സന്തോഷകരമായ കുടുംബജീവിതത്തിന് ദൈവത്തിന്റെ സൂത്രവാക്യം ⎯1+1=1

(English Version: God’s Formula For A Happy Marriage: 1+1=1)
ആഴ്ചകളായി രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഒരാൾ ഡോക്ടറെ സന്ദർശിച്ചു. ശ്രദ്ധാപൂർവ്വമായ പരിശോധനയ്കു ശേഷം, ഡോക്ടർ അയാളുടെ ഭാര്യയെ വിളിച്ച് മാറ്റി നിർത്തി ഇപ്രകാരം പറഞ്ഞു, “നിങ്ങളുടെ ഭർത്താവിന് അപൂർവ്വമായ ഒരു അനീമിയ ബാധിച്ചിരിക്കുന്നു. ചികിത്സ ചെയ്തില്ലെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ അയാൾ മരിക്കും. എന്നാൽ, ശരിയായ പോഷകങ്ങൾ നൽകിയാൽ ഇതു ഭേദമാക്കുവാൻ സാധിക്കും എന്നത് ശുഭവാർത്തയാണ്. നിങ്ങൾ എന്നും രാവിലെ വളരെ നേരത്തേതന്നെ എഴുന്നേറ്റ് അദ്ദേഹത്തിന് നല്ലൊരു പ്രഭാതഭക്ഷണം ഉണ്ടാക്കേണ്ടി വരും. വീട്ടിൽ പാകം ചെയ്ത ഉച്ചഭക്ഷണവും വിഭവസമൃദ്ധമായ രാത്രിഭക്ഷണവും എല്ലാ ദിവസവും അദ്ദേഹത്തിന് ആവശ്യമായിവരും. കേക്കുകൾ, ബ്രഡ് എന്നിവ പതിവായി വീട്ടിൽ ഉണ്ടാക്കുന്നത് അദ്ദേഹത്തിന്റെ ആയുസ്സ് നീട്ടുവാൻ സഹായിക്കും. ഒരു കാര്യം കൂടി. അദ്ദേഹത്തിന്റെ പ്രതിരോധവ്യവസ്ഥ വളരെ ദുർബലമാണ്. നിങ്ങളുടെ വീട് എല്ലായ്പോഴും പൊടി പോലുമില്ലാതെ വളരെ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. നിങ്ങൾക്ക് ഇതു സംബന്ധിച്ച് എന്തെങ്കിലും ചോദ്യം ചോദിക്കാനുണ്ടോ?” ആ ഭാര്യയ്ക് ചോദ്യങ്ങൾ ഒന്നുമില്ലായിരുന്നു.
“ഈ വാർത്ത അദ്ദേഹത്തോട് നിങ്ങൾ പറയുമോ അതോ, ഞാൻ പറയണോ?” ഡോക്ടർ ചോദിച്ചു. “ഞാൻ പറഞ്ഞുകൊള്ളാം” എന്ന് അവൾ പറഞ്ഞു. പരിശോധനാമുറിയിൽ അയാളുടെ അരികിലേയ്ക് അവൾ ചെന്നു. രോഗത്തിന്റെ ഗൗരവം മനസ്സിലാക്കിയ അയാൾ അവളോടു ചോദിച്ചു, എന്റെ അവസ്ഥ വളരെ മോശമാണ്, അല്ലേ?” നിറകണ്ണുകളോടെ അതേ എന്ന് അവൾ തലയാട്ടി. “എനിക്ക് എന്താണ് സംഭവിക്കുവാൻ പോകുന്നത്?” അയാൾ ചോദിച്ചു. വിതുമ്പിക്കരഞ്ഞുകൊണ്ട് അവൾ ഉത്തരം പറഞ്ഞു, “ ഡോക്ടർ പറഞ്ഞു, ‘നിങ്ങൾ 3 മാസത്തിനുള്ളിൽ മരിക്കും!‘”
ഇത്തരത്തിലുള്ള തമാശക്കഥകൾ കേട്ട് നാം ചിരിക്കുമെങ്കിലും പലയാളുകളും വിവാഹത്തെ കാണുന്നത് ഇപ്രകാരമാണ്. കാര്യങ്ങൾ പ്രയാസമുള്ളതായി മാറുമ്പോൾ അവർ അതിൽ നിന്നും രക്ഷപെടുവാൻ ശ്രമിക്കും. എന്നാൽ, ക്രിസ്ത്യാനികൾ വിവാഹത്തെ കാണേണ്ടത് അപ്രകാരമാണോ? കൂടുതൽ പ്രധാനപ്പെട്ട ചോദ്യം, ദൈവം അപ്രകാരമാണോ വിവാഹത്തെ കാണുന്നത്? എന്നതാണ്. തിരുവെഴുത്തകളിൽ പ്രകാരം അങ്ങനെയല്ല!
