യേശുവിന്റെ മരണം – ആശ്ചര്യകരമായ 4 സത്യങ്ങൾ

(English version: Death of Jesus – 4 Amazing Truths)
“ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.” [1 പത്രൊസ് 3:18]
മനുഷ്യരുടെ മേലുള്ള പാപത്തിന്റെ ശക്തി ചിത്രീകരിക്കുവാൻ ചാൾസ് സ്പർജൻ ഒരു കഥ പറഞ്ഞു.
ക്രൂരനായ ഒരു രാജാവ് ഒരിക്കൽ തന്റെ പ്രജകളിൽ ഒരുവനെ തന്റെ സന്നിധിയിലേയ്കു വിളിച്ച് അവനോട് അവന്റെ തൊഴിൽ എന്താണ് എന്ന് അന്വേഷിച്ചു. “ഞാൻ ഒരു കൊല്ലനാണ്” എന്ന് ആ മനുഷ്യൻ പറഞ്ഞു. ഒരു നിശ്ചിത നീളത്തിൽ ഒരു ചങ്ങല ഉണ്ടാക്കുവാൻ രാജാവ് അയാളോടു കല്പിച്ചു. ആ മനുഷ്യൻ രാജകല്പന അനുസരിച്ച് ചങ്ങല ഉണ്ടാക്കിക്കൊണ്ട് ഏതാനം മാസങ്ങൾക്കു ശേഷം രാജാവിനെ കാണിക്കുവാൻ തിരികെയെത്തി. എന്നാൽ, ചെയ്ത ജോലിയ്ക് പ്രശംസ ലഭിക്കുന്നതിനു പകരം, ആ ചങ്ങലയ്ക് ഇരട്ടി നീളം വർധിപ്പിക്കുവാൻ നിർദ്ദേശം ലഭിച്ചു. ആ ജോലി പൂർത്തിയാക്കിയ ശേഷം, കൊല്ലൻ താൻ പണിത ചങ്ങലയുമായി രാജാവിനെ കാണുവാൻ എത്തി.
എന്നാൽ, തിരികെ പോയി ഇതിന്റെ ഇരട്ടി നീളത്തിൽ ചങ്ങല ഉണ്ടാക്കുക എന്ന് വീണ്ടും കല്പന ലഭിച്ചു. ഈ പ്രക്രിയ പലതവണ ആവർത്തിക്കപ്പെട്ടു. ഒടുവിൽ ദുഷ്ടനായ സ്വേച്ഛാധിപതി ആ മനുഷ്യനെ അയാൾ നിർമ്മിച്ച ചങ്ങലയാൽ ബന്ധിച്ച് കത്തുന്ന തീച്ചൂളയിലേയ്ക് എറിയുവാൻ കല്പിച്ചു.
ഈ കഥയുടെ ഒരുവിൽ സ്പർജൻ ഇപ്രകാരം കൂട്ടിച്ചേർത്തു, “അപ്രകാരമാണ് പിശാച് മനുഷ്യരോടു ചെയ്യുന്നത്. അവരെക്കൊണ്ട് അവരുടെതന്നെ ചങ്ങലകൾ ഉണ്ടാക്കിക്കുകയും അതിനുശേഷം അവരുടെ കൈകാലുകൾ അതേ ചങ്ങലയാൽ ബന്ധിച്ച് പുറത്ത് അന്ധകാരത്തിലേയ്ക് എറിഞ്ഞുകളയുകയും ചെയ്യുന്നു.”
ആ ക്രൂരനായ രാജാവിനെപ്പോലെ പാപവും തന്റെ ദാസന്മാരിൽ നിന്നും ഭയാനകമായ വില പിടിച്ചെടുക്കുന്നു. “പാപത്തിന്റെ ശമ്പളം മരണമത്രേ” [റോമർ 6:23] എന്ന് ബൈബിൾ പറയുന്നു. എങ്കിലും, ആ വാക്യത്തിന്റെ അവസാനഭാഗമാണ് സുവാർത്ത: “ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുവിൽ നിത്യജീവൻ തന്നെ.” നമുക്കു നിത്യജീവൻ നൽകുവാൻ യേശുക്രിസ്തുവിനു മരിക്കേണ്ടിവന്നു. സകല മരണങ്ങളിലുംവച്ച് യേശുവിന്റെ മരണം വലിയതായിരിക്കുന്നത് എന്തുകൊണ്ടാണ് എന്നത് വെളിവാക്കുന്ന ആശ്ചര്യകരമായ 4 സത്യങ്ങൾ 1 പത്രോസ് 3:18 നമുക്കു നൽകുന്നു.
