക്ഷ്യം പറഞ്ഞു: “ഈ പുഴുവാണ് ഞാൻ”.
സമാപന ചിന്തകൾ.
ബൈബിളിൽ നൽകപ്പെട്ടിരിക്കുന്ന വംശാവലിയിലെ പേരുകൾപ്പോലും നമുക്ക് പ്രയോജനമുള്ളതാണ്. മനുഷ്യരെ രക്ഷിക്കുവാൻ യേശു സകല അതിർവരമ്പുകളെയും തകർത്തുകളഞ്ഞു എന്ന് ഈ വേദഭാഗം വ്യക്തമായി വെളിപ്പെടുത്തുന്നു. ഒരുവന്റെ ജാതി, ലിംഗം, സാമൂഹ്യസ്ഥിതി എന്നിവ എന്തായിരുന്നാലും എത്രത്തോളം പാപം ചെയ്തുപോയി എന്നിരുന്നാലും മനുഷ്യരുടെ പാപങ്ങളെ ക്ഷമിക്കുകയും അവർക്കു നിത്യജീവൻ നൽകുകയും ചെയ്തുകൊണ്ട് യേശുവിന് ആ അതിർവരമ്പുകളെ ഭേദിക്കുവാൻ സാധിക്കും.
യഥാർഥത്തിൽ യേശു പാപികളുടേയും പുറത്താക്കപ്പെട്ടവരുടേയും സ്നേഹിതനാണ്. അവരോടു കൂടെ നടക്കുവാൻ യേശു ഒരിക്കലും ലജ്ജിച്ചില്ല. ജീവിതം താറുമാറായിപ്പോയവരെ അന്വേഷിക്കുവാനും രക്ഷിക്കുവാനുമാണ് യേശു വന്നത്. തങ്ങളുടെ തെറ്റുകൾ അംഗീകരിച്ച് യഥാർഥമായ മാനസാന്തരത്തോടും വിശ്വാസത്തോടുംകൂടെ തന്റെ അടുക്കലേയ്കു വരുന്നവരെ സ്വീകരിക്കുന്നതിൽ നിന്നും യേശുവിനെ തടയുവാൻ സാധിക്കുന്ന ഒരു പാപവുമില്ല. തങ്ങളുടെ രാജാവായി യേശുവിനെ സ്വീകരിക്കുന്ന എല്ലാവരേയും അവൻ സ്വഗതം ചെയ്യുന്നു. മടി കൂടാതെ യേശുവിന്റെ അടുക്കലേയ്കു വരുവൻ അത് നമുക്ക് പ്രചോദനം നൽകേണ്ടതാണ്.
പ്രിയ വായനക്കാരാ, നിങ്ങൾ ഇതുവരെയും യേശുവിന്റെ അടുക്കലേയ്കു വന്നിട്ടില്ല എങ്കിൽ ഇത് നിങ്ങൾക്കു വേണ്ടിയും കൂടിയുള്ളതാണ്. അവനെ സംശയിക്കരുത്. അവന്റെ അടുക്കലേയ്കു വന്ന് അവൻ നിങ്ങൾക്കു നൽകുന്ന പുതുജീവൻ അനുഭവിക്കുക. നിങ്ങളുടെ പാപങ്ങൾ, സങ്കടങ്ങൾ, പരാജയങ്ങൾ, തലവേദനകൾ എന്നിവയൊക്കെ അവന് കൊടുക്കുക. അവൻ നിങ്ങളെ സൗഖ്യമാക്കും. ഈ ഭൂമിയിൽ നിങ്ങളുടെ ഇനിയുള്ള പ്രയാണത്തിൽ – അതിന്റെ എല്ലാ വെല്ലുവിളികളിലും- അവൻ നിങ്ങളെ സഹായിക്കും. അവന്റെ അടുക്കലേയ്ക് വരുന്നത് ഒരിക്കലും വളരെ നേരത്തേ ആവുകയില്ല. കാരണം, അവന്റെ അടുക്കലേയ്കു വരുവാൻ വളരെ വൈകിപ്പോകുന്ന സമയം എപ്പോളാണ് വന്നെത്തുക എന്ന് നിങ്ങൾക്കറിയില്ല! ജീവിതം വളരെ ക്ഷണികമാണ്. എപ്പോൾ വേണമെങ്കിലും മരണം വന്നെത്താം. അതുകൊണ്ട്, ദയവായി വൈകരുത്. ഇന്നുതന്നെ യേശുവിന്റെ അടുക്കലേയ്കു വരിക!
പാപങ്ങളുടെ ക്ഷമ ലഭിച്ചുകഴിഞ്ഞ നമ്മെ, ഈ സത്യങ്ങൾ അവന്റെ കല്പനകളോടുള്ള അനുസരണത്തിൽ സ്ഥിരതയോടെ മുൻപോട്ടു പോകുവാൻ നിർബന്ധിക്കേണ്ടതാണ്. യേശുവിനെക്കുറിച്ചുള്ള സുവിശേഷം കേൾക്കുവാൻ ആവശ്യമുള്ളവർക്ക് വിശ്വസ്തതയോടെ പങ്കുവയ്കുന്നതും ആ അനുസരണത്തിൽ ഉൾപ്പെടുന്നു. വേദനയുടേയും കഷ്ടതയുടേയും നിത്യതയിൽ നിന്നും നമ്മെ രക്ഷിച്ച യേശുവിനോട് എല്ലാ കാര്യത്തിലും കൂറു പുലർത്തുന്നത് ഉചിതം തന്നെയാണ്.