വിവാഹത്തിലൂടെ ഒരു പുരുഷനും സ്ത്രീയും ഒരുമിച്ച് “പറ്റിച്ചേർന്ന്” (ഒട്ടിച്ചേർന്ന്) “ഒരു ദേഹമായിത്തീരും” എന്ന് ഉല്പത്തി 2:24 പറയുന്നു. “പറ്റിച്ചേർന്ന്“,”ഒരു ദേഹമായിത്തീരും” എന്നീ വാക്കുകൾ ഒരുമിച്ച് വിജയകരമായ വിവാഹജീവിതം സംബന്ധിച്ച് ദൈവത്തിന്റെ മനസ്സിലുള്ള ആശ്ചര്യകരമായ ചിത്രം നമുക്കു നൽകുന്നു. “തന്റേതല്ലാത്ത കാരണത്താലുള്ള വിവാഹമോചനം” നടക്കുന്ന ഈ കാലത്ത് വിവാഹം സംബന്ധിച്ചുള്ള ദൈവത്തിന്റെ കാഴ്ചപ്പാട് ഇതാണ്. ഒരു ഭർത്താവും ഭാര്യയും തമ്മിലുള്ള വിവാഹബന്ധം ക്രിസ്തുവും തന്റെ സഭയും തമ്മിലുള്ള ആത്മീയ ബന്ധത്തെ ചിത്രീകരിക്കുന്നു എന്ന് തിരുവെഴുത്തുകൾ നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു (എഫേസ്യർ 5:32).
അങ്ങനെ, വിവാഹം ശാരീരികമായുള്ള ബന്ധം മാത്രമല്ല. ദൈവം ക്രിസ്തുവിലൂടെയും അവന്റെ സഭയിലൂടെയും മഹത്വപ്പെടുന്നതുപോലെതന്നെ (എഫേസ്യർ 3:21), ദൈവികമായ വിവാഹത്തിലൂടെയും മഹത്വപ്പെടേണ്ടതാണ്! ഭാര്യയും ഭർത്താവും തങ്ങളുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും – വിവാഹം ഉൾപ്പെടെ- പൂർണ്ണഹൃദയത്തോടെ ക്രിസ്തുവിന്റെ അധികാരത്തിന് കീഴടങ്ങുമ്പോൾ മാത്രമേ ഇതു സാധ്യമാകുകയുള്ളൂ. ഭാര്യയും ഭർത്താവും ഉദ്ദേശ്യത്തിൽ ഐക്യപ്പെടുകയും സഹപ്രവർത്തകർ എന്ന നിലയിൽ കർത്താവായ യേശുവിനെ തങ്ങളുടെ ജീവിതത്തിൽ മഹത്വപ്പെടത്തുവാൻ ശ്രമിക്കുകയും ചെയ്യണം.
എന്നാൽ, ഇതു യാഥാർഥ്യമാകുന്നതിനെ പാപം തടയുന്നു. വ്യഭിചാരം, നിഗളം, ക്ഷമിക്കാൻ കൂട്ടാക്കാതിരിക്കുക, കഴിഞ്ഞകാല തെറ്റുകൾ ഓർമ്മിച്ചുവയ്കുക, സ്വാർഥപരമായ ലക്ഷ്യങ്ങൾ, ദ്രവ്യാഗ്രഹം എന്നിങ്ങനെ പലതുമാണ് തകർന്ന വിവാഹബന്ധങ്ങളുടെ പ്രധാന കാരണങ്ങൾ. സുദൃഡമായ വിവാഹബന്ധങ്ങൾ ലോകത്തിന് അത്ര പ്രിയവുമല്ല. “ശരിയാകുന്നില്ല എങ്കിൽ, ഉപേക്ഷിച്ചു പോകുക“ അല്ലെങ്കിൽ, “വിവാഹമോചനത്തിനായി വിവാഹം കഴിക്കുകയും വിവാഹം കഴിക്കുവാൻ വിവാഹമോചനം നേടുകയും ചെയ്യുക“ അല്ലെങ്കിൽ, “നിങ്ങൾ സ്വയം പൂർണ്ണത കണ്ടെത്തേണ്ടതുണ്ട്“ എന്നിങ്ങനെയൊക്കെ ലോകം പറയുന്നു. ക്രിസ്തുവിനെ അനുഗമിക്കുന്നതിന്റെ ഭാഗമായി സ്വയം ത്യജിക്കുക എന്നതിനേക്കാൾ സ്വയത്തെക്കുറിച്ച് അഭിമാനിക്കുക എന്നതിന് ഊന്നൽ കൊടുക്കുന്ന ബൈബിൾപരമല്ലാത്ത ഉപദേശം നൽകിക്കൊണ്ട് സഭയും പൊതുവെ സഹായകരമല്ല.