1. അത് അതുല്യമായിരുന്നു. “ക്രിസ്തുവും…പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു.” ക്രിസ്തു ഒരിക്കലും ഒരു പാപവും ചെയ്തിട്ടില്ല [1 യോഹന്നാൻ 3:5]. എങ്കിലും തികഞ്ഞ സ്നേഹത്തിലും ദൈവകല്പനകളോടുള്ള അനുസരണത്തിലും, ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി മരിച്ചു. അതാണ് ക്രിസ്തുവിന്റെ മരണത്തെ സമാനതകളില്ലാത്ത മരണമാക്കുന്നത്—ഒരിക്കലും ഒരു പാപവും ചെയ്യാത്തവൻ എന്നെയും നിങ്ങളെയും പോലെയുള്ള പാപികൾക്കു വേണ്ടി മരിച്ചു.
2. അത് പൂർണ്ണമായിരുന്നു. “പാപം നിമിത്തം ഒരിക്കൽ.” “പാപം നിമിത്തം ഒരിക്കൽ” എന്ന പ്രയോഗത്തിന്റെ അർഥം “ഒരിക്കലായിട്ട്, ഇനി ഒരിക്കലും ആവർത്തിക്കുന്നില്ല” എന്നാണ്. പാപങ്ങൾക്കു വേണ്ടി മൃഗബലി ഇനിമേലിൽ ആവശ്യമില്ല. കുരിശിൽ വച്ച് യേശു പറഞ്ഞു, “നിവൃത്തിയായി” [യോഹന്നാൻ 19:30]. ഈ പ്രയോഗം അർഥമാക്കുന്നത്, പാപത്തിന്റെ വില പൂർണ്ണമായും കൊടുത്തുകഴിഞ്ഞു—50% അല്ല, 99% അല്ല പിന്നെയോ, 100% കൊടുത്തുകഴിഞ്ഞു എന്നാണ്. നിവൃത്തിയായി എന്നതിന്റെ അർഥം രക്ഷാകര പ്രവൃത്തി കുരിശിൽ പൂർത്തിയായിക്കഴിഞ്ഞു എന്നാണ്. നമന്മുടെ പാപങ്ങൾക്കു വേണ്ടി ഒരിക്കൽ മരിക്കുക എന്നതിൽ ക്രിസ്തുവിന്റെ മരണം പൂർണ്ണമായിരുന്നു.
3. അത് പ്രാതിനിധ്യ മരണമായിരുന്നു. “നീതിമാൻ അധർമ്മികൾക്കു വേണ്ടി.” ബൈബിളിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട പ്രസ്താവനകളിൽ ഒന്നാണിത്. ഈ പ്രക്രിയയെ കുറ്റം ചുമത്തൽ അല്ലെങ്കിൽ പ്രാതിനിധ്യ പ്രായശ്ചിത്തം എന്നു വിളിക്കുന്നു. അതായത്, ഒരു വ്യക്തിയുടെ പ്രവൃത്തികളാൽ മറ്റൊരുവന് അനന്തരഫലം ലഭിക്കുന്നു [2 കൊരി 5:21]. നാം നമ്മുടെ പാപങ്ങളിൽ നിന്നും പിന്തിരിയുകയും നമ്മുടെ പാപങ്ങളുടെ ശിക്ഷയായി യേശുവിന്റെ മരണം അംഗീകരിക്കുകയും അവനെ കർത്താവും രക്ഷകനുമായി സ്വീകരിക്കുകയും ചെയ്യുമ്പോൾ നമ്മുടെ പാപങ്ങൾക്ക് നാം അർഹിക്കുന്ന ശിക്ഷയിൽ നിന്നും നാം രക്ഷിക്കപ്പെടുന്നതിനുവേണ്ടി യേശു നമ്മുടെ പകരക്കാരനായി, പ്രതിനിധിയായി നമ്മുടെ ശിക്ഷ ഏറ്റെടുക്കുകയും നമ്മുടെ സ്ഥാനത്ത് മരിക്കുകയും ചെയ്തു [റോമർ 1:17, അപ്പോ.പ്രവൃത്തി 3:19, 1 കൊരി 15:1-3. റോമർ 10:9, അപ്പോ.പ്രവൃത്തി 4:12].