ഇംഗ്ലണ്ടിന്റെ ഒന്നാമത്തെ എലിസബെത്ത് രാജ്ഞിയ്കു നേരെയുണ്ടായ ഒരു വധശ്രമത്തെക്കുറിച്ച് ഒരു പാസ്റ്റർ പറയുന്നു. വധശ്രമം നടത്തിയ സ്ത്രീ ഒരു പരിചാരകനായി വേഷം മാറി രാജ്ഞിയുടെ കിടപ്പുമുറിയിൽ, രാജ്ഞിയെ കുത്തിക്കൊല്ലുന്നതിനുള്ള അനുയോജ്യമായ സമയം കാത്ത് ഒളിച്ചിരുന്നു. രാജ്ഞി കിടപ്പുമുറിയിൽ പ്രവേശിക്കുന്നതിനു മുൻപ് അംഗരക്ഷകർ വളരെ ശ്രദ്ധാപൂർവ്വം മുറി പരിശോധിക്കും എന്ന് അവൾ അറിഞ്ഞിരുന്നില്ല. തുണികൾക്കിടയിൽ ഒളിച്ചിരുന്ന സ്ത്രീയെ അവർ കണ്ടുപിടിച്ചു. രാജ്ഞിയെ കുത്തുവാൻ കരുതിയിരുന്ന കത്തി എടുത്തു മാറ്റിയതിനു ശേഷം, അവളെ രാജ്ഞിയുടെ മുൻപിൽ കൊണ്ടുവന്നു.
മാനുഷികമായി പറഞ്ഞാൽ തന്റെ കാര്യത്തിൽ ഇനി പ്രത്യാശയ്കു വകയില്ല എന്ന് വധശ്രമം നടത്തിയ ആ സ്ത്രീ മനസ്സിലാക്കി. അവൾ രാജ്ഞ്ഇയുടെ കാൽക്കൽ വീണു, ഒരു സ്ത്രീ എന്ന നിലയ്ക് രാജ്ഞി, സ്ത്രീയായ തന്നോട് മനസ്സലിവും കൃപയും തോന്നണം എന്ന് അപേക്ഷിക്കുകയും യാചിക്കുകയും ചെയ്തു. എലിസബെത്ത് രാജ്ഞി തണുപ്പൻ മട്ടിൽ അവളെ നോക്കിക്കൊണ്ട് ശാന്തമായി ചോദിച്ചു. “ഞാൻ നിന്നോട് കൃപ കാണിച്ചാൽ, നീ എനിക്ക് ഭാവിയിലേയ്ക് എന്ത് ഉറപ്പ് നൽകും?“ സ്ത്രീ മുഖമുയർത്തി രാജ്ഞിയെ നോക്കി ഇപ്രകാരം പറഞ്ഞു,“വ്യവസ്ഥകൾ ഉള്ള കൃപ, മുൻകരുതലുകളാൽ തളയ്കപ്പെട്ട കൃപ കൃപയല്ല“. നിമിഷനേരം കൊണ്ട് എലിസബെത്ത് രാജ്ഞി ആ വാക്കുകളുടെ അർഥം മനസ്സിലാക്കി, ഇപ്രകാരം പറഞ്ഞു: “നീ പറഞ്ഞതു ശരിയാണ്. ഞാൻ എന്റെ കൃപയാൽ നിനക്ക് ക്ഷമ നൽകുന്നു.“ അവളെ സ്വതന്ത്രയായി വിട്ടയച്ചു.
ആ നിമിഷം മുതൽ അവൾ രാജ്ഞിയ്കായി ജീവിതം ഉഴിഞ്ഞുവച്ചു. ജീവനെടുക്കുവാൻ വന്ന ആ സ്ത്രീയെക്കാൾ വിശ്വസ്തതയും അർപ്പണബോധവുമുള്ള ഒരു പരിചാരിക പിന്നീട് രാജ്ഞിയ്ക് ഉണ്ടായിരുന്നില്ല എന്ന് ചരിത്രം നമ്മോടു പറയുന്നു.
ഒരു വ്യക്തിയുടെ ജീവിതത്തിൽ ദൈവത്തിന്റെ കൃപ പ്രവർത്തിക്കുന്നത് ഇതേ വിധമാണ് – അവൻ/അവൾ ദൈവത്തിന്റെ വിശ്വസ്ത സേവകൻ ആയിത്തീരുന്നു. ആശ്ചര്യകരമായ കൃപയാൽ നമുക്ക് പുതുജീവൻ തന്ന രാജാവായ യേശുവിന്റെ വിശ്വസ്ത സേവകരായിത്തീരുവാൻ നമുക്കു പരിശ്രമിക്കാം!