ഇതിന്റെയൊക്കെ മധ്യത്തിൽ, വിവാഹം സംബന്ധിച്ച് ദൈവത്തിന്റെ ഉപദേശം അനുസരിക്കുവാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുവാൻ ശ്രമിച്ചുകൊണ്ട് അവർക്കു പരിഗണിക്കുവാൻ ഈ ലേഖനം 10 ആശയങ്ങൾ നൽകുന്നു. ദൈവത്തിന് നമ്മുടെ ജീവിതങ്ങളിൽ ഒന്നാം സ്ഥാനം നൽകുവാൻ നാം പരിശ്രമിച്ചാൽ, പ്രതിസന്ധികളുള്ള ഒരു വിവാഹത്തിൽപ്പോലും തളർന്നുപോകാതെ നിരന്തരം പ്രയത്നിക്കുവാൻ ദൈവം നമുക്കു ബലം നൽകും.
1. ദൈവവചനത്തിൽ കുതിർക്കപ്പെടുക.
“ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി നിങ്ങളിൽ (നമ്മിൽ) വസിക്കു” വാൻ അനുവദിക്കുവാൻ കൊലോസ്യർ 3:16 നമ്മെ പ്രബോധിപ്പിക്കുന്നു. “യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവന്റെ മേൽ ദൈവത്തിന്റെ അനുഗ്രഹം ഉണ്ട് എന്ന് സങ്കീർത്തനങ്ങൾ 1:1 നമ്മെ ഓർമ്മിപ്പിക്കുന്നു. അതുകൊണ്ടാണ്, നാം ദിവസേന മതിയായ സമയം തിരുവെഴുത്തുകളിൽ ചിലവഴിക്കേണ്ടത്. ദൈവത്തെ മാനിക്കുന്ന വിവാഹങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ജഡം, പിശാച്, ലോകം എന്നിവയിൽ നിന്നുള്ള ശബ്ദങ്ങളെ പ്രതിരോധിക്കുവാൻ ദൈവത്തിൽ നിന്നും തുടർച്ചയായി നാം കേൾക്കേണ്ടതാണ്. എഫേസ്യർ 5:21-32, 1 കൊരിന്ത്യർ 13 എന്നിവയും കൂടെക്കൂടെ ധ്യാനിക്കേണ്ടത് ആരോഗ്യകരമായ വിവാഹത്തിന് സുപ്രധാനമാണ്.
2. നിങ്ങളുടെ പങ്കാളിയെ യഥാർഥമായി സ്നേഹിക്കുവാൻ പഠിക്കുക.
“ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ” എന്ന് എഫേസ്യർ 5: 25 ഭർത്താക്കന്മരോട് കല്പിക്കുന്നു. ഭാര്യമാർ “ഭർത്തൃപ്രിയമാർ” ആയിരിക്കണം എന്ന് തീത്തോസ് 2: 4 ഭാര്യമാരോടു കല്പിക്കുന്നു. “കൂട്ടുകാരനെ നിന്നേപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന കല്പന (മത്തായി 22: 39) ധ്യാനിക്കുമ്പോൾ ഒരുവന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ അവന്റെ സ്വന്ത പങ്കാളിയാണ് എന്ന് ഓർമ്മിക്കേണ്ടതാണ്!
അതേ, ഈ ലോകത്തിലെ ഏറ്റവും പൂർണ്ണതയുള്ള വ്യക്തിയല്ല നിങ്ങളുടെ പങ്കാളി, എന്നാൽ, നാമും പൂർണ്ണരല്ല എന്നത് നമുക്കോർക്കാം! നാം എല്ലാവരും പാപജഡത്തിൽ ഇന്നും ജീവിക്കുന്നവരും യേശുവിനെ നേരിൽ കാണുന്നതുവരെ ജീവപര്യന്തം പാപത്തോട് പോരാടുന്നവരുമായ വീണ്ടെടുക്കപ്പെട്ട പാപികളാണ്. അതുകൊണ്ട്, ഇത് നമുക്ക് പ്രയാസമാകുന്നതുപോലെ തന്നെ നമ്മുടെ പങ്കാളിയ്കും പ്രയാസമണ് എന്ന് നാം ഓർമ്മിക്കേണ്ടതാണ്. ദൈവം അപൂർണ്ണരായ മനുഷ്യരെ സ്നേഹിക്കുകയും അപൂർണ്ണരായ മനുഷ്യരെ സ്നേഹിക്കുവാൻ ശക്തി നൽകും എന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു (1 തെസ്സലോനിക്യർ 4: 9).
3. ലൈംഗിക വിശുദ്ധി പാലിക്കുക.
എബ്രായർ 13:4 വ്യക്തമായി ഇപ്രകാരം കല്പന നൽകുന്നു: “വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.” അശ്ലീലചിത്രങ്ങളും വ്യഭിചാരവും പല വിവാഹങ്ങളെയും പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് കണ്ണുകൾ എന്താണ് കാണുന്നത് എന്നതും ഹൃദയം രഹസ്യത്തിൽ എന്താണ് മോഹിക്കുന്നത് എന്നതും സംബന്ധിച്ച് സ്ഥിരമായി ജാഗ്രതയുള്ളവരായിരിക്കേണ്ടത് (മത്തായി 5:28-30).