4. അത് ഉദ്ദേശ്യസഹിതമായിരുന്നു. “നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.” പാപികളെ ദൈവത്തിങ്കലേയ്കു തിരികെ കൊണ്ടുവരുന്നത് യേശുവാണ്. യേശു ജഡത്തിൽ മരണശിക്ഷ ഏറ്റതുകൊണ്ടു മാത്രമാണ് ഇത് സാധ്യമാകുന്നത്. എന്നാൽ, യേശുവിന്റെ മരണം ഒരു അവസാനമായിരുന്നില്ല. യേശുവിന്റെ പൂർണ്ണതയുള്ള യാഗം ദൈവം സ്വീകരിച്ചതുകൊണ്ട്, “ആത്മാവിൽ ജീവിപ്പിക്കപ്പെട്ടു” എന്ന പ്രയോഗത്താൽ അർഥമാക്കിയപ്രകാരം, പരിശുദ്ധാത്മാവിൽ ദൈവം യേശുവിനെ മരിച്ചവരിൽ നിന്നും ശാരീരത്തോടെ ഉയിർത്തെഴുന്നേൽപ്പിച്ചു. യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ് കാണിക്കുന്നത് യേശുവിന്റെ മരണം ഉദ്ദേശ്യസഹിതമായിരുന്നു എന്നാണ്—അത് നമ്മെ ദൈവത്തോട് അടുപ്പിക്കുകയും നിത്യജീവൻ പ്രാപിക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
യേശുവിന്റെ മരണം സംബന്ധിച്ച് ആശ്ചര്യകരമായ 4 സത്യങ്ങൾ നാം പറഞ്ഞു—അത് അതുല്യമായിരുന്നു, പൂർണ്ണമായിരുന്നു, പ്രാതിനിധ്യമരണമായിരുന്നു, ഉദ്ദേശ്യസഹിതമായിരുന്നു. നമുക്കുവേണ്ടി തന്നത്താൻ നൽകിയ അത്ഭുതവാനായ ഈ യേശുവിനെ സ്നേഹിക്കാതിരിക്കുവാനും ആരാധിക്കാതിരിക്കുവാനും നമുക്ക് എങ്ങനെ സാധിക്കും?
പേർഷ്യൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന കോരെശ് ഒരിക്കൽ ഒരു രാജകുമാരനേയും കുടുംബത്തേയും പിടികൂടി. അവരെ അടുക്കൽ കൊണ്ടുവന്നപ്പോൾ തടവുകാരനായി പിടിക്കപ്പെട്ട രാജകുമാരനോടു ചക്രവർത്തി ചോദിച്ചു, “ഞാൻ നിന്നെ സ്വതന്ത്രനാക്കിയാൽ, നീ എനിക്ക് എന്തു തരും?” “എന്റെ സമ്പത്തിന്റെ പകുതി” എന്നായിരുന്നു രാജകുമാരന്റെ മറുപടി. “നിന്റെ മക്കളെ ഞാൻ സ്വതന്ത്രനാക്കിയാൽ എന്തു നൽകും?” “എനിക്കുള്ളതെല്ലാം നൽകും.” “ഞാൻ നിന്റെ ഭാര്യയെ സ്വതന്ത്രയാക്കിയാൽ എന്തു നൽകും?” “അല്ലയോ മഹാരാജാവേ, ഞാൻ എന്നെത്തന്നെ നൽകും” എന്നതായിരുന്നു രാജകുമാരന്റെ മറുപടി.
കുമാരന്റെ ഗാഢസ്നേഹത്താൽ പ്രേരിതനായ കോരെശ് അവരെ എല്ലാവരെയും സ്വതന്ത്രരാക്കി. വീട്ടിലേയ്കു പോകുന്ന വഴിയിൽ രാജകുമാരൻ തന്റെ ഭാര്യയോടു പറഞ്ഞു, “കോരെശ് സുന്ദരനാണ്, അല്ലേ?” തന്റെ ഭർത്താവിനോടുള്ള ആഴമായ സ്നേഹത്തോടെ അവൾ ഇപ്രകാരം പറഞ്ഞു, “ഞാൻ ശ്രദ്ധിച്ചില്ല, എന്റെ കണ്ണുകൾ നിങ്ങളുടെ മുഖത്തായിരുന്നു—എനിക്കു വേണ്ടി സ്വയം നൽകുവാൻ തയ്യാറായ നിങ്ങളുടെ മുഖത്ത്.”
നാം അവന്റെ ശത്രുക്കൾ ആയിരിക്കുമ്പോൾത്തന്നെ നമ്മെ സ്നേഹിക്കുകയും തന്നത്താൻ നമുക്കുവേണ്ടി നല്കുകയും ചെയ്ത യേശുവിൽ നമുക്കും ദൃഷ്ടിവയ്കുന്നത് തുടരാം! [ഗലാ 2:20]
പാപങ്ങൾക്കു വേണ്ടി മരിച്ച യേശുവിൽ നിങ്ങൾ ഇതുവരെ ആശ്രയിച്ചിട്ടില്ല എങ്കിൽ, നിങ്ങളുടെ പാപങ്ങളിൽ നിന്ന് പിന്തിരിയുകയും നിങ്ങളുടെ പാപത്തിന്റെ വില യേശു നൽകിക്കഴിഞ്ഞു എന്ന് വിശ്വാസത്താൽ അംഗീകരിക്കുകയും യേശുവിനെ നിങ്ങളുടെ ജീവിതത്തിന്റെ കർത്താവും രക്ഷിതാവുമായി സ്വീകരിക്കുകയും ചെയ്യുവാൻ ഞാൻ നിങ്ങളെ ഉത്സാഹിപ്പിക്കുന്നു.