പാപകരമായ ചിന്തകൾ ഇന്നോ നാളെയോ പാപകരമായ പ്രവൃത്തിയിലേയ്കു നയിക്കും. “താത്കാലികമായ പ്രേമചാപല്യം” എന്നൊന്നില്ല എന്നത് നാം മനസ്സിലാക്കേണ്ട ആവശ്യമുണ്ട്. ദൈവം നൽകിയ പങ്കാളിയെയല്ലാതെ മറ്റൊരാളെ മോഹിക്കുന്നത് പാപമാണ്. അതുകൊണ്ടാണ്, ഒരു വിശ്വാസി മറ്റുള്ളവർക്ക് തെറ്റായ സന്ദേശം നൽകുന്ന തരത്തിൽ സംസാരിക്കുകയോ പ്രവർത്തിക്കുകയോ വസ്ത്രം ധരിക്കുകയോ ഒരിക്കലും ചെയ്യരുതാത്തത്. അത് അനാവശ്യമായ പ്രശ്നങ്ങളിലേയ്കു നയിക്കും. ലൈംഗിക അധാർമ്മികത ഒഴിവാക്കുവാൻ നാം എല്ലായ്പപോഴും പരിശ്രമിക്കേണ്ടതാണ്. കാരണം, “ദൈവത്തിന്റെ ഇഷ്ടം നമ്മുടെ ശുദ്ധീകരണം തന്നെ” (1 തെസ്സലോനിക്യർ 4:3).
4. ലൈംഗികബന്ധത്തിൽ ഏർപ്പെടുക.
വിശുദ്ധി പാലിക്കുക എന്നത് അത്യന്താപേക്ഷിതമായിരിക്കുമ്പോൾ തന്നെ, ലൈംഗികബന്ധത്തിൽ ഏർപ്പെടേണ്ടതും ആവശ്യമാണ്. പൗലോസ് 1 കൊരിന്ത്യർ 7:1-5 -ൽ പങ്കാളികളെ ലൈംഗിക ബന്ധത്തെക്കുറിച്ച് ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു. വാക്യം 2-ൽ “ഓരോരുത്തന്നു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ”.പൗലോസ് ലൈംഗിക ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് എന്നത് ഈ വാക്യത്തിൽ നിന്നും വ്യക്തമാണ്. 3-5 വാക്യങ്ങളിൽ പൗലോസ് തുടർന്നു പറയുന്നു, “ഭർത്താവു ഭാര്യക്കും ഭാര്യ ഭർത്താവിന്നും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ. ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിന്നത്രേ അധികാരമുള്ളതു; അങ്ങനെ ഭർത്താവിന്റെ ശരീരത്തിന്മേൽ അവന്നല്ല ഭാര്യക്കത്രേ അധികാരം. പ്രാർത്ഥനെക്കു അവസരമുണ്ടാവാൻ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേറുപെട്ടിരിക്കരുതു; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന്നു വീണ്ടും ചേർന്നിരിപ്പിൻ”.
ഈ വാക്യങ്ങൾ ഭാര്യയാലോ ഭർത്താവിനാലോ മറ്റേയാളിൽ നിന്നും ലൈംഗിക ബന്ധം അവകാശപ്പെടുവാൻ ഉപയോഗിക്കപ്പെടരുത് എന്നുള്ളപ്പോൾത്തന്നെ ഇവ നിസ്വാർഥമായ സ്നേഹത്തിന്റെ അന്തരീക്ഷത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം എന്ന വസ്തുത പ്രോത്സാഹിപ്പിക്കുന്നു! പല വിവാഹങ്ങളിലും തിരക്കുകൾ മൂലമോ വിദ്വേഷം കാരണമോപോലും ഒരു പങ്കാളി അല്ലെങ്കിൽ രണ്ടുപേരും തങ്ങളുടെ ശരീരങ്ങൾ മറ്റെയാൾക്കു നൽകാതിരിക്കുന്നു! ആരോഗ്യകരമായ ഒരു വിവാഹത്തിന് ദൈവത്തിന്റെ രൂപകല്പന അപ്രകാരമല്ല. ശക്തമായ വിവാഹബന്ധങ്ങളുടെ മുദ്ര ലൈംഗിക വിശുദ്ധി മാത്രമല്ല ലൈംഗിക ബന്ധവുംകൂടെയാണ്. അതുകൊണ്ടാണ് വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധത്തിന്റെ വിശിഷ്ടത മഹത്വവൽക്കരിക്കുവാൻ ഉത്തമഗീതം എന്ന ഒരു പുസ്തകം മുഴുവനും ബൈബിളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
5. ക്ഷമിക്കുന്ന ഹൃദയം വളർത്തിയെടുക്കുക.
എഫേസ്യർ 4:32 നമ്മെ ഇപ്രകാരം പഠിപ്പിക്കുന്നു: “നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ.” നമ്മോടു ചെയ്ത തെറ്റ് എന്തുതന്നെയായിരുന്നാലും വിശ്വാസികൾ എന്ന നിലയിൽ നാം നമ്മുടെ ഹൃദയങ്ങളിൽ വിദ്വേഷം വയ്കരുത്, നാം എല്ലായ്പോഴും ക്ഷമിക്കുവാൻ സന്നദ്ധരായിരിക്കണം. കഴിഞ്ഞനാളുകളിൽ ചെയ്തുപോയ തെറ്റുകളെ കൂടെക്കൂടെ ആവർത്തിച്ചു പറയുന്നത് പല വിവാഹബന്ധങ്ങളെയും തകർച്ചയിലേയ്കു നയിച്ചിട്ടുണ്ട്. 1 കൊരിന്ത്യനർ 13: 5 നമ്മോട് “ദോഷം കണക്കിടരുത്” എന്നു പറയുന്നതിൽ അതിശയിക്കേണ്ടതില്ല. വിദ്വേഷം ആളുകളെ അടിമകളാക്കുന്നു. എന്നാൽ, ക്ഷമിക്കുന്ന സ്വഭാവം അവരെ സ്വതന്ത്രരാക്കുന്നു. ക്രിസ്തുവിനാൽ നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടു എന്നത് കൂടെക്കൂടെ ഓർക്കുന്നത് വിദ്വേഷത്തെ മറികടക്കുവാനും ക്ഷമിക്കുന്ന ഹൃദയത്തെ വളർത്തിയെടുക്കുവാനുമുള്ള മാർഗ്ഗമാണ്.
6. സംതൃപ്തമായിരിക്കുക.
എബ്രായർ 13:5 പറയുന്നു, “നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ; “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുല്ലോ”. സംതൃപ്തരായിരിക്കുവാൻ ഉള്ള കല്പന എബ്രായർ 13:5-ൽ നൽകിയിരിക്കുന്നത് വിവാഹ കിടക്ക നിർമ്മലമായി സൂക്ഷിക്കുവാനുള്ള കല്പനയ്കു ശേഷമാണ് (എബ്രായർ 13:4) എന്നതാണ് രസകരമായ വസ്തുത. വിവാഹത്തെ തകർത്തുകളയുന്ന ഏറ്റവും വലിയ രണ്ട് പ്രധാന പ്രശ്നങ്ങൾ ലൈംഗിക പാപവും ദ്രവ്യാഗ്രഹവുമാണ്!
പണത്തിന് പിന്നാലെ പായുക, തൊഴിൽ, മറ്റ് അനാരോഗ്യകരമായ മോഹങ്ങൾ എന്നിവ ക്യാൻസർ പോലെ വേഗത്തിൽ പടർന്ന് വിവാഹബന്ധങ്ങളെ നശിപ്പിക്കുന്നു (1 തിമോത്തി 6:6-10). തെറ്റായ കാര്യങ്ങളുടെ പിന്നാലെ പോകുന്നതിന്റെ ഫലമായാണ് ഭർത്താക്കന്മാരും ഭാര്യമാരും തമ്മിലുള്ള പല അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകുന്നത്. എല്ലാ വിധ വഴക്കുകളുടേയും ഉത്ഭവം യാക്കോബ് 4:1-3 കൃത്യമായി നൽകിയിരിക്കുന്നു, “നിങ്ങളിൽ ശണ്ഠയും കലഹവും എവിടെനിന്നു? നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗേച്ഛകളിൽ നിന്നല്ലയോ? നിങ്ങൾ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങൾ കലഹിക്കയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല. നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല.”
അതുകൊണ്ട്, ഒരുവൻ അത്യാഗ്രഹത്തോടെയുള്ള ഉദ്യമങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും ഹൃദയത്തെ പിന്തിരിപ്പിക്കുകയും സംതൃപ്തിയെ പിന്തുടരുകയും ചെയ്താൽ, അത് വിവാഹബന്ധത്തെ ദൃഡമാക്കുവാൻ സഹായിക്കും.
7. ഒരുമിച്ച് കർത്താവിനെ സേവിക്കുക.
വർഷങ്ങൾ ദൈവത്തെ സേവിച്ച ശേഷം, ജീവിതത്തിന്റെ അവസാനത്തോട് അടുത്തപ്പോഴും ദൈവത്തെ സേവിക്കുന്നതിനുള്ള യോശുവയുടെ തീഷ്ണത നഷ്ടപ്പെട്ടില്ല. യോശുവ 24: 15 -ൽ നാം തന്റെ ദൃഡനിശ്ചയത്തെക്കുറിച്ച് വായിക്കുന്നു: “യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോർയ്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.” തനിക്കു ചുറ്റുമുള്ളവർ എന്തിനുവേണ്ടിയാണ് പ്രയത്നിക്കുന്നത് എന്നതു ഗണ്യമാക്കാതെ യോശുവ ദൈവത്തെ സേവിക്കുക എന്ന ശ്രേഷ്ടമായ ലക്ഷ്യത്തിനു വേണ്ടി പ്രയത്നിക്കുവാൻ ദൃഡനിശ്ചയം ചെയ്തു.
“ആരൊക്കെ ദൈവത്തെ സേവിക്കുന്നു, ആരൊക്കെ ദൈവത്തെ വിട്ടുപോകുന്നു എന്നത് പ്രശ്നമല്ല, ഞങ്ങൾ ഒരുമിച്ച് ദൈവത്തെ സേവിക്കും” എന്നതായിരിക്കണം ഓരോ ക്രൈസ്തവ ദമ്പതിമാരുടെയും ലക്ഷ്യം. ഓരോ ക്രിസ്ത്യാനിയും സേവിക്കുവാൻ വേണ്ടിയാണ് രക്ഷിക്കപ്പെട്ടത് എന്ന് ഓർമ്മിക്കുന്നത് സുപ്രധാനമാണ്. ഏകഹൃദയത്തോടെ ദൈവത്തെ സേവിക്കുവാൻ പരിശ്രമിക്കുന്ന ഒരു കുടുംബം ദാമ്പത്ത്യത്തിൽ അനുഗ്രഹങ്ങൾ അനുഭവിക്കും.
8. താഴ്മയോടെ ജീവിക്കുക.
സദൃശ്യവാക്യങ്ങൾ 16:5 ഇപ്രകാരം പറയുന്നു, “ഗർവ്വമുള്ള ഏവനും യഹോവെക്കു വെറുപ്പു; അവന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാൻ കയ്യടിക്കുന്നു.” ഗർവ്വമുള്ള ദാമ്പത്ത്യത്തിൽ ഒരിക്കലും സമാധാനം ഉണ്ടായിരിക്കുകയില്ല. അതുകൊണ്ടാണ്, താഴ്മയെ പിന്തുടരുക എന്നത് ഭർത്താവിനും ഭാര്യയ്കും ദിനംതോറുമുള്ളതും തുടർമാനവുമായ മുൻഗണന ആയിരിക്കേണ്ടത്. “നിഗളികളോട് എതിർത്തു നിൽക്കുന്ന” ദൈവം “താഴ്മയുള്ളവർക്കു കൃപ നൽകുകയും ചെയ്യുന്നു” (യാക്കോബ് 4:6).
സന്തോഷകരമായ ഒരു വിവാഹജീവിതം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ദിനംതോറും താഴ്മയെ എത്രമാത്രം പിന്തുടരുന്നു എന്നതിൽ ഉത്തരം അടങ്ങിയിരിക്കുന്നു! ദൈവം താഴ്മയുള്ളവരെ അനുഗ്രഹിക്കുന്നു. കാരണം, ക്രിസ്തു നടന്ന പാത താഴ്മയുടെ പാതയാണ്. അതേ പാതിയിലൂടെ നടക്കുവാനാണ് നാമും വിളിക്കപ്പെട്ടിരിക്കുന്നത്!
9. നമ്മുടെ ഹൃദയങ്ങളെ സൂക്ഷിക്കുക.
സദൃശ്യവാക്യങ്ങൾ 4:23 പറയുന്നു, “സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു”. അതുകൊണ്ടാണ് ഹൃദയം എല്ലാത്തരം തെറ്റായ ചിന്തകളേയും ആരംഭത്തിൽത്തന്നെ നശിപ്പിക്കേണ്ടത്. അവ വളരുവാൻ അനുവദിച്ച ശേഷം പിന്നീട് പരിഹരിക്കുവാൻ ശ്രമിക്കുകയല്ല ചെയ്യേണ്ടത്. അപ്പോഴേയ്കും വൈകിപ്പോകും. യാക്കോബ് 1:14-15 ഈ പ്രമാണത്തെ വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു, “ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു”.
മോശമായ ചിന്തകൾക്കു പകരം നല്ല ചിന്തകൾ വളർത്തുന്നതിന് ദമ്പതിമാർ പതിവായി ധ്യാനിക്കേണ്ട (മനപ്പാഠമാക്കേണ്ട) വളരെ വിശിഷ്ടമായ വാക്യമാണ് ഫിലിപ്പിയർ 4:8: “ഒടുവിൽ സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ”.
10. കൂടെക്കൂടെ പ്രാർഥിക്കുക.
നമുക്ക് സ്വയം നമ്മുടെ വിവാഹജീവിതം ശക്തമാക്കുക സാധ്യമല്ല. ഈ പോരാട്ടത്തിൽ നമുക്ക് സ്വന്തശക്തിയാൽ പൊരുതുവാൻ സാധ്യമല്ല. പകരം, നമ്മുടെ ദാമ്പത്യജീവിതം തരക്കേടില്ലാതെ മുമ്പോട്ടുപോകും എന്ന് കരുതുകയും ചെയ്യാനാകില്ല. എഫേസ്യർ 6:12 നമ്മെ ഓർമ്മിപ്പിക്കുന്നു: “നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ”. തീവ്രമായതും കഠിനമായതുമായ ആത്മീയ പോരാട്ടത്തിൽ നാം തുടർച്ചയായി ഏർപ്പെട്ടിരിക്കുകയാണ് എന്നത് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആ അറിവ് നമ്മെ ദിനവും നമ്മുടെ മുട്ടിന്മേൽ നിർത്തുവാനും കർത്താവിന്റെ സംരക്ഷണത്തിനായി നിലവിളിച്ചുകൊണ്ടിരിക്കുവാനും കാരണമാകേണ്ടതാണ്.
“സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥി”ക്കുവാൻ എഫേസ്യർ 6:18 നമ്മോടു കല്പിക്കുന്നു. ആത്മാവിൽ പ്രാർഥിക്കുക എന്നതിന്റെ ലളിതമായ അർഥം ആത്മാവ് വെളിപ്പെടുത്തിയ വചനത്തിന് അനുസൃതമായും ആത്മാവിന് കീഴ്പ്പെട്ടും പ്രാർഥിക്കുക എന്നാണ്. കർത്താവിന്റെ സഹായമില്ലാതെ നമ്മുടെ ദാമ്പത്യജീവിതം തകർന്നു പോകും. യേശു വളരെ വ്യക്തമായി പറഞ്ഞു: “എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്വാൻ കഴികയില്ല” (യോഹന്നാൻ 15:5).
ഇവയാണ് ദൈവികമായ ദാമ്പത്യബന്ധം വളർത്തിയെടുക്കുന്നതിന് സഹായകരമാകുമെന്നു പ്രതീക്ഷിക്കാവുന്നതും ലളിതവുമായ 10 പ്രമാണങ്ങൾ.
തന്റെ ആത്മാവിലൂടെയും വചനത്തിലൂടെയുമുള്ള കർത്താവിന്റെ സഹായത്താൽ എല്ലാ വിവാഹബന്ധങ്ങളും ദൈവിക വിവാഹമാകുക സാധ്യമാണ്. പുതിയ തുടക്കം തുടങ്ങിവയ്കുവാൻ ഒരിക്കലും വൈകിപ്പോയിട്ടില്ല. ക്രിസ്ത്യാനികൾ സ്ഥിരമായി പ്രലോഭനങ്ങളാൽ ആക്രമിക്കപ്പെടുന്ന ഈ ലോകത്തിൽ വിശ്വസ്തതയോടെ തന്നെ അനുഗമിക്കുവാൻ തയ്യാറാകുന്നവർക്ക് ദൈവം തന്റെ കൃപ വാഗ്ദാനം ചെയ്തിരിക്കുന്നു. പരാജയം സമ്മതിക്കുക എളുപ്പമാണ്, പ്രലോഭിപ്പിക്കുന്നതാണ്. എന്നാൽ, ദൈവത്തോടൊപ്പമുള്ള നമ്മുടെ നടപ്പിൽ നിരന്തരം പ്രയത്നിക്കുവാൻ ദൈവം നമ്മെ വ്യക്തമായി വിളിക്കുന്നു. ഈ വിളി വിവാഹജീവിത്തിന്റെ കാര്യത്തിലും പ്രായോഗികമാണ്.
ഒരുപക്ഷെ, ഈ പോസ്റ്റ് വായിക്കുന്ന ചിലർ വിവാഹജീവിതത്തിൽ വെല്ലുവിളി നേരിടുന്നുണ്ടാകാം. എന്റെ ഹൃദയം നിങ്ങൾക്കായി തുടിക്കുന്നു. ഒരുപക്ഷെ, അത് നിങ്ങളുടെതന്നെ തെറ്റായ തിരഞ്ഞെടുപ്പിന്റെ ഫലമാകാം. ചിലപ്പോൾ അങ്ങനെ അല്ലായിരിക്കാം. കാരണം എന്തുതന്നെയായാലും, ഈ ചിന്തയിൽ ആശ്വാസം പ്രാപിക്കുവാൻ ഞാൻ നിങ്ങളെക്കുറിച്ച് ആഗ്രഹിക്കുന്നു. സർവ്വശക്തനും സർവ്വാധികാരിയുമായ കർത്താവ് സകലവും നിയന്ത്രിക്കുന്നു.
“ഞാൻ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?” എന്ന് യിരെമ്യാവ് 32:27-ൽ ദൈവം പറയുന്നതായി നാം വായിക്കുന്നു. ദൈവം മനസ്സുവച്ചാൽ, ഇപ്പോൾത്തന്നെ നിങ്ങളെ വിടുവിക്കുവാൻ സാധിക്കും. എന്നിരുന്നാലും, ഈ വിഷമകരമായ സാഹചര്യത്തിലൂടെ നിങ്ങൾ അൽപ്പസമയം കടന്നുപോകണം എന്നതാണ് ദൈവത്തിന്റെ ഹിതം എങ്കിൽ, അതിനു തടസ്സം നിൽക്കരുത്. ദൈവത്തിന്റെ പദ്ധതിയ്കു കീഴടങ്ങുകയും ഈ സാഹചര്യത്തിലൂടെ നിങ്ങളെ കടത്തിക്കൊണ്ടുപോകുവാൻ ദൈവകൃപയിൽ ആശ്രയിക്കുകയും ചെയ്യുക (2കൊരിന്ത്യർ 12: 9). നിങ്ങളുടെ പങ്കാളിയെ സ്നേഹിക്കുന്നതു തുടരുക. നിങ്ങളുടെ പാപംനിറഞ്ഞ ജഡം നിങ്ങളെ ചെയ്യുവാൻ നിർബ്ബന്ധിക്കുന്നതിന് കീഴ്പ്പെടാതിരിക്കുക.
മനസ്സലിവുള്ള ദൈവം വിവാഹമോചനത്തിന് ബൈബിൾപരമായ അടിസ്ഥാനം ചില സാഹചര്യങ്ങളിൽ നൽകിയിരിക്കുമ്പോൾത്തന്നെ അത് അവസാനത്തെ തിരഞ്ഞെടുപ്പായിരിക്കണം (മത്തായി 5:31-32; മത്തായി 19:9; 1 കൊരി 7:15-16). പാപം ചെയ്യുന്ന പങ്കാളിയെ യഥാർഥ മാനസാന്തരത്തിലേയ്കു കൊണ്ടുവരുവാൻ ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ഒരുവൻ സാധ്യമായതെല്ലാം ചെയ്യണം. വ്യഭിചാരത്തിന്റെ കാര്യത്തിൽപ്പോലും ക്ഷമിക്കുവാനുള്ള മനസ്സും ഇതിൽ ഉൾപ്പെടുന്നു. അതേ, വിവാഹമോചനം ഒഴികെ ഒന്നും ചെയ്യുവാൻ സാധിക്കാത്ത സാഹചര്യങ്ങളും ചിലപ്പോൾ നിർഭാഗ്യവശാൽ വരും. എന്നിരുന്നാലും, അത്തരം സന്ദർഭങ്ങളിലും വിവാഹബന്ധം നിലനിർത്തുവാൻ തനിക്കു സാധ്യമായത് എല്ലാം ചെയ്തു എന്നത് ഒരു ക്രിസ്ത്യാനി ഉറപ്പാക്കണം.
നിങ്ങൾ ആവശ്യപ്പെടുന്നുവെങ്കിൽ പരിശുദ്ധാത്മാവ് നിങ്ങളെ സഹായിക്കും! നിങ്ങൾ ആശ്രയിക്കുമ്പോൾ പരിശുദ്ധാത്മാവ് നിങ്ങൾക്ക് സഹനശക്തി നൽകും! ക്രിസ്തുവിനുവേണ്ടി നിരന്തരപരിശ്രമം ചെയ്തു എന്ന കാര്യത്തിന് സ്വർഗ്ഗത്തിൽ ആരും പശ്ചാത്തപിക്കേണ്ടി വരികയില്ല. യഥാർഥത്തിൽ, പരിശ്രമിക്കേണ്ടിയിരുന്ന അത്രയും പരിശ്രമിച്ചില്ല എന്നതായിരിക്കും നമുക്ക് പശ്ചാത്താപത്തിനു കാരണമാകുന്നത്! അതുകൊണ്ട്, നാം സ്ഥിരമായി നിത്യതയെക്കുറിച്ച് ചിന്തിക്കണം. അതു നമ്മെ ഈ ഭൂമിയിലെ താത്കാലിക പ്രയാണത്തിലെ പ്രതിസന്ധികൾ തരണം ചെയ്യുവാൻ സഹായിക്കും.
ഒടുവിൽ വിശ്വാസികളോട് ഒരു വാക്ക്. സ്വയം നീതീകരിക്കുന്നതും തണുത്തതുമായ മനോഭാവം വിവാഹമോചനം നേടിയവരോടോ വ്യഭിചാരം ചെയ്തവരോടോ വളർത്താതിരിക്കുവാൻ നാം ശ്രദ്ധിക്കേണ്ട ആവശ്യമുണ്ട്. തങ്ങളുടെ ദാമ്പത്യ കടമകളിൽ പരാജയപ്പെട്ടവരെ കല്ലെറിയുന്നതിനു പകരം, അവർ കർത്താവിനോടു നിരപ്പാകുന്നതു കാണുവാനുള്ള യഥാർഥമായ ആഗ്രഹത്തോടെ സ്നേഹത്തിൽ അവരെ കാണേണ്ടതുണ്ട് (ഗലാത്യർ 6:1).
യേശു പറഞ്ഞു, “ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി” (മത്തായി 5:28). ഇക്കാര്യത്തിൽ എനിക്ക് കുറ്റമില്ല എന്ന് നമ്മിൽ ആർക്ക് പറയുവാൻ സാധിക്കും? ഈ ഒരൊറ്റ കാര്യം വിവാഹബന്ധത്തിൽ കാലിടറി വീണവരോട് ദയയോടെ ഇടപെടുവാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്.